Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
jai bhim movie
cancel
Homechevron_rightEntertainmentchevron_rightReviewschevron_rightജയ് ഭീം: അംബേദ്​കറാണ്​...

ജയ് ഭീം: അംബേദ്​കറാണ്​ സൂപ്പർ സ്​റ്റാർ

text_fields
bookmark_border

ഭരണഘടനാ ശിൽപി ബാബാ സാഹേബ് ഭീം റാവ് അംബേദ്കറോടുള്ള സ്നേഹവും ആദരവും പ്രകടിപ്പിക്കാൻ പലതുണ്ട് വഴികൾ. അതിലേറ്റവും കരണീയമായത് പിടിച്ചുപറിക്കപ്പെട്ട നീതി തിരിച്ചുപിടിക്കാനായി പോരാടലാണ്. അന്തസ്സോടെ ജീവിക്കാനോ മനുഷ്യരെന്ന് ഗണിക്കപ്പെടുവാനോ പോലും അനുവദിക്കപ്പെടാഞ്ഞ സമൂഹങ്ങൾക്കായി ജീവിതം സമർപ്പിച്ച ആ യുഗപ്രഭാവനോട് ചെയ്യേണ്ടുന്ന ഏറ്റവും വലിയ നീതിയും അതുതന്നെയാവും. ചെങ്കോട്ടയിൽ യൂനിയൻ ജാക്ക് അഴിച്ചുമാറ്റി മൂവർണ്ണ കൊടിയേറ്റി പതിറ്റാണ്ടുകൾക്കിപ്പുറവും സ്വാതന്ത്ര്യ മധുര മിഠായിയുടെ ഒരു തുണ്ട് പോലും കിട്ടാതെ പോയ മനുഷ്യർ നമുക്കിടയിലുണ്ടെന്ന വിളിച്ചുപറയലും അംബേദ്കറുൾപ്പെടെ രാജ്യ സ്വാതന്ത്ര്യത്തിനായി നിലകൊണ്ട ഓരോരുത്തരോടുമുള്ള നീതിയാണ്- അത്തരമൊരു നീതിപൂർവകമായ വിളിച്ചു പറച്ചിലാണ് 'ജയ് ഭീം'.


1995ൽ നടന്ന ഒരു യഥാർഥ സംഭവത്തെ ആസ്പദമാക്കിയാണിത് നിർമിച്ചിരിക്കുന്നത്. സകല മര്യാദകളും വിട്ടുള്ള കടന്നുകയറ്റങ്ങൾ, ജാതിയുടെ പേരിലുള്ള അപമാനിക്കലും വിവേചനവും, കസ്റ്റഡി കൊലപാതകം, തെളിവു നശിപ്പിക്കൽ, കള്ള സാക്ഷികളെയും വ്യാജ തെളിവുകളും പടച്ചുണ്ടാക്കൽ തുടങ്ങി വർഷങ്ങൾക്കിപ്പുറവും കുറവു വരാത്ത പൊലീസ് അതിക്രമങ്ങൾക്ക് നേരെ കാമറ തിരിച്ചുവെക്കുേമ്പാൾ ഇതിവൃത്തം മാത്രമല്ല, ഈ ചിത്രത്തിെൻറ നിർമ്മിതി തന്നെ ആക്ടിവിസമായി മാറുന്നു. പട്ടിക വർഗ വിഭാഗമായ ഇരുള സമുദായത്തിലെ മനുഷ്യരെ കുറ്റവാളി ഗോത്രമായി മുദ്രകുത്തി കുറ്റങ്ങൾ അടിച്ചേൽപ്പിക്കുകയും മുൻവിധി നിറഞ്ഞ െപാതുബോധം സൃഷ്ടിക്കുകയും ചെയ്യുന്ന ജാതിമേൽക്കോയ്മക്കും ഭരണകൂടത്തിനു(പൊലീസ്)മെതിരെ നിർഭയം അടരാടിയ ചന്ദ്രു എന്ന അഭിഭാഷകനായാണ് നിർമാതാവ് കൂടിയായ സൂപ്പർ താരം സൂര്യ ചിത്രത്തിലെത്തുന്നത്. അതിമാനുഷനല്ല, പച്ച മനുഷ്യൻ. പിൽക്കാലത്ത് മദ്രാസ് ഹൈകോടതി ജഡ്ജിയായി മാറിയ ഇതേ പേരുള്ള അഭിഭാഷകന്‍റെ പ്രയത്നങ്ങളെ ഉപജീവിച്ചാണ് പാത്രസൃഷ്ടി.

സജീവ ഇടതുപക്ഷ പ്രവർത്തകനാണ്, അംബേദ്കർ-മാർക്സ്-പെരിയോർ ചിത്രങ്ങളും ലെനിെൻറ ചെറു പ്രതിമയുമുണ്ട് ഓഫിസ് മുറിയിൽ. എന്നാൽ പ്രത്യയശാസ്ത്ര വാചോടാപങ്ങളോ തർക്കങ്ങളോ കുത്തിനിറച്ച് കുളമാക്കിയിട്ടില്ല എഴുതി സംവിധാനം ചെയ്​ത ജ്ഞാനവേൽ. നീതിക്കായി മുന്നേറുവാൻ, സാമൂഹിക നീതിയിലധിഷ്ഠിതമായി നാടിനെ നിലനിർത്താൻ ഓരോ ഇന്ത്യക്കാരനോടും അംബേദ്കർ നടത്തിയ ഓർമപ്പെടുത്തലുകൾ തന്നെയാണ് സിനിമയിൽ മുന്നിട്ടു നിൽക്കുന്ന രാഷ്ട്രീയം.


സ്വന്തമായൊരു വീട്, പഠിച്ചു വളരുന്ന കുഞ്ഞുങ്ങൾ എന്നിങ്ങനെ ഓരോ കുടുംബവും ഉള്ളിൽ പടുക്കുന്ന കൊച്ചുകൊച്ചു സ്വപ്നങ്ങൾ എവ്വിധമാണ് തച്ചുതകർക്കപ്പെടുന്നതെന്ന് കാണിച്ചുതരുന്നു ചിത്രം. വയലിലും ഇഷ്ടികപ്പാടത്തും എല്ലുമുറിയെ പണിയെടുക്കുന്ന ഇരുള സമുദായത്തിലെ സെൻഗിണി-രാജാകണ്ണ് ദമ്പതികളിലൂടെയാണ് ചിത്രം മുന്നോട്ടുപോകുന്നത്. ലിജോമോൾ ജോസ്, മണികണ്ഠൻ എന്നിവർ അതീവ തൻമയത്വത്തോടെ ഈ കഥാപാത്രങ്ങൾക്ക് ജീവൻ പകർന്നു. മനസഃ വാച ബന്ധമില്ലാത്തൊരു മോഷണക്കേസിൽ രാജാകണ്ണിനെ കുടുക്കി അയാളെ കണ്ടെത്താനെന്ന പേരിൽ ഒരു പ്രദേശത്താകെ നടത്തുന്ന പൊലീസ് അഴിഞ്ഞാട്ടം കേവലം ഒരു സിനിമാ രംഗമല്ല, മറിച്ച് കേരളത്തിലുൾപ്പെടെ ദലിത്-ആദിവാസി സമൂഹങ്ങൾ നിത്യമായി അനുഭവിക്കുന്നതാണ്. കുറ്റാരോപിതനെ കണ്ടെത്താൻ നടത്തുന്ന വേട്ട സ്ത്രീകൾ ഉൾപ്പെടെയുള്ളവർക്കെതിരായ മൂന്നാംമുറ പ്രയോഗമായി മാറുന്നു. അയാൾ പിടിയിലായ ശേഷം കുറ്റം സമ്മതിപ്പിക്കാനായി നടത്തുന്ന ദണ്ഡനങ്ങൾ അതിലേറെ. കസ്റ്റഡിയിൽ പൊലീസ് അടിച്ചവശരാക്കിയ മൂന്ന് പേരെ ദുരൂഹമായി കാണാതാവുന്നതോടെ അവരെ കണ്ടെത്താൻ നടത്തുന്ന പോരാട്ടമായി കഥ വികസിക്കുന്നു.

സാധാരണഗതിയിൽ ഏറ്റവും അയാഥാർഥ്യമായി നമ്മുടെ സിനിമകളിൽ ചിത്രീകരിക്കപ്പെടുന്ന കോടതി രംഗങ്ങളെ ഏറെക്കുറെ നീതിപൂർവമായി അവതരിപ്പിക്കാൻ ജ്ഞാനവേലിന് കഴിഞ്ഞിട്ടുണ്ട്. നായകനും ന്യായാധിപനും പറയാനുള്ള പഞ്ച് ഡയലോഗുകൾക്ക് വേണ്ടി സംവിധാനിക്കപ്പെടുന്നതാണല്ലോ പലപ്പോഴും കോടതി രംഗങ്ങൾ. സിനിമകളിൽ മാത്രം കോടതി മുറികൾ കണ്ടിട്ടുള്ള ഏറിയ കൂറ് മനുഷ്യരും ഇപ്പോഴും കരുതുന്നത് അങ്ങനെയാവും നടപടിക്രമങ്ങളെന്നാണ്. അത്തരം ബോറൻ പ്രകടനങ്ങളില്ലാത്ത കോടതിയും നല്ല കാഴ്ച തന്നെ. ഇരകൾക്ക് നീതി തേടാൻ സഹായിക്കുന്ന സാമൂഹിക പ്രവർത്തകയായി വേഷമിടുന്ന രജിഷ വിജയൻ അസാമാന്യമായ ഒതുക്കത്തോടെ ആ കഥാപാത്രത്തെ ഭദ്രമാക്കുന്നു. പ്രകാശ് രാജിനെപ്പോലെ പാടവമുള്ള ഒരു നടന് അധികമൊന്നും ആയാസപ്പെടാനുള്ളതൊന്നുമില്ല ചിത്രത്തിലെ ഉന്നത പൊലീസുദ്യോഗസ്ഥ വേഷം. ഹിന്ദിയിൽ സംസാരിക്കുന്നയാളെ മുഖത്തടിച്ച് 'തമിഴിൽ പറയെടാ' എന്നാവശ്യപ്പെടുന്ന രംഗം ഇപ്പോൾ വിവാദമായിട്ടുമുണ്ട്.


പൊതുബോധമെന്ന ഹാബിച്വൽ ഒഫൻസ്

കുറ്റവാളി ഗോത്രങ്ങൾ എന്ന ചാപ്പകുത്ത് നൂറ്റാണ്ടുകളായി നിലവിലുണ്ട്. വംശവെറിയും ജാതി മേധാവിത്വവും ജൻമിത്വവും സമൂഹവും അധികാരികളും മാധ്യമങ്ങളും സിനിമകൾ തന്നെയും അതിന് ശക്തിപകരുന്നു. തനിക്ക് ഇഷ്ടമില്ലാത്ത നാട്ടിലും സമൂഹത്തിലും മതത്തിലുമുള്ളവർ കുറ്റവാളികളും ഭീകരവാദികളുമാണെന്ന ചിന്ത ഓരോ ദിവസവും ഏറി വരികയും ചെയ്യുന്നു. കള്ളക്കേസിൽ കുടുക്കി പിടികൂടിയ ഇരുള സമൂഹത്തിലെ മനുഷ്യരെ ഹാബിച്വൽ ഒഫൻഡേഴ്സ് എന്നാണ് ഭരണകൂട പ്രതിനിധികൾ പോലും ചിത്രത്തിൽ വിശേഷിപ്പിക്കുന്നത്. അതും വെറുമൊരു സിനിമ രംഗമല്ല, മനോഭാവം തന്നെയാണ്. 12 വർഷം മുമ്പ്​ ബീമാപള്ളിയിൽ നിരായുധരായ മനുഷ്യർക്ക് നേരെ നടന്ന ഏകപക്ഷീയമായ പൊലീസ് വെടിവെപ്പിനെ ഉപജീവിച്ച് സിനിമ നിർമിക്കുേമ്പാൾ ആ അരുംകൊലക്ക് ന്യായം ചമക്കാൻ, മരിച്ചവരുടെ കൈയിൽ തോക്ക് തിരുകിപ്പിടിപ്പിക്കാൻ മഹേഷ് നാരായണനെപ്പോലൊരു സംവിധായകനെ പ്രേരിപ്പിക്കുന്നതും കുറച്ച് പ്രശ്നങ്ങളൊക്കെയുണ്ടെങ്കിലും നല്ല മേക്കിങ് എന്ന ന്യായത്തോടെ നമ്മെക്കൊണ്ട് കൈയടിപ്പിക്കുന്നതും ആ മനോഭാവമാണ്.



പൊലീസ് അതിക്രമങ്ങളെ ഗ്ലോറിഫൈ ചെയ്യുന്ന, പച്ചത്തെറിയും സ്ത്രീ വിരുദ്ധതയും പറയുന്ന ഉദ്യോഗസ്ഥനെ അതിശക്തനായി വാഴ്ത്തുന്ന മലയാള സിനിമാ സങ്കൽപ്പത്തിൽ നിന്ന് തീർത്തും വിഭിന്നമായ ഒരു ട്രാക്കിലൂടെ സഞ്ചരിക്കുന്നുവെന്നത് 'ജയ് ഭീം' പോലുള്ള സിനിമകളുടെ ചങ്കുറപ്പ് പ്രകടമാക്കുന്നു. ഈയിടെ പുറത്തിറങ്ങിയ 'നായാട്ട്' എന്ന മലയാള സിനിമ ദലിതുകൾക്കെതിരായ അതിക്രമം ചർച്ച ചെയ്യുേമ്പാൾ കാണിച്ച ഇരട്ടത്താപ്പ് ഓർക്കുക. പൊലീസ് അതിക്രമം ചിത്രീകരിക്കുന്നതിനൊപ്പം ഇരകളും അത്ര നല്ല പുള്ളികളല്ല എന്ന് പറയാത്ത ഒരു മലയാള സിനിമ ഈയടുത്ത കാലത്തൊന്നും പ്രതീക്ഷിക്കാനാവില്ല. അത്ര പക്വതയും രാഷ്ട്രീയ സത്യസന്ധതയും മാത്രമേ മലയാള സിനിമക്കും കാണികൾക്കുമുള്ളൂ എന്നതു തന്നെ കാരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:movie reviewactor suryaJai Bhimjai bhim movie
News Summary - Jai Bhim movie: Dr. Ambedkar is the real superstar
Next Story