രുചിയുള്ളൊരു സിനിമ; പാചക വിദഗ്ധ തർല ദലാലിന്‍റെ ജീവിതം പറഞ്ഞ് ‘തർല’
text_fieldsതർല ദലാൽ എന്ന പാചക വിദഗ്ധയെക്കുറിച്ച് കൃത്യമായി അറിഞ്ഞാലേ ‘തർല’ എന്ന ഹിന്ദി സിനിമ കാണുന്നതിൽ അർഥമുള്ളൂ. പാചക വിദഗ്ധ, പാചക പുസ്തക രചയിതാവ്, പാചക ഷോകളുടെ അവതാരക, എഴുത്തുകാരി എന്നീ നിലകളിൽ അറിയപ്പെടുന്ന അവരുടെ പാചകവിദ്യകൾ പരീക്ഷിക്കാത്ത ഇന്ത്യൻ വീടുകൾ കുറവായിരിക്കും.
1974ലാണ് ആദ്യത്തെ പാചക പുസ്തകം ദി പ്ലഷേഴ്സ് ഓഫ് വെജിറ്റേറിയൻ കുക്കിങ് പ്രസിദ്ധീകരിക്കുന്നത്. അതിനുശേഷം നൂറിലധികം പുസ്തകങ്ങൾ എഴുതുകയും 10 ദശലക്ഷത്തിലധികം കോപ്പികൾ വിറ്റഴിക്കുകയും ചെയ്തു. 2007ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ച അവർ പാചകമേഖലയിൽനിന്ന് ഈ നേട്ടം കൈവരിച്ച ഏക വനിതയാണ്. 2013 നവംബർ ആറിന് 77ാമത്തെ വയസ്സിലായിരുന്നു അവരുടെ മരണം.
തർല ദലാലിന്‍റെ ജീവിതത്തെ ആസ്പദമാക്കി പിയൂഷ് ഗുപ്ത സംവിധാനം ചെയ്ത ‘തർല’ സാധാരണക്കാരിയായ തർലയിൽനിന്ന് അസാധാരണക്കാരിയായ തർലയിലേക്കുള്ള മാറ്റത്തെ കൃത്യമായി ബോധ്യപ്പെടുത്തുന്ന സിനിമയാണ്.
ഒരുപക്ഷേ, തർല ദലാലിന്‍റെ പേര് കേട്ടിട്ടില്ലാത്തവർക്ക് ആ പാചകരീതി ഒന്ന് ശ്രമിച്ചുനോക്കാൻ ഈ സിനിമ ഒരുപക്ഷേ പ്രചോദനമാകും. ഹുമ ഖുറേഷിയാണ് ഇതിൽ തർലയുടെ വേഷം അതിഗംഭീരമായി അവതരിപ്പിച്ചത്. ഭർത്താവ് നളിനായി ഷരീബ് ഹാഷ്മി അഭിനയത്തിനപ്പുറം ജീവിത കഥാപാത്രമായിത്തന്നെ നിറഞ്ഞാടിയിട്ടുണ്ട്.
ഭാരതി അച്രേക്കർ, രാജീവ് പാണ്ഡെ, പൂർണേന്ദു ഭട്ടാചാര്യ, വീണ നായർ എന്നിവരും തങ്ങളുടെ വേഷം മികവുറ്റതാക്കിയിട്ടുണ്ട്. ഒരു വ്യക്തിയുടെ വിജയം ഒരിക്കലും അവന്റെ/അവളുടെ മാത്രം അല്ല. ഈ കഥയിലും അങ്ങനെ ഒരാളെ പരിചയപ്പെടുത്തുന്നുണ്ട്. നല്ലു എന്നവൾ വിളിക്കുന്ന ഭർത്താവ് നളിൻ ദലാലാണ് ആ കഥാപാത്രം. അവരുടെ സൗഹൃദവും പ്രണയവുമാണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റുകളിൽ ഒന്ന്. നളിനായി വന്ന ഷരീബ് ഹാഷ് മിയുടെ കഥാപാത്രത്തിലൂടെയാണ് തർലയുടെ വളർച്ചയെ സിനിമയിലൂടെ കാണിക്കുന്നത്.
വളരെ ലളിതമായി തുടങ്ങി പിന്നീട് വെളിച്ചവും കാറ്റും ചെറിയ മിന്നലും പോലെ സിനിമ മുന്നോട്ടുപോകുമ്പോൾ പ്രേക്ഷകനും അതിനോടൊപ്പം സഞ്ചരിക്കും. അധിക ചേരുവകളില്ലാത്ത എന്നാൽ, ഏറെ രുചിയുള്ളൊരു വെജിറ്റേറിയൻ ഭക്ഷണം കഴിച്ചൊരു പ്രതീതി സിനിമ കണ്ടിറങ്ങുന്നവർക്ക് അനുഭവപ്പെടും. അവസാന ഭാഗത്ത് മാത്രമാണ് കാര്യങ്ങൾ അൽപം മെലോ ഡ്രാമയിലേക്ക് മാറുന്നത്. ജീവചരിത്രമാണെങ്കിലും ആഖ്യാനത്തിൽ സംവിധായകൻ പിയൂഷ് ഗുപ്ത തന്റേതായ മുദ്ര കൃത്യമായി പതിപ്പിച്ചിട്ടുണ്ട്.
യഥാർഥ തർലയുടെ രൂപസാദൃശ്യത്തിന് കുറച്ചൊക്കെ വിപരീതമാണ് സിനിമയിൽ ഹുമ ഖുറേഷി എന്ന തർല. എന്നാൽ, കഥാപാത്രത്തെ അവതരിപ്പിച്ചതിൽ ഒരിക്കൽപോലും ബോറടി തോന്നില്ല. ഫ്രെയിമുകൾ പോലെതന്നെ സംഗീതവും സിനിമയുടെ മൂഡിനൊപ്പം സന്തോഷം നൽകുന്നതാണ്.
പാചകം സ്ത്രീയുടെ മാത്രം ജോലിയാണെന്ന് പറയുന്നവരോട്, എങ്ങനെയാണ് അവളതിൽ വൈദഗ്ധ്യം നേടിയതെന്നും എത്ര സഹനശക്തിയോടെയാണത് കൈകാര്യം ചെയ്യുന്നതെന്നും, അടുക്കളക്കപ്പുറത്തേക്കുള്ള മറ്റൊരു ലോകത്തേക്കുകൂടി അറിയപ്പെടാൻ ഇത് എത്രമാത്രം ഉപകാരിയാണെന്നും സംവിധായകൻ ഇതിൽ അടിവരയിടുന്നുണ്ട്. ജൂലൈ ഏഴിന് സിനിമ സീ-5ൽ റിലീസ് ചെയ്തിട്ടുണ്ട്.
l
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.