നമ്മുടെ ഹൃദയത്തിലുള്ളതെല്ലാമുണ്ട്, 'ഹൃദയ'ത്തിൽ...
text_fieldsഹൃദയം കീഴടക്കുന്ന സിനിമ. പ്രണയത്തെയും സംഗീതത്തെയും ജീവിതവുമായി ഇഴചേർത്ത് വിനീത് ശ്രീനിവാസൻ ഒരുക്കിയ 'ഹൃദയം' എന്ന സിനിമ കണ്ടിറങ്ങുമ്പോൾ ആദ്യം തോന്നുന്ന ഫീൽ ഇതുതന്നെയാണ്. കാരണം പ്രണയം, വിരഹം, സൗഹൃദം, സന്തോഷം, നൊമ്പരം തുടങ്ങി നമ്മുടെ ഹൃദയത്തിലുള്ളതെല്ലാമുണ്ട് ഈ 'ഹൃദയ'ത്തിലും. ഹൃദ്യമാണ് ഇതിലെല്ലാം; കഥയും പാട്ടും അഭിനയവും അഭിനേതാക്കളും എല്ലാം...
അതിഭാവുകത്വമില്ലാത്ത ഒരു മ്യൂസിക്കല്‍ ലവ് സ്റ്റോറിയാണ് 'ഹൃദയം'. മലയാളത്തിൽ അധികമായി പരീക്ഷിച്ചിട്ടില്ലാത്ത ഒരു ജോണർ ആയതുകൊണ്ടുതന്നെ പ്രണയവും സംഗീതവും ജീവിതവുമെല്ലാം ഇടകലർന്ന പ്രമേയത്തെ പ്രതീക്ഷ തെറ്റിക്കാത്ത വിധത്തിൽ തൃപ്തിപ്പെടുത്തുന്ന അനുഭവമാക്കാൻ വിനീതിന് കഴിഞ്ഞിട്ടുമുണ്ട്. കലാലയ പ്രണയം ഒരനുഭവമാണ്. ഇടനാഴികൾ, ക്ലാസ്സ്മുറികൾ, കാന്റീൻ... ഓരോരുത്തരും അവരവരുടെ പ്രണയങ്ങളെ കലാലയങ്ങളിൽ കൊണ്ടാടുന്ന ഇടങ്ങളാണ് ഇവയൊക്കെ.
എന്തൊക്കെ സംഭവിച്ചാലും ഇവനെ/ഇവളെ ജീവിതത്തിൽ കൂട്ടും എന്ന് മനസ്സുകൊണ്ട് ആഗ്രഹിക്കുന്ന, ചിലപ്പോഴൊക്കെയും ഉറപ്പിക്കുന്ന കാലം കൂടിയുമാണ് അത്. എന്നിട്ടും പിന്നീട് എന്താണ് അവരിലൊക്കെ സംഭവിക്കുന്നത്? ഹൃദയം കീഴടക്കിയ മനുഷ്യരൊക്കെയും എങ്ങനെയാണ് ജീവിതത്തിൽ നിന്ന് അകന്നുപോകുന്നത്? അവരോടൊപ്പമുള്ള ഇന്നലെകളിൽ നിന്നെങ്ങനെയാണ് മനുഷ്യർ ഇന്നിലേക്ക് നടന്നടുക്കുന്നത്? ഇത്തരം ചില ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾക്കായാണ് അരുൺ എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിലൂടെ, അയാളുടെ കോളജ് കാലഘട്ടവും അതിന് ശേഷമുള്ള യുവത്വവുമെല്ലാമായി, വിനീത് നമ്മളെ കൂട്ടിക്കൊണ്ടുപോകുന്നത്.
എന്നാൽ, കാലഘട്ടങ്ങളുടെ മാറ്റത്തിന്റെ രംഗങ്ങളിൽ പ്രണയത്തെ ഇവിടെ ഒരു മെലോഡ്രാമയായി കണക്കാക്കാനാവില്ല. അതിന് സ്വാഭാവികമായ ഒരു അവതരണരീതി തന്നെയാണ് വിനീത് പ്രയോഗിച്ചിരിക്കുന്നത്. ചെന്നൈയിലെ എൻജിനീയറിങ് കോളജിൽ നാലു വർഷത്തെ ബിരുദ പഠനത്തിനായെത്തുന്ന അരുൺ എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിലൂടെയാണ് 'ഹൃദയം' മുമ്പോട്ട് പോകുന്നത്. കോളജിലേക്ക് പോകുന്ന ആദ്യത്തെ ദിവസത്തിൽ ട്രെയിനിൽ വെച്ച് കണ്ടുമുട്ടി പിന്നീട് ജീവിതത്തിന്റെ ഭാഗമാകുന്ന ആന്റണി താടിക്കാരനെന്ന കോളേജ് സുഹൃത്തും സെൽവയും കാളിയും ദർശനയുമൊക്കെ അടങ്ങുന്ന അരുണിന്റെ കോളജ് കാലഘട്ടം തന്നെയാണ് സിനിമയുടെ ആദ്യപകുതി.
അരുണിന്റെ ജീവിതത്തിലെ നിർണായകഘട്ടങ്ങളിലെല്ലാം ആന്റണി താടിക്കാരൻ അയാൾക്കൊപ്പമുണ്ട്. അരുണിന്റെ ജീവിതത്തിൽ കോളജ് കാലം തന്നെയാണ് അയാളുടെ ജീവിതത്തെ പലവഴിക്ക് മാറ്റുന്നത്. തന്റെ ജീവിതവും ഭാവിയും എങ്ങനെയാവണമെന്ന് തീരുമാനിക്കാനും വിധിക്കുവാനുമുള്ള അവസരവും അയാൾക്ക് അവിടെ തന്നെയുണ്ടായിരുന്നു. അപ്രതീക്ഷിതമായ ഒരു പ്രണയത്തകർച്ചയിൽ നിന്നും തനിക്ക് ഉണ്ടാകുന്ന മാറ്റങ്ങളും നഷ്ടങ്ങളും താൻ വരുത്തിവെക്കുന്ന വഴിവിട്ട സഞ്ചാരങ്ങളും സ്വയം തിരിച്ചറിയുന്നയിടത്തു നിന്നാണ് അയാൾ തന്റെ യഥാർഥ ജീവിതം/വഴി തെരഞ്ഞെടുക്കുന്നത്. ആ തെരഞ്ഞെടുപ്പ് അയാളുടെ ജീവിതത്തിൽ എത്ര കണ്ട് ആഴത്തിൽ സ്വാധീനം ചെലുത്തുന്നു/ ഹൃദയത്തോട് എത്ര കണ്ടു ചേർന്നുനിൽക്കുന്നു എന്നതാണ് സിനിമയുടെ ആകെത്തുക. ആ ആകെത്തുകയെ സംഗീതവുമായി ചേർത്ത് കെട്ടുമ്പോഴാണ് 'ഹൃദയം' പ്രേക്ഷകരുടെ ഹൃദയത്തെ ആഴത്തിൽ സ്പർശിക്കുന്നത്.
അരുൺ ആയെത്തുന്ന പ്രണവ് മോഹൻലാൽ ഏവരുടെയും ഹൃദയത്തിൽ തന്നെയാണ് ചേക്കേറിയിരിക്കുന്നത്. അയാളുടെ കലാലയ കാമുകിയായ ദർശനയെന്ന കഥാപാത്രമായി ദർശന രാജേന്ദ്രൻ എത്തുന്നു. അതോടൊപ്പം കല്യാണി പ്രിയദർശന്റെ നിത്യയെന്ന കഥാപാത്രത്തിന്റെ കുസൃതിത്തരങ്ങളും പ്രേക്ഷകരിൽ പ്രീതിയുളവാക്കുമെങ്കിലും ദർശനയുടെ കഥാപാത്രം ഒറ്റവാക്കിൽ എഴുതി പിടിപ്പിക്കാവുന്ന അത്ര എളുപ്പമല്ല. പ്രണയത്തിന്റേതായ എല്ലാത്തരം വേദനയും വിങ്ങലും എല്ലായിപ്പോഴും ബാക്കിവെക്കുന്ന കഥാപാത്രം തന്നെയാണ് ദർശന. ഇന്നലെകളിൽ ജീവിക്കുന്ന ദർശനയും ജീവിതം ആസ്വദിച്ചു തുടങ്ങുമ്പോൾ അതാണ് ശരിയായ സമയം എന്ന തിരിച്ചറിവിൽ എത്തിനിൽക്കുന്ന അരുണും പലപ്പോഴും നമ്മളിൽ പലരുമാണെന്ന തോന്നൽ ഉളവാക്കുന്നു. അരുണിൽ തുടങ്ങി അരുണിൽ തന്നെ സിനിമ അവസാനിക്കുമ്പോഴും അങ്ങനെ എടുത്തുപറയാവുന്ന ഒരു തുടക്കവും അവസാനവും ഇല്ല എന്നത് തന്നെയാണ് ഈ സിനിമയുടെ കൗതുകവും ആകർഷണവും.
വിനീതിന്റെ കഥപറച്ചിലാണോ പ്രണവിന്റെ അഭിനയമാണോ ഹിഷാം അബ്ദുൽ വഹാബിന്റെ സംഗീതമാണോ മാജിക്കൽ എന്ന് ചോദിച്ചാൽ 'മൂന്നും' എന്ന് മറുപടി പറയേണ്ടി വരും. ഹിഷാമിന്റെ പാട്ടുകളും പശ്ചാത്തല സംഗീതവും വലിയ കയ്യടി അർഹിക്കുന്നു. 15 പാട്ടുകളും ചിത്രത്തിന്റെ ഒഴുക്കിനെ തടസ്സപ്പെടുത്താതെ അലിഞ്ഞുചേർന്നിട്ടുണ്ട്. വിശ്വജിത്തിന്റെ ഛായാഗ്രഹണവും രഞ്ജന്‍ എബ്രഹാമിന്റെ എഡിറ്റിങും കൈതപ്രം, അരുണ്‍ ആലാട്ട്, ബുല്ലേ ഷാ, വിനീത് എന്നിവരുടെ വരികളും എല്ലാം 'ഹൃദയ'ത്തോട് ചേർന്നുനിൽക്കുന്നതായി. വിജയരാഘവൻ, ജോണി ആന്റണി, അജീ വർഗീസ്, അശ്വത് ലാൽ, അന്നു ആന്റണി, ആൻ സലീം, മേഘ തോമസ്, ജോജോ തോമസ്, ശിവ ഹരിഹരൻ, അജിത് തോമസ് എന്നിവരെല്ലാം തങ്ങളുടെ വേഷങ്ങൾ മികച്ചതാക്കി.
മെറിലാന്റ് സിനിമാസിന്റെ 70ാം വർഷത്തിലൊരുങ്ങുന്ന എഴുപതാമത്തെ ചിത്രമാണിത്. 40 വര്‍ഷത്തിന് ശേഷം മെറിലാന്റ് സിനിമാസിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രമെന്ന പ്രത്യേകതയുമുണ്ട്. കോവിഡ് കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ തിയേറ്ററുകള്‍ അടച്ചുപൂട്ടുമോ എന്ന സംശയം നിലനില്‍ക്കുമ്പോഴും റിലീസുമായി മുന്നോട്ടുപോയ അണിയറപ്രവർത്തകരുടെ ആത്മവിശ്വാസം അസ്ഥാനത്തായില്ലെന്നാണ് സിനിമക്ക് ലഭിക്കുന്ന പ്രതികരണങ്ങൾ തെളിയിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.