'ദാവീദ്': ബോക്സിങ് ഹൃദയംകൊണ്ട് കീഴടക്കുന്ന സിനിമ- റിവ്യൂ
text_fieldsഫലസ്തീനിലെ ദാവീദ്-ഗോലിയാത്ത് കഥ പറഞ്ഞുകൊണ്ടാണ് 'ദാവീദ്' എന്ന സിനിമയുടെ തുടക്കം. പ്രമേയപരമായി ബോക്സിങ് അടിസ്ഥാനമാക്കിയ സിനിമകൾ ലോക സിനിമകളിൽ ഒരുപാടുണ്ട്. എന്നാൽ മലയാളത്തിൽ ഇത് കുറവായിരിക്കും. ബാബു ആന്റണി നായകനായ 'ബോക്സർ ' ആണ് പെട്ടെന്ന് ഓർമയിലെത്തുക. എന്നാൽ 'ദാവീദി'ല്‍ ബോക്സിങ് മുഖ്യമാണെങ്കിലും കഥാപരിസരങ്ങളിൽ കുടുംബം കൂടി കൂട്ടിച്ചേർത്തിട്ടുണ്ട്. ഈ കുടുംബത്തിലെ അംഗമായ ആഷിക് അബു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ആൻറണി പെപ്പെ മുന്നോട്ട് കൊണ്ടുപോകുന്ന രംഗങ്ങൾകൊണ്ട് സമ്പന്നമാണ് സിനിമ.
അലസതയും അൽപം 'വെള്ളമടി'യുമൊക്കെയായി മുന്നോട്ടു പോകുന്ന നായക കഥാപാത്രത്തിന് ഒരു പ്രത്യേക സാഹചര്യത്തിൽ ലോക ബോക്സിങ് ചാമ്പ്യനായ മോ ഇസ്മായിൽ അവതരിപ്പിക്കുന്ന സൈനുൽ അഖ്മദോവിൻ്റെ വെല്ലുവിളി ഏറ്റെടുക്കേണ്ടി വരുന്നു. ഇതാണ് ബോക്സിങ്ങിലേക്ക് എത്തിക്കുന്നത്. ഒരു വേള വില്ലനായി മാറുന്ന മോ ഇസ്മായിൽ ക്ലൈമാക്സിലെത്തുമ്പോൾ പ്രകടനം കൊണ്ട് നായകനോളം ഉയരുന്നുണ്ട്.
അബുവിന്‍റെ മകളായെത്തുന്ന ജെസ് സ്വീജൻ്റ പ്രകടനവും എടുത്തു പറയേണ്ടതാണ്. അബുവിന്‍റെ എളാപ്പയായെത്തുന്ന സൈജു കുറുപ്പിന്‍റെ തമാശ കലർന്ന സംഭാഷണങ്ങൾ മാത്രമല്ല, ആൻറണി പെപ്പ, ലിജോ മോൾ ജോസ് തുടങ്ങിയവരുടെ ഒക്കെ സംഭാഷണങ്ങളും തിയറ്ററിൽ ചിരി പടർത്തുന്നുണ്ട്. ഈ രംഗങ്ങളൊക്കെ സ്വാഭാവികതയോടെ എടുക്കുന്നതിൽ ഗോവിന്ദ് വിഷ്ണു എന്ന പുതുമുഖ സംവിധായകൻ മികച്ച പ്രകടനം കാഴ്ചവക്കുന്നു. ഗോവിന്ദ് വിഷ്ണുവും ദീപു രാജീവും ചേർന്നെഴുതിയ തിരക്കഥയുടെ തിളക്കം പല സന്ദർഭങ്ങളിലും വേറിട്ടു കാണാനാകും.എതിരാളി എത്ര ശക്തനായാലും അയാളുടെ ദുർബല സമയം അറിഞ്ഞാൽ മതി അയാളെ വീഴ്ത്താൻ എന്ന പാഠത്തിലൂടെ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് കോഴിക്കോട്ടെ പൂളാടിക്കുന്ന് എന്ന യഥാർഥ ബോക്സിങ് ഗ്രാമത്തിലെ രാഘവൻ ആശാനായി വിജയരാഘൻ.
വിജയരാഘവന്റെ ആശാനോടൊപ്പമുള്ള ദീപു രാജീവിന്‍റെ ചെറു വേഷവും ശ്രദ്ധേയം തന്നെ.ബോക്സിങ് സ്വീക്കൻസുകൾ ഏറെയുള്ള ദാവീദ് പോലുള്ള ഒരു സിനിമക്ക് എഡിറ്റിങ്ങിന്റെ പ്രാധാന്യം എടുത്തു പറയുമ്പോൾ രാകേഷ് ചെറുമടം അത് കൃത്യമായി നിർവഹിക്കുന്നു. സാലു കെ. തോമസിന്റെ ഛായാഗ്രഹണം, ജസ്റ്റിൻ വർഗീസിന്റെ സംഗീതം, സുഹൈൽ കോയയുടെ ഗാനം ഒക്കെ സിനിമക്ക് മിഴിവേകുന്നുണ്ട്. ബോക്സിങ്ങ് ചേരുവയുള്ളൊരു സിനിമ എന്ന നിലക്ക് തിയറ്റർ അനുഭവങ്ങളിലൂടെ കാണേണ്ടതാണ് 'ദാവീദ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.