ജൂഡ് ആന്റണിയുടെ ‘2018’: നമ്മുടെ കഥ, നമ്മൾ മനുഷ്യരായ ദിവസങ്ങളുടെ കഥ!
text_fieldsകേരളം നേരിട്ട പ്രളയത്തിന്റെ പശ്ചാത്തലത്തിൽ ജൂഡ് ആന്റണി ജോസഫ് ഒരുക്കിയ ‘2018 എവരിവൺ ഈസ് ഹീറോ' തിയേറ്ററുകളിൽ എത്തിയിരിക്കുന്നു. എന്നാൽ ഒരു പ്രളയത്തിന്റ മാത്രമല്ല അതിജീവനത്തിന്റെ കഥ കൂടിയാണ് ചിത്രം പറയുന്നത്. മഴക്കാലങ്ങളിൽ പലഭാഗങ്ങളിലും ഒറ്റപ്പെട്ട വെള്ളപ്പൊക്കം ഉണ്ടാവാറുണ്ടെങ്കിലും 2018ലുണ്ടായ പ്രളയം കേരളത്തെ സംബന്ധിച്ചിടത്തോളം വ്യത്യസ്തമായ ഒന്നായിരുന്നു. അത്തരമൊരു മഹാദുരന്തത്തിൽ നിന്ന് കരകയറുക എന്നത് ദൈർഘ്യമേറിയതും കഠിനവുമായ ഒരു പ്രക്രിയ തന്നെയായിരുന്നു.
അതിനാൽതന്നെ വരുംതലമുറക്ക് വേണ്ടി പ്രളയദുരന്തങ്ങളുടെ രേഖപ്പെടുത്തൽ വളരെ പ്രധാനമായ ഒരു സന്ദർഭത്തിലാണ് ജൂഡ് ആന്റണി '2018' പ്രേക്ഷകർക്ക് മുൻപിലേക്ക് കൊണ്ടുവരുന്നത്. ഒരു യഥാർത്ഥ സംഭവത്തെ സ്ക്രീനിലേക്ക് അതേപടി പകർത്തുക എന്ന വലിയ വെല്ലുവിളിയെ അതിസാഹസികമായി നേരിട്ടുകൊണ്ട് വിജയിച്ചിരിക്കുകയാണ് ഇവിടെ ജൂഡും സഹപ്രവർത്തകരും. ഒരു ഡോക്യുമെന്ററി രീതിയിൽ പ്രേക്ഷകരുമായി സംവദിക്കുവാനല്ല, സിനിമാറ്റിക്കായി ഇടപെടാനാണ് സംവിധായകൻ ശ്രമിച്ചതും വിജയം കൈവരിച്ചതും.
ദുരന്ത തീവ്രത ഒട്ടും ചോർന്നു പോവാതെയാണ് ചിത്രം മുൻപോട്ട് സഞ്ചരിക്കുന്നത്. ജനങ്ങളുടെ ഒരേ മനസോടെയുള്ള പ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള ഈ അതിജീവനം പറയാൻ സംവിധായകനും എഴുത്തുകാരനുമായ ജൂഡ് ആന്റണിയും സഹഎഴുത്തുകാരനായ അഖിൽ പി ധർമ്മജനും ഒരു പിടി കഥാപാത്രങ്ങളെയാണ് സിനിമയുടെ വലിയൊരു ക്യാൻവാസിലേക്ക് നിരത്തി വച്ചിരിക്കുന്നത്.
സ്വയം രക്ഷകരായും മറ്റുള്ളവരുടെ രക്ഷകരായും മാറിയ അസുലഭമായ സ്നേഹത്തിന്റെയും മാനവികതയുടെയും തിളങ്ങുന്ന പ്രതീകങ്ങളായി പ്രവര്‍ത്തിച്ച ഇത്തരം കഥാപാത്രങ്ങൾക്കെല്ലാം ചിത്രത്തിൽ ഓരോ ഫ്ലാഷ്ബാക്കുകൾ പറയാനുണ്ട്. സിനിമ തുടങ്ങുന്നത് സാധാരണക്കാരായ അത്തരം മനുഷ്യരുടെ ജീവിതങ്ങളിലൂടെയും സ്വപ്നങ്ങളിലൂടെയും പ്രശ്നങ്ങളുടെയുമെല്ലാമാണ്.
വിമുക്തഭടനായ അനൂപും മത്സ്യത്തൊഴിലാളികളായ വിൻസ്റ്റണും മത്തായിച്ചനും നിക്സ്റ്റണും പ്രവാസിയായ രമേശും ഡ്രൈവർ ജേക്കബ് കോശിയുമെല്ലാം അവരിലോരോരുത്തരാണ്. പട്ടാളത്തിൽ നിന്ന് പേടിച്ചോടി വന്നു നാടിനു മുൻപിൽ പരിഹാസ കഥാപാത്രമായ അനൂപ്, പിന്നീട് നാടിന്റെ അഭിമാനമായപ്പോൾ ഒപ്പം അഭിമാനിച്ചത് പ്രേക്ഷകർ കൂടിയാണ്. ടൊവിനോയുടെ അനൂപ് എന്ന കഥാപാത്രം പ്രശംസനീയമായ പ്രകടനമാണ് കാഴ്ചവച്ചത്.
സുധീഷ് പ്രേക്ഷകനെ കരയിച്ചത് സ്വന്തം കുടുംബത്തെ താങ്ങിനിർത്താനുള്ള കഠിന ശ്രമത്തിലൂടെയായിരുന്നു. സ്വരുക്കൂട്ടിവെച്ച വിദ്യാഭ്യാസ സർട്ടിഫിക്കറ്റ് നഷ്ടപ്പെടുന്ന വിദ്യാർഥിനിയുടെ വേദന, സമാനതകളില്ലാത്ത രക്ഷാപ്രവർത്തനം നടത്തിയ മത്സ്യത്തൊഴിലാളികൾ, മണ്ണിടിച്ചിലിൽപെട്ട മനുഷ്യർ തുടങ്ങി പറയാൻ ബാക്കി വെച്ചതായി ഒന്നുമില്ല.
കുഞ്ചാക്കോ ബോബന്റെ ഷാജി, നരേന്റെ വിൻസ്റ്റൺ, ആസിഫ് അലിയുടെ നിക്‌സൺ, ലാലിന്റെ മാത്തച്ചൻ, ഇന്ദ്രൻസിന്റെ ദാസ്, അപർണ ബാലമുരളിയുടെ ജേർണലിസ്റ്റ് നൂറ തുടങ്ങിയ കഥാപാത്രങ്ങളെല്ലാം മികച്ചതായി.
തുടക്കവും അന്ത്യവും നമുക്കറിയാവുന്ന കഥ തന്നെയാണ് 2018. നമ്മൾ കണ്ടതും അറിഞ്ഞതുമായ ഒത്തൊരുമയുടെ ചരിത്രമാണ് അതിന് പറയാനുള്ളത്. അതുകൊണ്ടുതന്നെ സിനിമ കണ്ട് കരയാതിരിക്കാൻ പ്രേക്ഷകർക്കാവില്ല. സന്നദ്ധ സംഘടനകളുടെയും നാട്ടുകാരുടെയും മത്സ്യതൊഴിലാളികളുടെയും സോഷ്യൽ മീഡിയയുടെയും സഹായത്തോടെയുള്ള രക്ഷാപ്രവർത്തനങ്ങൾ ഒരിക്കൽ കൂടി പ്രേക്ഷകരെ ആ പ്രളയ ഭൂമിയിലേക്ക് ഇറക്കിവിടും.
പരസ്പരം ക്ഷമിക്കാനും പൊറുക്കാനും വിട്ടുവീഴ്ച നടത്താനും എത്ര അഹങ്കരിച്ചാലും നമ്മൾ മനുഷ്യർ ഇത്രയൊക്കെയേ ഒള്ളൂ എന്ന് ഓർമ്മപ്പെടുത്താനും സിനിമ ശ്രമിക്കുന്നുണ്ട്. സിനിമയോടൊപ്പമല്ല, ഒരു പ്രളയത്തോടൊപ്പം സഞ്ചരിച്ച ചായാഗ്രഹകനെന്ന നിലക്കാണ് ഇവിടെ അഖിൽ ജോർജ് കയ്യടി നേടുന്നത്. അതോടൊപ്പം വി.എഫ്.എക്സ്, അണ്ടർ വാട്ടർ രംഗങ്ങൾ എന്നിവയെല്ലാം ഗംഭീരമാണ്.
ചമൻ ചാക്കോയുടെ എഡിറ്റിങ്, നോബിൻ പോളിന്റെ പശ്ചാത്തല സംഗീതം, വിഷ്ണു ഗോവിന്ദിന്‍റെ സൗണ്ട്ഡിസൈനിങ്ങ് എല്ലാം ചിത്രത്തെ മികച്ചതാക്കുന്നു. സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധേയനായ നോവലിസ്റ്റ് അഖിൽ പി. ധർമ്മജൻ സഹ എഴുത്തുകാരനായി മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച ചിത്രം കൂടിയാണിത്.
2018 എവരിവണ്‍ ഈസ് എ ഹീറോ, അത് നമ്മുടെ കഥയാണ്. നമ്മൾ മനുഷ്യരായ ദിവസങ്ങളുടെ കഥ!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.