അമൽ നീരദിന്റെ ബോഗയ്ന്‍വില്ല- റിവ്യൂ
text_fieldsഒരു സിനിമ കണ്ടിറങ്ങിയതിന് ശേഷം, സിനിമ എങ്ങനെയുണ്ടെന്ന ചോദ്യത്തിന് ആ ഇതൊരു അമൽ നീരദ് പടം എന്ന് പ്രേക്ഷകർ പറയുന്നുണ്ടെങ്കിൽ അത് തന്നെയാണ് ഒരു സംവിധായകന്റെ ക്രാഫ്റ്റ്.ബോഗയ്ന്‍വില്ല എന്ന ചിത്രത്തിലൂടെയും ഇത് തന്നെ പറയിപ്പിക്കുകയാണ് അമൽ നീരദ്. ഒരു അമൽ നീരദ് സിനിമക്ക് വേണ്ട എല്ലാ ചേരുവകളുമുള്ള എന്നാൽ മുൻ ചിത്രങ്ങളിൽ നിന്ന് ഏറെ വ്യത്യസ്തത തോന്നിക്കുന്ന ചിത്രമാണ് ബോഗയ്ന്‍വില്ല.
പേര് സൂചിപ്പിക്കുന്നത് പോലെ കടലാസുപൂക്കള്‍ തന്നെയാണ് ഈ സിനിമയിലെ പ്രധാനതാരം. റീത്തുവും ഭര്‍ത്താവ് ജോയ്സും വീട്ടുജോലിക്കാരിയുമെല്ലാം ബോഗയ്ന്‍വില്ലയോടൊപ്പം വീട്ടിലെ അന്തേവാസികളാണ്. സിനിമയുടെ തുടക്കം മുതൽ ഒടുക്കം വരെ സന്തോഷത്തിന്റേയും ദു:ഖത്തിന്റെയും പ്രതിനിധിയായി കടലാസുപൂക്കളേ നമുക്ക് കാണാനാകും. ലാജോ ജോസ് എഴുതിയ റൂത്തിന്‍റെ ലോകം എന്ന നോവലിനെ അധികരിച്ചാണ് അമല്‍ നീരദ് സിനിമ ഒരുക്കിയിരിക്കുന്നത്.
ഒരു കാറപകടത്തെ അതിജീവിച്ച ദമ്പതികളായ റീത്തുവിന്‍റെയും ഡോ. റോയ്സ് തോമസിന്‍റെയും കഥയാണ് ബോഗയ്ന്‍വില്ല പറയുന്നത്. റീത്തുവായി ജ്യോതിർമയിയും റോയ്സ് തോമസായി കുഞ്ചാക്കോ ബോബനുമാണ് മത്സരിച്ച് അഭിനയിക്കുന്നത്. കാറപകടത്തിന് ശേഷം റീത്തു ഓര്‍മ്മയ്ക്കും മറവിക്കുമിടയിലെ നൂല്‍പാലത്തിലൂടെയാണ് സഞ്ചരിക്കുന്നത്. ഓരോ ദിവസവും കണ്ടകാഴ്ചകളും കേട്ട ശബ്ദങ്ങളുമൊക്കെ സൃഷ്ടിച്ച ഓര്‍മകള്‍ കൂട്ടിവച്ച് ജീവിക്കുകയാണ് റീത്തു. കൂട്ടായി സൗകര്യങ്ങളും സഹായങ്ങളും ഒരുക്കിക്കൊണ്ട് ഡോ. റോയ്സും കൂടെയുണ്ട്. എന്നാൽ അവർക്കിടയിലേക്ക് അപ്രതീക്ഷിതമായി ഫഹദ് ഫാസിൽ കഥാപാത്രമായ പൊലീസുകാരന്‍ വരുന്നു. കാണാതാവുന്ന പെണ്‍കുട്ടികളെതേടി അന്വേഷണത്തിനായി തമിഴ്നാട്ടില്‍നിന്ന് വരുന്ന പൊലീസുകാരനയാൾ. ഓർമകളുടെ നൂൽപാലത്തിലൂടെ സഞ്ചരിക്കുന്ന റൂത്തിൽ നിന്നും കുറ്റവാളിയെ കണ്ടെത്താനുള്ള ശ്രമമാണ് പിന്നീടങ്ങോട്ട് സിനിമ.
ആദ്യ പകുതി വരെ പ്രേക്ഷകരെ സീറ്റിൽ തന്നെ പിടിച്ചിരുത്താനും പല വഴികളിലൂടെ സഞ്ചരിക്കാനും കഥയ്ക്ക് കഴിയുന്നുണ്ട്. എന്നാൽ രണ്ടാം പകുതി തുടങ്ങി കുറച്ചു കഴിയുമ്പോഴേക്ക് സസ്പെൻസ് നഷ്ടപ്പെടുന്നത് ചെറിയ തരത്തിൽ കല്ലുകടിയാകുന്നുണ്ട്. പിന്നീട് കഥാഗതി മനസിലായ പ്രേക്ഷകൻ ഈ ചിത്രം എങ്ങനെയാവും അസാനിപ്പിക്കുകയെന്ന ആലോചനയിലാവും. അങ്ങിനെയൊക്കെയാണെങ്കിലും അമൽ നീരദിന്റെ മേക്കിങ് പ്രേക്ഷകനെ ബോറടിപ്പിക്കുന്നില്ല.
സിനിമയിൽ എടുത്ത് പറയേണ്ടത് ജ്യോതിർമയിയുടേയും കുഞ്ചാക്കോ ബോബന്റെയും പ്രകടനങ്ങളാണ്. ജ്യോതിർമയിയുടെ വലിയ തിരിച്ചുവരവ് തന്നെയാണ് ചിത്രം. കൂടെ സുഷിൻ ശ്യാമിന്റെ സംഗീതവും ആനന്ദ് സി ചന്ദ്രന്റെ ഛായാഗ്രഹണവും ചിത്രത്തിനൊപ്പം സഞ്ചരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.