Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഹലാലായ ഒരു സിനിമാ യാത്ര
cancel
Homechevron_rightEntertainmentchevron_rightReviewschevron_rightഹലാലായ ഒരു സിനിമാ...

ഹലാലായ ഒരു സിനിമാ യാത്ര

text_fields
bookmark_border

സിനിമക്കുള്ളിലെ സിനിമ എന്നത് ലോക പ്രശസ്തമായ സിനിമ പാരഡിസോ ക്ലബ്ബ് മുതൽ ഉദയനാണ് താരം വരെയുള്ള ചലച്ചിത്രങ്ങളിൽ പ്രതിപാദിച്ചിട്ടുള്ളതാണ്. എങ്കിൽ പോലും മിക്കപ്പോഴും ആവർത്തന വിരസത തോന്നാത്ത രീതിയിൽ പ്രേക്ഷകനെ ഈ വിഷയം വെച്ചു ആനന്ദിപ്പിക്കാനും രസിപ്പിക്കാനും സംവിധായകർക്ക് സാധിക്കാറുണ്ട്. അക്കൂട്ടത്തിലേക്കുള്ള ഒരു മലയാള ചിത്രമാണ് 'സുഡാനി ഫ്രം നൈജീരിയ' എന്ന ചിത്രത്തിനു ശേഷം സക്കരിയ സംവിധാനം ചെയ്ത 'ഹലാൽ ലവ് സ്റ്റോറി'.

പേരിൽ തന്നെ തുടങ്ങുന്നു ചിത്രത്തിലെ കൗതുകങ്ങൾ. 2000ത്തിന്‍റെ തുടക്കങ്ങളിൽ മലബാറിൽ എവിടെയോ ആണ് കഥ സംഭവിക്കുന്നത്. പഴയ നോക്കിയ ബ്ലാക്ക് ആന്റ് വൈറ്റ് ഫോണും കറങ്ങുന്ന സൗണ്ട് റെക്കോർഡിങ് സംവിധാനവുമുള്ള ഒരു കാലഘട്ടത്തിൽ 'ഹറാമായ' സിനിമകൾ ഓടുന്ന നാട്ടിൽ സംഘടനയുടെ നിബന്ധനകളും പരിമിതികളും വെച്ചു കൊണ്ടു തന്നെ ഹലാലായ ഒരു ചെറു ചിത്രം ചിത്രീകരിക്കുവാൻ വേണ്ടി സ്ഥലത്തെ പ്രധാന കലാകാരന്മാരുടെയും ആക്റ്റിവിസ്റ്റുകളുടെയും ഒരു ചെറുസംഘം മുന്നോട്ട് വരുന്നു.

കലയെ ജീവിതത്തിന്‍റെ ഭാഗമായി കാണുന്ന അവർ അതിനെ തുടർന്ന് അഭിമുഖീകരിക്കുന്ന സാമ്പത്തിക - സാമുദായിക-രാഷ്ട്രീയ പ്രശ്നങ്ങളെ തമാശയുടെ മേമ്പൊടി ചേർത്ത് നാടകീയതയില്ലാതെ പറഞ്ഞു വെക്കാൻ സംവിധായകൻ സക്കരിയക്ക് സാധിച്ചിട്ടുണ്ട്. ചിത്രത്തിന്‍റെ രസകരമായ അവതരണശൈലി എടുത്തു പറയേണ്ടതാണ്.

ആദ്യ ചിത്രം സുഡാനി ഫ്രം നൈജീരിയ ഒരു യൂണിവേഴ്സൽ ആയ വിഷയത്തെ മലബാറിന്‍റെ മണ്ണിലേക്ക് കൊണ്ടു വന്നപ്പോൾ ഇത്തവണ സംവിധായകൻ ശ്രമിച്ചത് പ്രേക്ഷകർക്ക് റിലേറ്റ് ചെയ്യാവുന്ന വളരെ ലാളിത്യമുള്ള ഒരു കഥയെ ക്യാൻവാസിലേക്കു പകർത്തുകയാണ്. രണ്ടു രീതിയിൽ പ്രേക്ഷകന് സിനിമ അനുഭവിക്കാം.

ആദ്യത്തേത് ചുറ്റും കണ്ടുവളർന്ന ജീവിതങ്ങളും അതിനിടയിൽ ഒരു കാലത്ത് മലബാറിൽ സജീവമായിരുന്ന ഹോം സിനിമകളുടെ ചിത്രീകരണവും അതിനിടയിലെ സംഭവ വികാസങ്ങളും എല്ലാം കണ്ടുംകേട്ടും അനുഭവിച്ചും അറിഞ്ഞ നാട്ടിൻപുറത്തുകാരൻ എന്ന നിലയിലും രണ്ടാമത്തേത്, ചലച്ചിത്രത്തെ പൂർണമായും ഒരു വിനോദോപാധി എന്ന നിലയിൽ കാണുന്ന, മലബാറിന് പുറത്തു നിന്നുള്ള പ്രേക്ഷകൻ എന്ന നിലയിലും. ആദ്യത്തെ രീതി കാണുന്നയാൾക്ക് നൊസ്റ്റാൾജിയ കലർന്ന ഒരു തിരിഞ്ഞു നോട്ടത്തിന്‍റെ പ്രതീതി നൽകുമ്പോൾ ഇത്തരം സംഭവ വികാസങ്ങളോട് പരിചിതമല്ലാത്ത ഒരു പ്രേക്ഷകനും ആസ്വദിക്കാനുള്ളത് എല്ലാം സംവിധായകൻ സിനിമയിൽ കരുതി വെച്ചിട്ടുണ്ട്.

രാഷ്ട്രീയപരമായി ചിത്രത്തെ വായിക്കുക ആണെങ്കിൽ ഒരു കാലത്ത് എല്ലാ സിനിമകളും ഹറാമായി കണക്കാക്കിയിരുന്ന ഒരു കമ്യൂണിറ്റിക്കുള്ളിൽ ചെറിയ ഹോം സിനിമകൾ നിർമിച്ചും ലോകത്തിൽ വിവിധ ഭാഷകളിൽ 'ഹലാൽ' ആയ സിനിമകൾ ഉണ്ടാകുന്നുണ്ടെന്ന് കാണിച്ചു കൊടുത്തും കൊണ്ടുവന്ന വിപ്ലവകരമായ മാറ്റത്തിന്‍റെ വരച്ചുവെക്കൽ കൂടി ആണ് ഹലാൽ ലൗ സ്റ്റോറി. ഇതിനൊപ്പം തന്നെ സാധാരണ കുടുംബാന്തരീക്ഷത്തിലുണ്ടാകുന്ന പ്രശ്നങ്ങളും അത് ദൈനംദിന ജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്നുള്ളതും സൂക്ഷ്മായ നിരീക്ഷണത്താൽ മാത്രം ചേർക്കാവുന്ന രീതിയിൽ ഒന്നിലേറെ ഇടങ്ങളിൽ സംവിധായകൻ അടയാളപ്പെടുത്തുന്നുമുണ്ട്.

ചിത്രത്തിൽ വളരെയധികം മികച്ചു നിന്ന അഭിനയമായിരുന്നു ഗ്രേസ് ആന്‍റണിയുടേത്. ഷറഫുദ്ദീൻ, ഇന്ദ്രജിത്ത്, ജോജു ജോർജ്, സൗബിൻ, പാർവതി തുടങ്ങിയവർക്കൊപ്പം ഒരു കൂട്ടം നല്ല അഭിനേതാക്കളും സിനിമയിലുണ്ട്.


അജയ് മേനോൻ ആണ് ചിത്രത്തിന്‍റെ ഛായാഗ്രഹണം. സക്കരിയ, മുഹ്സിൻ പരാരി, ആഷിഖ് കക്കോടി എന്നിവരാണ് ചിത്രത്തിന്‍റെ രചന. ഷഹബാസ് അമൻ, ബിജിബാൽ എന്നിവരാണ് ഗാനങ്ങൾ ഒരുക്കിയത്. മുഹ്സിൻ പരാരി രചിച്ച മനോഹര ഗാനത്തോടെ ആരംഭിക്കുന്ന ചിത്രം സുന്ദരമായ ഒരു ഫീൽ ഗുഡ് മൂവി ആയിട്ട് ആണ് അവസാനിക്കുന്നത്. നാട്ടിൻപുറത്തെ മനോഹരമായ ദൃശ്യചാരുതയും അവിടുത്തെ ആളുകളുടെ നിർമ്മലമായ സ്വഭാവവും വിശദമായി ചിത്രം അവതരിപ്പിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ZakariyaHalal Love StoryHalal Love Story reviewmuhin perari
Next Story