ചെറുതല്ല വിശേഷം -റിവ്യൂ
text_fieldsസ്‌കൂളുകളില്‍ അധ്യാപകര്‍ എട്ടാം ക്ലാസുകാരോടും ഒമ്പതാം ക്ലാസുകാരോടും പറയുന്ന ഒരു വാക്കുണ്ട്. പത്താം ക്ലാസ് അതൊരുകടമ്പയാണ്. അത് കടന്നു കിട്ടിയാല്‍ നിങ്ങള്‍ രക്ഷപ്പെട്ടു. പിന്നെ ഒന്നും നോക്കണ്ട.എന്നാല്‍ ആ കടമ്പ ചാടിക്കടന്നാല്‍ മഹാ മേരുപോലെ മുന്നില്‍ നില്‍ക്കും പിന്നീടുള്ള പഠനപ്രക്രിയകള്‍ മുഴുവനും. അതൊരു സമസ്യയായി തുടര്‍ന്നുകൊണ്ടേയിരിക്കും.
അതേ പോലെ ജീവിതത്തില്‍ ഏറ്റവും വലിയ കടമ്പയായി തോന്നും കല്യാണം. ഇതിനെ അതിജീവിച്ചാല്‍ പിന്നെ ഒന്നും നോക്കണ്ട എന്നാണ് വയ്പ്പ്. അതൊന്നുമല്ല കാണാന്‍ പോകുന്ന പൂരം തോണി തുഴഞ്ഞെത്തി വിശേഷം ആയില്ലേ എന്ന് ചോദ്യത്തില്‍ തട്ടി നിര്‍ത്തും. മറ്റൊരു കല്യാണത്തിന് പോകുമ്പോഴോ കുടുംബ പരിപാടികള്‍ക്ക് പോകുമ്പോഴോ എന്തിന് സ്വന്തം ഓഫീസിലും വീട്ടിലും ഇക്കാര്യം പറഞ്ഞ് മുന്നീന്നും പിന്നീന്നും കുത്താന്‍ തുടങ്ങുമ്പോൾ കാര്യങ്ങള്‍ എല്ലാം കീഴ്‌മേല്‍ മറിയും. അപ്പോഴാണ് പരസ്പരം കുറ്റപ്പെടുത്താന്‍ തുടങ്ങുക. പരസ്പര ബന്ധത്തിലും സ്‌നേഹത്തിലും ഒരു ഫംഗസ് ബാധയെപ്പോലെ അത് മനസിലേക്ക് വ്യാപരിച്ചുകൊണ്ടേയിരിക്കും. വിശേഷമായില്ലേ എന്ന് ഒറ്റ ചോദ്യത്തില്‍ തകരുന്ന എത്രയോ കുടുംബങ്ങള്‍ നമുക്ക് മുന്നില്‍ തന്നെ നിരവധി ഉദാഹരണങ്ങളായി ഉണ്ട്.അത്തരം വിഷയത്തെ ആസ്പദമാക്കിയുള്ള ഒരുകഥയാണ് വിശേഷം എന്ന സിനിമയിലുടെ സംവിധായകൻ സൂരജ് ടോം വളരെ മനോഹരമായി നമുക്ക് മുന്നില്‍ കൊണ്ടുവയ്ക്കുന്നത്.
ഇത്തരം സ്ഥിതി വിഷേശങ്ങളിലൂടെ കടന്നുപോവാത്ത ഒരു കുടുംബവും ഇന്ന് ഉണ്ടാവുമെന്ന് തോന്നുന്നില്ല. കാരണം നമ്മുടെ ജീവിതാന്തരീക്ഷം ആകെ മാറി മറിഞ്ഞിരിക്കുകയാണ്. കഴിക്കുന്ന ആഹാരവും ശ്വസിക്കുന്ന വായുവും പോലും ആകെ മലീമസമാണ്. ജനിതക ഘടകങ്ങളില്‍ പോലും വലിയ മാറ്റങ്ങളാണ് ഉണ്ടായി. അത് മനുഷ്യന്റെ പ്രത്യുല്പാദന സംഹിതകളില്‍ പോലും കാര്യമായ വ്യതിയാനങ്ങള്‍ വരുത്തി.
കല്യാണ പന്തലില്‍ വച്ച് തന്നെ നവവധു മറ്റൊരുത്തന്റെ കൂടെ ഒളിച്ചോടുകയല്ല. എല്ലാവരുടെയും മുന്നില്‍ നിന്ന് നട്ടുച്ച നേരത്ത് ഓടിപ്പോകുന്ന കാഴ്ചയില്‍ നിന്നാണ് യഥാര്‍ത്ഥത്തില്‍ ഈ സിനിമയുടെ ആരംഭം. കെല്പില്ലാത്തവനെന്ന് മുദ്രകുത്തി അവന്റെ ജീവിതം തകര്‍ന്ന് തരിപ്പണമാവുന്നിടത്താണ് സജിത എന്ന പൊലീസുകാരി ഷിജു ഭക്തന്‍ എന്ന നായകന്റെ ജീവിതത്തിലേക്ക് കടന്നു വരുന്നത്. തന്റെ കൈയ്‌പ്പേറിയ വൈവാഹിക ജീവിതത്തില്‍ നിന്ന് വിമുക്തി നേടി ഷിജു എന്ന ചെറുപ്പക്കാരനില്‍ സജിത എത്തുന്നത് പാവമാണ് എന്ന കണ്ടെത്തലിലൂടെയാണ്. അവര്‍ പരസ്പരം എല്ലാം മറന്ന് സ്‌നേഹിക്കുന്നു. സജിതയുടെ തടിച്ച ശരീരപ്രകൃതം ഷിജുവിനോ, ഷിജുവിന്റെ കഷണ്ടിത്തല സജിതയ്‌ക്കോ പ്രശ്‌നമേയല്ല. ജീവിതം ആഘോഷിക്കാന്‍ തുടങ്ങുന്നിടത്താണ് കഥയുടെ പ്രധാന പോയിന്റായ വിശേഷത്തിലേക്ക് എത്തുന്നത്. എന്താ വിശേഷമായില്ലേ എന്ന ചോദ്യങ്ങള്‍ അവരുടെ ജീവിതത്തെ പിടിച്ചുകുലുക്കുന്നു. അവിടെ നിന്ന് തുടങ്ങുന്നു അവരുടെ സംഘര്‍ഷങ്ങള്‍.
ഒരു കഥ എങ്ങനെ അവതരിപ്പിക്കുന്നു എന്നിടത്താണ് സിനിമയുടെ വിജയം കിടക്കുന്നത്. അതില്‍ സംവിധായകൻ വിജയിച്ചു.സൂരജ് ടോമിന്റെ മുൻപുള്ള സിനിമകളായ അനൂപ് മേനോൻ നായകനായ എന്റെ മെഴുതിരി അത്താഴങ്ങള്‍, വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനായ കൃഷ്ണന്‍ കുട്ടി പണി തുടങ്ങി, ഒരു വട്ടം കൂടി, പാവ എന്നിവ. ആ ചിത്രങ്ങളില്‍ നിന്ന് ഒരു പടി കൂടി ഉയര്‍ന്നു നില്‍ക്കുന്നതാണ് വിശേഷം. ഈ സിനിമയില്‍ എടുത്തു പറയേണ്ട കുറേ പേരുണ്ട്. അതില്‍ ആദ്യം പറയേണ്ടത് ആനന്ദ് മധുസൂദനന്‍ എന്ന നായകനെത്തന്നെയാണ്. പതിവ് നായക സങ്കല്പത്തില്‍ നിന്ന് അല്പം വ്യതിചലിച്ചുള്ള പ്രകൃതം. കഷണ്ടിത്തല, ക്രമം തെറ്റിയ പല്ലുകള്‍, ഉയരം കുറഞ്ഞ് പാവം പിടിച്ച ഒരു പയ്യനാണ് യഥാര്‍ത്ഥ ജീവിതത്തില്‍ അയാള്‍. അഭിനയിക്കുന്നതായിട്ട് തോന്നിയിട്ടൊന്നുമില്ല സിനിമയിലുടനീളം സാധാരണപോലെ പെരുമാറുകയായിരുന്നു. ആനന്ദിന്റെ മനസില്‍ നിന്നാണ് ഈ കഥയുണ്ടായിരിക്കുന്നത്. മാത്രമല്ല തിരക്കഥ, പാട്ടെഴുത്ത്, സംഗീത സംവിധാനം ഒക്കെ ആനന്ദ് തന്നെയാണ്.പൊടിമീശ മുളയ്ക്കണ കാലം, ഇടനെഞ്ചില് ബാന്റടി മേളം എന്ന ഹിറ്റ് പാട്ട് രചിച്ച ആനന്ദ് സംഗീത സംവിധായകന്‍ എന്ന രീതിയിലാണ് സിനിമയില്‍ അറിയപ്പെടുന്നത്.
സിനിമയില്‍ ഏറ്റവും മനോഹരമായി സുജാതയെന്ന നായികാവേഷം ചെയ്ത നടിയാണ് ചിന്നു ചാന്ദിനി. ഒരു നിറഞ്ഞ കൈയടി തന്നെ കൊടുക്കണം. മലയാള സിനിമയില്‍ ഏറെ പ്രതീക്ഷ നല്‍കുന്ന നടിയായി ഉയരും ചിന്നു എന്നത് നിസംശയം. സിനിമയുടെ ആദ്യ ഭാഗത്ത് കോമഡിയുടെ എലമെന്റുകള്‍ നല്‍കി മുന്നേറുന്ന നടനാണ് അല്‍ത്താഫ് സലിം. അല്‍ത്താഫിന്റെ കോമഡി ഈ സിനിമയെ വളരെ രസകരമാക്കി തീര്‍ക്കുന്നുണ്ട്.
മാല പാര്‍വ്വതിയുടെ ഡോ. മേരി ജോര്‍ജ് മികച്ച കഥാപാത്രം തന്നെയാണ്. വിലപിടിച്ച മരുന്നുകള്‍ കുത്തിവെച്ച് സ്വാഭാവിക ശരീരപ്രക്രിയകളെ മാറ്റിമറിച്ച് വന്ധ്യതാ ക്ളിനിക്കുകള്‍ കോടികള്‍ വാരുന്ന ആശുപത്രിയുടെയും ഡോക്ടര്‍മാരുടെയും പ്രതിനിധിയാണ് ശരിക്കും ഇവര്‍. വര്‍ഷങ്ങളോളം മലയാള സിനിമയില്‍ വില്ലന്മാരുടെ ശിങ്കിടി കഥാപാത്രങ്ങള്‍ മാത്രമായി ഒതുങ്ങി നിന്ന ബൈജു എഴുപുന്ന ചെയ്ത കാരക്ടര്‍ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ട ഒന്നാണ്. ജോണി ആന്റണി, കുഞ്ഞികൃഷ്ണന്‍,വിനീത് തട്ടിലും എന്നിവർ തങ്ങളുടെ ഭാഗങ്ങൾ വളരെ കൃത്യമായി ചെയ്തു.സിനിമയിലെ ചില ഭാഗങ്ങളില്‍ അല്പം അതിഭാവുകത്വത്തിലേക്ക് വഴുതിവീഴുന്നുണ്ടെങ്കിലും നൈര്‍മല്യമുള്ളതും കുടുംബ പ്രേക്ഷകര്‍ കണ്ടിരിക്കേണ്ടതുമായ സിനിമയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.