സ്വപ്നങ്ങൾക്ക് വേണ്ടി ജീവിച്ച അഭിനവ സിൻഡ്രേല്ല
text_fieldsനമ്മളേവരും ചെറുപ്പത്തിൽ കേട്ടുവളർന്ന അത്ഭുത കഥയാണ് 'സിൻഡ്രേല്ല'. രണ്ടാനമ്മയുടെയും അവരുടെ മക്കളുടെയും പീഡനങ്ങൾക്കിരയായി ഒടുവിൽ ഒരു ചെരുപ്പിെൻറ കാരണംകൊണ്ട് രാജകുമാരനെ വിവാഹം കഴിക്കാൻ ഭാഗ്യംവന്ന പെൺകുട്ടിയുടെ കഥ. ആ ക്ലാസിക്കൽ ഫെയറി ടെയിലിനെ അവലംബമാക്കി ഇതിനകം നിരവധി സിനിമകൾ പുറത്തിറങ്ങിയിട്ടുണ്ട്. ഇക്കൂട്ടത്തിൽ അവസാനത്തേതാണ് അടുത്തിടെ 'ആമസോൺ പ്രൈം' വീഡിയോയിൽ റിലീസ് ചെയ്ത സിനിമ. 'സിൻഡ്രേല്ല' എന്ന പേരിൽതന്നെ പുറത്തുവന്ന ഈ സിനിമയെ ഒരു റൊമാൻറിക് മ്യൂസിക്കൽ സിനിമ എന്ന് വിശേഷിപ്പിക്കാം. കുട്ടികൾക്കുള്ള ഒരു സിനിമ എന്ന മുൻവിധിയോടെ കാണേണ്ട ഒന്നല്ല ഇത് എന്ന് മാത്രമല്ല, ആധുനിക കാലഘട്ടത്തിന് ചേരുന്ന പുനരാഖ്യാനത്തോടെയാണ് പുതിയ കഥ മുന്നോട്ട് പോകുന്നത്. പുതിയ കാലത്ത് കഥയിലെ ഓരോ കഥാപാത്രങ്ങളുടെയും ജീവിതത്തോടുള്ള കാഴ്ചപ്പാടിൽ വന്ന എടുത്തുപറയാവുന്ന മാറ്റങ്ങളുടെ പ്രതിഫലനമാണ് ഈ ചിത്രത്തിെൻറ പ്രത്യേകത.
കറുത്തവരും വെളുത്തവരുമായ എല്ലാ ജനവിഭാഗങ്ങളും രമ്യതയോടെ കഴിയുന്ന ഒരു നാട്ടിലാണ് കഥ നടക്കുന്നത്. ഇവിടെ കേട്ട് പഴകിയ കഥയിലെ പോലെ കുതിരപ്പുറത്ത് വന്നിറങ്ങുന്ന ഒരു രാജകുമാനെ സ്വപ്നം കണ്ടിരിക്കുന്ന ഒരു സാധാരണ പെൺകുട്ടിയല്ല 'എല്ല' എന്ന വിളിപ്പേരുള്ള സിൻഡ്രേല്ല. അവൾക്കൊരു സ്വപ്നമുണ്ട്. അവളുടേതായ ഒരു കൊച്ചുകട. 'ഡ്രെസ്സസ് ബൈ എല്ല' എന്നാണതിന് പേരിടുക എന്നവൾ തീരുമാനിച്ചിട്ടുണ്ട്. ആ സ്വപ്നം സാക്ഷാത്കരിക്കാൻ വേണ്ടി എന്തും ത്യജിക്കാൻ അവൾ തയാറാണ്. രാജകൊട്ടാരത്തിലെ വിരുന്നിൽവെച്ച് പ്രിൻസ് റോബർട്ട് അവളോട് വിവാഹ അഭ്യർഥന നടത്തിയപ്പോൾ കുറച്ചു വിഷമത്തോടെയാണെങ്കിലും 'ഇപ്പോൾ വിവാഹമല്ല എെൻറ മനസ്സിലുള്ളത്. എനിക്ക് വസ്ത്രങ്ങൾ രൂപകൽപന ചെയ്യുന്നയാളായി പേരെടുക്കണം, സ്വന്തം കാലിൽ നിൽക്കാനാവണം, അതാണ് എെൻറ മോഹം' എന്നാണവൾ ചങ്കൂറ്റത്തോടെ പറയുന്നത്.
പ്രിൻസ് റോബർട്ട് ആണെങ്കിലോ, അധികാരത്തോടോ സിംഹാസനത്തോടോ യാതൊരു ആഭിമുഖ്യവും പുലർത്താത്ത തികച്ചും വ്യത്യസ്തനായ ഒരു രാജകുമാരനും. അവന് ലോകം ചുറ്റി സഞ്ചരിക്കാനാണ് ഇഷ്ടം. റോബോർട്ടിെൻറ സഹോദരി പ്രിൻസസ് ഗ്വേൻ ആണ് രാജഭരണത്തിലും ജനങ്ങളുടെ ക്ഷേമപ്രവർത്തനങ്ങളിലും ആഭിമുഖ്യം കാണിക്കുന്നത്. നമ്മൾ കേട്ട കഥകളിൽ രണ്ട് മക്കളുള്ള സിൻഡ്രേല്ലയുടെ ഇളയമ്മ അവളെ എപ്പോഴും ഉപദ്രവിക്കുന്ന ഒരു ക്രൂരയായ സ്തീ ആണല്ലോ. എന്നാൽ സിനിമയിൽ അവർ തെൻറ മക്കളടക്കം മൂന്ന് പെൺകുട്ടികളോടും കയർത്ത് തന്നെയാണ് സംസാരിക്കുന്നത്.
എങ്ങിനെയെങ്കിലും ഈ മൂന്ന് പെൺകുട്ടികളുടെയും വിവാഹം നടന്നു കിട്ടാനാണ് അവർ പാടുപെടുന്നത്. സ്വന്തം ജീവിതത്തിൽ സാക്ഷാത്കരിക്കാൻ കഴിയാതെപോയ മോഹങ്ങളെ ഓർത്ത് വിലപിക്കുന്ന ഒരു കഥാപാത്രം കൂടിയാണവർ. താൻ ആഗ്രഹിച്ചപോലെ ഒരു പിയാനിസ്റ്റ് ആവാൻ അനുവദിക്കാതെ കുടുംബത്തിെൻറ ഭാരം മുഴുവൻ തലയിൽ കെട്ടിവെച്ചിട്ടുപോയ ഭർത്താവിനെ അവർ അതിെൻറ പേരിൽ ശപിക്കുന്നുമുണ്ട്.
റോബർട്ടിെൻറ അമ്മ ബിയാട്രിസ് റാണിക്കും പറയാനുണ്ട് ഏറെ പരാതികൾ. രാജാവിന് സ്വന്തം സാമ്രാജ്യം വികസിപ്പിക്കാനല്ലാതെ തന്നോടോ കുട്ടികളോടോ പഴയപോലെ സ്നേഹമില്ല എന്നും തങ്ങളുടെ പ്രണയശൂന്യമായ ജീവിതം കണ്ടുവളർന്നതുകൊണ്ടാണ് റോബർട്ടിന് വിവാഹ ജീവിതത്തിലും രാജ്യകാര്യങ്ങളിലും താൽപര്യം ഇല്ലാത്തതെന്നും അവർ പറയുന്നുണ്ട്. സിൻഡ്രേല്ലയെ സഹായിക്കാൻ വരുന്ന വരുന്ന 'മാലാഖ'യവട്ടെ കറുത്തവർഗക്കാരനും ട്രാൻസ്ജെൻഡറുമായ ഒരു വ്യക്തിയാണ്. അങ്ങിനെ ഒരുപാട് പുതുമകൾ ഒളിപ്പിച്ചുവെച്ച ഒരു സൃഷ്ടിയാണിത്.
കാമില കാബെല്ലോ എന്ന ഗായികയാണ് സിൻഡ്രേല്ലയുടെ വേഷം ചെയ്തിരിക്കുന്നത്. ഇത് ഈ നടിയുടെ ആദ്യ സിനിമയാണ്. റോബർട്ട് ആയി വരുന്ന നിക്കോളാസ് ഗാലിറ്റിസിന് ഒരു രാജകുമാരന് വേണ്ട ആഢ്യത്വവും സൗകുമാര്യവും ആവോളമുണ്ട്. പ്രേക്ഷകർ 'ജെയിംസ് ബോണ്ട്' വേഷങ്ങളിൽ മാത്രം കണ്ട് പരിചയിച്ച പിയേഴ്സ് ബ്രോസ്നനും ഈ സിനിമയിൽ മികച്ച ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. രാജാവായി വേഷമിടുന്ന പിയേഴ്സ് ബ്രോസ്നന്റെ വ്യത്യസ്തമായ ഒരു പകർന്നാട്ടം കൂടിയാണിത്. രാജ്ഞിയായ ബിയാട്രിസിെൻറ വേഷമിട്ടത് മിന്നീ ഡ്രൈവർ ആണ്. തനിക്ക് ലഭിച്ച കഥാപാത്രത്തെ അവർ നന്നായിതന്നെ അവതരിപ്പിച്ചിട്ടുണ്ട്. ഇളയമ്മയായ വിവിയൻ ആയി വന്ന ഇദിന മെൻസിലും അവരുടെ വേഷത്തിൽ തിളങ്ങി.
ബില്ലി പോർട്ടർ എന്ന അമേരിക്കൻ ഗായകനാണ് സിൻഡ്രേല്ലയെ അനുഗ്രഹിക്കാനെത്തുന്ന മാലാഖയായി സ്ക്രീനിൽ വരുന്നത്. ഒരു മാലഖയുടെ പരമ്പരാഗത സങ്കൽപ്പങ്ങളെ തകർത്ത് ഒരു കോമാളിയുടെ വേഷത്തിലായി പോയിട്ടുണ്ട് അദ്ദേഹത്തിന് നൽകിയ കഥാപാത്ര സൃഷ്ടി. റൊമേഷ് രംഗനാഥൻ എന്ന ഇന്ത്യൻ വംശജനായ നടനാണ് സിൻഡ്രേല്ലയുടെ വണ്ടിക്കാരിൽ ഒരാളായി വരുന്നത്. മിനിസ്ക്രീനിൽ ഹാസ്യനടനായ ഇദ്ദേഹത്തിെൻറ ആദ്യ സിനിമയാണിത്.
അമേരിക്കൻ ടെലിവിഷൻ സീരിയലുകളിലൂടെ പ്രശസ്തയായ കേ കാനൻ എന്ന തിരക്കഥ എഴുത്തുകാരിയാണ് സിനിമയുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. കേട്ട് തഴമ്പിച്ച പഴയ കഥയെ സമകാലിന പ്രശ്നങ്ങളുമായി കൂട്ടിയിണക്കി അവതരിപ്പിക്കുന്നതിൽ അവർ വിജയിച്ചിട്ടുണ്ട്. അതേസമയം, ഈ സിനിമയുടെ എഡിറ്റിങ്, ഫോട്ടോഗ്രാഫി, സംവിധാനം എന്നിവയിൽ പറയത്തക്ക മികവ് പുലർത്താൻ കഴിഞ്ഞിട്ടില്ല. ഏതായാലും പറഞ്ഞുപഴകിയ പല ക്ലീഷേകളെയും കീഴ്മേൽ മറിക്കാൻ ഈ സിനിമക്ക് കഴിഞ്ഞിട്ടുണ്ട്. സ്വന്തം സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ ഒന്നും തടസ്സം ആവരുതെന്ന ഒരു സന്ദേശവും സിനിമ നൽകുന്നു. കുഞ്ഞുങ്ങൾക്ക് മാത്രമല്ല മുതിർന്നവർക്കും ഇഷ്പ്പെടുന്ന ഒരു ചലച്ചിത്രമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.