ഇതൊരു 'സിനിമാകഥ' ജിഗർ തണ്ട ഡബിൾ എക്സ്- റിവ്യൂ
text_fieldsഫ്രാന്‍സിലെ തിരക്കേറിയ മാര്‍സിലെസ് നഗരത്തിലൂടെ ചുവന്ന സന്യാസിയങ്കിയണിഞ്ഞ ഒരു ബുദ്ധ ഭിക്ഷു തന്റെ കാല്‍പ്പാദങ്ങളിൽ നോട്ടം ഉറപ്പിച്ചുകൊണ്ട് മനുഷ്യന് സാധ്യമായ ഏറ്റവും കുറഞ്ഞ വേഗതയില്‍ നടക്കുന്നതാണ് സായ് മിംഗ് ലിയാങ്ങിന്റെ 'ജേർണി ഓഫ് വെസ്റ്റ്' എന്ന സിനിമയിലൂടെ ലിയാംഗ് പറയുന്നത്. ഏകദേശം ഒരു മണിക്കൂർ ദൈർഘ്യമുള്ള ഈ ചിത്രത്തിലൂടെ സംവിധായകൻ തന്നെ സ്വയം പരിചയപ്പെടുത്തുന്നത് 'ഞാന്‍ ദൃശ്യങ്ങള്‍ രചിക്കുന്ന കലാകാരനാണ് ' എന്നാണ്. അദ്ദേഹം സംവിധായകന്‍ എന്ന വാക്ക് ഉപയോഗിക്കുന്നില്ല. അതുപോലെ സിനിമയുടെ സാധ്യതകളെ ഉപയോഗിച്ചുകൊണ്ട് സിനിമ ശക്തമായ ഒരു മാധ്യമമാക്കിയാലോ? ദൃശ്യങ്ങൾ കൊണ്ട് ചരിത്രം രേഖപ്പെടുത്തിയാലോ? അതിനുള്ള ഉത്തരമാണ് ജിഗർ തണ്ട ഡബിൾ എക്സ്.
20 കോടി മുതൽ മുടക്കിൽ കാർത്തിക് സുബ്ബരാജിന്‍റെ സംവിധാനത്തിൽ സിദ്ധാർഥ് നായകനായ സൂപ്പർ ഹിറ്റ് ചിത്രമാണ് ജിഗർ തണ്ട. 2014ൽ റിലീസ് ചെയ്ത ജിഗർ തണ്ടയുടെ പ്രീക്വലായ 'ജിഗർതണ്ട ഡബിൾ എക്സ്' സംവിധാനം ചെയ്തിരിക്കുന്നതും കാർത്തിക് സുബ്ബരാജ് തന്നെയാണ്. ഇത്തവണത്തെ ദീപാവലി റിലീസായി പ്രേക്ഷകരിലേക്ക് എത്തിയ ചിത്രമിപ്പോൾ വൻ വിജയത്തിലേക്കാണ് കുതിച്ചുകൊണ്ടിരിക്കുന്നത്. റൂറൽ പശ്ചാത്തലത്തിൽ കഥ പറഞ്ഞു പോകുന്ന ആദ്യ ഭാഗത്തിലെ പ്രകടനത്തിന് നടൻ ബോബി സിംഹയെ ദേശീയ പുരസ്‌കാരം വരെ തേടിയെത്തിയിരുന്നു. ഇപ്പോൾ രണ്ടാം ഭാഗമായ ജിഗർ തണ്ട ഡബിൾ എക്‌സിൽ പ്രധാന താരങ്ങളായെത്തുന്നത് രാഘവ ലോറന്‍സും എസ്‌ജെ സൂര്യയുമാണ്. 2014ൽ പുറത്തിറങ്ങിയ ജിഗർ തണ്ടയുടെ പ്രമേയം, ഒരു ഗ്യാങ്സ്റ്റാറുടെ ജീവിതം സിനിമയാക്കാൻ അയാളറിയാതെ അയാൾക്കൊപ്പം കൂടുന്ന ഒരു യുവസംവിധായകന്റെ അനുഭവങ്ങളാണ്. ജിഗർ തണ്ട ഡബിൾ എക്‌സിലും പ്രമേയം ഏറെക്കുറെ സമാനം തന്നെയാണ്. ഇത്തവണ കഥ നടക്കുന്നത് 1975 പശ്ചാത്തലമാക്കിയും. ജിഗർ തണ്ട സിനിമയെ താരതമ്യപ്പെടുത്തി നോക്കിയാൽ ഇത്തവണ പ്രേക്ഷകർക്ക് ലഭിക്കുന്ന സിനിമാനുഭാവവും, കാഴ്ച്ചാനുഭവവും അതിഗംഭീരമാണെന്ന് വേണം പറയാൻ.
മധുരയിലെ ഗ്യാങ്സ്റ്ററായ സീസറാണ് (രാഘവ ലോറൻസ് ) കഥയിലെ നായകൻ. ആൾബലവും ഉൾക്കരുത്തും കൈകരുത്തുമുള്ള സീസറിനെ ഇല്ലായ്മ ചെയ്യേണ്ടത് ഭരണകക്ഷിയിലെ ഒരു പ്രബല നേതാവിന്റെ ആവശ്യമായിത്തീരുന്നു. അതിനുള്ള കാരണം അധികാര രാഷ്ട്രീയത്തിൽ സീസറിനുള്ള പിടിപാട് തന്നെയാണ്. സീസറിനെ കൊല്ലുവാനായി 'റേ ദാസൻ'(എസ്. ജെ സൂര്യ ) എന്ന ക്രിമിനലിനെ തിരഞ്ഞെടുക്കുന്നത് ഇത്തരത്തിലുള്ള കൃത്യമായ രാഷ്ട്രീയ ലക്ഷ്യത്തോടെ തന്നെയാണ്. തന്റെ ഗ്യാങ്സ്റ്റാർ ജീവിതത്തിനിടയിലും സീസറിന് മറ്റൊരു സ്വപ്നമുണ്ട്. ഇന്ത്യൻ സിനിമയിലെ ആദ്യത്തെ കറുപ്പ് നിറമുള്ള സൂപ്പർസ്റ്റാറാവുക. ഹോളിവുഡിലെ ഇതിഹാസ താരമായ ക്ലിന്റ് ഈസ്റ്റ്‍വുഡിന്റെ കടുത്ത ആരാധകൻ കൂടിയായ സീസർ, ക്ലിന്റിന്റെ സ്റ്റൈലിഷ് പ്രകടനങ്ങൾ അതുപോലെ അനുകരിക്കാൻ ശ്രമിക്കുന്ന ഗ്യാങ് സ്റ്റാർ കൂടിയാണ്. ഇത്തരത്തിലുള്ള സീസറിന്റെ ലക്ഷ്യത്തെയും സിനിമ ഭ്രമത്തെയും പിന്താങ്ങി കൊണ്ടാണ് റേ ദാസൻ ഒരു യുവ സംവിധായകനെന്ന വ്യാജേന സീസറിനടുത്തേക്കെത്തുന്നത്. ഒരു വ്യാജ സംവിധായകനായ റേ ദാസൻ പതിയെ കയറി ചെല്ലുന്നതാകട്ടെ ഒരു സിനിമ ചെയ്യുക എന്ന ലക്ഷ്യത്തിലേക്കും. പിന്നീട് സിനിമ മറ്റൊരു തലത്തിലേക്ക് സഞ്ചരിക്കുന്നത്.
സീസറിന്റെ ഭാര്യ മലയരൈസിയെയാണ് നിമിഷ സജയൻ അവതരിപ്പിക്കുന്നത്. നിലപാടുകളും, എതിർപ്പുകളും ആർക്കു മുൻപിലും പറയാൻ മടിക്കാത്തവളാണ് മലയരൈസി. അത് സീസറിന് മുൻപിലാണെങ്കിൽ പോലും. ചിത്രത്തില്‍ സീസറിന് ഒത്ത എതിരാളിയായി എത്തുന്ന റേ ദാസൻ എന്ന കഥാപാത്രം ചെയ്തിരിക്കുന്നത് എസ്.ജെ സൂര്യയാണ്. കാർത്തിക്കിന്‍റെ തന്നെ ഇരവി എന്ന ചിത്രത്തിൽ മികച്ച പ്രകടനമാണ് എസ്.ജെ സൂര്യ കാഴ്‌ചവച്ചിട്ടുള്ളത്. മാത്രമല്ല മാനാട്, മാർക്ക് ആന്‍റണി തുടങ്ങിയ ചിത്രങ്ങളിലൂടെയും എസ്.ജെ സൂര്യയുടെ പ്രകടനം പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിരുന്നതിന് തൊട്ടു പിന്നാലെയായിട്ടാണ് ജിഗർ തണ്ട ഡബിൾ എക്സ് എന്ന സിനിമയിലൂടെ എസ്. ജെ സൂര്യ പ്രേക്ഷകരെ വീണ്ടും അത്ഭുതപ്പെടുത്തുന്നത്.
ലോറൻസിന്റെ കരിയറിൽ തന്നെ ഏറ്റവും മികച്ച പ്രകടനമായി സീസറിനെ അടയാളപ്പെടുത്താം. സേട്ടാനിയുടെ കഥാപാത്രം അവതരിപ്പിച്ച വിധു, ഡിഎസ്പി ര്തനകുമാറിനെ അവതരിപ്പിച്ച നവീന ചന്ദ്ര എന്നിവരും പ്രകടനം കൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിക്കുന്നുണ്ട്. സംവിധായകനും നടനുമായ വിഷ്ണു ഗോവിന്ദനും, നടനും രാഷ്ട്രീയനേതാവുമായ ജയക്കൊടി എന്ന കഥാപാത്രമായെത്തിയ ഷൈൻ ടോം ചാക്കോയും, രാഷ്ട്രീയ നേതാവായെത്തിയ കൂടിയാട്ടം കലാകാരിയും നർത്തകിയുമായ കപില വേണുവുമെല്ലാം മലയാളികൾക്ക് അഭിമാനിക്കാൻ പറ്റിയ താരങ്ങൾ തന്നെയാണ്.
കാർത്തിക് സുബ്ബരാജിന്റെ പേട്ട, മെർക്കുറി തുടങ്ങിയ ചിത്രങ്ങളുടെ ഛായാഗ്രാഹകനായ തിരുവാണ് ജിഗർതണ്ട ഡബിൾ എക്സിന്റെ ചായഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ഒരു ഗ്യാങ്സ്റ്റർ പടമെന്ന രീതിയിലും, പൊളിറ്റിക്കൽ മൂവി എന്ന നിലയിലും പ്രേക്ഷകരെ സിനിമയോടൊപ്പം സഞ്ചരിപ്പിക്കുവാൻ തിരുവിന്റെ ഫ്രെയ്മുകൾക്ക് സാധിച്ചിട്ടുണ്ട്. അതോടൊപ്പം ഷഫീഖ് മുഹമ്മദ് അലിയുടെ എഡിറ്റിംഗ് സന്തോഷ് നാരായണന്റെ സംഗീത സംവിധാനം എന്നിവയെല്ലാം മികച്ചു നിൽക്കുന്നു.
ആഖ്യാനത്തില്‍ ഞെട്ടിപ്പിക്കുന്ന നവീനതയും പരീക്ഷണ പരതയും പ്രദര്‍ശിപ്പിക്കുന്ന സിനിമ തന്നെയാണ് ജിഗർ തണ്ട ഡബിൾ എക്സ്. രാഷ്ട്രീയസംഘര്‍ഷങ്ങള്‍, സ്വത്വ പ്രതിസന്ധികള്‍, സാമൂഹ്യ സാഹചര്യങ്ങള്‍ തുടങ്ങിയവയെല്ലാം സൂക്ഷ്മതലത്തിൽ കൈകാര്യം ചെയ്ത ചിത്രമെന്ന നിലക്ക് ജിഗർ തണ്ട കൈയടി നേടുന്നതിനോടൊപ്പം തന്നെ നിറങ്ങള്‍, ശബ്ദത്തിന്റെയും ദൃശ്യങ്ങളുടെയും ഭംഗി, ഫ്രെയിമിങ് തുടങ്ങിയ സിനിമയുടെ സാധ്യതകളെയെല്ലാം പരമാവധി ഉപയോഗിച്ച ചിത്രം കൂടിയാണിത്. തിയറ്ററിൽ നിന്നും മാത്രം കണ്ടു ആസ്വദിക്കേണ്ട 'ഒരു സിനിമാകഥ'യാണ് ചിത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.