ചിരിക്കൂട്ടിൽ പിറന്ന 'കേശു'-റിവ്യു
text_fieldsദിലീപ്-നാദിർഷ കൂട്ടുകെട്ട് എന്നും വിജയമായിട്ടുണ്ട്. കേരളത്തെ ചിരിപ്പിച്ച 'ദേ, മാവേലി കൊമ്പത്ത്' എന്ന കാസറ്റ് പരമ്പരകളിലൂടെ അത് തെളിയിക്കപ്പെട്ടതാണ്. നാദിർഷ ഓരോ സിനിമ പ്രഖ്യാപിക്കുമ്പോഴും മലയാളികൾ ആദ്യം നോക്കിയിരുന്നത് നായകൻ ദിലീപ് ആണോ എന്നായിരുന്നു. ഇരുവരുടെയും കൂട്ടുകെട്ട് വെച്ചുനോക്കുമ്പോൾ നാദിർഷയുടെ ആദ്യ സിനിമയിൽ തന്നെ ദിലീപ് നായകനാകും എന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാൽ അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷൻ, മേരാ നാം ഷാജി എന്നീ സിനിമകൾക്ക് 'കേശു ഈ വീടിന്‍റെ നാഥൻ' എത്തേണ്ടി വന്നു ദിലീപ്-നാദിർഷ കൂട്ടുകെട്ടിൽ ഒരു സിനിമ ജനിക്കാൻ. പ്രതീക്ഷ തെറ്റിയുമില്ല. ചിരിയുടെ കൂട്ടുകെട്ടിൽ പിറന്നത് മുഴുനീള എന്റർടെയ്നർ തന്നെ.
ദിലീപിന്‍റെ മേക്കോവർ തന്നെയാണ് സിനിമയുടെ ആദ്യ ആകർഷണം. പിന്നെ ദിലീപ്-ഉർവശി കോമ്പിനേഷനും. ഇവർക്കൊപ്പം മലയാളത്തിലെ ഒരുപിടി നല്ല ഹാസ്യതാരങ്ങളുടെ പ്രകടനം കൂടി ചേർന്നപ്പോൾ വീട്ടകങ്ങളിൽ ചിരിയുടെ അലമാലകൾ തീർക്കാൻ 'കേശു'വിന് കഴിഞ്ഞിട്ടുണ്ട്. 67കാരനും അറുപിശുക്കനുമായ കേശുവിന്‍റെ ജീവിതത്തിലെ ചില അനുഭവങ്ങൾ ചേർത്തുവെച്ചാണ് ഈ ഫാമിലി എന്റർടെയ്നർ നാദിർഷയും തിരക്കഥാകൃത്ത് സജീവ് പാഴൂരും ഒരുക്കിയിരിക്കുന്നത്. കമ്മാരസംഭവത്തിലും കല്യാണരാമനിലും പ്രായമായ ഗെറ്റപ്പിൽ മുമ്പ് വന്നിട്ടുണ്ടെങ്കിലും കുടവയറൻ 'കേശു'വിനെ തികച്ചും വ്യത്യസ്തമാക്കാൻ ദിലീപിന് കഴിഞ്ഞിട്ടുണ്ട്. ശരീരഭാഷയിലും ശബ്ദത്തിലുമെല്ലാം കഥാപാത്രത്തോട് നീതി പുലർത്താൻ ദിലീപിനായി. ഇതിനോട് കിടപിടിക്കുന്ന പ്രകടനവുമായി ഉർവശി കൂടി എത്തുന്നതോടെ പ്രേക്ഷകർ ചിരിയുടെ ലോകത്ത് എത്തിപ്പെടുകയും ചെയ്യുന്നു. ദിലീപും ഉർവശിയും ആദ്യമായി ജോഡിയായി അഭിനയിച്ചപ്പോൾ നല്ലൊരു കെമിസ്ട്രി അവർക്കിടയിൽ വർക്കൗട്ട് ആയി എന്നത് പ്രത്യേകം എടുത്തുപറയേണ്ട കാര്യമാണ്.
അത്യാവശ്യം പിശുക്കും കുടുംബ പ്രാരാബ്ധവുമൊക്കെയുള്ള കേശു ഒരു ഡ്രൈവിങ് സ്‌കൂൾ നടത്തിപ്പുകാരനാണ്. അമ്മയും ഭാര്യ രത്നമ്മയും രണ്ടു മക്കളും അടങ്ങുന്ന കേശുവിന്‍റെ കുടുംബത്തിലേക്ക് എന്നും ഓരോ ആവശ്യങ്ങളുമായി മൂന്നു പെങ്ങന്മാരും അവരുടെ ഭർത്താക്കന്മാരും എത്തുന്നുണ്ട്. സ്ഥലത്തിന്‍റെ വീതംവെപ്പ് പറഞ്ഞാണ് അവർ അയാളെ ബുദ്ധിമുട്ടിക്കുന്നത്. അമ്മയുടെ ആഗ്രഹവും നിർബന്ധവും കാരണം അച്ഛന്റെ ചിതാഭസ്മം രാമേശ്വരത്ത് നിമജ്ജനം ചെയ്യാൻ അവർ തീരുമാനിക്കുന്നു.
അതിനുവേണ്ടി കേശുവും കുടുംബാംഗങ്ങളും ചേർന്നു നടത്തുന്ന യാത്രയിലാണ് കഥ വികസിക്കുന്നത്. യാത്രാമധ്യേ കേശുവിന് 12 കോടി രൂപ ലോട്ടറിയടിച്ചെന്ന വാർത്ത നാട്ടിൽ നിന്ന് വരുന്നു. ഇത് ഒപ്പമുള്ള ബന്ധുക്കൾ അറിയുന്നതിന് മുമ്പേ വീടിനുള്ളിൽ വെച്ചിട്ട് പോയ ആ ലോട്ടറി ടിക്കറ്റ് എത്രയും പെട്ടെന്ന് കണ്ടെത്തി ലോട്ടറിത്തുക കൈപ്പറ്റാനായി കേശുവും കുടുംബവും നടത്തുന്ന ശ്രമങ്ങളും അതിനെ ചുറ്റിപ്പറ്റിയുണ്ടാകുന്ന നർമ്മങ്ങളുമാണ് സിനിമ പറയുന്നത്.
സഹതാരങ്ങളായ കലാഭവൻ ഷാജോൺ, കോട്ടയം നസീർ, ജാഫർ ഇടുക്കി, ഹരിശ്രീ അശോകൻ, ഹരീഷ് കണാരൻ, സീമാ ജി. നായർ, വത്സല മേനോൻ, നസ്ലിൻ കെ. ഗഫൂർ, വൈഷ്ണവി വേണുഗോപാൽ, റിയാസ് നർമ്മകല, സ്വാസിക, പ്രിയങ്ക, ഷൈനി സാറാ, ആതിര, നേഹ റോസ് തുടങ്ങിയ ഒരു നീണ്ടനിര തന്നെ ഉണ്ട് ഈ സിനിമയിൽ. പലപ്പോഴും ലളിതമായി പറയേണ്ട ചില കാര്യങ്ങളെ അനാവശ്യമായി നീട്ടി പറയാൻ ശ്രമിച്ചു എന്നത് തിരക്കഥയിലെ ഒരു പോരായ്മയായി ചൂണ്ടിക്കാണിക്കാനാകും.
ഛായാഗ്രഹണം അനിൽ നായരും എഡിറ്റിങ് സാജനും നിർവഹിച്ചിരിക്കുന്നു. നാദിർഷ സംഗീതസംവിധാനം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന് വരികൾ എഴുതിയിരിക്കുന്നത് ഹരിനാരായണനാണ്. പശ്ചാത്തല സംഗീതമൊരുക്കിയിരിക്കുന്നത് ബിജിബാലും. ചിരിക്കാൻ ആഗ്രഹിക്കുന്നവർക്ക് പുതുവത്സരത്തിൽ കുടുംബസമേതം കണ്ടിരിക്കാവുന്ന ഒരു എന്റർടെയ്നർ തന്നെയാണ് ഒ.ടി.ടി പ്ലാറ്റ്ഫോമായ ഡിസ്നി ഹോട്ട്സ്റ്റാർ റിലീസ് ചെയ്തിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.