‘മലയാളി ഫ്രം ഇന്ത്യ’യുടെ തിരക്കഥ മോഷണം: ആരോപണം ഉന്നയിച്ച് മാധ്യമപ്രവർത്തകനും
text_fieldsദുബൈ: നിവിൻ പോളി ചിത്രം ‘മലയാളി ഫ്രം ഇന്ത്യ’യുടെ തിരക്കഥ മോഷണവുമായി ബന്ധപ്പെട്ട വിവാദങ്ങൾ പുതിയ തലത്തിലേക്ക്. സിനിമയുടെ തിരക്കഥ മോഷ്ടിച്ചതാണെന്ന് അവകാശപ്പെട്ട് തിരക്കഥാകൃത്ത് നിഷാദ് കോയ രംഗത്തു വന്നതിന് പിന്നാലെ ഇതേ ആരോപണവുമായി പ്രവാസി മാധ്യമ പ്രവർത്തകനും രംഗത്തെത്തി. ദുബൈയിലെ മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ സാദിഖ് കാവിലാണ് സിനിമ നിർമാതാക്കൾക്കെതിരെ രംഗത്തെത്തിയത്.ചിത്രത്തിന്‍റെ പ്രമേയമുൾപ്പെടെ കുറെ ഭാഗങ്ങൾ താനെഴുതിയ ‘ആൽകമിസ്റ്റ്’ എന്ന തിരക്കഥയിൽ നിന്ന് എടുത്തതാണെന്ന് ഇദ്ദേഹം ആരോപിച്ചു.
മരിച്ചുപോയ സുഹൃത്തും തിരക്കഥാകൃത്തുമായ നിസാം റാവുത്തറിന് 2021 ഫെബ്രുവരിയിൽ കഥയുടെ വൺലൈൻ കൈമാറിയിരുന്നു. 2021 മാർച്ച് 28ന് തിരക്കഥയുടെ ആദ്യ ഡ്രാഫ്റ്റും മെയിലായി അയച്ചുകൊടുത്തു. ഇതിന്‍റെ വാട്സാപ്പ് തെളിവുകൾ കൈവശമുണ്ടെന്ന് സാദിഖ് കാവിൽ പറഞ്ഞു.
2022ൽ പരിചയക്കാരനായ ഒരു സംവിധായകനുമായി പ്രമേയം പങ്കുവച്ചപ്പോൾ, ഇതേ പോലുള്ളൊരു കഥ മറ്റൊരാൾ സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണെന്ന് പറഞ്ഞു. പിന്നീട് സനീഷ് നമ്പ്യാർ ചിത്രം സംവിധാനം ചെയ്യാൻ തയാറായി. ഇതിനിടെ മലയാളി ഫ്രം ഇന്ത്യ എന്ന ചിത്രം റിലീസിനായി തയാറായി എന്നറിഞ്ഞപ്പോൾ ഒരേ ആശയത്തിർ വീണ്ടുമൊരു സിനിമ വേണ്ടെന്ന് പറഞ്ഞ് പദ്ധതി ഉപേക്ഷിച്ചു. എന്നാൽ, സുഹൃത്തുക്കളാണ് സിനിമയും തന്‍റെ തിരക്കഥയും തമ്മിലുള്ള സാമ്യം അറിയിച്ചത്. പിന്നീട് സിനിമ കണ്ടപ്പോൾ എനിക്കും അത് ബോധ്യമായി. അപ്പോഴും ഇത്തരമൊരു ആശയം ആരുടെയും ചിന്തയിലുദിക്കാമല്ലോ എന്നാലോചിച്ച് മൗനം പാലിച്ചിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ഷാരിസ് മുഹമ്മദിന്‍റെ അഭിമുഖത്തിൽ തിരക്കഥ ഉയർത്തിപ്പിടിച്ചപ്പോൾ അതിൽ ആൽക്കെമിസ്റ്റ് എന്ന് എഴുതിക്കണ്ടപ്പോഴാണ് കാര്യങ്ങൾ ഒന്നുകൂടി വ്യക്തമായത്.
ഞങ്ങളടക്കം ഈ മേഖലയിലേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്ന ഒരു തലമുറയെ തീർത്തും നിരാശരാക്കുന്ന പ്രവണതയാണിത്. അത് ജനങ്ങളെ അറിയിക്കാനാണ് താൻ ഉദ്ദേശിക്കുന്നതെന്നും സാദിഖ് കാവിൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞു. കാമറ മാൻ ജിബിൻ ജോസ്, ഫിറോസ് ഖാൻ എന്നിവരും വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.