കേൾക്കുന്നവർക്ക് തീരുമാനിക്കാം സത്യവും നുണയും! മനസ് നിറക്കുന്ന 'ആയിരത്തൊന്നു നുണകൾ'- റിവ്യു
text_fieldsപ്രശസ്ത സംവിധായകൻ സലിം അഹമ്മദിന്റെ നിർമ്മാണത്തിൽ പ്രവാസി സംവിധായകനും നവാഗതനുമായ താമാർ കെ. വി, യു.എ.ഇ പശ്ചാത്തലമാക്കി ഒരുക്കിയ ചിത്രമാണ് 'ആയിരത്തൊന്നു നുണകൾ'. അന്താരാഷ്ട്ര ചലച്ചിത്രോത്സവമായ ഐ.എഫ്.എഫ്.കെയിൽ പ്രദർശിപ്പിക്കുകയും നിരൂപക പ്രശംസ നേടുകയും ചെയ്ത ചിത്രം ഒ. ടി. ടി പ്ലാറ്റ്ഫോമായ സോണിലിവിലൂടെയാണ് പ്രദർശനത്തിനെത്തിയിരിക്കുന്നത്.
സത്യം മുഴുവൻ പറയുന്നതിനുപകരം കുറച്ചു കാര്യങ്ങൾ മറച്ചുവെച്ചു അവയെ നുണകൾ കൊണ്ട് പൊതിഞ്ഞു സംരക്ഷിക്കുന്ന മനുഷ്യസ്വഭാവം തന്നെയാണ് സിനിമയുടെ പ്രധാന പ്രമേയം. അതിനെ ഒറ്റവാക്കിൽ നമുക്ക് നുണ എന്ന് പറയാം. എന്തു കാര്യത്തെക്കുറിച്ചായാലും, നുണ പറയുന്നത് പ്രശ്‌നം വഷളാക്കുകയേയുള്ളൂ. എന്നാൽ എല്ലാ മനുഷ്യർക്കും നുണ പറയുവാൻ പ്രലോഭനമായി തീരുന്ന നിരവധി കാരണങ്ങളുമുണ്ട്. അത്തരം കാരണങ്ങളിലേക്കും നുണ പറച്ചിലുകളിലേക്കുമുള്ള രസകരമായ കടന്നു ചെല്ലലാണ് 'ആയിരത്തൊന്ന് നുണകൾ' .
സൗമ്യ, രാജേഷ്, മുജീബ്, സൽമ, ബെൻസി, എൽവിൻ, ദിവ്യ, വിനയ്, ജോഫി, അലീന, വക്കീൽ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. പ്രവാസികളായ ഇവരെല്ലാം അടുത്ത സുഹൃത്തുക്കളായ ദിവ്യയുടെയും വിനയുടെയും വീട്ടിൽ ഒത്തുചേരുന്നതോടെയാണ് കഥ തുടങ്ങുന്നത്. എന്നാൽ ആ ഒത്തുചേരലിന് പുറകിൽ ഒരു കാരണമുണ്ട്. എന്നാൽ അവരോളം തന്നെ പ്രാധാന്യമുള്ള കഥാപാത്രമാണ് വീട്ടു സഹായിയായ ഇന്ദു എന്ന സ്ത്രീയും.
സുഹൃത്തുക്കൾ ചേർന്ന് കളിക്കുന്ന നിസാരമെന്നും രസകരമെന്നും തോന്നുന്ന ആ ഗെയിമിൽ നിന്നാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നത്. പങ്കാളിയോട് പറഞ്ഞ നുണകളും, പറയാത്ത രഹസ്യങ്ങളും എല്ലാവരും പങ്കുവെക്കുക എന്നതാണ് ഗെയിം.
തുടക്കത്തിൽ വലിയ കുഴപ്പങ്ങളില്ലാതെയാണ് എല്ലാവരും ഏറ്റെടുത്തത്. എന്നാൽ മുന്നോട്ടുപോകും തോറും കാര്യങ്ങൾ കൂടുതൽ വഷളാവുകയായിരുന്നു. തുറന്നുപറച്ചിൽ എല്ലാ ദമ്പതികളും തങ്ങളുടെ നുണകളെ വലിച്ചു പുറത്തോട്ടിടുമ്പോൾ കുടുംബബന്ധങ്ങളിൽ കൂടുതൽ വിള്ളലുകൾ കടന്നു കൂടുന്നതിനോളം തന്നെ ശക്തമായി മറുവശത്ത് പരസ്പര ധാരണയും തിരിച്ചറിവും കൂടുന്നു. കേൾക്കുമ്പോൾ വളരെ നിസ്സാരമെന്ന് തോന്നുന്ന ഒരു വിഷയത്തെ കൈകാര്യം ചെയ്തു കൊണ്ട് 'സത്യവും നുണയുമെല്ലാം അത് കേൾക്കുന്നവർ തീരുമാനിക്കുന്നതാണ്' എന്ന ഏറ്റവും ഒടുവിലത്തെ നിഗമനത്തിലേക്കാണ് സംവിധായകൻ കൊണ്ടെത്തിക്കുന്നത്.
സത്യത്തിന്റെയും നുണകളുടെയും പേരിൽ ശിഥിലമാകുന്ന ഓരോ ബന്ധങ്ങൾ പോലും പ്രേക്ഷകരെ ആഴത്തിൽ ചിന്തിപ്പിക്കുന്നു. അടിസ്ഥാനപരമായി നുണ എന്ന വിഷയത്തെ പ്രതിപാദമാക്കിയാണ് സിനിമ പറഞ്ഞു തുടങ്ങുന്നതെങ്കിലും ചില പുരോഗമന ആശയങ്ങളും/ ചിന്തകളും അടയാളപ്പെടുത്താനും സംവിധായകൻ ശ്രമിക്കുന്നുണ്ട്. അലീന എന്ന കഥാപാത്രത്തിലൂടെ, അതിനായുള്ള നിരവധി ചോദ്യങ്ങൾ ചോദിക്കുവാൻ സംവിധായകൻ ശ്രമിക്കുമ്പോൾ 'ലേഡീസ് ഫസ്റ്റ്'എന്ന് പറയുന്ന തന്റെ പങ്കാളിയുടെ ഔദാര്യത്തെ തച്ചുടയ്ക്കുവാനും, ഭർത്താവിന്റെ പേര് തന്റെ പേരിനോടൊപ്പം ചേർക്കുന്നതിനുള്ള പ്രതിഷേധം അറിയിക്കാനും അലീന ശ്രമിക്കുന്നുണ്ട്. ഒത്തുപോകാൻ സാധിച്ചില്ലെങ്കിൽ പാതിവഴിയിൽ ഉപേക്ഷിക്കാവുന്ന ഒരു ദാമ്പത്യത്തിൽ എന്തിനാണ് തന്റെ പേരിനൊപ്പം ഭർത്താവിന്റെ പേര് കൂടി ചേർത്ത് പൊല്ലാപ്പ് പിടിക്കുന്നത് എന്നുള്ള അലീനയുടെ ചോദ്യമെല്ലാം ഏറെ പ്രസക്തവും മാറിവരുന്ന തലമുറയുടെ കാഴ്ചപ്പാട് വ്യക്തമാക്കുന്നതുമാണ്. എന്നാൽ പുരോഗമനം പോലെ തന്നെ അധോഗമനത്തെ കൂട്ടുപിടിക്കുന്ന സ്ത്രീകളെയും സിനിമയിൽ കാണാൻ സാധിക്കും. സ്വന്തം ഭർത്താവിന് വേണ്ടി ദുരിതവും അപമാനവും സഹിക്കേണ്ടിവരുന്ന വീട്ടു സഹായിയായ ഇന്ദു പോലും ഒരു പരിധിവരെ അധോഗമന ആശയങ്ങളെ നെഞ്ചിൽ പേറുന്നവൾ തന്നെയാണ്. സൗഹൃദത്തിലെ ആത്മബന്ധത്തെ ഹൃദ്യമായി അവതരിപ്പിക്കുന്നതോടൊപ്പം ദാമ്പത്യബന്ധങ്ങളിലെ ഉലച്ചിലുകൾ മുന്നോട്ടുവെച്ച് ചർച്ചചെയ്യുകയാണ് ചിത്രത്തിൽ.
ഓഡിഷൻ വഴി, 2500 പേരിൽനിന്നാണ് 13 അഭിനേതാക്കളെ തിരഞ്ഞെടുത്തത് മുൻപേ തന്നെ സംവിധായകൻ വ്യക്തമാക്കിയതാണ് . കൃത്യമായി പരിശീലന ക്ലാസ് നൽകിയതിനാൽ തന്നെ വിഷ്ണു അഗസ്ത്യ, രമ്യ സുരേഷ്, ഷംല ഹംസ, നിനിൻ കാസിം, ജിൻസ് ഷാൻ, നൗഫൽ റഹ്‌മാൻ, വിദ്യാ വിജയ്‌കുമാർ, സൂരജ് കെ. നമ്പ്യാർ, രശ്മി കെ. നായർ, സുധീഷ് കോശി, സജിൻ അലി, സുധീഷ് സ്‌കറിയ, അനുഷ ശ്യാം തുടങ്ങിയ എല്ലാ അഭിനേതാക്കളും തങ്ങളുടെ കഥാപാത്രത്തെ അങ്ങേയറ്റം മികവുറ്റതാക്കി തീർത്തിരിക്കുന്നു.
നമ്മൾ കേട്ട് പരിചയിച്ച ആയിരത്തൊരാവുകൾ എന്ന അറബികഥയെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ ഏത് നിമിഷവും എന്തും സംഭവിക്കാമെന്നുള്ള ചിന്ത പ്രേക്ഷകരിൽ നൽകിക്കൊണ്ട് തന്നെയാണ് ആയിരത്തൊന്നു നുണകൾ മുൻപോട്ട് പോകുന്നത്. എന്നാൽ ചില നുണകൾ ആരുടെയെങ്കിലുമൊക്കെ ജീവിതത്തിൽ ഒരു ആഹ്ലാദമായി തീർന്നേക്കാമെന്നും സിനിമ കണ്ടു തീരുമ്പോൾ പ്രേക്ഷകർക്ക് മനസ്സിലാവും. നുണകൾ ഉണ്ടാക്കുന്ന ത്രില്ലിങ് എക്‌സ്പീരിയൻസ് തന്റെ ക്യാമറയിലൂടെ പകർത്തിയ ജിതിൻ സ്റ്റാൻസിലാസും, കഥാപാത്രങ്ങളുടേയും കഥയുടേയും നീക്കത്തിനനുസരിച്ച് സംഗീതമൊരുക്കിയ നേഹ നായരും യക്സനും തങ്ങളുടെ ഭാഗങ്ങൾ ഏറ്റവും മനോഹരമായി ചെയ്തു എന്ന് തന്നെ വേണം പറയാൻ.
സംവിധായകൻ വെളിപ്പെടുത്തിയപോലെ 'പരസ്പരം അറിയാത്ത രഹസ്യങ്ങളാൽ പരീക്ഷിക്കപ്പെടുന്ന സൗഹൃദങ്ങളുടെ കഥയുമാണത്'. തമ്മിൽത്തമ്മിൽ നുണ പറയുന്ന മനുഷ്യരുടെ മുഖത്തെ, ചിരിച്ച കാപട്യതയെ തുറന്നു കാണിക്കുന്ന ആയിരത്തൊന്നു നുണകൾ എല്ലാത്തരം പ്രേക്ഷകർക്കും കാണാവുന്നതും, എല്ലാവരും പ്രേക്ഷകരെ ചിന്തിപ്പിക്കുന്നതുമായ ഒരു മികച്ച സിനിമ തന്നെയാണ്.അതുകൊണ്ടുതന്നെ ധൈര്യമായി കാണാം ഈ ആയിരത്തൊന്നു നുണകൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.