Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
‘എ ട്വെൽവ് ഇയർ നൈറ്റ്’; ഇതിനേക്കാൾ ഭ്രമാത്മകമായൊരു തിരക്കാഴ്ച്ചയും നിങ്ങൾ കണ്ടിട്ടുണ്ടാകില്ല
cancel

ഉന്നത പദവിയിലെത്തുന്നതിനുമുമ്പ് തടവുശിക്ഷ അനുഭവിച്ചിട്ടുള്ള രാഷ്ട്രീയ നേതാക്കൾ ഏറെയുണ്ട്. ഗറില്ലാപ്രവർത്തനത്തിലൂടെ രാജ്യത്തെ മോചിപ്പിച്ച ഫിഡൽ കാസ്ട്രോ അടക്കമുള്ള ലാറ്റിനമേരിക്കൻ വിപ്ലവകാരികളുടെ ചരിത്രം നമ്മളെ കോരിത്തരിപ്പിക്കാറുണ്ട്. എന്നാൽ നീണ്ട 12 വർഷത്തെ നരകതുല്യമായ ഏകാന്തതടവിനും ഘോരമായ പീഡനങ്ങൾക്കും ശേഷം ഉറുഗ്വെ എന്ന ലാറ്റിനമേരിക്കൻ രാജ്യത്തിന്റെ അമരത്തെത്തിയ അവിശ്വസനീയ ജീവിതകഥയാണ് പെപ്പെ എന്ന ജോസ് ആൽബർട്ടോ മുജീക്ക കൊർദാനോയുടേത്.

ഉറുഗ്വേയുടെ 40-ാമത് പ്രസിഡന്റായി 2010 മുതൽ 2015 വരെയാണ് അദ്ദേഹം സേവനമനുഷ്ഠിച്ചത്.അദ്ദേഹമനുഭവിച്ച കൊടിയ പീഡനങ്ങളും ഗ്വാണ്ടാനോമയെ വെല്ലുന്ന തരത്തിലുള്ള വിവിധ ജയിലുകളിലെ ഏകാന്ത വാസത്തിനും സമാനമായതൊന്നും ആധുനിക കാലത്ത് ഉണ്ടായിരിക്കില്ല. അൽവാരോ ബ്രഷ്നർ സംവിധാനം ചെയ്ത ‘എ ട്വെൽവ് ഇയർ നൈറ്റ്’ എന്ന സിനിമ 2018ൽ പുറത്തിറങ്ങിയപ്പോഴാണ് അവിശ്വസനീയമായ ആ ജീവിതകഥ ലോകം കൂടുതലറിയുന്നത്. ആ വർഷത്തെ ഉറുഗ്വെയുടെ ഓസ്കാർ എൻട്രി കൂടിയായിരുന്നു അസാമാന്യ കലാമികവു കൂടി പ്രകടിപ്പിച്ച ആ ചിത്രം.

ജോസ് ആൽബർട്ടോ മുജീക്കയെന്ന ഗറില്ലയുടെ ജീവിതത്തിന്റെ നേർ അവതരണമായിരുന്ന ചിത്രം ലോകത്തെ പിടിച്ചു കുലുക്കുക തന്നെ ചെയ്തു. ലാറ്റിനമേരിക്കൻ രാഷ്ട്രീയം വ്യക്തമായി മുന്നോട്ടുവെക്കുന്ന ചിത്രം ഏകാധിപത്യത്തിനും ജനാധിപത്യത്തിനിമിടയിലൂടെ ചലിക്കുന്ന ജനജീവിതത്തിന്റെ സുക്ഷ്മങ്ങളായ ഭാവങ്ങളെ ലോകത്തിനുമുന്നിൽ അടയാളപ്പെടുത്തുകയും ചെയ്തു.


1960-കളുടെ മധ്യത്തിൽ ഉറുഗ്വെയിൽ ഏകാധിപത്യ വാഴ്ചക്കെതിരെ ഒരുപറ്റം വിപ്ലവകാരികൾ ചേർന്ന് രൂപവത്കരിച്ച ടുപമാറോസ് എന്ന വിപ്ലവ സംഘടനയുടെ ചരിത്രമാണ് സിനിമ പറയുന്നത്.ക്യൂബൻ വിപ്ലവത്തിനായി ഫിഡൽ കാസ്ട്രോയുടെ നേതൃത്വത്തിൽ രൂപവത്കരിച്ച ജൂലൈ 26 പ്രസ്ഥാനത്തിൽനിന്ന് ഊർജം ഉൾക്കൊണ്ടാണ് മുജീക്കയും സംഘവും ടുപമാറോസ് എന്ന രഹസ്യസംഘടന രുപവത്കരിക്കുന്നത്. 1969-ൽ മോണ്ടെവീഡിയോയ്ക്ക് സമീപമുള്ള ഒരു പട്ടണമായ പാണ്ടോ പിടിച്ചെടുക്കാനുള്ള വിപ്ലവകാരികളുടെ ആക്ഷനിൽ അദ്ദേഹം പങ്കെടുക്കുന്നുണ്ട്.

നഗരത്തിലെ തന്ത്രപ്രധാനമായ പോയിന്റുകൾ ആക്രമിക്കുന്ന ആറ് സ്ക്വാഡുകളിലൊന്നിൽ അംഗമായിരുന്നു അദ്ദേഹം. നഗരത്തിലെ ടെലിഫോൺ എക്‌സ്‌ചേഞ്ച് മുജീക്കയടങ്ങുന്ന സംഘം പിടിച്ചെടുത്തെങ്കിലും പിന്നീട് അദ്ദേഹം രഹസ്യപൊലീസിന്റെ നിരീക്ഷണത്തിലാവുകയും ഒരു ബാറിൽവെച്ച് പിടിയിലാകുകയുമാണ്. അറസ്റ്റിനെ ചെറുക്കുന്നതിനിടെ മുജിക്കക്ക് വെടിയേറ്റു. മുജിക്കയുടെ വെടിയേറ്റ പൊലീസ് ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു. ഗുരുതരപരിക്കുകളോടെ ആശുപത്രിയിലെത്തിച്ച മുജീക്കയെ ഡോക്ടർ അശ്രാന്തപരിശ്രമത്തിലൂടെ രക്ഷിച്ചു. ഡോക്ടറും ടുപമാറോസ് സംഘത്തിൽ അംഗമായിരുന്നെന്ന് പറയപ്പെട്ടിരുന്നു.


ജോർജ് പച്ചെക്കോ അരെക്കോ ആയിരുന്നു അക്കാലത്ത് ഉറുഗ്വേയുടെ പ്രസിഡന്റ്.തികഞ്ഞ ഏകാധിപതി.ഭരണഘടനാപരമായ ഒട്ടുമിക്ക അവകാശങ്ങളും റദ്ദുചെയ്തുകൊണ്ടാണ് പ്രസിഡന്റ് വിപ്ലവകാരികളുടെ നടപടികൾക്കെതിരെ പ്രതികരിച്ചത്.

നാല് തവണ മുജിക്കയെ അധികൃതർ പിടികൂടുന്നുണ്ട്. ഓരോതവണയും അദ്ദേഹം ജയിൽചാടുന്നുമുണ്ട്.1971 സെപ്തംബറിൽ അദ്ദേഹത്തെ കരേറ്റാസ് ജയിലിലടയ്ക്കുന്നു.ജയിലിനുള്ളിൽ തുരങ്കമുണ്ടാക്കി അദ്ദേഹവും സംഘവും സാഹസികമായി രക്ഷപെട്ടു. ഒരു മാസത്തിനുള്ളിൽ മുജിക്കയെ വീണ്ടും പിടികൂടി. 1972 ഏപ്രിലിൽ ഒരിക്കൽ കൂടി കരേറ്റാസ് ജയിലിൽനിൽ നിന്ന് അദ്ദേഹം രക്ഷപ്പെട്ടു. 1972-ൽ വീണ്ടും പിടിക്കപ്പെട്ടു.

തുടർന്നുള്ള മാസങ്ങൾ രാജ്യത്ത് നിർണായകമായ അധികാരമാറ്റമുണ്ടായി. രാജ്യം സൈനിക അട്ടിമറിക്ക് വിധേയമായി. മുജിക്കയെയും മറ്റ് എട്ട് വിപ്ലവകാരികളെയും ശക്തമായ നീരീക്ഷണത്തിൽ ജയിലിലടച്ചു. സൈനിക ഭരണകൂടത്തിന് ജനങ്ങളുടെ എതിർപ്പ് അടിച്ചമർത്തണം. വിപ്ലവകാരികൾ ജീവനോടെയുണ്ടെന്നും അവർ പീഡനങ്ങളെ അതിജീവിക്കുകയാണെന്നുമുള്ള അറിവുപോലും ജനങ്ങളിൽൽ പ്രതീക്ഷയുണ്ടാക്കും. അവരുടെ അതിജീവന നില രഹസ്യമാക്കി വെക്കുക എന്നതായിരുന്നു ലക്ഷ്യം. തടവുകാരുടെ ആരോഗ്യവും ഇച്ഛാശക്തിയും തകർക്കാൻ സഹായകമായ വിധത്തിൽ രൂപകൽപ്പന ചെയ്തിട്ടുള്ളതാണ് ജയിൽ.

പിന്നീടങ്ങോട്ടുള്ള ജീവിതമായിരുന്നു ജീവിതം.തുടർച്ചയായ 12 വർഷത്തെ ഏകാന്ത തടവ് ആവംഭിക്കുന്നതവിടെ നിന്നാണ്. ഇതിൽ രണ്ട് വർഷം കുതിരകൾക്കുള്ള വെള്ളം നിറക്കാൻ ഉപയോഗിച്ചിരുന്ന ഒരു കിണറിന്റെ അടിത്തട്ടിലായിരുന്നു മുജീക്ക. പ്രകാശത്തിന്റെ ഒരു കിരണം പോലും കടക്കാത്ത കിണർ. ഒരു മനുഷ്യജീവിയെപ്പോലും കാണാനാവാതെ, ആരോടും മിണ്ടാനാവാതെ ഒരു രാഷ്ട്രീയ തടവുകാരൻ. നിരവധി ആരോഗ്യപ്രശ്നങ്ങൾ ആ സമയത്ത് അദ്ദേഹത്തിനുണ്ടായിരുന്നു. ചികിത്സ സ്വപ്നത്തിൽ പോലും ലഭ്യമായിരുന്നില്ല.

മാനസിക പ്രശ്നങ്ങൾ അദ്ദേഹത്തെ ഉലച്ചു. വിഭ്രമാത്മകമായ അവസ്ഥയിലായ ദിനരാത്രങ്ങൾ. ദിനങ്ങളുണ്ടായിരുന്നില്ല. രാത്രി.ഇരുട്ടുമാത്രം. മുജീക്കയോടൊപ്പം തടവിലായ ടുപ്പമാറോസ് സംഘത്തിൽപെട്ട എല്യൂട്ടെറിയോ ഫെർണാണ്ടസ് ഹുയ്‌ഡോബ്രോയും മൗറിസിയോ റോസെൻ‌കോഫും അടുത്തടുത്ത തടവുമുറികളിലുണ്ടായിരുന്നു. പരസ്പരമറിയാതെ. തടവുമുറിയുടെ കനത്ത ഭിത്തിയിൽ തട്ടി ശബ്ദമുണ്ടാക്കി അവർ ആശയവിനിമയത്തിന് പുതിയൊരു മാർഗം കണ്ടെത്തുന്നു. ആ ശബ്ദ കോഡുകളിലൂടെയാണ് അവർ പരസ്പരം തിരിച്ചറിയുന്നത്.അക്ഷരങ്ങളുടൈ ക്രമത്തിന് അനുസരിച്ച് കൊട്ടിക്കൊട്ടി അവർ ആശയവിനിമയം നടത്തുന്നു. മരണത്തിനും ജീവിതത്തിനുമിടയിലുള്ള നിമിഷാർദ്ധത്തിൽ മരുപ്പച്ചയായി അത് മാറുന്നു.


സന്തോഷംകൊണ്ട് മതിമറക്കുന്ന തടവുകാരെയാണ് സിനിമ ദൃശ്യവത്കരിക്കുന്നത്. പക്ഷെ മുജിക്കയെ സംഭാഷണത്തിന്റെ, ആശയവിനിമയത്തിന്റെ വഴിയിലേക്ക് കൊണ്ടുവരാനാവുന്നില്ല. അദ്ദേഹം ഭ്രമാത്മകമായ ഒരു ലോകത്താണ്. ഹാലൂസിനേഷനുകൾ. ചുറ്റികയുടെ അടിയേറ്റു തകർന്നു ചിതറിയ തലച്ചോറു പോലെയുള്ള ഭ്രമാത്മകതയുടെ പേടിപ്പെടുത്തുന്ന അവസ്ഥ. ഇതിനിടെ റെഡ്ക്രോസിന്റെ ജയിൽസന്ദർശനം ഉണ്ട്. കക്കൂസിൽപോലും പോകാൻ അനുവദിക്കാത്ത മനുഷ്യാവകാശലംഘനങ്ങളെപ്പറ്റി തടകുകാർക്ക് പരാതി പറയാനുള്ള അവസരം.

സന്ദർശനത്തിനു മുമ്പ് ജയിലിൽ കിടക്കയും സസേരയും എഴുത്തുസാമഗ്രികളും പുസ്തകങ്ങളും ഒരുദിവസത്തേക്കുമാത്രമായി പ്രത്യക്ഷപ്പെടുന്നുണ്ട്. പരിശോധകരുടെ കണ്ണിൽ പൊടിയിടുകയാണ് ലക്ഷ്യം. ‘ആൻ ഒക്കറൻസ് അറ്റ് ഔൾക്രീക്ക് ബ്രിഡ്ജ്’ എന്ന ചെറുസിനിമ എക്കാലത്തേയും ക്ലാസ്സിക്കുകളിലൊന്നാണ്. അതിലെ നായകൻ വധശിക്ഷക്ക് വിധിക്കപ്പെട്ട് കൊലമരത്തിൽ ജീവിതത്തിനും മരണത്തിനുമിടയിലുള്ള നൂൽപാലത്തിലാണ്. ഇതിനിടെ അയാൾ കാണുന്ന സ്വപ്നമാണ് സിനിമയുടെ കാതൽ.

ജീവിതത്തിലേക്ക് മടങ്ങുന്നു എന്ന പ്രതീതി ഉണ്ടാകുന്ന മാത്രയിൽ കൊലക്കയർ മുറുകുന്നു.റെഡ്ക്രോസിന്റെ വിസിറ്റും സമാന മാനസികാവസ്ഥയാണ് തടവുകാരനായ ഫെർണാണ്ടസിൽ സൃഷ്ടിക്കുന്നത്. ജഡ്ജി മനുഷ്യാവകാശലംഘനത്തിനെതിരെ നടപടിയെടുക്കുന്നത് സ്വപ്നം കാണുന്ന തടവുകാരൻ. നിമിഷാർദ്ധത്തിൽ എല്ലാം തകിടം മറിയുന്നു. പേരുമാത്രം ചോദിച്ചശേഷം തടവുകാർ പുറത്തേക്ക് നയിക്കപ്പെടുന്നു. ഒന്നും സംഭവിക്കപ്പെടുന്നില്ല. ഒരുദിവസത്തേക്ക് മാത്രം ഒരുക്ക​െപ്പട്ട തടവുമുറി പഴയതുപോലെയാകുന്നു.


നാളുകൾ, വർഷങ്ങൾ കടന്നുപോകുന്നു. ഒരുദിവസം ജയിൽ ഉദ്യോഗസ്ഥർ തടവുമുറിയുടെ അടച്ചിരുന്ന ജനാലകൾ തുറക്കുന്നുണ്ട്. ഹൊ. വെളിച്ചത്തിനെന്തൊരു വെളിച്ചം. മുജീക്കയുടെ സഹ തടവുകാർ ക്രൂരപീഡനങ്ങൾക്കിടയിലും പ്രതീക്ഷ നിലനിർത്തുന്നുണ്ട്. കാവൽചുമതലയുള്ള പട്ടാളക്കാരന് കാമിനിയെ സ്വന്തമാക്കാനുള്ള ഉപായം പറഞ്ഞുകൊടുത്ത് സൗഹൃദം സ്ഥാപിക്കാൻ സാധിക്കുന്നു. കവി കൂടിയായ രാഷ്ട്രീയക്കാരന് പ്രണയലേഖനം വഴങ്ങാതിരിക്കില്ലല്ലോ. പ്രണയസാഫല്യം നേടുന്ന പട്ടാളക്കാരൻ ചില ആനുകൂല്യങ്ങൾ തടകുകാർക്ക് അനുവദിക്കുന്നു.

ചെറുതെങ്കിലും ഇരുട്ടറയിൽ അടയ്ക്കപ്പെട്ടവരെ സംബന്ധിച്ചിടത്തോളം വലുതാണവ. ടോയ്‍ലറ്റ് പേപ്പറായി ഉപയോഗിക്കപ്പെട്ട ന്യൂസ് പേപ്പർ കഷണത്തിൽനിന്നാണ് രാജ്യത്ത് നടക്കുന്ന സംഭവവികാസങ്ങളെപ്പററി ചില ധാരണകൾ കിട്ടുന്നത്. രാജ്യത്ത് ചില മാറ്റങ്ങളുണ്ടാകുന്നതിന്റെ സൂചനകളുണ്ട്. സമ്പൂർണ ഏകാധിപത്യത്തിലേക്ക് നയിക്കപ്പെടാവുന്ന പുതിയ ഭരണഘടനയെക്കുറിച്ചുള്ള ഹിതപരിശോധന പരാജയപ്പെടുന്നു.അത് ഏകാധിപതിയെയും പട്ടാളത്തെയും കുപിതരാക്കുന്നുണ്ടെങ്കിലും മറ്റ് മാർഗമില്ല. രൂക്ഷമാകുന്ന സാമ്പത്തിക പ്രതിസന്ധി. ഏകാധിപത്യത്തിന് പിടിച്ചുനിൽക്കാനാകുന്നില്ല. പ്രതിഷേധം ശക്തമാകുന്നു.

1985-ൽ ജനാധിപത്യത്തിന്റെ പുലരി പിറക്കുന്നു. മുജിക്കയും മറ്റ് രാഷ്ട്രീയ തടവുകാരും ഏറെതാമസിയാതെ മോചിതരാകുകയാണ്. എഴുത്തുകാരനും സംവിധായകനുമായ അൽവാരോ ബ്രെഷ്‌നറുടെ പ്രതിഭ, മാസ്മരിക പ്രകടനം നടത്തിയ സിനിമ ഇവിടെ പൂർണമാകുകയാണ്. ​

എന്നാൽ വിപ്ലവകാരികളുടെ ജീവിതത്തിന്റെ രണ്ടാംഭാഗം ഇവിടെ ആരംഭിക്കുന്നു.തിരക്കിട്ട രാഷ്ട്രീയനീക്കങ്ങളാണ് രാജ്യത്ത് നടക്കുന്നത്. ജനാധിപത്യത്തിന്റെ പൊൻപുലരിയാണ് പിറന്നിരിക്കുന്നത്. ടുപമാറോസ് വിശാല ഇടതുപക്ഷ സഖ്യത്തിൽ ചേരുന്നു. 1989 ലെ തെരഞ്ഞെടുപ്പിനായി മൂവ്‌മെന്റ് ഓഫ് പോപ്പുലർ പാർട്ടിസിപ്പേഷൻ (എം.പി.പി)എന്ന രാഷ്ട്രീയ പാർട്ടിയായി ടുപമാറോസ് പുനഃസംഘടിപ്പിക്കപ്പെടുന്നു. എം.പി.പിയുടെ പ്രമുഖ ശബ്ദങ്ങളിലൊന്നായി മുജിക്ക മാറി. അതിനിടയിൽ, അദ്ദേഹം തന്റെ ദീർഘകാല പങ്കാളിയും മുൻ ടുപമാറോസ് അംഗവുമായ ലൂസിയ ടോപോളാൻസ്‌കിക്കൊപ്പം മോണ്ടെവീഡിയോയ്ക്ക് പുറത്തുള്ള ഒരു ഫാമിൽ താമസമാക്കുന്നു.


രാഷ്ട്രീയത്തിൽ സജീവമായ മുജിക്ക ചേംബർ ഓഫ് റെപ്രസന്റേറ്റീവ്സിൽ (1995-2000) അംഗമായി. 2000-ൽ സെനറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2004-ൽ പ്രോഗ്രസീവ് എൻകൗണ്ടർ-ബ്രോഡ് ഫ്രണ്ട് സഖ്യം, രണ്ട് നിയമസഭകളിലും ഭൂരിപക്ഷം നേടുന്നു. അവരുടെ പ്രസിഡന്റ് സ്ഥാനാർത്ഥി ടബാരെ വാസ്ക്വസ് തെരഞ്ഞെടുപ്പിൽ വിജയിക്കുന്നു. 2005 ഫെബ്രുവരിയിൽ മുജിക്ക സെനറ്റ് നേതാവായി സത്യപ്രതിജ്ഞ ചെയ്തു. അദ്ദേഹം വാസ്ക്വസിന്റെ മന്ത്രിസഭയിൽ കൃഷി മന്ത്രിയായി (2005-08).2010 ൽ ജോസ് പെപ്പെ എന്ന മുജിക്ക (അന്റോണിയോ ഡി ലാ ടോറെ) ഉറുഗ്വേയുടെ 40-ാമത് പ്രസിഡന്റായി സ്ഥാനമേൽക്കുന്നു.

സംഭവബഹുലമായിരുന്നു അഞ്ചുവേർഷം നീണ്ട അദ്ദേഹത്തിന്റെ പ്രസിഡന്റ് ജീവിതം. നിർണായകമായ പല തീരുമാനങ്ങളും അക്കാലത്തുണ്ടായി. ഗർഭച്ഛിദ്രം നിയമവിധേയമാക്കിതും സ്വവർഗ്ഗവിവാഹം അനുവദിച്ചതും യാഥാസ്ഥിതികർക്കിടയിൽ കോളിളക്കമുണ്ടാക്കി. അയൽരാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്താനും അദ്ദേഹം ശ്രദ്ധിച്ചു. അർജന്റീനയുമായി നിലനിന്ന നദീജലത്തർക്കം വിട്ടുവീഴ്ചകളിലൂടെ പരിഹരിച്ച് ലാറ്റിനമേരിക്കൻ സൗഹാർദ്ദത്തിന് അദ്ദേഹം പുതിയ മാനങ്ങൾ നൽകി.

സാമ്രാജ്യത്വത്തിനെതിരെ നിലകൊണ്ട അദ്ദേഹത്തിന്റെ ഉറ്റ സുഹുത്തായിരുന്നു വെനീസ്വലയുടെ പ്രസിഡന്റായിരുന്ന ഹ്യൂഗോ ഷാവേസ്. ലോകത്തെ ഏറ്റവും ദരിദ്രനായ പ്രസിഡന്റ് എന്നാണ് ബി.ബി.സി മുജീക്കയെ വിശേഷിപ്പിച്ചത്. പ്രസിഡന്റിന്റെ കൊട്ടാരത്തിൽ അദ്ദേഹം ഒരുദിവസംപോലും താമസിച്ചിട്ടില്ല. ഗ്രാമത്തിലെ തന്റെ കൃഷിസ്ഥലത്ത് സാധാരണക്കാരനായി ജീവിക്കുന്ന പ്രസിഡന്റ് തന്റെ ശമ്പളത്തിന്റെ 90 ശതമാനവും ജീവകാരുണ്യപ്രവർത്തനത്തിനാണ് ചെലവാക്കുന്നതെന്നും ബി.ബി.സി റിപ്പോർട്ട് ചെയ്തു. വീണ്ടും അദ്ദേഹം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെടുമായിരുന്നു. ഉറുഗ്വെയുടെ നിയമം അതനുവദിച്ചിരുന്നെങ്കിൽ. അത്ര ശക്തമായിരുന്നു അദ്ദേഹത്തിന്റെ ജനപ്രീതി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:movie reviewUruguayA Twelve Year NightJose Mujica
News Summary - A Twelve Year Night movie review
Next Story