'ബുള്ളറ്റ് ഡയറീസ്'; ധ്യാൻ ശ്രീനിവാസന്റെ മറ്റൊരു ആറ്റം ബോംബ് പടം
text_fieldsധ്യാന്‍ ശ്രീനിവാസനെ നായകനാക്കി ബി3എം ക്രിയേഷൻസിന്റെ ബാനറിൽ നവാഗതനായ സന്തോഷ് മണ്ടൂർ സംവിധാനം ചെയ്ത ചിത്രമാണ് ബുള്ളറ്റ് ഡയറീസ്. കണ്ണൂർ ജില്ലയിലെ മലയോര മേഖലയുടെ പശ്ചാത്തലത്തിൽ ബുള്ളറ്റ്ബൈക്ക് പ്രേമിയായ രാജു എന്ന യുവാവിന്റെ കഥ പറയുന്ന ചിത്രമാണിത്. അമ്മയും മുത്തശ്ശിയുമടങ്ങുന്ന ഒരു കൊച്ചു കുടുംബമാണ് രാജുവിന്റേത്. മെക്കാനിക്കായ രാജു ഒരു ബുള്ളറ്റ് പ്രേമിയാണ്. പക്ഷേ ലക്ഷങ്ങൾ മുടക്കിയൊരു വാഹനം സ്വന്തമാക്കാനുള്ള സാമ്പത്തിക സ്ഥിതി അയാൾക്കില്ല . എന്നാൽ കാലങ്ങളായി അയാൾ മനസിൽ താലോലിക്കുന്ന തന്റെ ബുള്ളറ്റ് പ്രേമത്തിന് ഒരു ഫലം കണ്ടെത്താൻ കഴിയുന്നത് അപ്രതീക്ഷിതമായാണ്. ബുള്ളറ്റ് വരുന്നതോടെ അയാളുടെ ജീവിതവും മാറുന്നു.
ആഗ്രഹിച്ച് മോഹിച്ച് വാങ്ങിയ ബുളളറ്റിൽ യാത്ര പോകുന്നതോടെയാണ് കഥ മാറുന്നത്.അയാളുടെ ജീവിതത്തിൽ ചില വഴിത്തിരിവുകൾ സംഭവിക്കുന്നത് ആ യാത്രയിലൂടെയാണ്. ഇത് തന്നെയാണ് സിനിമയുടെ പ്ലോട്ടും.
സിനിമ ഇങ്ങനെയൊക്കെയാണെങ്കിലും സിനിമ തരുന്ന കാഴ്ച്ചാനുഭവം വളരെ മോശമാണ്. മോശം തിരക്കഥ, സംഭാഷണം, കൃത്രിമത്വം നിറഞ്ഞ അഭിനയം, ക്ലീഷേ രംഗങ്ങൾ, ധ്യാൻ ശ്രീനിവാസന്റെ ശരാശരിക്കും താഴെയുള്ള അഭിനയപ്രകടനം, സഹിക്കാൻ കഴിയാത്ത കോമഡി സംഭാഷണങ്ങൾ, അതിലും സഹിക്കാൻ കഴിയാത്ത അതിന്റെ അവതരണം , മേക്കിങ്ങിലെ ക്വാളിറ്റിയില്ലായ്മ തുടങ്ങിയ നിരവധി ഘടകങ്ങൾ കൊണ്ട് സമ്പന്നമാണ് സിനിമ.
നിലവിലെ മറ്റു സിനിമകളെടുത്തുനോക്കിയാൽ, പ്രയാഗ മാർട്ടിൻ ചിത്രത്തിലെ കഥാപാത്രത്തിനോട് കൂടുതൽ അടുത്തു നിൽക്കുകയും കുറേക്കൂടി സ്വാഭാവികമായ അഭിനയം കാഴ്ചവച്ചു എന്നതും എടുത്തു പറയേണ്ടിയിരിക്കുന്നു. അതുപോലെ എടുത്ത് പറയേണ്ട അഭിനയമാണ് അമ്മ കഥാപാത്രമായി അഭിനയിച്ച ശ്രീലക്ഷ്മിയുടേത്. തന്റെ കഥാപാത്രത്തോട് നീതിപുലർത്തി. അതുപോലെ നിഷ സാരംഗും തന്നിൽ ഏൽപ്പിച്ച കഥാപാത്രം മികച്ചതാക്കിയിട്ടുണ്ട്. കോട്ടയം പ്രദീപ് തന്റെ അവസാന നാളുകളിൽ അഭിനയിച്ച ചിത്രമാണിതെന്ന പ്രത്യേകത കൂടി ബുള്ളറ്റ് ഡയറീസിന് സ്വന്തമാണ്. പൊതുവേയുള്ള തന്റെ വേഷങ്ങളിൽ നിന്ന് വ്യത്യസ്തമായാണ് സന്തോഷ് കീഴാറ്റൂർ ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നതെങ്കിലും, വേണ്ടപോലെ നീതി പുലർത്താനായില്ല. അൽത്താഫ് സലീം, ജോണി ആന്റണി തുടങ്ങിയവരുടെ പ്രകടനവും നിരശയായിരുന്നു.
ഫൈസൽ അലിയുടെ ഛായഗ്രഹണം ,രഞ്ജൻ എബ്രഹാമിന്റെ എഡിറ്റിംഗ് തുടങ്ങിയവയെല്ലാം തരക്കേടില്ലാത്ത വിധത്തിൽ പാളി പോയിട്ടുണ്ട്. വൺടൈം വാച്ചബിൾ എന്ന് പറയാൻ പോലും പറ്റാത്ത സിനിമ തന്നെയാണ് ബുള്ളറ്റ് ഡയറിസ്. കുറച്ചുകൂടി ലളിതമായ ഭാഷയിൽ പറഞ്ഞാൽ, ഇത് ധ്യാൻ ശ്രീനിവാസന്റെ മറ്റൊരു 'ആറ്റം ബോംബ്' പടമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.