അവഗണനയുടെയും തിരിച്ചറിവിന്റെയും ഗ്രീൻ ബുക്ക്
text_fields1936 മുതൽ 1966 വരെ പ്രസിദ്ധീകരിച്ച ആഫ്രിക്കൻ അമേരിക്കൻ യാത്രക്കാർക്കുള്ള ഗൈഡ് പുസ്തകമാണ് ‘ദി നീഗ്രോ മോട്ടോറിസ്റ്റ് ഗ്രീൻ ബുക്ക്’. ‘ഗ്രീൻ ബുക്ക്’ എന്ന പേര് 2018ൽ ഇറങ്ങിയ ഇംഗ്ലീഷ് ചിത്രത്തിന് ഉപയോഗിക്കുമ്പോൾ അതിന്റെ കഥ എന്തെന്ന് ഊഹിക്കാവുന്നതേയുള്ളൂ. വർണവിവേചനം കൊടുമ്പിരികൊണ്ടിരുന്ന 1962ലെ അമേരിക്ക. അവിടെയാണ് ടോണി ലിപ്പും ഡൊണാൾഡ് ഷേർലിയും തങ്ങളുടെ സഞ്ചാരത്തിന്റെ കഥ മെനഞ്ഞെടുക്കുന്നത്. സംഗീതത്തിലും സൈക്കോളജിയിലും ഡോക്ടറേറ്റുള്ള കറുത്തവർഗക്കാരനായ ഡോ. ഡോണ്‍ ഷേര്‍ലി ലോകപ്രശസ്തനായ പിയാനിസ്റ്റാണ്. അമേരിക്കയുടെ തെക്കന്‍ ഉള്‍പ്രദേശങ്ങളിലേക്ക് സംഗീതപരിപാടി അവതരിപ്പിക്കാനുള്ള തന്റെ യാത്രയില്‍ വാഹനം ഓടിക്കാൻ ഇറ്റാലിയന്‍ വംശജനായ ടോണി ലിപ്പിനെ അയാൾ കൂടെക്കൂട്ടുകയാണ്.
ബാറിൽ ബൗൺസറായി ജോലിചെയ്തിരുന്ന ടോണി രണ്ടു മാസത്തെ ഇടവേളയിലാണ് ഡോ. ഷേർലിയുടെ ഡ്രൈവറാവാൻ തീരുമാനിക്കുന്നത്. സ്വഭാവവിശേഷങ്ങളിലും അഭിരുചികളിലും ഇരു ധ്രുവങ്ങളില്‍ നില്ക്കുന്ന ഇവർക്കിടയിൽ പോകപ്പോകെ ഒരു ആത്മബന്ധം ഉടലെടുക്കുന്നു. കറുത്തവർഗക്കാരെ ഇഷ്ടമില്ലാത്ത ടോണിയെ ഷേർലി അറിഞ്ഞോ അറിയാതെയോ മാറ്റിയെടുക്കുന്നുണ്ട്.
റോഡ് മൂവി, ഫീൽ ഗുഡ് മൂവി, ബയോപിക് അങ്ങനെ പല ഴോണറുകളിലായി സിനിമയെ വിലയിരുത്താറുണ്ട്. ഇതെല്ലാം ചേർന്നതാണ് ‘ഗ്രീൻ ബുക്ക്’. തുടക്കം മുതൽ അവസാനം വരെ ചിത്രത്തിന്റെ ഭൂരിഭാഗവും കാറിലാണ്. സിനിമ യഥാർഥ കഥയെ ആസ്പദമാക്കിയിട്ടുള്ളതാണ്. വളരെ സെൻസിറ്റിവായ വിഷയത്തെ നർമത്തിൽ ചാലിച്ച്, എന്നാൽ പറയേണ്ട കാര്യങ്ങൾ കൃത്യമായി പറഞ്ഞ് പ്രേക്ഷകർ ആഗ്രഹിക്കുന്ന ഒരു അവസാനത്തിലേക്ക് എത്തിക്കുന്നുണ്ട്.
ഗൗരവമുള്ള വിഷയത്തെ അതിന്റെ എല്ലാവിധ കാമ്പോടും കൂടി അവതരിപ്പിക്കാൻ സംവിധായകന് പീറ്റര്‍ ഫാരെല്ലിക്ക് സാധിച്ചിട്ടുണ്ട്. എടുത്തുപറയേണ്ടത് പശ്ചാത്തല സംഗീതവും ഫ്രെയിമുകളും. വിഷയം ഗൗരവമേറിയതാണെങ്കിലും പശ്ചാത്തലം പ്ലസന്റ് മൂഡിലാണ് സെറ്റ് ചെയ്തിരിക്കുന്നത്. ടോണി ലിപ് ആയി വിഗോ മോര്റ്റെന്സണും ഡോ. ഷേര്‍ലിയായി മഹേര്‍ഷല അലിയും തങ്ങളുടെ കഥാപാത്രങ്ങളെ മനോഹരമാക്കിയിരിക്കുന്നു. 2019ല്‍ ഏറ്റവും മികച്ച ചിത്രത്തിനും മികച്ച തിരക്കഥക്കും ഡോ. ഷേര്‍ളിയെ അവതരിപ്പിച്ച മഹേര്‍ഷല അലിക്ക് മികച്ച സഹനടനുമുള്ള ഓസ്കര് ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങളാണ് ചിത്രം വാരിക്കൂട്ടിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.