കോടതി മുറിയിൽ ഒരു കുടുംബം
text_fieldsദീർഘസമയത്തെ കോടതിമുറി രംഗങ്ങൾ കാണുന്നത് പണ്ടൊക്കെ അരോചകമായി തോന്നിയിരുന്നെങ്കിൽ ഇന്ന് അവതരണ ശൈലിയിലെ മികവുകൊണ്ട് പ്രേക്ഷക ശ്രദ്ധ വേണ്ടുവോളം കിട്ടുന്നുണ്ട് അത്തരം സിനിമകൾക്ക്. മലയാളത്തിൽ ഈയടുത്ത് മോഹൻലാൽ നായകനായി എത്തിയ ‘നേര്’ കോർട്ട് റൂമിൽ എങ്ങനെ മികച്ചൊരു സിനിമയൊരുക്കാം എന്നതിന്റെ നല്ലൊരു ഉത്തരമാണ്. മോളിവുഡിൽ ഈ ഗണം സിനിമകൾ തുലോം കുറവാണെങ്കിൽ ലോക സിനിമയിൽ അതിന് പഞ്ഞമില്ല.
ഫ്രഞ്ച് സംവിധായികയും തിരക്കഥാകൃത്തുമായ ജസ്റ്റിൻ ട്രയറ്റ് സംവിധാനം ചെയ്ത ‘അനാട്ടമി ഓഫ് എ ഫാൾ’ മികച്ചൊരു ഫാമിലി ഡ്രാമക്കൊപ്പം നല്ലൊരു കോർട്ട് റൂം സിനിമയുമാണ്. ഫ്രഞ്ച് സംവിധായകൻ ആർതർ ഹരാരിയുടെ തിരക്കഥയാണ് ചിത്രത്തിന്‍റെ നട്ടെല്ല്. നായികയായി എത്തുന്ന സാന്ദ്രയുടെ (സാന്ദ്ര ഹുല്ലർ) ഭർത്താവ് സാമുവൽ ദുരൂഹ സാഹചര്യത്തിൽ മരണപ്പെടുന്നു. ഇതിൽ ഭാര്യയായ സാന്ദ്ര വിചാരണ നേരിടുന്നു. കാഴ്ച വൈകല്യമുള്ള അവരുടെ മകൻ ഡാനിയലും (മിലോ മച്ചാഡോ) നിർണായകമായ കഥാപാത്രമായി ചിത്രത്തിൽ നിറഞ്ഞുനിൽക്കുന്നു.
ജീവിതത്തിലാകെ നിരാശ പടരുമ്പോൾ സാന്ദ്രയെ സംരക്ഷിക്കാനെത്തുന്നത് വിൻസെന്‍റ് (സ്വാൻ അർലൗഡ്) എന്ന അവളുടെ സുഹൃത്തും അഭിഭാഷകനുമാണ്. ദാമ്പത്യജീവിതത്തിൽ ദമ്പതികളുടെ പ്രതീക്ഷകൾ സമൂഹം എങ്ങനെ കാണുന്നു എന്ന് പരിശോധിക്കാൻ പ്രേക്ഷകരെ നിർബന്ധിക്കുന്നതിലൂടെയാണ് ‘അനാട്ടമി ഓഫ് എ ഫാൾ’ ശരിക്കും വേറിട്ടുനിൽക്കുന്നത്.
2023ൽ പുറത്തിറങ്ങിയ ലീഗൽ-ഡ്രാമ ചിത്രമാണിത്. മൂന്നംഗ കുടുംബം, അതിൽ കണ്ണ് കാണാൻ സാധിക്കാത്തൊരു മകൻ, അവന്‍റെ പിതാവ് ദുരൂഹസാഹചര്യത്തിൽ മരണപ്പെടുന്നു. തുടർന്നുള്ള സംഭവവികാസങ്ങളാണ് സിനിമയിൽ പറയുന്നത്. അച്ഛന്‍റെ മരണത്തിൽ അമ്മയാണ് പ്രതിസ്ഥാനത്തേക്ക് ചൂണ്ടിക്കാട്ടപ്പെടുന്നത്. ഇതിൽനിന്ന് ഈ അമ്മക്ക് എങ്ങനെ രക്ഷപ്പെടാം എന്നതുമാണ് സിനിമയിൽ തുടർന്നുള്ളത്. പിതാവിന്‍റെ മരണത്തിൽ ഏക ദൃക്സാക്ഷി കണ്ണുകാണാൻ സാധിക്കാത്ത കുട്ടിയായതിനാൽതന്നെ ത്രില്ലിങ് മുഹൂർത്തങ്ങൾ കാഴ്ചയെ മുന്നോട്ടുനയിക്കും.
പതിഞ്ഞതാളമാണ് സിനിമക്ക് ഉടനീളം എന്നതിനാൽതന്നെ ബോറടിക്ക് സാധ്യതയുണ്ട്. എന്നാൽ, കണ്ടുതീർത്തതിനുശേഷം ഒന്ന് പുനർചിന്ത നടത്തിയാൽ സിനിമ ഉദേശിച്ചതിന്‍റെ യഥാർഥ്യം മനസ്സിലാകും. നല്ല ക്ഷമയുണ്ടെങ്കിൽ മാത്രമേ ആദ്യവസാനം വരെ പിടിച്ചുനിൽക്കാനാവൂ എന്നതിനാൽ തന്നെ സ്വാഭാവിക ആസ്വാദനത്തിന് ഈ ചിത്രം തിരഞ്ഞെടുക്കേണ്ടതില്ല.
2023 മേയ് 21ന് 76ാമത് കാൻ ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ച ചിത്രത്തിന് അത് പാം ഡി ഓർ, പാം ഡോഗ് അവാർഡുകൾ നേടുകയും ക്വീർ പാമിനായി മത്സരിക്കുകയും ചെയ്തു. രണ്ട് ഗോൾഡൻ ഗ്ലോബ്, ഒരു ബാഫ്റ്റ, ഓസ്കറിലേക്ക് അഞ്ച് നോമിനേഷനുകൾ എന്നിവ നേടിയ ചിത്രം അന്താരാഷ്ട്ര വിജയവും നേടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.