Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightReviewschevron_rightസിനിമ കണ്ട ഒരാളും ...

സിനിമ കണ്ട ഒരാളും സുഗന്ധിയെ മറക്കില്ല 'ഭാരതപ്പുഴ'- റിവ്യു

text_fields
bookmark_border
bharathapuzha Movie  Review
cancel

ൻപത്തിയൊന്നാമത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡിൽ അഭിനയത്തിനുള്ള പ്രത്യേക പരാമർശം സിജി പ്രദീപിനും, വസ്ത്രാലങ്കാരത്തിനുള്ള പ്രത്യേക പരാമർശം നളിനി ജമീലക്കും നേടി കൊടുത്ത സിനിമയാണ് ഭാരതപ്പുഴ. കരിമുകൾ, പുഴയുടെ അവകാശികൾ, ഇൻ ജസ്റ്റീസ് ഇൻ കാമറ, മഴയോടൊപ്പം മായുന്നത്, പ്രണയത്തിൽ ഒരുവൾ വാഴ്ത്തപ്പെടും വിധം, അടുത്ത ബെല്ലോടൂകൂടി ജീവിതം ആരംഭിക്കും തുടങ്ങിയ ഒട്ടേറെ ശ്രദ്ധേയമായ ഹൃസ്വ-ഡോക്യൂമെന്ററികൾ നിർമ്മിച്ച മണിലാൽ രചനയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്ന ഭാരതപ്പുഴ ടി.എം.ക്രിയേഷൻസിന്റെ ബാനറിൽ മസ്ക്കറ്റിലെ തൃശൂർ കൂട്ടായ്മയിൽ നിന്നും ഷാജി കുണ്ടായിൽ,നിയാസ് കൊടുങ്ങല്ലൂർ, പ്രിജിത് പ്രതാപൻ, സജിത് ഹരിദാസ്, സച്ചിൻ ജനാർദ്ദനൻ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്.

നന്നേ ചെറുപ്പത്തിൽ വീട് വിട്ടിറങ്ങേണ്ടി വന്ന സുഗന്ധി എന്ന യുവതി, ലൈംഗികചൂഷണത്തിന് ഇരയാകുന്നതും പിന്നീട് ഇവരുടെ ജീവതത്തിലുണ്ടാവുന്ന സംഭവ വികാസങ്ങളുമാണ് ഭാരതപ്പുഴ പറയുന്നത്. തൃശ്ശൂർ നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിൽ അലഞ്ഞു നടക്കുന്ന ലൈംഗിക തൊഴിലാളിയാണ് സുഗന്ധി. പുരുഷന്മാരുടെ ലോകവും അവരുടെ ഭാവവും സ്ത്രീകളോടുള്ള അവരുടെ ആധിപത്യവും ഏറ്റവും നന്നായി മനസിലാക്കിയ സുഗന്ധിക്ക് ആ നഗരത്തിന്റെ പകലും രാത്രിയും ഒരുപോലെയാണ്. അതുകൊണ്ട് തന്നെ തനിക്ക് ചുറ്റുമുള്ള ജീവിതത്തിന്റെ സാമൂഹിക സ്വഭാവങ്ങളിലൂടെയാണ് എല്ലായിപ്പോഴും അവളുടെ യാത്രകൾ.

ആരിലും ഒന്നിലും ഒതുങ്ങാതെ ഒരു പുഴ പോലെയാണ് അവൾ ഒഴുകുന്നത്. ആർക്കും ഒരിടത്തും വിലങ്ങുതടിയാകാൻ നിൽക്കാതെ സുഗന്ധി ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് എല്ലായിപ്പോഴും ഒഴുകിക്കൊണ്ടിരിക്കുകയാണ്. ആ ഒഴുക്കിൽ അവൾക്കൊപ്പം കുറച്ചുകാലമായി സഹയാത്രികനായ ഒരു ഓട്ടോറിക്ഷക്കാരനുണ്ട്. ഷാബു എന്നാണയാളുടെ പേര്. അയാൾക്ക് അവളോട് സ്നേഹമുണ്ട്. ഒരു വാല് പോലെ അവൾക്കൊപ്പമുള്ള അയാളുടെ സ്നേഹത്തിൽ പോലും അവൾ അതിയായി സന്തോഷിക്കുന്നില്ല. കാരണം ആ സ്നേഹത്തിന്റെ ആഴം എത്രത്തോളമുണ്ടാകുമെന്ന് അവർക്ക് കൃത്യമായി അറിയാം. അല്ലെങ്കിലും അയാളുടെ ആ സ്നേഹം എപ്പോഴും ഒരു പടി പുറത്തു തന്നെയാണ് നിൽക്കുന്നതെന്ന തിരിച്ചറിവുള്ളവൾ തന്നെയാണ് സുഗന്ധി.

ഒരിക്കൽ തനിക്ക് മുൻപിൽ എത്തിയ ഇടപാടുകാരൻ സുഗന്ധിക്കു മുമ്പിൽ ഒരു ഗ്ലാസ് മദ്യം വെച്ചു കൊടുക്കുമ്പോൾ അയാൾ പറയുന്നുണ്ട് 'തന്റെ ഭാര്യക്ക് ഇതൊന്നും ഇഷ്ടമല്ലെന്ന്'. അതിനു മറുപടിയായവൾ തിരിച്ചു ചോദിക്കുന്നത് അതിന് എന്നെങ്കിലും ഭാര്യക്ക് മദ്യം കൊടുത്തിട്ടുണ്ടോ എന്നാണ്. അവളുടെ ആ ചോദ്യത്തിൽ അയാൾ മറുപടിയില്ലാതെ വിളറി പോകുന്നത് പ്രേക്ഷകർക്കും അറിയാൻ സാധിക്കും. ആൺ അഹന്തങ്ങളെ തച്ചുടക്കുന്ന അവളുടെ അത്തരം ചോദ്യങ്ങൾ പോലും പ്രസക്തമാണ്.

പുരുഷാധിപത്യ സമൂഹത്തിന്റെ ആന്തരിക വൈരുദ്ധ്യങ്ങൾക്ക് നേരെയെല്ലാം ഉച്ചത്തിൽ ചിരിച്ചുകൊണ്ടാണ് സുഗന്ധി അവയെ ഏറ്റെടുക്കുന്നത്. അവർ പറയുന്ന വിലകുറഞ്ഞ തമാശകളെ, അവരുടെ പൊള്ളത്തരങ്ങളെ, അവർ പറഞ്ഞു കൊണ്ടിരിക്കുന്ന എരിവും പുളിയും കലർന്ന നുണകളെയെല്ലാം സുഗന്ധി ചിരിച്ചുകൊണ്ട് ഏറ്റെടുക്കുമ്പോൾ ആ ചിരിയുടെ അർഥം പോലും മനസിലാക്കാൻ കഴിയാത്തവരാണ് മറുവശത്തുള്ള പുരുഷന്മാർ.

തന്റെ ജീവിതയാത്രയ്ക്കിടയിൽ ഒരിക്കൽ ശില്പിയുടെ മുന്‍പില്‍ മോഡലായി ഇരുന്നു കൊടുക്കുന്ന സുഗന്ധിക്കു മറ്റൊരു ലോകം അറിവാകുന്നു. നാടകക്കാരന്‍ ജോസേട്ടന്റെ നാടകത്തിലഭിനയിക്കാന്‍ ഷാബുവിന്റെ കൂടെ ജോസേട്ടന്റെ വീട്ടിലെത്തുന്ന അവൾക്ക് ഉള്ളറിവുകൾ ലഭിക്കുന്നു. സുഗന്ധി അങ്ങനെ യാത്രകൾ തുടർന്നുകൊണ്ടിരിക്കുകയാണ്. സുഗന്ധിയുടെ കാഴ്ചകളിലൂടെയും അനുഭവങ്ങളിലൂടെയുമുള്ള നിർത്താതെയുള്ള ഒഴുക്ക് തന്നെയാണ് ഭാരതപ്പുഴ.

സിനിമ തുടങ്ങുന്നത് തന്നെ പുഴക്കരയോട് ചേർന്ന ഒരു പറമ്പാകെ കത്തുന്ന ദൃശ്യത്തിൽ നിന്നാണ്. പുഴയില്‍ വെള്ളം നിറഞ്ഞൊഴുകുന്നതുകൊണ്ട് അതിലേക്ക് തീയ്ക്കു പടരാനാകില്ലെന്നും, ആ വെള്ളം കൊണ്ട് തൊടിയിലെ തീ അണയ്ക്കാമെന്നും നമുക്കറിയാം. പക്ഷെ, പുഴയിലൊഴുകുന്ന വെള്ളത്തിന്റെ ഹൃദയത്തിലുള്ള തീ ആരണക്കും? എന്നൊരു ചോദ്യത്തിൽ തന്നെയാണ് സിനിമ തുടങ്ങുന്നത്. തുടർന്ന് ആദ്യാവസനം വരേയ്ക്കും സുഗന്ധിയുടെ ഉള്ളിലെ അണയാത്ത തീ തന്നെയാണ് സിനിമയും,അപരിചിതമായ സാഹചര്യങ്ങളുടെയുള്ള അവളുടെ യാത്രകളെയും കാണിക്കുന്നത്. സുഗന്ധിയുടെ ഹൃദയത്തിലെ സൂക്ഷ്മമായ കത്തലുകൾ തന്നെയാണ് ഭാരതപ്പുഴ ഉടനീളം പറയുന്നത്.

മലയാളത്തിലെ ഏറ്റവും മികച്ച നായിക കഥാപാത്രങ്ങളിൽ ഒന്നായി സുഗന്ധി എക്കാലത്തും പ്രേക്ഷകർക്കിടയിൽ നിലനിൽക്കുമെന്ന് ഉറപ്പ്. സിജി പ്രദീപ്, ദിനേശ്, ഇർഷാദ്, ശ്രീജിത് രവി, സുനിൽ സുഗത, മണികണ്ഠൻ പട്ടാമ്പി, എം.ജി. ശശി, ജയരാജ് വാര്യർ, ദിനേശ് പ്രഭാകർ, ഹരിണി, ദീപ്തി കല്യാണി, , പ്രശാന്ത്, അച്യുതാനന്ദൻ, എം.ജി. ഷൈലജ, പാർവതി തുടങ്ങിയവരെല്ലാം തങ്ങളുടെ ഭാഗങ്ങൾ വളരെ ഭംഗിയായി ചെയ്തിരിക്കുന്നു. അതോടൊപ്പം ഛായഗ്രഹകൻ ജോമോൻ തോമസിന്റെ ചായഗ്രഹണം മികച്ചുനിൽക്കുന്നു. സാങ്കേതികപരമായി മുൻപിട്ട് നിൽക്കുന്ന ചിത്രം തന്നെയാണ് ഭാരതപ്പുഴ. എത്ര കഠിനമായ അവസ്ഥകളിൽ പോലും സ്വന്തം ആത്മാഭിമാനം പണയം വയ്ക്കാൻ ഇഷ്ടമല്ലാത്ത സുഗന്ധിയുടെ ഈ സർഗാത്മകമായ ഒഴുക്കിനെ പ്രേക്ഷകർക്ക് ധൈര്യമായി കണ്ടിരിക്കാം. അങ്ങേയറ്റം സൂക്ഷ്മമായ പഠനങ്ങളിലൂടെയും, ഭാവപ്രകടനങ്ങളിലൂടെയും, ശരീരഭാഷകളിലൂടെയുമാണ് സിജി പ്രദീപ് സുഗന്ധി എന്ന കഥാപാത്രത്തെ പ്രേക്ഷകർക്ക് മുമ്പലെത്തിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ സിനിമ കണ്ട ഒരാളും സുഗന്ധിയെ മറക്കില്ല എന്ന് ഉറപ്പാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:movie reviewBharathapuzha movie
News Summary - bharathapuzha malayalam Movie Review
Next Story