അധോലോക പോരാട്ടത്തിലൂടെ അഭയാർഥി പ്രശ്നം പറഞ്ഞ് 'ജഗമേ തന്തിരം'
text_fieldsഅഭയാർഥി പ്രശ്നം എന്ന ഗൗരവകരമായ വിഷയം മാസ് ചേരുവകൾ ചേർത്ത് പറഞ്ഞ സിനിമ. കാര്‍ത്തിക് സുബ്ബരാജ്- ധനുഷ് കൂട്ടുകെട്ടില്‍ ഒ.ടി.ടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത തമിഴ് സിനിമ 'ജഗമേ തന്തിര'ത്തിനെ ഒറ്റവരിയിൽ ഇങ്ങനെ പറയാം. റിലയന്‍സ് എന്‍റര്‍ടെയിന്‍മെന്‍റും വൈ നോട്ട് സ്റ്റുഡിയോസും ചേര്‍ന്നു നിർമ്മിച്ച ആക്ഷൻ പായ്ക്ക്ഡ് ഗ്യാങ്സ്റ്റർ ചിത്രമായ 'ജഗമേ തന്തിരം' 190 രാജ്യങ്ങളിലായി 17 ഭാഷകളിലായാണ് റിലീസ് ചെയ്തിരിക്കുന്നത്.
അടിമുടി ഒരു ഫാൻ ബോയ് ചിത്രം തന്നെയാണിത്. ധനുഷ് അവതരിപ്പിക്കുന്ന സുരുളി എന്ന ഗ്യാങ്‌സ്റ്ററിന്‍റെ വൺമാൻ ഷോ പ്രകടനമാണ് വാസ്തവത്തിൽ 'ജഗമേ തന്തിരം'. മധുരയിൽ അമ്മയോടൊപ്പം ജീവിക്കുന്ന ലോക്കൽ ഗുണ്ട മാത്രമായ സുരുളിക്ക് ഒരു പ്രത്യേക സാഹചര്യത്തിൽ ലണ്ടനിലേക്ക് യാത്രതിരിക്കേണ്ടി വരുന്നതും അവിടുത്തെ സാഹചര്യങ്ങളെ അഭിമുഖീകരിക്കുന്നതുമൊക്കെയാണ് സിനിമയുടെ കഥാചേരുവകൾ. ബ്രിട്ടനിലെ അഭയാർഥികളുടെ സംരക്ഷകനായ ജോജു ജോർജ് അവതരിപ്പിക്കുന്ന ശിവദോസ് എന്ന് കഥപാത്രത്തിനെതിരെ പോരാടാനാണ് ജെയിംസ് കോസ്മോയുടെ പീറ്ററെന്ന ഗ്യാങ് ലീഡർ ലണ്ടനിലേക്ക് സുരുളിയെ എത്തിക്കുന്നത്. ആഗോളതലത്തിൽ പ്രചാരത്തിലുള്ള ഒരു പ്രശ്നത്തെ, പ്രാദേശികമായി വേരൂന്നിയ ഒരു കഥാപാത്രത്തിലൂടെ വളരെ രസകരവും വിനോദപ്രദവുമായ രീതിയിൽ അവതരിപ്പിക്കാൻ ഉള്ള സത്യസന്ധമായ ശ്രമമാണ് സിനിമയിലൂടെ ഉണ്ടായിരിക്കുന്നത്.
ഇവർ മൂവരും ഉൾപ്പെട്ട അധോലോക പോരാട്ടങ്ങൾ ഒരുവശത്തും അഭയാർഥികളും ബ്രിട്ടനിൽ ജോലി ചെയ്യുന്ന അന്യരാജ്യക്കാരും നേരിടുന്ന വംശീയ വേർതിരിവ് മറ്റൊരുവശത്തും അരങ്ങ് തകർക്കുന്നു. മാസ് ഗെറ്റപ്പുകൾ, പോരാട്ടം, കുടുംബം, പ്രണയം തുടങ്ങി ടിപ്പിക്കൽ തമിഴ് സിനിമ പ്രേക്ഷകൻ ആഗ്രഹിക്കുന്ന എല്ലാവിധ ചേരുവകളും ആശയത്തോടൊപ്പം ചേർത്തുവെച്ചിട്ടുണ്ട് ഈ സിനിമയിൽ. തമിഴിലേക്ക് മാസ് എൻട്രി നേടിയ ജോജു ജോർജും നായകയായെത്തിയ ഐശ്വര്യ ലക്ഷ്മിയുമാണ് മലയാളി പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം സിനിമയുടെ പ്രധാന ആകർഷണം. 'ഗെയിം ഓഫ് ത്രോൺസി'ൽ ലോർഡ് കമാൻഡർ മോർമോണ്ട് ആയി തിളങ്ങിയ ഹോളിവുഡ് താരം ജയിംസ് കോസ്മോയും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നു.
തീയേറ്റർ അനുഭവത്തോടെ കാണേണ്ട സിനിമയായതിനാൽ ഒ.ടി.ടി പ്രേക്ഷകർക്ക് ഇതിന്‍റെ മാസ് കാഴ്ചാനുഭവം അത്ര അനുഭവേദ്യമാകുവാൻ തരമില്ല. തമിഴിലെ പുതുയുഗ സംവിധായകരിൽ മുൻനിരയിലുള്ള കാർത്തിക് സുബ്ബരാജിന് രജനി ചിത്രം 'പേട്ട'യുടെ പശ്ചാത്തലത്തിൽ റിലീസിന് മുമ്പ് തന്നെയായി ഏറ്റവും കൂടുതൽ ഹൈപ്പ് ലഭിച്ച ചിത്രമാണ് 'ജഗമേ തന്തിരം'. എന്നാൽ, പ്രേക്ഷക പ്രതീക്ഷ നിലനിർത്താൻ ചിത്രത്തിനായോ എന്നത് ഒരു ചോദ്യമാണ്.
ട്രോയ്, ബ്രേവ് ഹാര്‍ട്ട് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രക്ഷേകര്‍ക്ക് പരിചിതനായ ജെയിംസ് കോസ്‌മോയുടെ ലണ്ടന്‍ ഡോണായ 'പീറ്റർ' എന്ന കഥാപാത്രവും ജോജുവിന്‍റെ ശിവദോസും മികച്ചുനിന്നു. ജോജുവിന്‍റെ കരിയർ ബെസ്റ്റ് എന്നു അടയാളപ്പെടുത്താൻ ഉതകുന്നതാണ് ശിവദോസ്. എന്നാൽ നായികയായ ഐശ്വര്യ ലക്ഷ്മിക്ക് കൂടുതലായി എന്തെങ്കിലും ചെയ്യുവാൻ ഉണ്ടെന്ന് തോന്നിച്ചില്ല. സന്തോഷ് നാരായണന്‍റെ സംഗീതവും ശ്രേയസ് കൃഷ്ണന്‍റെ ഛായാഗ്രഹണവും മാത്രമല്ല സാങ്കേതികപരമായി എല്ലാവരും തന്നെ മുന്നിട്ടു നിന്ന ചിത്രം തന്നെയാണ് 'ജഗമേ തന്തിരം'.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.