ന്യൂജെൻ സിനിമക്കാരെ ഇഷ്ടം; പക്ഷേ, 'ഓട്ടോറിക്ഷക്കാരന്‍റെ ഭാര്യ' അവർ സിനിമയാക്കുന്നതിൽ താൽപര്യമില്ലായിരുന്നു -എം. മുകുന്ദൻ
text_fieldsതന്റെ ചെറുകഥയായ 'ഓട്ടോറിക്ഷക്കാരന്‍റെ ഭാര്യ' സിനിമയാക്കാന്‍ പുതുതലമുറയിപ്പെട്ട ചലച്ചിത്ര പ്രവർത്തകർ തന്നെ സമീപിച്ചിരുന്നെന്ന് മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകൃത്ത് എം. മുകുന്ദൻ. പക്ഷേ, പുതിയ ആള്‍ക്കാരെ വെച്ച് ആ സിനിമ ചെയ്യാന്‍ തനിക്ക് താല്പര്യമില്ലായിരുന്നു. അവരെ പ്രോത്സാഹിപ്പിക്കണമെന്ന നയമാണ് തനിക്കുള്ളതെന്നും അവരെ വെച്ച് ഇതുപോലൊരു സിനിമ ചെയ്യുന്നത് റിസ്കായതിനാലാണ് ഒഴിവാക്കിയതെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ട് മുതിർന്ന സംവിധായകൻ ഹരികുമാർ ഈ ആവശ്യവുമായി സമീപിച്ചപ്പോള്‍ തന്നെ സിനിമ ചെയ്യാമെന്ന് സമ്മതിക്കുകയായിരുന്നു.
മുകുന്ദൻ ആദ്യമായി കഥയും തിരക്കഥയും സംഭാഷണവും നിർവഹിക്കുന്ന സിനിമയാണ് 'ഓട്ടോറിക്ഷക്കാരന്റെ ഭാര്യ'. അദ്ദേഹത്തിന്റെ നോവൽ 'ദൈവത്തിന്‍റെ വികൃതികൾ' സിനിമയാക്കിയപ്പോൾ തിരക്കഥയില്‍ ആദ്യഘട്ടങ്ങളില്‍ സഹകരിച്ചിരുന്നു. അദ്ദേഹത്തിന്റെ മറ്റൊരു കഥയായ 'മദാമ്മ'യുടെ തിരക്കഥ ആ സിനിമയുടെ അണിയറ പ്രവർത്തകർ തന്നെയാണ് ഒരുക്കിയത്.
'അങ്ങിനെ നോക്കുമ്പോൾ 'ഓട്ടോറിക്ഷക്കാരന്‍റെ ഭാര്യ'യാണ് ഞാന്‍ പൂര്‍ണ്ണമായും എഴുത്തില്‍ പൂര്‍ത്തിയാക്കിയ ചിത്രം. സ്ത്രീ ശാക്തീകരണമാണ് ഈ സിനിമ മുന്നോട്ടുവെക്കുന്ന പ്രമേയം. വര്‍ത്തമാനകാല സമൂഹം വളരെ ഗൗരവത്തോടെ ചര്‍ച്ച ചെയ്യുന്ന വിഷയമാണ് ചിത്രം പറയുന്നത്. വളരെ രസകരമായി 20 മിനിട്ടില്‍ ചിത്രീകരിക്കാവുന്ന ഒരു കഥയാണ് ഈ സിനിമയുടേത്. പക്ഷേ, സമീപകാലത്തെ പല വിഷയങ്ങളെയും കോര്‍ത്തിണക്കിയാണ് ഒരു സിനിമയുടെ പൂര്‍ണ്ണതയിലേക്ക് ഈ ചിത്രം എത്തിച്ചിരിക്കുന്നത്' -മുകുന്ദൻ പറയുന്നു.
മാഹിയിലും പരിസരപ്രദേശങ്ങളിലുമായി ചിത്രീകരണം പൂർത്തിയായ 'ഓട്ടോറിക്ഷക്കാരന്‍റെ ഭാര്യ' അധികം വൈകാതെ പ്രേക്ഷകരിലെത്തും. ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ കെ.വി. അബ്ദുൽ നാസര്‍ നിര്‍മ്മിക്കുന്ന സിനിമ ഹരികുമാര്‍ ആണ് സംവിധാനം ചെയ്യുന്നത്. സൂരാജ് വെഞ്ഞാറമൂട്, ആൻ അഗസ്റ്റിൻ എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
കൈലാഷ്, ജനാർദ്ദനൻ, സ്വാസിക വിജയ്, ദേവി അജിത്, നീനാ കുറുപ്പ്, മനോഹരി ജോയി, ബേബി അലൈന ഫിദൽ എന്നിവരാണ് മറ്റു താരങ്ങൾ. ഛായാഗ്രഹണം എൻ. അഴകപ്പൻ നിർവ്വഹിക്കുന്നു. പ്രഭാവർമ്മയുടെ വരികൾക്ക് ഔസേപ്പച്ചൻ ആണ് സംഗീതം നൽകിയിരിക്കുന്നത്.
എഡിറ്റർ-അയൂബ് ഖാൻ, പ്രൊഡക്ഷൻ കൺട്രോളർ-ഷാജി പട്ടിക്കര, കല-ത്യാഗു തവനൂർ, മേക്കപ്പ്-റഹീം കൊടുങ്ങല്ലൂർ, വസ്ത്രാലങ്കാരം-നിസാർ റഹ്മത്ത്, സ്റ്റിൽസ്-അനിൽ പേരാമ്പ്ര, പരസ്യകല-ആന്റണി സ്റ്റീഫൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ജയേഷ് മൈനാഗപ്പള്ളി, അസോസിയേറ്റ് ഡയറക്ടർ-ഗീതാഞ്ജലി ഹരികുമാർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-നസീർ കൂത്തുപറമ്പ്, പി.ആർ.ഒ- പി.ആർ. സുമേരൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.