മാനവികതക്കിടയിലെ അതിരുകളെവിടെ?
text_fieldsഒരു മൈതാനം നിറയെ കത്തുന്ന ചിതകൾ. ചിലത് ചാരമായിട്ടുണ്ട്. പിന്നെ കത്തിക്കാനായി വെള്ളപുതപ്പിച്ച, ഓക്സിജൻ നിലച്ച ശരീരങ്ങളും. അവക്കരികിൽ ശരീരമാകെ മൂടിപ്പുതച്ച ആളുകളും. കോവിഡ് പ്രതിരോധ പ്രവർത്തകരായ അവർ നിസ്സഹായരായി ഓരോ മൃതദേഹങ്ങളെയും ചിതയിലേക്ക് എടുത്തുകൊണ്ടിരിക്കുകയാണ്. കോവിഡ് മഹാമാരി രാജ്യത്തുണ്ടാക്കിയ മനുഷ്യക്കുരുതിയുടെ യഥാർഥ ചിത്രത്തിന്റെ രൂപം ഇങ്ങനെയായിരുന്നു. ദാനിഷ് സിദ്ദീഖി എന്ന ഇന്ത്യൻ ഫോട്ടോ ജേണലിസ്റ്റിന്റെ കാമറയിൽനിന്നാണ് ഭരണകൂടം മറച്ചുവെച്ച കോവിഡ് മഹാമാരിയുടെ യഥാർഥ ചിത്രം പുറംലോകത്തേക്ക് വെളിച്ചം വീശിയത്.
റോഹിങ്ക്യൻ അഭയാർഥികളുടെ നേർചിത്രങ്ങൾ പകർത്താനായി റോയിട്ടേഴ്സ് സംഘത്തിന്റെ ഭാഗമാവുമ്പോൾ ദാനിഷ് സിദ്ദീഖി പ്രതീക്ഷിച്ചുകാണില്ല ഈ ഉദ്യമം ലോകം അറിയപ്പെടുന്ന പുലിറ്റ്സർ സമ്മാനത്തിനുള്ള ഹേതുകൂടി ആവുമെന്ന്. ഡാനിഷ് സിദ്ദീഖി എന്ന ഫോട്ടോ ജേണലിസ്റ്റിനെ എങ്ങനെ നന്നായി വിശേഷിപ്പിക്കാം എന്ന് എത്രയാലോചിച്ചിട്ടും ഉത്തരം ലഭിക്കുന്നില്ല. പുലിറ്റ്സർ ജേതാവ്, ഭരണകൂടം വേട്ടയാടിയ തീർത്തും സത്യസന്ധനായ മാധ്യമപ്രവർത്തകൻ, മനുഷ്യസ്നേഹി എന്നിവയെല്ലാം ഒറ്റവാക്യത്തിലൂടെ ഉത്തരം നൽകാം.
2021ൽ അഫ്ഗാൻ സുരക്ഷസേനയും താലിബാൻ സേനയും തമ്മിലുള്ള ഏറ്റുമുട്ടൽ റിപ്പോർട്ട് ചെയ്യുന്നതിനിടെ പാക്-അഫ്ഗാൻ അതിർത്തിയിൽവെച്ച് അദ്ദേഹം മരിക്കുമ്പോൾ ലോകം ഒരു നിമിഷം സ്തബ്ദമായിപ്പോയെന്ന് പറയാം. കോവിഡ് മഹാമാരി രാജ്യത്ത് തീർത്ത നേർചിത്രം പകർത്തിയതിന് 2022ൽ മരണാനന്തരം അദ്ദേഹത്തിന് വീണ്ടും പുലിറ്റ്സർ പുരസ്കാരം നൽകി ലോകം ആദരിച്ചു.
ഡാനിഷ് സിദ്ദീഖിയുടെ ജീവിതത്തിൽനിന്നും അദ്ദേഹത്തിന്റെ ജോലിയിൽനിന്നും പ്രചോദനം ഉൾക്കൊണ്ട് മിഹിർ ലാത്ത് രചനയും സംവിധാനവും നിർവഹിച്ച ഹ്രസ്വചിത്രമാണ് ‘ഘുസ് പൈത്ത്-ബിയോണ്ട് ബോർഡേഴ്സ്’. സത്യം ലോകത്തിന് മുന്നിൽ എത്തിക്കാൻ മാധ്യമപ്രവർത്തകർ ഏറ്റെടുക്കുന്ന അപകടകരവും പലപ്പോഴും ഹൃദയഭേദകവുമായ പ്രവർത്തനത്തിന്റെ സാരാംശം ഈ ചിത്രം കൃത്യമായി കാണിക്കുന്നുണ്ട്. കലാമൂല്യമുള്ള കഥകൾ തിരഞ്ഞെടുത്ത് അഭിനയിക്കുന്ന അമിത് സാദാണ് ഇതിൽ ഡാനിഷ് സിദ്ദീഖിയുടെ വേഷത്തിലെത്തുന്നത്. കന്നുകാലി കച്ചവടം, കള്ളക്കടത്ത്, മനുഷ്യക്കടത്ത് എന്നിവയുൾപ്പെടെ സംഘട്ടനത്തിന്റെ ഒന്നിലധികം വശങ്ങളിലേക്ക് ആഴ്ന്നിറങ്ങാൻ സിനിമയുടെ ഹ്രസ്വമായ അരമണിക്കൂർ സമയപരിധി കാര്യക്ഷമമായി ഉപയോഗിച്ചിട്ടുണ്ട്. ഈ ബഹുമുഖ സമീപനം ആഖ്യാനത്തിന് ആഴം കൂട്ടുകയും ചെയ്യുന്നു. യുദ്ധത്തിൽ തകർന്ന പ്രദേശങ്ങളിൽ ജനം അഭിമുഖീകരിക്കുന്ന വെല്ലുവിളികളുടെ നേർക്കാഴ്ച തന്നെ ഇതിൽ കാണിക്കുന്നുണ്ട്.
എ.സി മുറിക്കുള്ളിൽനിന്ന് നടത്തുന്നതല്ല യഥാർഥ മാധ്യമ പ്രവർത്തനമെന്നും ഏറ്റുമുട്ടലുകൾക്കിടയിൽനിന്ന് ജീവൻ കൈയിൽ പിടിച്ച് നടത്തുന്ന ജോലിയാണ് വസ്തുനിഷ്ഠമായ ജേണലിസമെന്നും ചിത്രം ബോധ്യപ്പെടുത്തുന്നു. സസ്പെൻസിലും ടെൻഷനിലും പൊതിഞ്ഞ ക്ലൈമാക്സ് ഗംഭീരമായിതന്നെ അവതരിപ്പിച്ചിട്ടുണ്ട്. അമിത് സാദിന്റെ അഭിനയത്തോടൊപ്പം പ്രധാന കഥാപാത്രങ്ങളായി വന്ന ദിബ്യേന്ദു ഭട്ടാചാര്യ, പമേല ഭൂട്ടോറിയ എന്നിവരും അവരവരുടെ റോളുകളിൽ മികച്ചുനിൽക്കുന്നുണ്ട്. യഥാർഥ കഥാപാത്രങ്ങളെ പോലെ അവരുടെ പോരാട്ടങ്ങളെയും ധർമസങ്കടങ്ങളെയും പ്രേക്ഷകരിലേക്ക് എത്തിക്കാൻ ഇവരുടെ അഭിനയംകൊണ്ട് സാധിച്ചിട്ടുണ്ട്. ഡാനിഷ് സിദ്ദീഖിയെപ്പോലുള്ള മാധ്യമപ്രവർത്തകരുടെ അർപ്പണബോധത്തെയും ത്യാഗത്തെയും വ്യക്തതയോടെ കാണിക്കുന്ന 33 മിനിറ്റുള്ള മികച്ചൊരു ചലച്ചിത്രം തന്നെയാണിത്. സംഘട്ടനത്തിന്റെ ക്രോസ്ഫയറിൽ കുടുങ്ങിയ ആളുകളുടെ കഷ്ടപ്പാടുകളും നോവുകളും ഇതിൽ ആവോളമുണ്ട്. കഥപറച്ചിലിലെ വ്യത്യസ്തതയും പ്രകടനങ്ങളുടെ ഘനഗാംഭീര്യവും സാധാ ഒരു ഹ്രസ്വചിത്രത്തിൽനിന്നും ഇതിനെ മാറ്റിനിർത്തുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.