തീവ്രഹിന്ദുത്വത്തെ വെള്ളപൂശുന്ന, മുസ്ലിം വിരുദ്ധത പറയുന്ന 'കുരുതി'
text_fields'കൊല്ലും എന്ന വാക്ക്; കാക്കും എന്ന പ്രതിജ്ഞ' എന്നാണ് പൃഥ്വിരാജ് നിർമിച്ച് അദ്ദേഹം തന്നെ പ്രധാന വേഷത്തിലെത്തിയ 'കുരുതി'യുടെ ടാഗ് ലൈൻ. ചിത്രം പുറത്തിറങ്ങിയപ്പോൾ ട്രെയിലറിൽ കണ്ട സസ്പെൻസും നിഗൂഢതയും ഊതിവീർപ്പിച്ച ബലൂൺ പോലെ പൊട്ടിപോയി എന്നതാണ് യാഥാർഥ്യം. അതേസമയം, ട്രെയിലറിൽ കണ്ട ഗംഭീര മേക്കിങും ചടുലതയും കഥാപാത്രങ്ങളുടെ കാസ്റ്റിങും മികച്ചത് തന്നെയായിരുന്നു. എന്നാൽ, ചിത്രം പറഞ്ഞുവെക്കുന്ന പ്രതിലോമകരമായ രാഷ്ട്രീയം അതിന്‍റെ എല്ലാ മികവിനെയും ഇല്ലാതെയാക്കുന്നു എന്നത് പറയാതെ വയ്യ.
തീവ്രഹിന്ദുത്വം പിടിമുറുക്കിയ, ആ ആശയധാരയിലുള്ളവർ ഭരിക്കുന്ന ഒരു രാജ്യത്ത് അവരോട് ഐക്യപ്പെടുന്ന ചിത്രം കൂടിയാകുന്നു 'കുരുതി'. തീവ്രഹിന്ദുത്വവാദിയെ കൊലപ്പെടുത്താൻ വരുന്ന മുസ്ലിം തീവ്രവാദികളും അവർക്കിടയിൽ പെട്ടുപോകുന്ന മുസ്ലിം 'മതേതരനും' തമ്മിലുണ്ടാകുന്ന സംഘട്ടനമാണ് സിനിമയെന്ന് ഒറ്റവാക്കിൽ പറയാം. സിനിമകളിൽ ഇസ്ലാമോഫോബിയ ഒളിപ്പിച്ചുകടത്തുന്നുവെന്ന് പരാതികളുയരുമ്പോൾ, വളരെ വ്യക്തമായി മുസ്ലിം വിരുദ്ധത പറയുകയും തീവ്രഹുന്ദുത്വ നിലപാടുകളെ വെള്ളപൂശുകയും ചെയ്യുന്നുണ്ട് ചിത്രം. അങ്ങോട്ടും ഇങ്ങോട്ടും ഒരു ബാലൻസ് ഒപ്പിച്ചിട്ടുണ്ടെന്ന് വരുത്തി തീർക്കുകയും ചെയ്യുന്നുണ്ട്. മതപരവും വർഗീയവുമായ ഉള്ളടക്കങ്ങളില്ലാതെയാണ് ചിത്രത്തെ സമീപിച്ചിരുന്നതെങ്കിൽ 'കുരുതി' വേറിട്ട് നിന്നേനെ എന്നതിൽ സംശയമില്ല.
ഗുഡ് മുസ്ലിം, ബാഡ് മുസ്ലിം എന്നിങ്ങനെയുള്ള രണ്ടുതരം കഥാപാത്ര നിർമിതികളിലൂടെ നിരവധി സിനിമകൾ പുറത്തിറങ്ങിയിട്ടുണ്ട്. അതിലെ ബാഡ് മുസ്ലിമിനെ അഞ്ചുനേരം നമസ്കരിക്കുന്ന, പെണ്ണ് പിടിക്കുന്ന കൊടും തീവ്രവാദിയായാണ് ചിത്രീകരിക്കാറുള്ളത്. അതിന്‍റെ നേർവിപരീതമായ ഗുഡ് മുസ്ലിം വന്ന് ബാഡ് മുസ്ലിമിനെ വകവരുത്തുന്നതിലൂടെ ആ ചിത്രം ദേശീയ ഐക്യത്തെയും രാജ്യസുരക്ഷയെയും കാത്തുസൂക്ഷിക്കുന്നതായി മാറുന്നു. ഇതേ രീതി തന്നെയാണ് 'കുരുതി'യും ആവർത്തിക്കുന്നത്. എന്നാലിവിടെ ഗുഡ് മുസ്ലിമിൽ ചെറിയ മാറ്റങ്ങൾ കാണാം. അയാൾ അഞ്ചുനേരം നമസ്കരിക്കുന്ന, ദൈവഭയമുള്ളയാളാണ്.
ഇബ്രു എന്ന ഗുഡ് മുസ്ലിമും ലൈഖ്, കരീം എന്നിങ്ങനെയുള്ള ബാഡ് മുസ്ലിമുകളും തമ്മിലാണ് ഇവിടെ സംഘർഷം നടക്കുന്നത്. അതിലേക്ക് വരുന്ന തീവ്രഹിന്ദുത്വവാദിയാകട്ടെ മുസ്ലിം തീവ്രവാദം വളർന്നതുകൊണ്ട് മാത്രം തീവ്രഹിന്ദുവായ യുവാവാണ്. തീവ്രഹിന്ദുവിനെ പോലും സൃഷ്ടിക്കുന്നത് എപ്പോഴും മതം പറഞ്ഞ് നടക്കുന്ന, പടച്ചവൻ പറഞ്ഞത് മാത്രം ചെയ്യുന്ന മുസ്ലിംകളാണെന്ന തീർത്തും സംഘ്പരിവാർ ഭാഷ്യമാണ് 'കുരുതി' ഏറ്റുപാടുന്നത്. അത് മാത്രമല്ല, മുസ്ലിം വീടുകളിൽ തീവ്ര ആശയത്തിൽ ആകൃഷ്ടരായി യുവതലമുറ വളർന്നുവരുന്നുണ്ടെന്നും ചിത്രം പറഞ്ഞുവെക്കുന്നു. അതോടൊപ്പം ഭൂരിപക്ഷ വർഗീയതയെ സമീകരിക്കുന്ന ന്യൂനപക്ഷ വർഗീയത എന്ന ആശയവും ചിത്രം പങ്കുവെക്കുന്നു. ന്യൂനപക്ഷ സമുദായങ്ങൾക്ക് നൽകുന്ന സംവരണമാണ് തീവ്രഹിന്ദുത്വത്തിലേക്ക് നയിക്കുന്നതെന്ന കണ്ടെത്തലും സിനിമ നടത്തുന്നു. മുസ്ലിം ഭീകരത സംഘടിതമാണെന്നും ഹിന്ദുത്വ ഭീകരത ഉണ്ടാകുന്നെങ്കിൽ തന്നെ അത് സാഹചര്യങ്ങളുടെ സമ്മർദം കൊണ്ടുള്ള ഒറ്റപ്പെട്ട സംഭവവും ആണെന്ന് പറയാൻ 'കുരുതി' മടിക്കുന്നേയില്ല.
പ്രമേയപരമായ 'കുരിതി കൊടുക്കൽ' മാറ്റി നിർത്തിയാൽ പൃഥ്വിരാജ്, മുരളി ഗോപി, റോഷൻ, മാമുക്കോയ, ശ്രിന്ദ, ഷൈൻ ടോം ചാക്കോ, നവാസ് വള്ളിക്കുന്ന്, നസ്‌ലൻ, സാഗർ എന്നിവരുടെ പ്രകടനം സിനിമക്ക് പൂർണത നൽകുന്നുണ്ട്. കൂടാതെ അഭിനന്ദൻ രാമാനുജമിന്‍റെ കാമറയും സംഘർഷം നിലനിർത്തുന്ന ജേക്സ് ബിജോയിയുടെ സംഗീതവും സിനിമയുടെ പ്ലസ് പോയന്‍റാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.