തിരസ്കരിക്കപ്പെട്ട ജീവിതങ്ങളുടെ ഫ്ലഷ് ഔട്ട്
text_fieldsപ്രപഞ്ചത്തിലുള്ള സകല ജീവജാലങ്ങളെയും എടുത്തു പഠനം നടത്തിയാൽ അതിൽ മനുഷ്യൻ എന്ന സസ്തനി മാത്രം അടയാളപ്പെടുത്തി വെക്കുന്ന ഒരു പ്രത്യേകതയുണ്ട്. മനുഷ്യനൊരു ആഗ്രഹ ജീവിയാണ് എന്നതാണത്. മറ്റേതൊരു ജീവിയും സ്വന്തം ജീവൻ നിലനിർത്തുന്നതിനാവശ്യമായ ചുറ്റുപാടുകൾ മാത്രം അന്വേഷിച്ച് അതിലേക്കൊതുങ്ങിക്കൂടുമ്പോൾ, അതിരില്ലാത്ത ആഗ്രഹങ്ങളും പരിധിയില്ലാത്ത മോഹങ്ങളുമായിട്ടാണ് തിരിച്ചറിവുവന്നുതുടങ്ങുന്ന കാലം മുതൽ മനുഷ്യൻ ജീവിച്ചുതുടങ്ങുന്നത്.
ഒരു മനുഷ്യനു പത്തു ജന്മം സുഖമായി ജീവിച്ചു പോകാൻ പര്യാപ്തമായ സമ്പത്തടങ്ങിയ ഒരു സ്വർണമല സമ്മാനമായി ലഭിച്ചാൽ പോലും അവനതിൽ ഒരിക്കലും തൃപ്തനായിരിക്കില്ല. പകരം, കിട്ടിയ ആ ഒരു മല രണ്ടെണ്ണമാക്കാനുള്ള മാർഗങ്ങൾ അന്വേഷിച്ച് അവൻ തന്റെ ജീവിതത്തിലെ വിലപ്പെട്ട സമയം കളഞ്ഞുകൊണ്ടേയിരിക്കും.
അങ്ങനെയെങ്കിൽ ജീവിതത്തിൽ സ്വസ്ഥമായി ഒന്നു വിസർജിക്കാനുള്ള സൗകര്യംപോലും ഇല്ലാത്ത ഒരു ചെറിയ കുട്ടിയുടെ മനസ്സിലുള്ള ഏറ്റവും വലിയ ആഗ്രഹം എന്തായിരിക്കും.?
ഏറെക്കാലമായി ഹ്രസ്വസിനിമാ രംഗത്ത് ഒട്ടേറെ ശ്രദ്ധേയമായ ചെറുചിത്രങ്ങളൊരുക്കിയ പി.പി. ഷംനാസ് സംവിധാനം നിർവഹിച്ച, പത്തു മിനിറ്റു മാത്രം ദൈർഘ്യമുള്ള ‘ഫ്ലഷ് ഔട്ട്’ എന്ന ഹ്രസ്വസിനിമ സംസാരിക്കുന്നത് ഇതുവരെ പറഞ്ഞു കണ്ടിട്ടില്ലാത്ത അത്തരമൊരു വിഷയമാണ്.
‘മനുഷ്യന്റെ ആഗ്രഹങ്ങളും മോഹങ്ങളും’ എന്ന അടിസ്ഥാന വിഷയത്തിലൊരുക്കിയ ഒരു കൊച്ചുസിനിമ വലിയ രാഷ്ട്രീയം സംസാരിച്ചുതുടങ്ങുന്നതും അവിടെനിന്നാണ്.
132 കോടിയോളം ജനങ്ങളുള്ള ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്ത് വലിയൊരു ശതമാനം ജനങ്ങളും ഈ ചിത്രത്തിലെ ചോട്ടു എന്ന കുട്ടിക്കഥാപാത്രത്തെപ്പോലെ സ്വന്തമായി ഒരു ശൗചാലയമെന്നത് തങ്ങൾക്ക് എത്തിപ്പിടിക്കാൻ കഴിയാത്ത വലിയൊരു ആർഭാട സ്വപ്നമായി കൊണ്ടുനടക്കുന്ന ദരിദ്രവിഭാഗങ്ങളാണ്.
എന്നാൽ, മറുഭാഗത്ത് സ്വർണമല കിട്ടിയിട്ടും തൃപ്തിവരാത്ത മനുഷ്യനെ പോലെ മൊത്തം സമ്പത്തിന്റെ ഭൂരിഭാഗവും കൈയടക്കിവെച്ചിട്ടും തൃപ്തിവരാതെ വീണ്ടും വീണ്ടും അത് നേടിയെടുക്കാനായി ജനങ്ങളെ നിരന്തരമായി ചൂഷണം ചെയ്തു കൊണ്ടിരിക്കുന്ന അതിസമ്പന്ന കോർപറേറ്റ് മുതലാളിത്ത വർഗവും. വേർതിരിവിന്റെ ഈ പൊള്ളുന്ന യാഥാർഥ്യം തന്നെയാണ് ‘ഫ്ലഷ് ഔട്ട്’ എന്ന കൊച്ചുസിനിമ പറഞ്ഞുവെക്കുന്നത്.
എപ്പോഴാണ് ശൗചാലയമെന്നത് വലിയ സ്വപ്നമായി പലർക്കും മാറുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ..?
ജീവൻ നിലനിർത്താനുള്ള ഒരു നേരത്തെ ഭക്ഷണം കണ്ടെത്തുക എന്നത് ദുഷ്കരമായ ഒരാൾക്കാണ് ശൗചാലയമെന്നത് ജീവിതത്തിൽ എത്തിപ്പിടിക്കാൻ കഴിയാത്ത അത്യാഡംബര വസ്തുവായി മാറുന്നത്.
ഇന്ത്യ നേരിടുന്ന പട്ടിണി എന്ന ഭീകരമായ യാഥാർഥ്യത്തിനുനേരെ വിരൽ ചൂണ്ടുക കൂടിയാണ് ഫ്ലഷ്ഔട്ട്. സ്വന്തം വിസർജ്യം പുറന്തള്ളാൻ സ്വസ്ഥതയുള്ള ഒരിടമോ സമയമോ ലഭിക്കാത്ത, തന്റെ പ്രാഥമികാവശ്യം നിർവഹിക്കാൻ മറ്റുള്ളവരെ ഭയക്കേണ്ടിവരുന്ന, ചോട്ടു എന്നു വിളിപ്പേരുള്ള, കേരളത്തിൽ ഉപജീവനം തേടിവന്ന ഉത്തരേന്ത്യൻ തെരുവുബാലനാണ് ഫ്ലഷ്ഔട്ടിലെ കേന്ദ്ര കഥാപാത്രം.
അവൻ തന്റെ ഏറ്റവും വലിയ സ്വപ്നമായി കാണുന്നത്, വെളിക്കിരിക്കാൻ ഒരു ക്ലോസറ്റ് സ്വന്തമാക്കുക എന്നതു മാത്രമാണ്. അതൊരു വിദൂരസ്വപ്നമാണ് എന്ന് തിരിച്ചറിവുള്ള അവന്, ആ നടക്കാത്ത സ്വപ്നം സ്വന്തം കിരീടധാരണം പോലെ പ്രിയപ്പെട്ടതുമാണ്.
കാര്യമായ സംഭാഷണങ്ങളേതുമില്ലാതെ ചിന്തിക്കാനുള്ള ഒരുപാട് കാര്യങ്ങൾ വെറും പത്തുമിനിറ്റുകൊണ്ട് പ്രേക്ഷകരുടെ മുന്നിലേക്കിട്ടു തരുകയാണ് ഫ്ലഷ് ഔട്ട്. അതിൽ ആവശ്യങ്ങളും അനാവശ്യങ്ങളും തമ്മിൽ നടക്കുന്ന സംഘട്ടനങ്ങളുണ്ട്. അനാവശ്യം അത്യാവശ്യത്തോട് കാണിക്കേണ്ട വിട്ടുവീഴ്ച്ചയാണ് ധർമമെന്ന് കൃത്യമായി ചൂണ്ടിക്കാണിച്ചുതരുന്നുമുണ്ട്.
തുടക്കം മുതൽ അവസാനം വരെ സ്ക്രീനിലുള്ള ചോട്ടു എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് മാസ്റ്റർ ഷയാൻ ഷംനാസ് ആണ്. സംഭാഷണങ്ങൾക്ക് കാര്യമായ പ്രാധാന്യമൊന്നുമില്ലാത്ത ചിത്രത്തിലെ ഓരോ രംഗങ്ങൾക്കും പൂർണതയേകുന്നതും മനോഹരമാക്കുന്നതും അതിലേക്ക് തുന്നിച്ചേർത്തുവെച്ച, സജാദ് അസീസിന്റെ മനോഹരമായ പശ്ചാത്തല സംഗീതമാണ്. അജ്മൽ സോബി ഒപ്പിയെടുത്ത ദൃശ്യങ്ങളും അതിനൊത്ത ചിത്രസംയോജനവും നയനഭംഗിയുള്ളതുതന്നെ.
ഷിനോജ് ടി നടുവട്ടം, വിജയൻ കോക്കൂർ, ജിനേഷ് കോക്കൂർ, സനൂപ് അഹമ്മദ്, സക്കീർ ഒതളൂർ, കബീർ കോക്കൂർ, മിഷാൽ പി സിദാൻ, സമീർ അലി, ഷൗക്കത്ത് എടപ്പാൾ, സാബിത്, സാക്കിത്, മാനസ് വിലാസ്, ആസാദ്, ആമിന സജാദ്, ഫായിസ് തുടങ്ങിയ അണിയറ പ്രവർത്തകരുടെ പ്രയത്നമികവ് കൂടിയാണ് ചിത്രത്തെ മികച്ചതാക്കുന്നത്. ഏറ്റവും കുറഞ്ഞ വാക്കുകളിൽ പറഞ്ഞാൽ, ചുരുങ്ങിയ സമയം കൊണ്ട് വലിയ കാര്യങ്ങൾ ചർച്ച ചെയ്യുന്ന മികച്ചൊരു ദൃശ്യാനുഭവമാണ് ഫ്ലഷ് ഔട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.