കാഴ്ചയിൽ സമ്പന്നം; കഥയില്ലാതെ 'അവതാർ 2' -റിവ്യൂ
text_fieldsഹോളിവുഡ് സംവിധായകനായ ജെയിംസ് കാമറൂൺ 2009ൽ പുറത്തിറക്കിയ 3ഡി സിനിമയായിരുന്നു 'അവതാർ'.1200 കോടിയുടെ ബ്രഹ്മാണ്ഡ ബജറ്റിൽ ഒരുക്കിയ 'അവതാർ' സാങ്കേതിക വിദ്യകളുടെ ധാരാളിത്തമെന്നതിനപ്പുറം മനുഷ്യസമൂഹത്തിന്റെ ഒടുങ്ങാത്ത ദുരയുടെ കഥകൂടിയായിരുന്നു. 2151ലെ കഥയായിരുന്നു സംവിധായകൻ തന്റെ സിനിമയിലൂടെ പറയാൻ ശ്രമിച്ചത്.
ഭൂമിയിലെ പ്രകൃതിവിഭവങ്ങൾ ക്ഷയിച്ചു വന്നതോടെ വെള്ളത്തിനും മറ്റു അമൂല്യ ധാതുക്കൾക്കും വേണ്ടി മനുഷ്യൻ ബഹിരാകാശത്ത് കോളനികൾ കെട്ടി താമസിക്കുന്ന സമയത്താണ് പാണ്ടോറയെന്ന വിദൂര ഗ്രഹത്തിലേക്ക് മനുഷ്യർ എത്തുന്നത്. സസ്യങ്ങളാലും ധാതുക്കളാലും സമ്പന്നമായ പാണ്ടോറ മനുഷ്യവാസ സാധ്യമാണെന്ന് തിരിച്ചറിയുന്നതും, അവിടത്തെ അമൂല്യ ധാതുവായ അനോബ്റ്റാനിയത്തിന് ലഭിക്കുന്ന മൂല്യവും ആ ഗ്രഹത്തിലേക്ക് അവരെ അടുപ്പിക്കുന്നു. എന്നാൽ പാണ്ടോറയുമായി ഇണങ്ങുക എന്നത് എളുപ്പമല്ല. അതു നാവികളുടെ ലോകമാണ്. അവിടുത്തെ അന്തരീക്ഷവായു ശ്വസിക്കുക എന്നതുപോലും എളുപ്പമല്ല. അതിനാൽ ശാസ്ത്രജ്ഞർ മനുഷ്യരെ നാവികളുടെ ക്ലോണുകളായി പുനഃസൃഷ്ടിച്ച് ജനിതകപരമായി പാണ്ടോറയിലെ അന്തരീക്ഷവുമായി പൊരുത്തപ്പെടുന്ന നാവി-മനുഷ്യ അവതാറായി പാണ്ടോറയിലെത്തിക്കുകയാണ് ചെയ്യുന്നത്. പത്തടി ഉയരത്തിൽ മനുഷ്യസാദൃശ്യമുള്ള നീലനിറ ചർമ്മവും നീണ്ട വാലുകളുമുള്ള നാവികളുടെ രൂപത്തിൽ അവതാറുകൾ കാടിറങ്ങി നടക്കുമ്പോഴും അവരുടെ ബുദ്ധി നിയന്ത്രിക്കുന്നത് മനുഷ്യരാണ്. ആ മനുഷ്യരിൽപ്പെട്ട പട്ടാളക്കാരനായിരുന്ന ജെക്ക് സള്ളി അവതാറാവൻ നിയോഗിക്കപ്പെടുകയും, പാണ്ടോറയിലെത്തിയ ജെയ്ക്ക് സള്ളി മനുഷ്യരുടെ ആക്രമണങ്ങളിൽ നിന്നും പാണ്ടോറയിലെ നാവികളെ സംരക്ഷിക്കുകയും അവരുടെ രക്ഷകനായി മാറുകയും ചെയ്യുന്നതാണ് അവതാർ ആദ്യഭാഗത്തിന്റെ കഥ.
വാർത്തകളിൽ നിറഞ്ഞ, ലോക സിനിമകളിലെ എക്കാലത്തെയും സൂപ്പർ ഹിറ്റ് ചിത്രമായ അവതാർ വ്യത്യസ്തമായ പ്രമേയവും മികച്ച സാങ്കേതിക വിദ്യയും കൊണ്ടാന്ന് അക്കാലത്തു അന്താരാഷ്ട്ര തലത്തിൽ ജനപ്രിയമായി തീർന്നത്. അതുകൊണ്ടുതന്നെ ബോക്സ് ഓഫീസ് നേട്ടങ്ങൾ ഉറപ്പാക്കുന്ന രീതിയിൽ തന്നെയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗമായ 'അവതാർ - ദ വേ ഓഫ് വാട്ടർ' എത്തിയത്.
ജെയ്ക്കിന്റെയും നെയ്ത്തിരിയുടെയും ഒത്ത് ചേരലിലാണ് 'അവതാർ' അവസാനിക്കുന്നതെങ്കിൽ രണ്ടാം ഭാഗം തുടങ്ങുന്നതും അവരുടെ ജീവിതത്തിൽ നിന്ന് തന്നെയാണ്. നെയ്ത്തിരിയെ വിവാഹം കഴിച്ചു ജെയ്ക്ക് കുടുംബ ജീവിതം തുടങ്ങുന്നു. തന്റെ അവതാര രൂപവും നെയ്ത്തിരിയുടെ നാവി രൂപവും തമ്മിൽ കൂടിച്ചേർന്ന് അവർക്ക് മൂന്ന് കുഞ്ഞുങ്ങളാണ് ജനിക്കുന്നത്. സന്തോഷത്തോടെയുള്ള കുടുംബജീവിതം ജീവിക്കുമ്പോഴും ജെയ്ക്കിനും മറ്റു നാവികൾക്കും എപ്പോഴും ഭീഷണി തന്നെയാണ് മനുഷ്യ വംശം. പാണ്ടോറയിലെ പ്രകൃതിയും നശിപ്പിക്കാൻ ശ്രമിച്ച 'സ്കൈപീപ്പിള്‍' വീണ്ടും പാണ്ടോറയിലേക്ക് തിരിച്ചെത്തുന്നതോടെ അവിടുത്തെ ജനങ്ങളെയും തന്റെ കുടുംബത്തെയും സംരക്ഷിക്കേണ്ട ഉത്തരവാദിത്വം ജെയ്ക്കിന് വരുന്നു. കേണൽ മൈൽസ് ക്വാറിച്ചിന്റെ പുതിയ അവതാരത്തിന്‍റെ നേതൃത്വത്തിലാണ് നാവികൾക്കെതിരായുള്ള ഏറ്റുമുട്ടൽ നടക്കുന്നത്. എന്നാൽ അയാളുടെ പ്രധാന ലക്ഷ്യം നാവികളല്ല. തന്നെ ചതിച്ച ജെയ്ക്കിനോട് പ്രതികാരം ചെയ്യുക എന്നതാണ്. എന്നാൽ അയാൾ മനുഷ്യ രൂപത്തിൽ അല്ലെന്നു മാത്രം. ഇത് മനസ്സിലാക്കുന്ന ജെയ്ക്ക് താൻ കാരണം നാവി സമൂഹത്തിന് ഒന്നും വരരുതെന്നും, തന്റെ കുടുംബം എന്തൊക്കെ സംഭവിച്ചാലും നശിക്കാൻ പാടില്ലെന്നും ഉറപ്പിക്കുന്നു. അതു ജെയ്ക്കിനെയും നെയ്‌തിരിയെയും മക്കളെയും അവരുടെ സ്വന്തം ഇടം വിട്ട് ക്ലിഫ് കർട്ടിസിന്റെ ടൊനോവാരിയും കേറ്റ് വിൻസ്‌ലെറ്റിന്റെ റോണലും നയിക്കുന്ന സമുദ്രത്തില്‍ ജീവിക്കുന്ന മെറ്റ്‌കൈന നാവി ഗോത്രത്തിൽ അഭയം തേടാന്‍ പ്രേരിപ്പിക്കുന്നു.
കാട്ടുവാസികളായ നാവികൾ തങ്ങൾക്ക് ഒട്ടും പരിചിതമല്ലാത്ത സമുദ്ര പശ്ചാത്തലത്തിലേക്ക് മാറുന്നതോടെ അവരുടെ ജീവിതം കൂടുതൽ സാഹസികവും, സംഘർഷം നിറഞ്ഞതാകുന്നു. പാണ്ടോറയിലെ കാടുകൾ പോലെ തന്നെയാണ് അവിടുത്തെ ജലജീവിതവും. അത്ഭുതങ്ങൾ നിറഞ്ഞതാണ് അവ. ആ ജലജീവിതത്തിലേക്കുള്ള പറിച്ചു നടൽ അവർക്കത്ര എളുപ്പമല്ലായിരുന്നു. പക്ഷേ ജെയ്ക്കിന് ആവശ്യം എന്തെല്ലാം സംഭവിച്ചാലും തന്റെ കുടുംബത്തെ സംരക്ഷിക്കുക എന്നത് മാത്രമാണ്. അയാളുടെ ആ ശ്രമത്തെ തകിടം മറിച്ച് മനുഷ്യർ ജലലോകം കീഴടക്കുന്നതോടെ ജെയ്ക്കും കുടുംബവും ഒറ്റക്കെട്ടായി നിൽക്കുന്നതും അവരോടൊപ്പം ജലലോകത്തെ സമൂഹം ഒന്നിച്ചിറങ്ങുന്നതും പ്രശ്നങ്ങളെ പരിഹരിക്കാൻ അവർ നടത്തുന്ന സാഹസികതയും ഒക്കെയാണ് സിനിമ.
കാഴ്ചകൾ കൊണ്ട് സമ്പന്നമാണ് ചിത്രം. എന്നാൽ കഥ പറച്ചിൽ കൊണ്ട് വലിച്ചുനീട്ടലുമാണ്. 192 മിനിറ്റ് (3 മണിക്കൂർ 12 മിനിറ്റ്) 'അവതാർ: ദി വേ ഓഫ് വാട്ടർ' പ്രദർശിപ്പിക്കുമ്പോൾ കാര്യമായി വലിയ കഥയൊന്നും പറയാനില്ല എന്നത് വലിയ നിരാശകരമാണ്. ഛായാഗ്രഹണം, വിഎഫ്എക്‌സ്, സംഗീതം ഇവയൊക്കെ മികച്ചു നിൽക്കുന്നുവെങ്കിലും ചിത്രത്തിന്റെ പോരായ്മ എന്ന് പറയുന്നത് കഥയില്ലായ്മ തന്നെയാണ്. കടലിന്റെ തീരാത്ത കാഴ്ചകൾ 3D യിലൂടെ വിസ്മയം ഒരുക്കുന്ന രീതിയിൽ തന്നെയാണ് സംവിധായകൻ അവതരിപ്പിച്ചിരിക്കുന്നത്.
സാങ്കേതികത്വം അതിന്റെ പരമാവധി ഉപയോഗിച്ചിരിക്കുന്നു എന്ന് വേണം ഈ കാഴ്ചകളിൽ നിന്നും മനസ്സിലാക്കാൻ. അതോടൊപ്പം ജീവജാലങ്ങളും പ്രകൃതിയും തമ്മിലുള്ള പ്രത്യേക അടുപ്പവും അതിന്റെ സൗന്ദര്യവും വിവരിക്കുവാനും സംവിധായകൻ ഇത്തവണയും മറന്നിട്ടില്ല. ഇത്തരത്തിൽ പലവിധ കാഴ്ചകളിലൂടെ, സാഹചര്യങ്ങളിലൂടെ സംഘർഷങ്ങളിലൂടെ അതിജീവനത്തിലൂടെ സിനിമ അവസാനിക്കുമ്പോൾ മൂന്നാം ഭാഗത്തിന്‍റെ സൂചനകൾ നൽകിയിട്ടുണ്ട്. കാടും കടലുമായി മനുഷ്യരുടെ കഥ അവസാനിക്കുന്നില്ല. പക്ഷേ ഈ 'അവതാർ' നിരാശ തന്നെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.