ശാരീരിക പരിമിതികൾ ജീവിത വിജയത്തിന് തടസമല്ല- 'ആകാശം കടന്ന്' റിവ്യു
text_fieldsസമൂഹത്തിലെ മറ്റ് ജനവിഭാഗങ്ങളെ അപേക്ഷിച്ച് നിത്യജീവിതത്തില്‍ വ്യത്യസ്തമായ വെല്ലുവിളികളെ നേരിടുന്ന, ശാരീരികമായ ബലഹീനതകളുള്ള മനുഷ്യരുടെയും അവരെ ചുറ്റിപ്പറ്റിയുള്ളവരുടെയും കഥ പറയുന്ന സിനിമയാണ് ആകാശം കടന്ന്. ഭിന്നശേഷി എന്ന അവസ്ഥയെ വൈദ്യശാസ്ത്രപരമായ നിർവ്വചനങ്ങളിൽ നിന്ന് സാമൂഹികമായ നിർവ്വചനത്തിലേക്ക് കൊണ്ടുവരാൻ ശ്രമിക്കുന്ന ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് സിദ്ദിഖ് കൊടിയത്തൂർ ആണ്. ലോക്കോമോട്ടർ എന്ന അസുഖം ബാധിച്ച റസലിന്റെയും അവന്റെ കുടുംബത്തിന്റെയും ജീവിതത്തിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.
ഒരു ഇടത്തരം കുടുംബത്തിൽ റൗഫ് സജ്‌ന ദമ്പതികളുടെ രണ്ടാമത്തെ മകനായി ജനിച്ച റസൽ തുടക്കകാലങ്ങളിൽ പൂർണ്ണ ആരോഗ്യവാനായിരുന്നു. റസലിനെ അങ്ങേയറ്റം സ്നേഹിക്കുന്ന ഉപ്പയും, ഉമ്മയും സഹോദരിയുമടങ്ങുന്ന കുടുംബം എല്ലാവിധ സന്തോഷങ്ങളുമായി മുൻപോട്ടു പോകുമ്പോഴാണ് ഒരു ദിവസം അപ്രതീക്ഷിതമായി അവനൊരു പനി വരുന്നത്. എന്നാൽ ആ പനി വിട്ടു മാറുമ്പോഴേക്കും അവൻ ലോക്കോമോട്ടർ എന്ന അവസ്ഥാന്തരത്തിലേക്ക് എത്തിക്കഴിഞ്ഞിരുന്നു. അതിൽ പിന്നെ അവന്റെ ജീവിതത്തിന്റെ ഒരു പ്രധാനപ്പെട്ട ഭാഗമായി മാറുന്നത് അവന്റെ വീൽചെയറാണ്. എന്നാൽ അരക്ക് കീപ്പോട്ട് പൂർണ്ണമായും ചലനശേഷി നഷ്ടപ്പെട്ട റസലിന്റെ ജീവിതം പോലെതന്നെ പ്രാധാന്യമർഹിക്കുന്നതാണ് അവന്റെ കുടുംബത്തിന്റെയും ദൈന്യംദിന പോരാട്ടം എന്നതുകൊണ്ടുതന്നെ സിനിമ മൊത്തത്തിൽ റസലിലേക്ക് ചുരുങ്ങുന്നില്ല. പകരം അവനു ചുറ്റുമുള്ള മനുഷ്യരിലേക്കും അവന്റെ കുടുംബാംഗങ്ങളിലേക്കും വരെ കഥ നീളുന്നു. ശാരീരിക പരിമിതികളെ മാറ്റിനിർത്തി വിജയം സ്വന്തം കൈപ്പിടിയിലൊതുക്കിയ എല്ലാ മനുഷ്യർക്കു പുറകിലും പിന്തുണയുമായി ആരെങ്കിലുമൊരാളുണ്ടാകുമെന്ന് പറയുന്നതുപോലെ ഇവിടെ റസലിന് പിന്തുണയുമായെത്തുന്നത് അവന്റെ കുടുംബവും സുഹൃത്തുമാണ്. എന്നാൽ ആ വിജയത്തിലേക്കുള്ള യാത്ര അത്ര എളുപ്പവുമല്ലായിരുന്നു. സമൂഹത്തിന്റെ ഒറ്റപ്പെടുത്തൽ, കുത്തുവാക്കുകൾ, അവഗണനകൾ തുടങ്ങി എല്ലാവിധ പ്രശ്നങ്ങളെയും തരണം ചെയ്തുകൊണ്ട് തന്നെയാണ് റസൽ അവന്റ അന്തിമ വിജയത്തിലേക്കെത്തുന്നത്.
ശാരീരിക വ്യത്യാസങ്ങൾ ഒന്നിനും മാർഗതടസമാകില്ല എന്നുള്ള തിരിച്ചറിവ് റസലിന്റെ നേട്ടങ്ങൾ കൊണ്ട് പ്രേക്ഷകരെ ബോധ്യപ്പെടുത്തുവാനായി സംവിധായകൻ ശ്രമിക്കുന്നതിനോടൊപ്പം തന്നെ ഭിന്നശേഷിയുള്ളവരോടുള്ള സമൂഹത്തിന്റെ നിലപാട്, അവരുടെ കുടുംബത്തോട് സമൂഹം കാണിക്കുന്ന അവജ്ഞ, അത്തരം കുടുംബങ്ങളെയും അവർ നേരിടുന്ന പ്രയാസങ്ങളെയും വെല്ലുവിളികളെയും തിരിച്ചറിയാൻ കഴിവില്ലാത്ത സമൂഹം എന്ന് തുടങ്ങിയ വിഷയങ്ങൾക്കൊപ്പം തന്നെ മദ്യത്തിനോടും ലഹരിയോടുമുള്ള എതിർപ്പും , അതുമൂലം ഉണ്ടാകുന്ന ഭവിഷത്തുകളും , ഭിന്നശേഷിയുള്ള കുട്ടികളെ കെയർ ഹോമുകളിൽ വിട്ട് അവരെ അവഗണിക്കുന്ന രക്ഷിതാക്കളും, സേവനമെന്ന് പറഞ്ഞു നടക്കുന്ന മനുഷ്യർക്കിടയിലെ സഹജീവി സ്നേഹമില്ലായ്മയുമെല്ലാം സംവിധായകൻ പ്രേക്ഷകരുമായി പങ്കുവെക്കാൻ ശ്രമിക്കുന്നുണ്ട്.
സാമൂഹിക ജീവിതത്തിൽ ഭിന്നശേഷിയുള്ളവർ നേരിടുന്ന അസമത്വവും വിവേചനവും അവസാനിപ്പിക്കാൻ ഉതകുന്ന തരത്തിലുള്ള പ്രമേയം തന്നെയാണ് സിനിമ പങ്കു വെക്കുന്നത്. ഭിന്നശേഷിക്കാരെ സമൂഹത്തിൻറെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള സംവിധായകന്റെ ശ്രമത്തിന് പുറകിൽ അയാളുടെ ജീവിതാനുഭവങ്ങൾ കൂടി കലരുന്നുണ്ട് എന്നതാണ് മറ്റൊരു സവിശേഷത. സംവിധായകൻ സിദ്ദിഖ് കൊടിയത്തൂർ, അത്തരത്തിലൊരു ശാരീരികാവസ്ഥയിൽ ജീവിക്കുന്ന കുട്ടിയുടെ രക്ഷിതാവാണ് എന്ന കാരണത്താൽ തന്റെ ജീവിതാനുഭവങ്ങളെ കൂടി മുൻനിർത്തിയാണ് സംവിധായകൻ ഈ സിനിമ തയാറാക്കിയിരിക്കുന്നത്.
കാഴ്ച്ചാവെല്ലുവിളികൾ നേരിട്ടിരുന്ന അമേരിക്കൻ എഴുത്തുകാരി ഹെലൻ കെല്ലർ,ശാരീരിക പ്രശ്നങ്ങളെ അതിജീവിച്ച് ലോകത്തിലെ മികച്ച പർവതാരോഹകരിൽ ഒരാളായി മാറിയ അരുണിമ സിൻഹ,2014-ലെ സിവിൽ സർവീസ് പരീക്ഷയിൽ ഒന്നാം സ്ഥാനം നേടിയ ഇറ സിംഗാൾ, ഇന്ത്യൻ ബ്ലൈൻഡ് ക്രിക്കറ്റ് ടീമിനെ 2012 ൽ ട്വൻറ്റി ട്വൻറ്റി മത്സരത്തിൽ വിജയത്തിലേക്ക് നയിച്ച ശേഖർ നായിക് തുടങ്ങിയ വ്യക്തിത്വങ്ങളെല്ലാം നമുക്കുമുമ്പിൽ മാതൃകകളായി നിൽക്കുമ്പോൾ ഭിന്നശേഷിയെ ഒരു പോരായ്മയായി കണ്ടല്ല, പകരം ഒരു സാധ്യതയായി കണ്ടാണ് മെമ്മറി പവർ കൊണ്ട് അത്ഭുതപ്പെടുത്തുന്ന റസലിന്റെ ജീവിതം പ്രേക്ഷകർക്ക് മുമ്പിൽ സംവിധായകൻ ദൃശ്യവൽക്കരിച്ചിരിക്കുന്നത്. ലോക്കോമോട്ടർ രോഗവും സ്പാസ്റ്റിക് ഡിപ്ലെജിക് സെറിബ്രൽ പാൾസിയുമായി ജനിച്ച അമൽ ഇക്ബാലാണ് നായകനായ റസലായി അഭിനയിച്ചിരിക്കുന്നതെന്നതാണ് ചിത്രത്തിന്റെ ശ്രദ്ധേയമായ സവിശേഷത.
വിജയകുമാർ, പ്രിയ ശ്രീജിത്ത്, മഖ്ബൂൽ സൽമാൻ, നിലമ്പൂർ ആയിഷ, കുളപ്പുള്ളി ലീല, ഇബ്രാഹിം കുട്ടി, കൊല്ലം ഷാഫി, അൻസിൽ, ബുവനേശ്വരി ബിജു, അയാഷ് തുടങ്ങിയ നിരവധി താരങ്ങളും ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു.അതോടൊപ്പം നിരവധി ഭിന്നശേഷിക്കാരായ കുട്ടികളും ചിത്രത്തിലുണ്ട്. ഡോൺ സിനിമാസിന്റെ കീഴിലുള്ള ചിത്രത്തിന്റെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത് സിദ്ദീഖ്. പി. സഹനിർമ്മാതാക്കളായ റഹ്മാൻ പോക്കർ മാറഞ്ചേരി, സലിം ലാമീസ്, ഫസൽ പറമ്പാടൻ എന്നിവരാണ്.ഛായാഗ്രഹണം ലത്തീഫ് മാറഞ്ചേരി,എഡിറ്റിംഗ് ഷമീർ എന്നിവരും നിർവഹിച്ചിരിക്കുന്നു. പതിവ് സിനിമാ കാഴ്ചകളെ ലക്ഷ്യം വെച്ച പ്രതീക്ഷകളുമായി കാണേണ്ട ഒരു സിനിമയല്ല ആകാശം കടന്ന്. പകരം ഹൃദയസ്പർശിയായ ജീവിതങ്ങളെ കാണാൻ ആഗ്രഹിക്കുന്നവർക്കും, ഭിന്നശേഷി എന്ന അവസ്ഥയെക്കുറിച്ച് കൂടുതൽ മനസിലാക്കാൻ ശ്രമിക്കുന്നവർക്കും ധൈര്യമായി കണ്ടിറങ്ങാവുന്ന ഒരു സിനിമയാണ് ആകാശം കടന്ന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.