Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightReviewschevron_right‘ഗോൾഡ് ഫിഷ്’; ഹൃദയം...

‘ഗോൾഡ് ഫിഷ്’; ഹൃദയം തുറന്ന് കാണാം

text_fields
bookmark_border
‘ഗോൾഡ് ഫിഷ്’; ഹൃദയം തുറന്ന് കാണാം
cancel
അമ്മ-മകൾ ബന്ധത്തിലെ അതിലോല മുഹൂർത്തങ്ങളെ ഒപ്പിയെടുത്ത് ‘ഗോൾഡ് ഫിഷ്’

അമ്മയും മകളും തമ്മിലെ സങ്കീർണതകൾ വിഷയമാക്കി മലയാളത്തിൽ സിനിമകൾ കുറവാണെങ്കിലും ബോളിവുഡിലും ഹോളിവുഡിലും ഇതൊരു പുതുമയുള്ള കഥയല്ല. പൂഷൻ കൃപലാനി സംവിധാനം ചെയ്ത് സെപ്റ്റംബർ ഒന്നിന് റിലീസ് ചെയ്ത ‘ഗോൾഡ് ഫിഷ്’ അമ്മ- മകൾ ബന്ധത്തിന്റെ സങ്കീർണതകളെ വിശകലനം ചെയ്യുന്ന നല്ലൊരു ഹിന്ദി സിനിമയാണ്.

അർധ ഇന്ത്യൻ, അർധ ഇംഗ്ലീഷുകാരിയായ അനാമിക, അമ്മയുടെ ഡിമെൻഷ്യയുടെ വെല്ലുവിളികളെ നേരിടാനും അവരുടെ വളർത്തലിൽനിന്ന് ഉണ്ടാകുന്ന വൈകാരിക മുറിവുകൾ അടക്കാനും യു.കെയിലെ തന്റെ വീട്ടിലേക്ക് മടങ്ങുന്നു. തുടക്കം ഇങ്ങനെയൊക്കെ ആണെങ്കിലും മറ്റ് സെൻസിറ്റീവ് വിഷയങ്ങളിൽ സ്പർശിക്കുന്നതിനൊപ്പം മാതാവ് എന്ന വാത്സല്യം എത്ര മഹത്തരമെന്നത് ചിത്രത്തിലൂടെ ഉണർത്തുന്നു.

കുടുംബത്തിനുള്ളിലെ പിരിമുറുക്കമുള്ള ബന്ധത്താൽ പെരുപ്പിച്ചു കാണിക്കുന്ന വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളെ കേന്ദ്രീകരിച്ചാണ് സിനിമ പുരോഗമിക്കുന്നത്. അതുകൊണ്ടുതന്നെ കുടുംബബന്ധങ്ങളുടെ അതിലോലമായ മുഹൂർത്തങ്ങളെയാണ് ‘ഗോൾഡ് ഫിഷ്’ അനാവരണം ചെയ്യുന്നത്. കുടുംബങ്ങൾക്കരികിലിരുന്ന് കാണുമ്പോൾ ഈ സിനിമ ഏറെ ഹൃദ്യമുള്ളതായി തോന്നും.

സാധന എന്ന അമ്മ വേഷത്തിലെത്തിയ ദീപ്തി നേവലും മകൾ അനാമികയായി അഭിനയിച്ച കൽക്കി കോച്ച്‌ലിനുമാണ് പ്രധാന താരങ്ങൾ. അഭിനയം കൊണ്ട് രണ്ടുപേരും മികച്ചു നിൽക്കുന്നു എന്ന് പറയുന്നതിനപ്പുറം ഇങ്ങനെയും അമ്മ-മകൾ ബന്ധമുണ്ടെന്ന് അടിവരയിട്ട് കാണിച്ചുതരുന്നു എന്നാണ് പറയേണ്ടത്.

വാർധക്യത്തിന്‍റെ ആദ്യപടിയിൽതന്നെ സാധനക്ക് (ദീപ്തി നേവൽ) ഓർമ നഷ്ടപ്പെടുന്നു. മകൾക്ക് അമ്മയോട് നീരസമുണ്ടെങ്കിലും അവരെ പരിചരിക്കണമെന്നും അവർക്ക് തണലായി നിൽക്കണമെന്നുമാണ് അവളുടെ ഉദേശ്യം. ആ ലക്ഷ്യത്തോടെ അവൾ വീട്ടിലേക്ക് മടങ്ങുന്നു.

മാനസികാരോഗ്യ പ്രശ്‌നങ്ങളുള്ള ഒരാളുടെയും അവരുടെ ചുറ്റുമുള്ളവരുടെയും ആന്തരിക ലോകത്തെ ഉൾക്കൊള്ളുന്ന ഒരു സിനിമാറ്റിക് അനുഭവം സൃഷ്ടിക്കാൻ പ്രത്യേക കഴിവുതന്നെ വേണം. ആ ഒരർഥത്തിൽ അർഘ്യ ലാഹിരിക്കൊപ്പം തിരക്കഥയെഴുതിയ സംവിധായകൻ പൂഷൻ കൃപലാനി സാധനയുടെയും അനാമികയുടെയും ജീവിതത്തിലൂടെ മനസ്സുകൊണ്ട് സഞ്ചരിച്ച് സൃഷ്ടിച്ച ഈ സിനിമ കാണുമ്പോൾ പ്രേക്ഷകനും അതിന്‍റെ പിരിമുറുക്കം വല്ലാതെ അനുഭവപ്പെടും. ക്ലാസിക്കൽ മെലഡികൾ സമന്വയിപ്പിക്കുന്ന തപസ് റിലിയയുടെ പശ്ചാത്തല സംഗീതം സിനിമയുടെ ഒഴുക്കിനെ സുഖപ്പെടുത്തുന്നുണ്ട്. പ്രധാനമായും ലണ്ടനിലെ സാധനയുടെ വീട്ടിലും അവിടെയുള്ള ഇന്ത്യൻ സമൂഹത്തിലും ഒതുങ്ങിനിൽക്കുന്ന സിനിമയുടെ പശ്ചാത്തലം, കഥപറച്ചിലിന് ഫലപ്രദമായി സംഭാവന നൽകുന്ന ഒരു അടുപ്പമുള്ള അന്തരീക്ഷം സൃഷ്ടിക്കുന്നുണ്ട്. നഴ്‌സ് ലക്ഷ്മി (ഭാരതി പട്ടേൽ), പലചരക്ക് കട ഉടമ അശ്വിൻ (രജിത് കപൂർ) എന്നിവരുമായുള്ള അനാമികയുടെ ഇടപെടലുകളും കഥയുടെ ആഴത്തെ വർധിപ്പിക്കുന്നതാണ്. മാതാപിതാക്കളിലും കുട്ടികളിലും ഉണ്ടാകാവുന്ന സങ്കീർണതകളും കാലക്രമേണ റോളുകളും ഉത്തരവാദിത്തങ്ങളും എങ്ങനെ വിപരീതമാക്കപ്പെടുന്നു എന്നതാണ് സിനിമ അടിവരയിട്ട് കാട്ടുന്നത്.

ഒടുവിൽ അമ്മയെ ഒരു കെയർ ഹോമിൽ പാർപ്പിക്കണമോ എന്ന മകളുടെ ചിന്ത സിനിമയുടെ കേന്ദ്ര ഉറവിടമായി മാറുന്നു. ‘ദ ഫാദർ’, ‘എവേ ഫ്രം ഹെർ’ തുടങ്ങിയ സിനിമകളുമായി സമാനത തോന്നാനിടയുണ്ട്. അമ്മയും മകളും തമ്മിലുള്ള മൂർച്ചയുള്ള സംഭാഷണങ്ങൾക്കിടയിൽ, അനാമിക സാധനയെ സാരി ഉടുക്കാൻ സഹായിക്കുന്നൊരു രംഗമുണ്ട്. സംഭാഷണങ്ങളില്ലാത്ത ഈ രംഗം കാണുമ്പോൾ മനസ്സ് ആർദ്രതകൊണ്ട് നമ്മെ പുതച്ചുമൂടും. അത്രയും മനോഹരമായാണ് ആ രംഗം ചിത്രീകരിച്ചത്.

നമ്മൾ ആരെയാണോ പരിചരിക്കുന്നത് അവരോട് എത്രമാത്രം അടുത്തുനിൽക്കാൻ നമുക്ക് സാധിക്കുന്നുണ്ട് എന്നതാണ് സിനിമയുടെ യഥാർഥ ധ്വനി. പരിചരിക്കുന്നവർ നേരിടുന്ന വെല്ലുവിളികളും തങ്ങളുടെ പ്രിയപ്പെട്ടവർക്കായി അവർ ചെയ്യുന്ന ത്യാഗങ്ങളും മനോഹരമായിത്തന്നെ സിനിമ അടിവരയിടുന്നു. ‘ഗോൾഡ് ഫിഷ്’, അതാണല്ലോ, നല്ല പരിചരണം ലഭിച്ചാൽ കാലങ്ങളോളം അഴകോടെ നമുക്കരികിൽ നീന്തിത്തുടിച്ച് കളിച്ചുരസിച്ചു നമ്മെ ആനന്ദിപ്പിച്ചു കൊണ്ടിരിക്കും, ഒട്ടും സങ്കടങ്ങളില്ലാതെതന്നെ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Movie ReviewsBollywood NewsGold Fish
News Summary - Hindi Movie Review; Gold Fish
Next Story