കോപ്പിയടിയിൽനിന്ന് ഇൻസ്പിരേഷനിലേക്ക് വളരുന്ന പ്രിയദർശൻ സിനിമാറ്റിക് യൂനിവേഴ്സ്
text_fieldsSpoiler Alert
കൊറോണ പേപ്പേഴ്സ് എന്ന സിനിമ ആദ്യമൊരാളിൽ കൗതുകമുണർത്തുന്നത് അതിന്റെ പേര് കാരണമാകും. പേര് കേട്ടാൽ പെട്ടെന്ന് ഇതൊരു ആന്തോളജി ആണോ എന്ന സംശയമാകും ഉയരുക. കൊറോണക്കാലത്തെ സംഭവങ്ങളുടെ ചലച്ചിത്രാവിഷ്‍കാരമാകാം എന്നും സംശയം തോന്നാം. പക്ഷെ പ്രിയദർശൻ സംവിധാനം ചെയ്ത ഈ സിനിമ യഥാർഥത്തിൽ ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണ്. ഷെയിൻ നിഗവും സിദ്ദിഖും സന്ധ്യ ഷെട്ടിയും ഷൈൻ ടോം ചാക്കോയും ജീൻ പോൾ ലാലുമൊക്കെ പ്രധാന വേഷത്തിൽ അഭിനയിക്കുന്ന സിനിമയാണിത്.
പതിവ് പ്രിയദർശൻ സിനിമപോലെ കൊറോണ പേപ്പേഴ്സ് ഒരു ‘കോപ്പിയടി’ സിനിമയാണ്. എന്നാലിത്തവണ ചേരുവകളിൽ ചില്ലറ മാറ്റങ്ങളുണ്ട്. ഇൻസ്പിരേഷണൽ കം കോപ്പിയടി പ്ലസ് ഇംപ്രവൈസേഷൻ എന്ന നിലയിലേക്ക് പ്രിയദർശൻ സിനിമാ യൂനിവേഴ്സ് വളർന്നിരിക്കുന്നു. 2017 ൽ പുറത്തിറങ്ങിയ തമിഴ് സിനിമയായ ‘എട്ട് തോൈട്ടകൾ’എന്ന സിനിമയുടെ നേരിട്ടുള്ള അഡാപ്റ്റേഷനാണ് കൊറോണ പേപ്പേഴ്സ്. കൊറോണ പേപ്പേഴ്സ് തുടങ്ങുമ്പോൾ എഴുതിക്കകാണിക്കുന്നത് അകിര കുറസോവയുടെ ‘സ്ട്രേ ഡോഗി’ന്റെ ഇൻസ്പിരേഷനാണ് സിനിമയെന്നാണ്. അതുകൊണ്ട് തന്നെ കൊറോണ പേപ്പേഴ്സിന് ആസ്വാദനം കുറിക്കണമെങ്കിൽ ഒന്നിലധികം സിനിമകൾ കാണേണ്ടിവരും.
എന്താണ് എട്ട് തോൈട്ടകളും സ്ട്രേ ഡോഗും തമ്മിലുള്ള ബന്ധം. അതന്വേഷിച്ച് പോയാൽ കിട്ടുന്നത് മറ്റൊരുകൂട്ടം പേരുകളാണ്. അത് എട്ട് തോൈട്ടകളുടെ ഫിലിമോഗ്രാഫിയാണ്. അവിടെ ബ്രേക്കിങ് ബാഡ്, അൻജാതെ, യുദ്ധം സെയ്, ബദ്‍ലാപുർ, ജോണി ഗദ്ദാർ, വൈൽഡ് ടെയിൽസ് എന്നീ പേരുകൾ കാണാം. ഇതിൽ നിന്നൊക്കെ ഇൻസ്പൈർ ആയാണ് സിനിമ എടുത്തിരിക്കുന്നതെന്നാണ് എട്ട് തോൈട്ടകളുടെ സംവിധായകൻ ശ്രീ ഗണേഷ് പറയുന്നത്. ഇതേ ശ്രീ ഗണേഷിന്റെ പേരാണ് കൊറോണ പേപ്പേഴ്സിന്റെ കഥാകൃത്തായും കൊടുത്തിരിക്കുന്നത്. അപ്പോൾ ഇത്രയും സിനിമകൾ എങ്ങിനെയാണ് കൊറോണ പേപ്പേഴ്സിലെത്തുമ്പോൾ സ്ട്രേ ഡോഗിന്റെ മാത്രം ഇൻസ്പിറേഷൻ മാത്രമായി ചുരുങ്ങുന്നത്. അതിന് കാരണം ഈ സിനിമയുടെ അടിസ്ഥാന കഥ സ്ട്രേ ഡോഗിന്റേത് ആയതിനാലാകാം.
അകിര കുറസോവയുടെ ക്ലാസിക് സിനിമകളിൽ ഒന്നാണ് സ്ട്രേ ഡോഗ്. ചൂട് കാരണം അണയ്ക്കുന്ന ഒരു പട്ടിയുടെ ദൃശ്യത്തിൽ നിന്നാണ് ആ സിനിമ ആരംഭിക്കുന്നത്. ഡിറ്റക്ടീവ് മുറഗാമിയാണ് സിനിമയിലെ നായകൻ. അയാളുടെ സർവ്വീസ് റിവോൾവർ ഒരു പോക്കറ്റടിക്കാരൻ മോഷ്ടിക്കുന്നതും അതിന് പിന്നാലെയുള്ള അയാളുടെ ഓട്ടപ്പാച്ചിലുമാണ് സിനിമ പറയുന്നത്. രണ്ടാം ലോകമഹായുദ്ധാനന്തരം ജപ്പാൻ അനുഭവിക്കുന്ന സാമൂഹികവും സാമ്പത്തികവുമായ ദുരിതങ്ങളുടെ ‘തീച്ചൂട്’ ആണ് സ്ട്രേ ഡോഗിന്റെ അടിസ്ഥാന പ്രമേയം. ഈ സിനിമയിലുടനീളം കഥാപാത്രങ്ങൾ വിയർത്ത് ഒഴുകുന്ന രീതിയിലാണ് കുറസോവ സിനിമ ചിത്രീകരിച്ചിരിക്കുന്നത്. വലിയ നിരൂപക പ്രശംസ നേടിയ സിനിമ കൂടിയാണിത്.
ചുരുക്കത്തിൽ ഏഴ് സിനിമകളുടെ ഇൻസ്പിരേഷനിൽ നിന്ന് ഉണ്ടായ എട്ട് തോൈട്ടകളിൽ നിന്ന് അഡാപ്ട് ചെയ്ത സിനിമയാണ് കൊറോണ പേപ്പേഴ്സ്. കൂടാതെ പ്രിയദർശന്റെ വകയായി കുറച്ച് അധിക ‘ഇൻസ്പിരേഷനും’ സിനിമയിൽ ചേർത്തിട്ടുണ്ട്. ഏറ്റുമുട്ടൽ കൊലപാതകം മുതൽ വനിതാ ആന്റഗോണിസ്റ്റ് വരെ അതിൽപ്പെടും. എല്ലാംകൂടി ചേർന്ന ഒരു സാമ്പാർ പരുവത്തിലുള്ള കൊറോണ പേപ്പേഴ്സ് അൽപ്പം കുഴഞ്ഞുമറിഞ്ഞ സിനിമയാണെന്ന് പറയാതിരിക്കാനാവില്ല. സിനിമയുടെ മികവുകളും പോരായ്മകളും പരിശോധിക്കാം.
മികവുകൾ
1. നല്ല സാങ്കേതിക തികവുള്ള സിനിമയാണ് കൊറോണ പേപ്പേഴ്സ്. മേക്കിങ്ങിൽ ഒരുതരം വിട്ടുവീഴ്ച്ചകളും ഉണ്ടായിട്ടില്ല. ഒരുപക്ഷെ പ്രിയദർശൻ എന്ന സംവിധായകന് ലഭിക്കുന്ന ഫിനാൻഷ്യൽ സപ്പോർട്ട് ആകാം ഇതിനുകാരണം. എട്ട് തോൈട്ടകൾ എന്ന ദാരിദ്ര്യം പിടിച്ച ചെറുസിനിമയിൽ നിന്ന് കൊറോണ പേപ്പേഴ്സിലെത്തുമ്പോൾ അത് തന്നെയാണ് വലിയമാറ്റം.
2. അഭിനേതാക്കളുടെ മികച്ച പ്രകടനം സിനിമക്ക് മുതൽക്കൂട്ടാണ്. എടുത്തുപറയേണ്ടത് സിദ്ദിക്കിന്റെ ശങ്കർ റാമും, സന്ധ്യ ഷെട്ടിയുടെ എ.സി.പി ഗ്രേസിയും ജീ പോൾ ലാലിന്റെ ടോണിയുമാണ്. ചെറുവേഷത്തിലെത്തിയ ചിലരും മിന്നുന്ന പ്രകടനം നടത്തുന്നുണ്ട്. പി.പി.കുഞ്ഞികൃഷ്ണന്റെ അപ്പുക്കുട്ടൻ എന്ന സ്റ്റേഷൻ ഹൗസ് ഓഫീസറുടെ വേഷം അതിലൊന്നാണ്. അൽപ്പം വഷളനായ പൊലീസ് ഓഫീസറായി അദ്ദേഹം കസറിയിട്ടുണ്ട. ഷൈൻ ടോമിന്റെ കാക്ക പാപ്പിയും ഹന്ന റെജി കോശിയുടെ റാണിവും മികവുപുലർത്തി.
3. നല്ല എൻഗേജിങ് ആയാണ് സിനിമ എടുത്തിരിക്കുന്നത്. സാമാന്യം നീളമുള്ള (രണ്ട് മണിക്കൂർ 32 മിനിറ്റ്) സിനിമയാണെങ്കിലും കണ്ടിരിക്കാം എന്നതാണ് പ്രത്യേകത. ജനപ്രിയ സിനിമകൾ എടുക്കുന്നതിലുള്ള സംവിധായകന്റെ എക്സ്പീരിയൻസ് ഇവിടെ ഉപയോഗപ്പെട്ടിട്ടുണ്ട്.
4.പൊളിറ്റിക്കലി കറക്ട് ആവാനുള്ള മനപ്പൂർവ്വമായ ശ്രമം സിനിമയിൽ ഉണ്ട്. എക്സിക്യൂട്ട് ചെയ്തതിൽ വീഴ്ച്ചയുണ്ടെങ്കിലും പേരിനെങ്കിലും ന്യൂനപക്ഷ വേട്ട പോലുള്ള സംഭവം ഒരു പ്രിയദർശൻ സിനിമയിൽ വരുന്നതിനെ പ്രത്യാശാ നിർഭരമെന്നേ പറയാനൊക്കൂ.
പോരായ്മകൾ
1. എട്ട് തോൈട്ടകൾ എന്ന മൂല സിനിമയിൽ നിന്ന് കൊറോണ പേപ്പേഴ്സിലെത്തുമ്പോൾ വരുത്തിയ ചില്ലറ മാറ്റങ്ങൾ മുഴച്ചുനിൽക്കുന്നുണ്ട്. അതിൽ പ്രധാനം ലീനിയർ ആയുള്ള നരേഷൻ കൊറോണ പേപ്പേഴ്സിൽ ഒഴിവാക്കിയതാണ്. സിനിമയിലെ മർമ പ്രധാന സംഭവമായ ശങ്കർ റാമിന്റെ പാസ്റ്റ് സിനിമയിൽ ആദ്യംതന്നെ വെളിപ്പെടുത്തുന്നുണ്ട്. പകരം ഉൾപ്പെടുത്തിയ വിനീത് ശ്രീനിവാസന്റെ മുസ്തഫ ഉൾപ്പെടുന്ന ട്വിസ്റ്റ് പൂർണമായും വർക് ഔട്ട് ആകുന്നുമില്ല. എട്ട് തോൈട്ടകൾ ലീനിയർ ആയാണ് കഥ പറയുന്നത്. സിനിമയിൽ ശങ്കർ റാമിന് തുല്യമായ കഥാപാത്രമാകുന്ന കൃഷ്ണമൂർത്തി തന്റെ പാസ്റ്റ് വെളിെപ്പടുത്തുന്നത് ഏതാണ്ട് പകുതിക്ക് ശേഷമാണ് (ഒരു മണിക്കൂർ 40 മിനിറ്റിൽ). ഇത് സിനിമയെ വലിയതോതിൽ എൻഗേജിങ് ആക്കിയിരുന്നു.
2. സിനിമയിൽ വില്ലത്തിയായി സന്ധ്യ ഷെട്ടി തകർത്ത് അഭിനയിക്കുന്നുണ്ടെങ്കിലും ആ കഥാപാത്രം അത്ര വിശ്വസനീയമല്ല. പ്രത്യേകിച്ച് ഇന്ത്യൻ സാഹചര്യത്തിൽ കണ്ണിൽ കണ്ടവരെയൊക്കെ വെടിവച്ച് കൊല്ലുന്ന വനിതാ പൊലീസ് ഓഫീസർ എന്ന സംഭവം കേട്ടുകേൾവിപോലും ഇല്ലാത്തതുമാണ്. എട്ട് തോൈട്ടകളിൽ ഇത്തരമൊരു കഥാപാത്രം ഇല്ല. പകരം സാധാരണ ഒരു പൊലീസ് ഉദ്യോഗസ്ഥനാണുള്ളത്. അവിടെ കാര്യങ്ങൾ കൂടുതൽ വിശ്വസനീയവും ലളിതവുമായിരുന്നു.
3. സിനിമയിൽ കഥാപാത്രങ്ങളുടേയും സംഭവങ്ങളുടേയും ആധിഖ്യമുണ്ട്. പലപ്പോഴും ത്രില്ലറുകൾ ഉണ്ടാക്കുമ്പോൾ സംവിധായകർക്ക് പറ്റുന്ന പ്രധാന അബദ്ധമാണിത്. സീനുകളുടെ എണ്ണവും സിനിമയുടെ വലുപ്പവും പിടിവിട്ട് കൂടുന്നത് ത്രില്ലറുകൾക്ക് അത്ര നല്ലതല്ല. അത് സിനിമയെ കൂടുതൽ ദുർഗ്രഹമാക്കുകയും ആസ്വാദന ക്ഷമമല്ലാതാക്കുകയും ചെയ്യും. ഉദാഹരണത്തിന് എ.സി.പി ഗ്രേസി പ്രാർഥിക്കുന്ന സീനോടെയാണ് കൊറോണ പേപ്പേഴ്സ് ആരംഭിക്കുന്നത്. അവിടെ നിന്നാണ് കൊല്ലപ്പെട്ട ജഡ്ജി നടക്കാനിറങ്ങുന്നത്. എന്നാൽ ഇതൊന്നും സിനിമ കാണുന്നവരുടെ ഉള്ളിൽ പതിയുന്നില്ല. എട്ട് തോൈട്ടകളിൽ ഇത്രയും ദുർഗ്രാഹ്യത ഒന്നും തന്നെയില്ല.
4. ഏറെ പ്രെഡിക്ടബിൾ ആയ സിനിമയാണ് കൊറോണ പേപ്പേഴ്സ്. വിനീതിന്റെ മുസ്തഫ പുഴയിലേക്ക് വീഴുമ്പോൾത്തന്നെ അയാൾ തിരിച്ചുവരുമെന്ന് മനസിലാകാത്തവരായി ആരും ഉണ്ടാകാനിടയില്ല. എ.സി.പി ഗ്രേസിയും ശങ്കർ റാമും ഒടുവിൽ മരിക്കുമെന്നും നിരവധി സൂചനകളുണ്ട്. ത്രില്ലറുകൾ പ്രെഡിക്ടബിൾ ആകുന്നത് അവയുടെ വിജയ സാധ്യത കുറയ്ക്കും.
5. നനഞ്ഞ പടക്കമാകുന്ന ക്ലൈമാക്സ് സിനിമയുടെ പ്രധാന പോരായ്മയാണ്. എട്ട് തോൈട്ടകളുടെ ക്ലൈമാക്സ് അതിശക്തമായിരുന്നു. കൊറോണ പേപ്പേഴ്സ് കണ്ടതിനുശേഷം എട്ട് തോൈട്ടകൾ കണ്ടാൽപ്പോലും അതിലെ ക്ലൈമാക്സ് കൗതുകമുണർത്തും. അതെല്ലാം ഒഴിവാക്കി പുതിയ കഥാപാത്രത്തെ സൃഷ്ടിച്ചതും ആ കഥാപാത്രം ദുർബലമായതുമെല്ലാം സിനിമയുടെ പോരായ്മയാണ്.
സ്ട്രേ ഡോഗിലെ തോക്ക് നഷ്ടവും ബ്രേക്കിങ് ബാഡിലെ സൗഹൃദവും അൻജാതേയിലെ നിർവ്വികാരതയും യുദ്ധം സെയ്യിലെ സാമൂഹികാരക്ഷിതാവസ്ഥയും ബദ്‍ലാപുരിലെ പ്രതികാരവും ജോണി ഗദ്ദാറിലെ പരസ്പര വഞ്ചനയും വൈൽഡ് ടെയിൽസിലെ അവിഹിത ദുരന്തങ്ങളും ചേർത്തുവച്ച് ഉണ്ടാക്കിയ സിനിമയാണ് എട്ട് തോൈട്ടകൾ. അവിടെനിന്ന് കൊറോണ പേപ്പേഴ്സിലെത്തുമ്പോൾ സിനിമ കൂടുതൽ ദുർബലമാകുന്നുണ്ട്. പൊലിമ കൂട്ടാൻ ചെയ്ത പല കാര്യങ്ങളും മുഴച്ചുനിൽക്കുന്നതും പ്രമേയ പരമായ കൂട്ടിച്ചേർക്കലുകൾ മൂല കഥയോട് യോജിക്കാത്തതും പോരായ്മയാണ്. കൊറോണ പേപ്പേഴ്സിന് അഞ്ചിൽ രണ്ടര മാർക്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.