ഇങ്ങനെയും ഒരു ആഗ്രഹം
text_fields2024 മാർച്ചിൽ പുറത്തിറങ്ങിയ അമേരിക്കൻ ഫാന്റസി-റൊമാന്റിക്-കോമഡി ചിത്രമാണ് ‘ഐറിഷ് വിഷ്’. ഒഴുക്കിനനുസരിച്ചൊരു സിനിമ കാണാൻ ആഗ്രഹിക്കുന്നെങ്കിൽ ‘ഐറിഷ് വിഷ്’ തിരഞ്ഞെടുക്കാം.
ഹോട്ട്ഷോട്ട് രചയിതാവായ പോൾ കെന്നഡിയെ (അലക്സാണ്ടർ വ്ലാഹോസ്) പ്രതിനിധാനം ചെയ്യുന്ന ഒരു പ്രസിദ്ധീകരണ സ്ഥാപനത്തിന്റെ എഡിറ്ററാണ് മാഡി. തന്റെ ബെസ്റ്റ് സെല്ലറുകൾ എഡിറ്റ് ചെയ്യുമ്പോൾ, മാഡി പോളിനെ ഭ്രാന്തമായി പ്രണയിക്കുന്നു. എന്നാൽ, അവൾ ഇക്കാര്യം തുറന്നുപറയാൻ വളരെ വൈകിപ്പോയി. തന്റെ മനസ്സിലെ രഹസ്യം കാമുകനോട് പറയുന്നതിന് മുമ്പുതന്നെ അവളുടെ ഉറ്റ സുഹൃത്ത് എമ്മ (എലിസബത്ത് ടാൻ), പോളിനെ അവന്റെ ജന്മനാടായ അയർലൻഡിൽവെച്ച് വിവാഹം കഴിക്കുന്നു. തുടർന്ന് നടക്കുന്ന രസകരമായ സംഭവ വികാസങ്ങളാണ് ചിത്രത്തിന്റെ ഇതിവൃത്തം.
കാമറമാൻ ഗ്രഹാം റോബിൻസ് പകർത്തിയ ഐറിഷ് പട്ടണത്തിന്റെ ദൃശ്യചാരുത എടുത്തുപറയേണ്ടതാണ്. ആർദ്രതയോടെ കണ്ണുകൾ തുറന്നുതന്നെ സിനിമ കാണാൻ ഈ ദൃശ്യങ്ങൾ സഹായിക്കും. ഒരുവേള അയർലൻഡിൽ ഒന്നുപോയി വന്നാലോ എന്ന് ആരുമൊന്ന് ചിന്തിക്കും. പിന്നെ പശ്ചാത്തല സംഗീതവും സംഭാഷണങ്ങളും അത്രമേൽ മനോഹരം. ഒരു സമയംപോക്കായി കാണാവുന്ന ചിത്രം എന്നതിലുപരി കുറച്ച് റൊമാൻസും സംഗീതവും കോമഡിയും സുന്ദര കാഴ്ചകളും സമ്മാനിച്ച് ഒടുവിൽ ചെറിയൊരു ട്വിസ്റ്റും നൽകുന്നൊരു എന്റർടെയ്ൻമെന്റായി ചിത്രം മാറുന്നു.
ജനീൻ ഡാമിയൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ രചിച്ചത് കിർസ്റ്റൺ ഹാൻസെനാണ്. നെറ്റ്ഫ്ലിക്സാണ് ചിത്രത്തിന്റെ വിതരണം ഏറ്റെടുത്തത്. റിലീസ് ചെയ്തതിന്റെ പിറ്റേന്ന് നെറ്റ്ഫ്ലിക്സിന്റെ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ചിത്രങ്ങളുടെ പട്ടികയിൽ ‘ഐറിഷ് വിഷ്’ ഒന്നാം സ്ഥാനത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.