ചുരുളി -നിഗൂഢമായ മനുഷ്യകാമനകളിലേക്കൊരു വനയാത്ര
text_fields'കളിഗെമനാറിലെ കുറ്റവാളികൾ'- അതിനൊരു രാഷ്ട്രീയമുണ്ട്. പെരുമാറ്റച്ചട്ടങ്ങളെയും ഭരണകൂടത്തെയും ചോദ്യം ചെയ്യുവാനും നിയമവും സാധാരണ പൗരനും തമ്മിലുള്ള ബന്ധത്തെ വിശകലനം ചെയ്യുവാനുമുള്ള ശ്രമം തന്നെയാണ് അതിന്‍റെ രാഷ്ട്രീയം. വിനോയ് തോമസിന്‍റെ വേറിട്ട കഥ അല്ലെങ്കിൽ രചനാശ്രമം എന്നും പറയാം. 'വലിയ ബഹളമില്ലാതെ, മഞ്ഞു പാറിനിൽക്കുന്ന ഒരു രാത്രിയിൽ മംഗലാപുരത്തുനിന്നും ധർമ്മസ്ഥലത്തേക്ക് ഓടിത്തുടങ്ങിയ ബസ്സിലിരിക്കുമ്പോൾ, ആ യാത്രക്ക് വേണ്ടി മാത്രം ആന്‍റണി എന്ന പേര് സ്വീകരിച്ചിരിക്കുന്ന എ.എസ്.ഐ തന്‍റെ കൂടെ ഷാജീവൻ എന്ന മാറ്റപ്പേരുമായി വന്നിരിക്കുന്ന പൊലീസിനോട് പറഞ്ഞു...' വിനോയ് തോമസ് തന്‍റെ കഥ പറഞ്ഞ വഴിയിലൂടെ തന്നെയാണ് ലിജോ ജോസ് പെല്ലിശ്ശേരിയുടെ 'ചുരുളി' ചലിച്ചുതുടങ്ങുന്നതും.
എന്നാൽ, അതിനും മുമ്പേ ലിജോ പ്രേക്ഷകരുമായി സംവദിക്കുന്നത് മാടനെ പിടിക്കാന്‍ ചെന്ന തിരുമേനിയുടെ കഥ പറയാൻ ശ്രമിച്ചു കൊണ്ടാണെന്ന് മാത്രം. ആളറിയാതെ, താന്‍ പിടിക്കാന്‍ ചെന്നവനെയും കുട്ടയിൽ ചുമന്നുകൊണ്ട് വഴിയായ വഴികളെല്ലാം താണ്ടി അറ്റമില്ലാതെ കാലങ്ങളായി (ഇന്നും) അലയുന്ന തിരുമേനിയുടെ കഥയാണ് ലിജോ പറയുന്നത്. ആ കഥ തന്നെയാണ് 'ചുരുളി'യുടെ തുടക്കം. അതുതന്നെയാണ് 'ചുരുളി'ക്കു പറയാനുള്ളതും. പിടികിട്ടാപ്പുള്ളിയായ മൈലാടുംപറമ്പിൽ ജോയ് എന്ന കുറ്റവാളിയെ അന്വേഷിച്ച് എത്തുന്ന പൊലീസ് ഉദ്യോഗസ്ഥരായ ഷാജീവനും ആന്‍റണിയും തന്നെയാണ് ലിജോയുടെ സിനിമയിലെ നായകന്മാർ. കാടിനുള്ളിലെ ജനവാസയോഗ്യമായ ചുരുളി എന്ന പ്രദേശത്തേക്കാണ് അവരുടെ അന്വേഷണം നീളുന്നത്. തങ്കച്ചന്‍റെ പറമ്പില്‍ റബ്ബറിന് കുഴിവെട്ടാന്‍ എന്നും പറഞ്ഞാണ് അവരുടെ യാത്ര തുടങ്ങുന്നത്. പെരുമാറ്റച്ചട്ടങ്ങൾ ചുരുളിയിൽ അപ്രസക്തമാണ്. പക്ഷേ, ആ ചുരുളിയിലേക്ക് എത്തിച്ചേരുക എന്നത് നിസ്സാരവുമല്ല. അതിദുർഘടമായ മലമ്പാതകളും കാട്ടുവഴികളും താണ്ടി, പൊളിഞ്ഞു വീഴാറായ മരപ്പാലവും കടന്നുവേണം ചുരുളിയിലേക്ക് എത്താൻ.
പക്ഷേ, അപരിഷ്കൃതമായ ജീവിതം തന്നെയാണ് അവിടത്തെ അടിസ്ഥാനമെന്ന് മനസിലാക്കാൻ അവിടേക്ക് കയറിച്ചെല്ലുന്നവർക്ക് മാത്രമേ മനസ്സിലാവൂ. അതൊരിക്കലും പുറത്തുനിന്ന് കാണുന്നവർക്ക് മനസ്സിലാവില്ല. അതിനാൽ തന്നെ 'ജെല്ലിക്കെട്ടി'ലെ പോലെ മനുഷ്യൻറെ ഉള്ളിലെ മൃഗീയചോദനകൾ ചുരുളിയിലെ മനുഷ്യരിലും ആവർത്തിക്കപ്പെടുന്നുമുണ്ട്. ചുരുളിയിലുള്ളവർക്ക് കൊല്ലണമെങ്കിൽ കൊല്ലാം, തല്ലണമെങ്കിൽ തല്ലാം... അക്രമാസക്തമായ എന്തും ഏതും അവിടെ സംഭവിക്കാം. അതിനെ ചോദ്യം ചെയ്യാൻ ഒരു നിയമവും ഒരു വാഴ്ചയും ചുരുളിയിലില്ല. അത് ദൈനംദിന ജീവിതത്തിന്‍റെ ഭാഗം പോലെയാണ് അവിടെയുള്ളവർക്ക്. 'കേട്ടാൽ അറക്കുന്ന തെറി'യാണ് അടിസ്ഥാന ഭാഷ. അവിടുത്തെ ജനവിഭാഗങ്ങളുടെ സന്തോഷവും സങ്കടവും സ്നേഹവുമെല്ലാം 'തെറി'യിലൂടെയാണ് പുറത്തുവരുന്നതും. ഇത്തരം അപരിഷ്കൃതരുടെ ചുരുളിയിലേക്ക് കയറി ചെല്ലുേമ്പാൾ പരിഷ്കൃതരായ മനുഷ്യരുടെ ഭാവത്തിൽ പോലും പതിയെ മാറ്റങ്ങൾ സംഭവിക്കുകയാണുണ്ടാകുന്നത്. അവർ സദാചാരവും നിയമങ്ങളും മറക്കുന്നു. അവരിൽ ഒരാളായി മാറുന്നു.
കാലങ്ങൾക്കു മുമ്പേ തന്നെ തങ്ങൾ ആ നാട്ടിലെത്തിപ്പെട്ടവരാണെന്ന പ്രതീതി അവരിൽ ഉളവാക്കുന്നു. അവർ ചുരുളിയിലെ ഒരാളായി മാറുന്നു. ഇത്തരത്തിൽ ഉദ്യോഗസ്ഥരുടെ അന്വേഷണവും ആളുകളിൽ ഉണ്ടാകുന്ന സ്വഭാവ വ്യതിയാനങ്ങളും തുടർന്നുള്ള ചുരുളിക്കാഴ്ചകൾക്കും ഒടുവിൽ, കുറ്റം ചെയ്തവരെയും അവരെ അന്വേഷിക്കാനെത്തിയവരെയും ഒന്നാക്കി മാറ്റുന്ന നിഗൂഢതയോടെയാണ് സിനിമ അവസാനിക്കുന്നത്. തന്‍റെ കുട്ടയിൽ ഉള്ളത് മാടൻ ആണെന്ന് തിരിച്ചറിയാതെ അത് ചുമന്നു നടക്കുന്ന നമ്പൂതിരിയും, അന്വേഷിച്ചുചെന്ന കുറ്റവാളികൾ തങ്ങൾക്കിടയിൽ തന്നെയുണ്ടെന്നു തിരിച്ചറിയാത്ത നിയമപാലകരും ഒന്നാണെന്ന സമവാക്യത്തിലാണ് സിനിമ അവസാനിക്കുന്നത്.
ഇതൊക്കെ പറയാൻ സംവിധായകൻ മലയാള സിനിമ പ്രേക്ഷകർക്ക് സ്‌ക്രീനിൽ അത്രകേട്ട് പരിചിതമല്ലാത്ത 'പുതിയൊരു തെറി ഭാഷ' തന്നെ ഉപയോഗിച്ചു എന്നത് ഒരേസമയം സിനിമയെ വ്യത്യസ്തമാക്കുകയും 'വഷളാക്കുകയും' ചെയ്യുന്നുണ്ട്. ആ ഭാഷ ചില പ്രേക്ഷകർക്കെങ്കിലും കടുത്ത നിരാശയുണ്ടാക്കുവാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. പത്ത് വർഷം കൊണ്ട് വിരലിലെണ്ണാവുന്ന സിനിമകൾ മാത്രമെടുത്തു മലയാളികൾക്ക് പ്രിയപ്പെട്ടവനായി മാറിയ ലിജോ ജോസ് പെല്ലിശ്ശേരി അധികമായി വിമർശിക്കപ്പെടുവാനുള്ള കാരണമായി ഈ ഭാഷ മാറിയാലും അത്ഭുതപ്പെടാനില്ല.
ഷാജീവനും ആന്‍റണിയുമായി വിനയ് ഫോർട്ട്, ചെമ്പൻ വിനോദ് എന്നിവർ അഭിനയം കൊണ്ട് മികച്ച സാന്നിധ്യം തന്നെ അറിയിക്കുന്നുണ്ട്. കാടുകയറുന്ന ആ മനുഷ്യരെയല്ല കാടിനുള്ളിലെത്തുമ്പോൾ കാണുന്നതെന്ന് മനസ്സിലാക്കിത്തരാൻ പ്രകടനം കൊണ്ട് ഇരുവർക്കൂം സാധിക്കുന്നുണ്ട്. പതിവ് ലിജോ ജോസ് സിനിമകൾ പോലെ തന്നെ 'ചുരുളി'യിലും ശബ്ദം കൊണ്ട് വല്ലാത്തൊരു രേഖപ്പെടുത്തൽ തന്നെ സംഭവിച്ചിട്ടുണ്ട്. ശബ്ദത്തെ അതിസൂക്ഷ്മമായി വന്യതയും നിഗൂഢതയും നിലനിർത്തുവാനായി തന്നെയാണ് ഏറെയും ഉപയോഗിച്ചിരിക്കുന്നത്. ദൃശ്യാനുഭവം എന്നതിലുപരി പ്രേക്ഷകാനുഭൂതി നൽകുവാൻ മധു നീലകണ്ഠന്‍റെ ക്യാമറക്ക് സാധിച്ചിട്ടുണ്ട്.
ക്രൗഡ് കൊറിയോഗ്രഫി കൊണ്ട് മാന്ത്രികത സൃഷ്ടിക്കുന്ന ലിജോയുടെ പതിവ് സിനിമകളിൽ നിന്നും വ്യത്യസ്തമായി 'ചുരുളി'യിൽ ഒരു വലിയ ആൾക്കൂട്ടം കാണാൻ സാധിക്കില്ല എന്നതും വേറിട്ടുനിൽക്കുന്നു. സംഗീതം ചെയ്ത ശ്രീരാഗ് സജി, 'ചുരുളി'യെ ചേർത്തുവെച്ച എഡിറ്റര്‍ ദീപു ജോസഫ്, വിനോയ് തോമസിന്‍റെ കഥയോട് ചേർന്ന് നിൽക്കുന്ന എസ്. ഹരീഷിന്‍റെ തിരക്കഥ എല്ലാം അതിേന്റതായ നീതി പുലർത്തിയിട്ടുണ്ട്. നിഗൂഢമായ മനുഷ്യകാമനകളുടെ മഹാപ്രപഞ്ചത്തിലേക്കാണ് 'ചുരുളി' സഞ്ചരിക്കുന്നത്. പക്ഷെ 'തെറി' അൽപം കടുത്തുപോയെന്നു മാത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.