Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightReviewschevron_rightസ്ത്രീകളുടെ ഹൃദയത്തോട്...

സ്ത്രീകളുടെ ഹൃദയത്തോട് ചേർന്നു നിൽക്കുന്ന 'വണ്ടർ വുമൺ'- റിവ്യൂ

text_fields
bookmark_border
Anjali Menon Movie Wonder  Woman Malayalam Review
cancel

നീണ്ട ഇടവേളയ്ക്ക് ശേഷം അഞ്ജലി മേനോന്‍ രചനയും സംവിധാനവും നിര്‍വഹിച്ച വണ്ടർ വുമൺ സോണിലിവിലൂടെ പ്രേക്ഷകരിലേക്കെത്തിയിരിക്കുന്നു. ഇത്തവണ വ്യത്യസ്തമായ പ്രമേയവുമായാണ് സംവിധായക എത്തിയിരിക്കുന്നത്. ഗർഭിണികളായ ആറ് സ്ത്രീകളുടെ ജീവിതമാണ് ചിത്രം പറയുന്നത്. ഒരുപക്ഷെ, അനിഷ് അൻവർ സംവിധാനം ചെയ്ത സക്കറിയയുടെ ഗർഭിണികൾ എന്ന സിനിമയായിരിക്കും അവസാനമായി മലയാളത്തിൽ വന്ന ഗർഭിണികളുടെ കഥ പറയുന്ന സിനിമ. എന്നാൽ ആ സിനിമയിലൊന്നും ഗർഭം എന്ന അവസ്ഥയെയും അതിന്‍റെ ശാരീരിക-സാമൂഹിക തലങ്ങളെയും കുറിച്ച് സംസാരിച്ചിട്ടില്ല.

ഗർഭിണികളുടെ മനശാസ്ത്രപരമായ സവിശേഷതകളെ ഉൾക്കൊണ്ട് എടുത്തിരിക്കുന്ന സിനിമയാണിത്. ഇവിടെ, ആറു സ്ത്രീകളുടെ ജീവിതത്തിൽ ഗർഭധാരണവും പുതിയ സൗഹൃദങ്ങളും ചെലുത്തുന്ന സ്വാധീനമാണ് ചിത്രം പറയുന്നത്.


ഗര്‍ഭിണികളായ ആറ് സ്ത്രീകള്‍ ഒരു പ്രഗ്നൻസി ക്ലാസില്‍ പങ്കെടുക്കാനെത്തുകയാണ്. നന്ദിത എന്ന സ്ത്രീ 'സുമന' എന്ന അവരുടെ വീട്ടിൽ വെച്ചാണ് ആന്റിനെന്റെല്‍ ക്ലാസ് നടത്തുന്നത്. മിനി, വേണി, സായ, ഗ്രെയ്‌സി,നോറ, ജയ എന്നിവരാണ് ഈ പറഞ്ഞ ആറു ഗർഭിണികൾ. തമിഴ് വംശജയായ കൃഷ്ണവേണി ബാലസുന്ദരം, ഒരു കുഞ്ഞെന്ന സ്വപ്നത്തിനായി ഏറെ കഷ്ടപ്പാടുകൾ അനുഭവിക്കുന്ന ജയ, ഗായിക സായ, സിംഗിൾ മദറായ മിനി, ബാംഗ്ലൂരിൽ ജനിച്ചുവളർന്ന ആർക്കിടെക്ട് നോറ, സുമനയിലെ സഹായിയായ ഗ്രേസി എന്നിവരാണ് പുതിയ ബാച്ചിലെ ഗർഭിണികൾ.

വ്യത്യസ്തമായ ജീവിത സാഹചര്യങ്ങളിൽ നിൽക്കുന്ന ഈ ആറ് പേരും ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നത് പ്രഗ്നൻസി എന്ന ഘടകം മൂലമാണ്. ആ ഒരൊറ്റ ഘടകം കൊണ്ട് തന്നെ അവർക്കിടയിൽ ജോലി, വിദ്യാഭ്യാസം, ജീവിത നിലവാരം തുടങ്ങി ഒന്നും തന്നെ വിഷയമാകുന്നില്ല. പകരം അവർ ഒരുമിച്ച് നിൽക്കുമ്പോൾ അവർക്കിടയിൽ സഹോദര്യം വളരുകയും ആ കൂട്ടുമാകെ ശക്തിപ്പെടുകയും ചെയ്യുകയാണുണ്ടാവുന്നത്. അതോടൊപ്പം അവർ ഓരോരുത്തരും മാനസികമായി വളരുകയും ചെയ്യുന്നു. വളരെ ലളിതമായി പറഞ്ഞാൽ ഇതുതന്നെയാണ് സിനിമയുടെ പ്രധാനപ്പെട്ട വിഷയവും.

ഓരോ സ്ത്രീയുടെയും ജീവിതാവസ്ഥകൾ മറ്റുള്ളവരിൽനിന്ന് തികച്ചും വ്യത്യസ്തമാണ്. സാമ്പത്തിക അസ്ഥിരത, ബന്ധുക്കളിൽ നിന്നുള്ള പിന്തുണയുടെയും ധാരണയുടെയും അഭാവം, അമിതമായ രക്ഷാകർതൃത്വം, ഗർഭകാല ആരോഗ്യപ്രശ്നം, ഗർഭകാല പേടികൾ എന്നിങ്ങനെ ഓരോ ആളുകളും ഇത്തരം പ്രശ്നങ്ങളെല്ലാം അഭിമുഖീകരിക്കുന്നുമുണ്ട്. എന്നിരുന്നാലും ആ സ്ത്രീകളെല്ലാം വ്യക്തിത്വമുള്ള കഥാപാത്രങ്ങളാണ്. പ്രശ്നങ്ങളെ സ്വയം നേരിടുവാനും, മറ്റുള്ളവരുടെ പ്രശ്നങ്ങളെ സ്വയം ഏറ്റെടുക്കുവാനുള്ള മനസ്സ് അവർക്കുണ്ട്. അതുകൊണ്ടുതന്നെ തീർച്ചയായും അവർ ഈ നിലക്ക് തന്നെ വണ്ടർ വുമൺസാണ്. ഒരു കുഞ്ഞിന് ജീവൻ നൽകുന്നതിലൂടെ അവർ സൂപ്പർ ഹീറോസുമാണെന്ന് ചിത്രം പറഞ്ഞുവെക്കുന്നു.

ഗർഭിണികളുടെ അവസ്ഥകളെ വെറുതെ അങ്ങ് പറഞ്ഞു പോവുകയല്ല വണ്ടർ വുമൺസ് ചെയ്യുന്നത്. ഓരോ നിമിഷത്തിലും സ്ത്രീകളുടെ ഹൃദയത്തോട് ചേർന്ന് കൊണ്ടാണ് സിനിമ സംസാരിക്കുന്നത്. അത്തരത്തിൽ പക്ഷം ചേർന്ന് സംസാരിക്കാൻ കഴിയുന്നത് കൊണ്ട് തന്നെ ഈ സിനിമ ഒരു യഥാർഥ സ്ത്രീപക്ഷ സിനിമയാണെന്ന് പറയാൻ സാധിക്കും. ഭർത്താവിന്റെ പേര് സ്വന്തം പേരിന്റെ കൂടെ ചേർക്കുമ്പോഴാണ് ഒരു സ്ത്രീക്ക് അസ്തിത്വം വരുന്നതെന്ന് വിശ്വസിക്കുന്നവർക്ക് മുമ്പിൽ വ്യക്തിത്വം എന്നാൽ ഞാൻ / അവനവൻ ആണെന്ന് കൃത്യമായി പറയുന്നുണ്ട് സിനിമ.


ലിവിങ് ടുഗെദർ സമ്പ്രദായത്തെ പോസിറ്റീവായും ചിത്രം സമീപിക്കുന്നു. ഗർഭിണിയാണെന്നറിയുന്നതോടെ സ്വന്തം ലൈഫ് സ്റ്റൈൽ തന്നെ മാറുന്നുവെന്ന് തിരിച്ചറിയുന്ന, ചിന്തകളിലും പ്രവൃത്തികളിലും ഉണ്ടാകുന്ന മാറ്റങ്ങളെ സ്വയം അംഗീകരിക്കുന്ന, അഭിമാനത്തോടെ അതിനെ സ്വീകരിക്കാൻ പ്രാപ്തമായ കഥാപാത്രങ്ങളുണ്ട്. സന്തോഷകരമായ ഗർഭകാലത്തിൽ സ്ത്രീകൾക്ക് പങ്കാളിയുടെ സമീപ്യം വളരെ ആവശ്യമാണെന്ന് ഓർമ്മിപ്പിക്കുന്ന രംഗങ്ങളുണ്ട്. പങ്കാളിയെ ബഹുമാനിക്കുന്ന സ്നേഹിക്കുന്ന പുരുഷന്മാരുണ്ട്. നിനക്ക് വിഷമം വരുമ്പോൾ ഞാൻ നിന്റെ കൂടെ ഉണ്ടാകും എന്ന് ഉറപ്പ് നൽകുന്ന നല്ല മനുഷ്യരുണ്ട്. തന്റെ ശരീരത്തിനുള്ളിലെ ജീവന്റെ നാമ്പ് കിളിർത്തു വരുന്നതിനോടൊപ്പമുള്ള മാതൃത്വത്തിന്റെ യാത്രകളുണ്ട്. അതിന്റെ ആസ്വാദനങ്ങളുണ്ട്. സ്വഭാവത്തിലും വികാരപ്രകടനങ്ങളിലും പോലും സ്ത്രീയെ ആഴത്തിൽ പറയാൻ ശ്രമിക്കുന്നുണ്ട്. ഗർഭകാലത്തും തുടരുന്ന മൾട്ടി ടാസ്കുകൾ തന്നെയാണ് സ്ത്രീയുടെ ജീവിതമെന്ന് പറയാതെ പറയുന്നുണ്ട് . ഇത്തരത്തിൽ നിരവധി സ്ത്രീ കാഴ്ചകളിലൂടെയാണ് സിനിമ പോകുന്നത്. Woman carry their heart on their sleeves എന്ന് പറയുന്ന പോലെ ആ ഹൃദയങ്ങളിലേക്ക് കയറിക്കൊണ്ടാണ് അഞ്ജലി മേനോൻ വണ്ടർ വുമൺ ഒരുക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെയാണ് ഇത് മികച്ച ഒരു സ്ത്രീ പക്ഷ സിനിമയായി മാറുന്നത്.

ഒരു ഫീൽ ഗുഡ് മൂഡിൽ ആരംഭിച്ച് ഏറെ ആനുകാലിക പ്രസക്തമായ വിഷയങ്ങൾ സിനിമ പറഞ്ഞു പോകുന്നു. സ്ത്രീകളുടെ ജീവിതവും ചിന്തയും പ്രതിനിധാനം ചെയ്യുന്ന വിഷയങ്ങളാണ് അവയെല്ലാം. സ്വന്തമായി തൊഴിലെടുത്തും കുടുംബം പുലര്‍ത്തിയും ചിന്തിച്ചും സൗഹൃദങ്ങളില്‍ മുഴുകിയും ഇക്കാലത്തെ സ്ത്രീകള്‍ എത്രമാത്രം മുന്നേറുന്നു എന്ന് ഓർമ്മിപ്പിച്ചു കൊണ്ടാണ് സിനിമ അവസാനിക്കുന്നത്.


സിനിമ ഇംഗ്ലീഷ് ഭാഷയിലാണ് പുറത്തുവന്നിരിക്കുന്നത് എന്നതും കൗതുകകരമാണ്. മലയാളം, ഹിന്ദി, തമിഴ് തുടങ്ങിയ മറ്റു ഭാഷകളും സിനിമയിൽ ഉപയോഗിക്കുന്നുണ്ട്. സാങ്കേതികപരമായി വഅച്ചടക്കം പുലർത്തുന്ന സിനിമ കൂടിയാണിത്. ഒരു മണിക്കൂർ 20 മിനിറ്റിനുള്ളിൽ പറയേണ്ട കാര്യങ്ങൾ പറഞ്ഞ് അവസാനിപ്പിക്കുന്ന സിനിമയുടെ രീതി ചിലപ്പോഴെങ്കിലും ഡോക്യു ഫിക്‌ഷൻ സ്വഭാവത്തിലേക്ക് പോകുന്നുണ്ടെന്ന് തോന്നിയേക്കാം. എന്നിരുന്നാലും പ്രസവത്തെ കുറിച്ചുള്ള അവരവരുടെ ധാരണകളും ചോദ്യങ്ങളും ആശയക്കുഴപ്പങ്ങളും അതിനുള്ള ഉത്തരങ്ങളും പുതിയ പ്രതീക്ഷകളും കൊണ്ട് സിനിമ പൂർണ്ണമാക്കാൻ കഴിയുന്നുമുണ്ട്. മനേഷ് മാധവന്റെ ഛായാഗ്രഹണം, ഗോവിന്ദ് വസന്തയുടെ സംഗീതം എന്നിവ മികവു പുലർത്തുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:anjali menonWonder Woman
News Summary - Anjali Menon Movie Wonder Woman Malayalam Review
Next Story