ഇരയും വേട്ടക്കാരനും പൊലീസ്; രാഷ്ട്രീയം പറഞ്ഞ് 'നായാട്ട്'
text_fieldsട്രെയിലർ പുറത്തിറങ്ങിയപ്പോൾ ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറാകുമെന്ന് കരുതിയ ചിത്രമാണ് 'നായാട്ട്'. എന്നാൽ, ഭരണ സംവിധാനത്തിന്‍റെ പക്ഷപാതിത്വങ്ങളെ കൃത്യമായി തുറന്നു കാണിക്കുന്ന ചിത്രം പ്രതീക്ഷയേക്കാൾ മുകളിലാണ്. ഷാഹി കബീർ രചിച്ച് മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ, ജോജു ജോർജ്, നിമിഷ സജയൻ എന്നിവർ പ്രധാന വേഷത്തിലെത്തിയിരിക്കുന്നു. സി.പി.ഒ. പ്രവീൺ മൈക്കിൾ, എ.എസ്.ഐ. മണിയൻ, സുനിത എന്നീ മൂന്നു പേരാണ് സിനിമയെ മുൻപോട്ട് കൊണ്ട് പോകുന്ന പ്രധാന കഥാപാത്രങ്ങൾ. ഉയർന്ന പദവികളിൽ നിൽക്കാത്ത/ഇല്ലാത്ത തികച്ചും സാധാരണക്കാരായ പൊലീസ് ഉദ്യോഗസ്ഥരാണ് ഈ മൂന്ന് പേരും.
പിറവത്തെ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ അവർ ഒരു പ്രത്യേക സാഹചര്യത്തിൽ ഒരു കേസിന്‍റെ പേരിൽ ചില പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നു. ഒരു നിയമവിരുദ്ധ അറസ്റ്റാണ് കഥക്ക് തുടക്കമിടുന്നത്. തെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ സംഭവിക്കുന്ന ഒരു ദലിതന്‍റെ മരണവും അതിന്‍റെ പേരിലുള്ള 'നായാട്ടു'മൊക്കെയാണ് സിനിമ പറയുന്നത്. അതുമായി ബന്ധപ്പെട്ട് ഈ മൂന്നു പൊലീസുകാരും അവർ ചെയ്യാത്ത തെറ്റിന് കുറ്റക്കാരാകുന്നു. ശേഷം, അവർ തങ്ങളുടെ നിരപരാധിത്വം തെളിയിക്കാനായി പരക്കംപായുകയും അവർക്കായുള്ള പൊലീസിന്‍റെ തിരച്ചിലുമൊക്കെയാണ് സിനിമ പറയുന്നത്.
പ്രായമായ അമ്മയുമായി ഒറ്റക്ക് ജീവിക്കുന്ന പ്രവീണും മക്കളെ കലാപ്രതിഭ ആക്കണമെന്ന് ആഗ്രഹിക്കുന്ന മണിയനും അമ്മയുമായി ഒറ്റക്ക് ജീവിത പ്രാരാബ്ധങ്ങളുമായി ജീവിക്കുന്ന സുനിതയും അടങ്ങിയ-ഇതേ മൂന്ന് പൊലീസുകാർ തന്നെയാണ് ഇവിടെ നായാടപ്പെടുന്നത്. സർക്കാറും നിയമസംവിധാനവും എതിരാകുമ്പോഴുള്ള മൂന്ന് പേരുടെയും അതിജീവനമാണ് സിനിമ പറയുന്നത്. പൊലീസ് സേനയിലെ ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥൻ മുതൽ ഏറ്റവും താഴെക്കിടയിലെ ഉദ്യോഗസ്ഥർവരെ ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ നായാടപ്പെടുന്നവർ തന്നെയാണെന്ന് കൂടി സിനിമ പറയുന്നുണ്ട്.
'ഗുണ്ടകള്‍ക്ക് പോലും ഒരു ക്വട്ടേഷന്‍ വന്നാല്‍ എടുക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാം. പക്ഷെ പൊലീസുകാരുടെ കാര്യം അതല്ല' എന്നു മണിയനെ കൊണ്ട് സംവിധായകൻ പറയിപ്പിക്കുന്നത് പോലും അതു കൊണ്ടാണ്. തെരഞ്ഞെടുപ്പ് രാഷ്ട്രീയം, സർക്കാർ, വോട്ടുബാങ്ക്, പൊലീസ് ജീവിതങ്ങൾ തുടങ്ങി എല്ലാ മേഖലകളെ കുറിച്ചും അതിന്‍റെ രാഷ്ട്രീയത്തെ കുറിച്ചും വ്യക്തമായി അടയാളപ്പെടുത്തുന്നുണ്ട്.
കുഞ്ചാക്കോ ബോബന്‍റെ പ്രവീണ്‍ മൈക്കിളിനെക്കാൾ പ്രകടനം കൊണ്ട് മുമ്പിട്ട് നിൽക്കുന്നത് ജോജുവിന്‍റെ മണിയനാണ്. കഥാപാത്രത്തിന്‍റെ വൈകാരികതകളെ എളുപ്പത്തിൽ കൈകാര്യം ചെയ്യുന്നതിലും വിശ്വസനീയമായി ഓഡിയൻസിൽ എത്തിക്കുന്നതിലും കുഞ്ചാക്കോ ബോബൻ, നിമിഷ സജയൻ എന്നിവർ അൽപമെങ്കിലും പാളിപോയെങ്കിലും ജോജുവിന്‍റെ കൈകളിൽ ആ കഥാപാത്രം സുരക്ഷിതമായിരുന്നു. അടുത്തിടെ മരണപ്പെട്ട അനിൽ പി. നെടുമങ്ങാടിനെ നല്ലൊരു കഥാപാത്രമായി കാണാൻ സാധിച്ചു എന്നത് പ്രേക്ഷകരിൽ സന്തോഷമുണ്ടാക്കുന്ന കാര്യമാണ്.
സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രിയായി വേഷമിട്ട ജാഫർ ഇടുക്കിയുടെ പ്രകടനം മികവുറ്റതാണ്. ഷൈജു ഖാലിദിന്‍റെ കാമറക്ക് പുതുമകളൊന്നും അവകാശപ്പെടാനില്ലെങ്കിലും കഥയുമായി ചേർന്ന് നിൽകുന്നത് തന്നെയാണ്. ജോസഫിന് ശേഷം ഷാഹി കബീര്‍ തിരക്കഥ എഴുതിയ 'നായാട്ട്' തിരക്കഥ കൊണ്ട് യാതൊരുവിധത്തിലും പ്രേക്ഷകരെ മുഷിപ്പിക്കില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.