ചുമരിനുള്ളിൽ ഒളിപ്പിച്ച രഹസ്യം
text_fieldsആദ്യവസാനംവരെ ചെറിയ ത്രില്ലോടെ ഒരു ഇംഗ്ലീഷ് സിനിമ കാണാൻ ആഗ്രഹിക്കുന്നെങ്കിൽ ‘കോബ്‌വെബ്’ തിരഞ്ഞെടുക്കാം. അത്ര പേടിപ്പെടുത്തുന്നതല്ലെങ്കിലും ബോറഡിയില്ലാതെ പിടിച്ചിരുത്താൻ ഈ ചിത്രത്തിന് സാധിക്കുന്നുണ്ട്. എട്ടുവയസ്സുകാരനായ പീറ്റർ തന്റെ കിടപ്പുമുറിയിലെ ഭിത്തിക്കുള്ളിൽനിന്ന് ഒരു ശബ്ദം കേൾക്കുന്നു. നിരന്തരമായപ്പോൾ അതേക്കുറിച്ച് അന്വേഷിക്കാൻതന്നെ അവൻ തീരുമാനിച്ചു. അന്വേഷണത്തിനൊടുവിൽ ആ ശബ്ദത്തിന് തന്‍റെ മാതാപിതാക്കളുമായി ബന്ധമുണ്ടെന്ന് അവൻ മനസ്സിലാക്കുന്നു. ത്രില്ലിങ് മുഹൂർത്തങ്ങളുള്ളതും കുറച്ചധികം ഭീതിപ്പെടുത്തുന്നതുമായ കാര്യങ്ങളെ കോർത്തിണക്കിയാണ് സാമുവൽ ബോഡിൽ തന്‍റെ ആദ്യത്തെ ചിത്രം ഒരുക്കിയിട്ടുള്ളത്.
അധികം ചലിക്കാത്ത കാമറ, ആളൊഴിഞ്ഞ നഗരത്തിനുപുറത്തെ അന്തരീക്ഷം, പരിമിതമായ കഥാപാത്രങ്ങൾ എന്നിവയാണ് ‘കോബ് വെബി’നെ മികവുറ്റതാക്കുന്നത്. തുടക്കത്തിലെ ആവേശവും ജിജ്ഞാസയും മധ്യഭാഗത്ത് എത്തുമ്പോൾ നഷ്ടപ്പെടുന്നുണ്ട്. അവസാന രംഗത്തേക്ക് അടുക്കുമ്പോൾ അത്ര ഉദ്വേഗം തോന്നിപ്പിക്കുന്നില്ലെങ്കിലും മുകളിൽപറഞ്ഞതുപോലെ ഒരു വട്ടമൊക്കെ ത്രില്ല് അനുഭവപ്പെടും.
അമാനുഷിക ചിത്രമായോ ഹൊറർ ചിത്രമായോ വേർതിരിച്ചെടുക്കാൻ സാധിക്കാത്തതാണ് പ്രേക്ഷകനെ ചിത്രം നിരാശപ്പെടുത്തുന്നത്. അർധരാത്രിയിൽ തന്റെ കിടപ്പുമുറിയുടെ ചുവരുകളിൽനിന്ന് ആ എട്ട് വയസ്സുകാരൻ പീറ്റർ (വുഡി നോർമൻ) കേൾക്കുന്ന വിചിത്രമായ ശബ്ദങ്ങളെ കേന്ദ്രീകരിച്ച് സിനിമ മുന്നേറുമ്പോൾ ആകാംക്ഷയുടെ കണികകൾ പ്രേക്ഷകനുമേൽ കോരിത്തരിപ്പുണ്ടാക്കുന്നുണ്ട്. ശബ്ദങ്ങൾ എന്താണെന്നറിയാൻ അവൻ ചുമരിന് ചാരി കാതോർക്കുന്നുണ്ട്. എന്നാൽ രഹസ്യം എന്താണെന്ന് തിരിച്ചറിയാനാകുന്നില്ല.
അവന്റെ മാതാപിതാക്കളായ കരോൾ (ലിസി കാപ്ലാൻ), മാർക്ക് (ആന്റണി സ്റ്റാർ) എന്നിവരോട് തന്‍റെ രാത്രികളെ ഭയപ്പെടുത്തുന്ന ശബ്ദങ്ങളെക്കുറിച്ച് പറയു
മ്പോൾ അവർ, ദുസ്വപ്നമായി അവനെ തഴുകുന്ന ചിന്തകളായി അതിനെ തള്ളിക്കളയുകയാണ് ചെയ്യുന്നത്. അതിൽ അവൻ നിരാശനാകുന്നു. സത്യം എന്താണെന്ന് അറിയണമെന്ന ചിന്ത അവനെ വേട്ടയാടുന്നത് അങ്ങനെയാണ്. ശബ്ദം കേട്ടുകേട്ട് അവൻ അതുമായൊരു ബന്ധം സ്ഥാപിക്കുന്നു. അങ്ങനെ അതിലൂടെ അവനാ സത്യം മനസ്സിലാക്കുന്നു.
മാതാപിതാക്കളാൽ മതിലുകൾക്കുള്ളിൽ കുടുങ്ങിപ്പോയ പീറ്ററിന്റെ പണ്ടേ നഷ്ടപ്പെട്ട സഹോദരനാണ് ആ ശബ്ദത്തിന് കാരണമെന്നത് അവനെ ഞെട്ടിക്കുന്നു.
ഈ വെളിപ്പെടുത്തലുകൾ പീറ്ററിനെ അവന്റെ മാതാപിതാക്കളെ ചോദ്യം ചെയ്യാനും സംശയത്തിന്റെ ഒരു ഡോസുമായി സമീപിക്കാനും പ്രേരിപ്പിക്കുന്നു. തന്‍റെ മനസ്സിന്‍റെ ഭാരമകറ്റാൻ പീറ്റർ സ്കൂൾ അധ്യാപികയായ മിസ് ഡിവിന്‍റെ (ക്ലിയോപാട്ര കോൾമാൻ)വരെ സഹായം അഭ്യർഥിക്കുന്നുണ്ട്. ഇതിനിടയിൽ, സ്വന്തം മാതാപിതാക്കളാൽ ഉപദ്രവിക്കപ്പെടാനിടയുണ്ടെന്ന് പീറ്ററിന് ആ ശബ്ദത്തിലൂടെ തിരിച്ചറിയാൻ സാധിക്കുന്നു.
പ്രധാന വേഷത്തിൽ വന്ന മാർക്കിന്റെയും കരോളിന്റെയും കഥാപാത്രങ്ങളെ വികസിപ്പിക്കാൻ എഴുത്തുകാർ ഒരു ശ്രമവും നടത്തുന്നില്ല എന്നതാണ് സിനിമയുടെ മറ്റൊരു പോരായ്മ. സിനിമയുടെ പ്രധാന ഭാഗത്ത് അവർ സ്വന്തം കുട്ടിയോട് നിരന്തരം കർക്കശമായി പെരുമാറുന്നത് എന്തുകൊണ്ടാണെന്ന് മനസ്സിലാക്കാൻ പ്രയാസമാണ്.
മാതാപിതാക്കൾ സ്വന്തം കുട്ടിയെ ബേസ്‌മെന്റിൽ പൂട്ടിയിട്ട് അവിടെ രാത്രി ചെലവഴിക്കാൻ നിർബന്ധിക്കുമെന്ന് വിശ്വസിക്കുന്നത് അൽപം അമ്പരപ്പിക്കുന്നതാണ്. കൂടാതെ, ഒരു അപകടത്തെത്തുടർന്ന് അവരുടെ കുട്ടിയെ സ്കൂളിൽനിന്ന് പുറത്താക്കിയശേഷം, മാതാപിതാക്കൾ മറ്റൊരു സ്കൂളിൽ ചേർക്കുന്നതിനുപകരം അവനെ ഹോംസ്കൂളിൽ പഠിപ്പിക്കാൻ തീരുമാനിക്കുന്നതും അസംഭവ്യമാണ്. ആദ്യ സിനിമയാണെങ്കിലും സംവിധായകന്‍റെ മികവ് ചിത്രത്തിൽ കാണാനുണ്ട്. ലൈറ്റിങ്ങിന്‍റെ സമർഥമായ നിയന്ത്രണത്തിലൂടെ സിനിമയിൽ പിരിമുറുക്കമുള്ള അന്തരീക്ഷം സൃഷ്ടിക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്.
ക്രിസ് തോമസ് ഡെവ് ലിനാണ് തിരക്കഥ രചിച്ചത്. ഫിലിപ് ലൊസാനോ കാമറയും കെവിൻ ഗ്ര്യൂട്ടർട്ട്, റിച്ചാർഡ് റിഫൗഡ് എന്നിവർ ചേർന്ന് എഡിറ്റിങ്ങും നിർവഹിച്ചു. സംഗീതം നിർവഹിച്ചത് ഡ്രം ആൻഡ് ലെയ്സ് ആണ്. 2023 ജൂലൈയിൽ റിലീസായ ഈ ചിത്രം നിലവിൽ ആമസോൺ പ്രൈമിലൂടെയും ഗൂഗിൾ പ്ലേ, യൂട്യൂബ്, ആപ്പിൾ ടി.വി എന്നിവയിലൂടെ പണമടച്ചും ആസ്വദിക്കാം.
l
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.