ഓൾ ഓഫ് അസ് സ്ട്രേഞ്ചേഴ്സ്
text_fieldsഏകാന്തത, ദുഃഖം, വിരഹം തുടങ്ങിയ വികാരങ്ങളെല്ലാം സന്ദർഭത്തിനനുസരിച്ച് മാറിക്കൊണ്ടേയിരിക്കും. എന്നാൽ, ദുഃഖത്തെ മറികടന്നു പോകാൻ സാധിക്കുക എന്നത് മനുഷ്യമനസ്സിന്റെ വലിയൊരു കഴിവുകൂടിയാണ്. ദുഃഖത്തെ അതിജീവിക്കാൻ പലവിധ വഴികളാണ് ഓരോരുത്തരും കണ്ടെത്താറുള്ളത്. ആ കഴിവിന്റെ ആഴത്തിലുള്ളൊരു സിനിമാറ്റിക് പര്യവേക്ഷണമാണ് ‘ഓൾ ഓഫ് അസ് സ്ട്രേഞ്ചേഴ്സ്’.
1987ൽ ജാപ്പനീസ് എഴുത്തുകാരി തായ്ചി യമാഡ രചിച്ച ‘സ്ട്രേഞ്ചേഴ്സ്’ നോവലിനെ അടിസ്ഥാനമാക്കിയാണ് ഇംഗ്ലീഷ് സംവിധായകൻ ആൻഡ്രൂ ഹൈഗ് ചിത്രമൊരുക്കിയത്. ജാപ്പനീസ് ചിത്രമായ ‘ദി ഡിസ്കാർനേറ്റ്സി’ന് (1988) ശേഷം നോവലിന്റെ രണ്ടാമത്തെ ഫീച്ചർ അഡാപ്റ്റേഷനാണിത്. റൊമാന്റിക് ഫാന്റസി ഗണത്തിൽപെടുന്ന ഈ ചിത്രം ബോറടികൂടാതെ തന്നെ കണ്ടുതീർക്കാം. ആൻഡ്രൂ സ്കോട്ട്, പോൾ മെസ്കൽ, ജാമി ബെൽ, ക്ലെയർ ഫോയ് എന്നിവരാണ് പ്രധാന അഭിനേതാക്കൾ. ലണ്ടനിലെ ഏകാന്ത എഴുത്തുകാരനായ ആദമായി ആൻഡ്രൂ സ്കോട്ടും ആദമുമായി അഗാധമായ ബന്ധം പുലർത്തുന്ന അയൽവാസിയായ ഹാരിയായി പോൾ മെസ്കലുമാണ് പ്രധാന വേഷത്തിലെത്തുന്നത്. തിരക്കഥാകൃത്തായ ആദം ലണ്ടനിൽ ഏകാന്ത ജീവിതം നയിക്കുകയാണ്.
ആദം തന്റെ രചനയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. അതിനിടെ തന്റെ ഒഴിഞ്ഞുകിടക്കുന്ന ബാല്യകാല വീട് സന്ദർശിക്കാൻ അയാൾ തീരുമാനിക്കുന്നു. തന്റെ 12ാം വയസ്സിൽ വാഹനാപകടത്തിൽ മരിച്ച മാതാപിതാക്കളെ അയാൾ സ്വപ്നം കാണുന്നു. അവരോടൊപ്പം അത്താഴം കഴിക്കുകയും വീണ്ടും കാണാമെന്നൊക്കെ സ്വപ്നത്തിലൂടെ വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു. മനുഷ്യബന്ധത്തിന്റെ അന്തർലീനമായ ആവശ്യകതകളെക്കുറിച്ചും നഷ്ടവേദന ലഘൂകരിക്കാൻ വ്യക്തികൾ എത്രത്തോളം പോകുമെന്നതിനെക്കുറിച്ചുമുള്ള ഓർമപ്പെടുത്തലാണ് ഈ സിനിമ. ഛായാഗ്രഹണവും സംഗീതവും സിനിമയുടെ വേഗത്തിനൊത്തുയരുന്നതാണ്.
.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.