Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightReviewschevron_rightസുലൈമാൻ മാലിക്​,...

സുലൈമാൻ മാലിക്​, ഇതിഹാസ വഴിയിൽ കിതച്ചുവീഴുന്ന ദുരന്ത നായകൻ

text_fields
bookmark_border
Malik Review Fahadh Faasils Film malayalam mahesh narayanan
cancel

ലോകത്ത്​ ഏതെങ്കിലും ഒരു കലക്ക്​ കൃത്യമായ ജനന തീയതി ഉണ്ടെങ്കിൽ അത്​ സിനിമക്കാണ്​. 1895 ഡിസംബർ 28നാണ്​ സിനിമ ജനിക്കുന്നത്​. പാരീസായിരുന്നു ജനന സ്​ഥലം. ലോകത്ത്​ സിനിമ ഉണ്ടായിട്ട്​ 125 വർഷമേ ആയിട്ടുള്ളൂ എന്നർഥം. 1903ലാണ്​ ലക്ഷണമൊത്ത ഒരു സിനിമ ജനിക്കുന്നത്​. കൃത്യമായ കഥയും ആക്ഷനും ഡ്രാമയും ഒക്കെയുള്ള ആ സിനിമയുടെ പേര്​ 'ഗ്രേറ്റ്​ ട്രെയിൻ റോബറി' എന്നായിരുന്നു. അതൊരു ഗ്യാങ്​സ്​റ്റർ സിനിമയായിരുന്നു എന്നതും പ്രത്യേകയാണ്​. ഗ്യാങ്​സ്​റ്റർ സിനിമയുടെ ചരിത്രം അന്ന്​ ആരംഭിച്ചതാണ്​. പിന്നീടിങ്ങോട്ട്​ എത്ര സിനിമകൾ, എത്ര ഗ്യാങ്​സ്​റ്റർമാർ, എത്ര കൊലകൾ, എത്ര ആയിരം ലിറ്റർ ചോരചിന്തലുകൾ, ലോക സിനിമാ ചരിത്രത്തിൽ ഉണ്ടായിട്ടുണ്ട്​ എന്നതിന്​ കയ്യും കണക്കുമില്ല.



ലോക ഗ്യാങ്​സ്​റ്റർ സിനിമാ ചരിത്രത്തിനെ രണ്ടായി പകുത്ത ഗോഡ്​ഫാദർ സീരീസിലെ ആദ്യ സിനിമ പുറത്തിറങ്ങുന്നത്​ 1972ലാണ്​. ആധുനിക ഗ്യാങ്​സ്​റ്റർ ചിത്രങ്ങളിൽ അഗ്രഗണ്യനായി കരുതപ്പെടുന്ന സിറ്റി ഒാഫ്​ ഗോഡ്​ ഇറങ്ങുന്നത്​ 2002ലാണ്​. ഇന്ത്യൻ സിനിമയിലെ എക്കാലത്തേയും മികച്ച ഗ്യാങ്​സ്​റ്റർ സിനിമ മണിരത്​നത്തി​െൻറ നായകനാണ്​. മലയാളം ഗാങ്​സ്​റ്റർ സിനിമകളുടെ അത്രവലിയ ഭൂമികയല്ല. നമ്മുക്ക്​ അത്തരം അനുഭവ പരിസരമില്ല എന്നതാണ്​ കാരണം. മട്ടാഞ്ചേരിയിൽ തുടങ്ങി അവിടെതന്നെ അവസാനിക്കുക എന്നതായിരുന്നു മലയാളം ഗ്യാങ്​സ്​റ്റർമാരുടെ വിധി.


മലയാളത്തിലെ ലക്ഷണമൊത്തൊരു ഗാങ്​സ്​റ്റർ സിനിമ 'ബിഗ്​ ബി'യാണ്​. ഇരുപതാം നൂറ്റാണ്ടും സാമ്രാജ്യവും ആര്യനുമൊക്കെ മികവുപുലർത്തുന്നുണ്ടെങ്കിലും ബിഗ്​ ബി അതി​െൻറ മേക്കിങ്​ കൊണ്ട്​ കുറച്ച്​ മുകളിൽ നിൽക്കും. ഇൗ ഭൂമികയിലേക്കാണ്​ സുലൈമാൻ മാലിക്​ എന്ന തീരദേശക്കാരൻ ഗ്യാങ്​സ്​റ്റർ കടന്നുവരുന്നത്​. ​സുലൈമാൻ ത​േൻറതായ നിലയിൽ മികവുപുലർത്തിയ മനുഷ്യനും കഥാപാത്രവുമാണ്.​ എന്നാൽ ത​െൻറ മുൻഗാമികളായ ഇതിഹാസമാനങ്ങളുള്ള കഥാപാത്രങ്ങൾക്കൊപ്പമെത്താൻ മാലികിന്​ കഴിയുന്നില്ല. അതിന്​ പ്രധാനകാരണം സിനിമയുടെ അണിയറയിലുള്ള മാസ്​റ്റർ ക്രാഫ്​റ്റ്​മാൻമാരുടെ അഭാവമാണ്​.


സിനിമയെന്നത്​ നമ്മുക്ക്​ മുന്നിലെത്തുന്ന ചെറിയ സ്​പെയ്​സിലെ കാഴ്​ച്ചകളാണ്​. അത്​ മിഴിവുള്ളതാക്കുക എന്നതാണ്​ സിനിമ എടുക്കുന്നവരുടെ പ്രാഥമിക കർത്തവ്യം​. പുറമേ നാം എന്തെല്ലാം ഒരുക്കിയാലും അതി​െൻറ ദൃശ്യത സ്​ക്രീനിലെത്തിയില്ലെങ്കിൽ പ്രയത്​നം പാഴായിപ്പോകും. മാലികിൽ ഇൗ പ്രശ്​നമുണ്ടെന്ന്​ തോന്നുന്നു. സിനിമക്കായി ഒരുക്കിയ സന്നാഹങ്ങൾ പ്രേക്ഷകരിലെത്തുന്നില്ല എന്നത്​ വലിയ പ്രശ്​നമാണ്​. ​െഎ.വി.ശശിയെ പോലുള്ള ജനപ്രിയ സംവിധായകർ വികസിപ്പിച്ചെടുത്ത കഥപറച്ചിൽ രീതിയാണ്​ മാലികിൽ കാണാനാകുന്നത്​. അത്​ മോശമെന്നല്ല, പക്ഷെ പുതുമതേടുന്ന ​പ്രേക്ഷകനെ നിരാശപ്പെടുത്തുന്ന മേക്കിങ്​ ആണത്​.


പുതുമയില്ലാത്ത മാലിക്​

ജനനം, വളർച്ച, വാർധക്യം, മരണം എന്നിങ്ങനെ മാലികി​െൻറ സമ്പൂർണമായ ജീവിതചക്രം സിനിമയിലുണ്ട്​. ഇത്​ ഗ്യാങ്​സ്​റ്റർ സിനിമകളുടെ പൊതു ട്രീറ്റ്​​െമൻറ്​ രീതിയാണ്​. അതിശയകരമായ ജനനം, കുട്ടിക്കാലത്ത്​ നേരിടേണ്ടിവരുന്ന പൊലീസ്,​ ഭരണകൂട അതിക്രമങ്ങൾ, അനീതികക്കെതിരായ പോരാട്ടം, സ്​നേഹിക്കുന്ന ആളുകളുടെ ദൈന്യതയും വേർപാടും, ചതിക്കപ്പെട്ടുള്ള മരണം എന്നിങ്ങനെ ഗാങ്​സ്​റ്റർ ​ചേരുവകളാൽ സമ്പന്നമാണ്​ മാലിക്​. ഇത്തരം ചേരുവകൾ ചേർത്തുവച്ചുതന്നെയാണ്​ സിനിമ ഉണ്ടാക്കേണ്ടതും.​


ഏഴ്​ സ്വരങ്ങൾകൊണ്ട്​ തീർക്കുന്ന സംഗീതംപോലെയാണിത്​. പക്ഷെ സംഗീതം നല്ലതാകണമെങ്കിൽ ചേർക്കുന്ന സ്വരങ്ങളുടെ അനുപാതവും കണക്കും കൃത്യമായിരിക്കണം. അല്ലെങ്കിൽ വിപ്ലവകരമായിരിക്കണം. എങ്കിലേ ഇതുവരെ കേട്ടതിൽ നിന്ന്​ മാറിയൊരു സംഗീതമുണ്ടാകൂ. മാലിക്​ വളരെ സാധാരണമായി തീർത്തൊരു ഗാനംപോലെ നിങ്ങൾക്ക്​ തോന്നും. അത്​ നിങ്ങളെ കൊളുത്തിവലിക്കുകയോ ഹൃദയത്തിൽ തൊടുകയോ ചെയ്യ​ുന്നില്ല. ചില പാട്ടുകൾ കേട്ടാൽ, കൊള്ളാം എന്ന്​ പറയുംപോലെ 'കൊള്ളാം' എന്ന ഒറ്റവാക്കിൽ പറഞ്ഞ്​ ഒഴിയേണ്ടിവരുന്ന സിനിമയാണിത്​​. മാസ്​ ഡയലോഗുകൾ, നിയന്ത്രിത സാഹചര്യങ്ങളിൽ പെരുമാറുന്ന കഥാപാത്രങ്ങൾ, ഗാംഭീര്യമുള്ള ബി.ജെ.എം അപ്രതീക്ഷിതമായ കഥാപാത്ര വളർച്ച തുടങ്ങി പ്രേക്ഷകനെ എൻഗേജ്​ ചെയ്യിക്കുന്ന പലതും മാലികിൽ ഇല്ലാതെപോയി.


റമദാപള്ളി എന്ന ബീമാപള്ളി

മാലികിനെപറ്റി പറയു​േമ്പാൾ റമദാപള്ളിയെന്ന ബീമാപള്ളിയെ പരാമർശിക്കാതിരിക്കാനാവില്ല. ഇന്ത്യയിൽ ന്യൂനപക്ഷങ്ങൾ തിങ്ങിപ്പാർക്കുന്ന എല്ലാ സ്​ഥലങ്ങൾക്കുമുള്ള കുപ്രസിദ്ധി ബീമാപള്ളിക്കും ഉണ്ടായിരുന്നു. അവിടെ നിയമവാഴ്​ച്ചയില്ല എന്നതായിരുന്നു ഭരണകൂടത്തി​െൻറ വലിയ പരാതി. അവിടെ ഒന്ന്​ കയറണം എന്നതായിരുന്നു അവരുടെ ഏറ്റവുംവലിയ ആഗ്രഹം. ഇൗ ചൊരുക്കിൽ നിന്നാണ്​ 2009 മെയ്​ 17ന്​ അവിടെ വർഗീയ കലാപ സാഹചര്യം സൃഷ്​ടിച്ച്​ ഭരണകൂടം ഇടപെടുന്നത്​. 'പാഠം പഠിപ്പിക്കണം' എന്ന ആഗ്രഹത്തോടെയാണ്​ കേരളംകണ്ട ഏറ്റവവുംവലിയ വെടിവയ്​പ്പുകളിലൊന്നിന്​ അന്ന്​ പൊലീസ്​ ബീമാപള്ളിയിൽ നേതൃത്വം നൽകുന്നത്​. മാലിക്കിൽ, ബീമാപള്ളിയും ചെറിയതുറയും റമദാപള്ളിയെന്നും പുത്തൻതുറയെന്നുമാണ്​ അടയാളപ്പെടുത്തിയിരിക്കുന്നത്​. സിനിമയിൽ ആകാവുന്ന സ്വാതന്ത്ര്യം എടുത്തുതന്നെയാണ്​ ഇരുദേശങ്ങളുടേയും കഥപറഞ്ഞിരിക്കുന്നത്​. ആവശ്യമായ ബാലൻസിങും കഥാപാത്ര വിന്യാസത്തിലെ മാറ്റിമറിക്കലുകളും സിനിമയിൽ ആവോളമുണ്ട്​.


ബീമാപ്പള്ളി വെടിവെയ്​പ്പ്​ കാലത്തെ കലക്​ടർ മുതൽ മന്ത്രിവരെ പേരുകൾ കൊണ്ട്​ സിനിമയിൽ മുസ്​ലിംകളായിട്ടുണ്ട്​. കൊടിയേരി ബാലകൃഷ്​ണൻ അബൂബക്കറായും സഞ്​ജയ്​കുമാർ കൗൾ അൻവർ അലിയായും രൂപാന്തരപ്പെട്ടു. കേരളത്തിലെ പുരോഗമന പക്ഷമെന്ന്​ അറിയപ്പെടുന്ന ഇടത്​​ സർക്കാരാണ്​ സംസ്ഥാന ചരിത്രത്തിലെ ഏറ്റവുംവലിയ ഭരണകൂട വേട്ട ന്യൂനപക്ഷത്തിനുനേരേ നടത്തിയത്​. അതി​െൻറ സൂചനപോലും സിനിമ ഒഴിവാക്കുന്നുണ്ട്​. 2009ലെ പൊതുതെരഞ്ഞെടുപ്പ്​ ഫലം​ വന്നതി​െൻറ പിറ്റേന്നായിരുന്നു ബീമാപള്ളി വെടിവയ്​പ്പ്​. അന്ന്​ നാല്​ സീറ്റുകളിൽ ഒതുങ്ങിയിരുന്നു ഇടതുപക്ഷം. ഇത്തരം അനിവാര്യമായ ചരിത്ര സന്ദർഭങ്ങളും നിങ്ങൾക്ക്​ സിനിമയിൽ കാണാനാവില്ല. റമദാപള്ളിയിൽനിന്ന്​ യന്ത്രത്തോക്കുകൊണ്ട്​ വെടിവയ്​പ്പുണ്ടായി എന്ന സ്​തോഭജനകമായ വിവരവും സിനിമയിൽ പഞ്ചിനുവേണ്ടി ചേർത്തിട്ടുണ്ട്​. എങ്കിലും ബീമാപള്ളിയെന്ന ദേശത്തെ സിനിമ സമ്പൂർണമായി വില്ലനാക്കുന്നില്ല എന്നത്​ എടുത്തുപറയേണ്ട സവിശേഷതയാണ്​. കാരണം അത്​ നായകനായ സുലൈമാ​െൻറ ഹൃദയഭൂമികയാണ്​. ഏറ്റുവാങ്ങിയ എല്ലാ അനീതികൾക്കുശേഷവും അത്തരമൊന്നുകൂടി താങ്ങാനാവുമായിരുന്നില്ല ഇൗ കടലോര ഗ്രാമത്തിന്​. അതിന്​ സിനിമയുടെ അണിയറക്കാരോട്​ നന്ദി പറയണം.


ഫഹദും വിനയ്​ ഫോർട്ടും നിറഞ്ഞാടുന്നു

അവിശ്വനീയമായ പലതും സിനിമയിൽ വിശ്വസനീയമാക്കുന്നത്​ അതിൽ അഭിനയിക്കുന്നവരുടെ മികവുകൊണ്ടാണ്​. മാലിക്കിൽ സുലൈമാൻ മാലിക്കായത്​ ഇന്ന്​ ഇന്ത്യൻ സിനിമയിൽ ലഭ്യമായ ഏറ്റവും മികച്ച നടന്മാരിലൊരാളാണ്​. മാലികിനേയും താരതമ്യേന വിശ്വസനീയമാക്കുന്നത്​ ഫഹദി​െൻറ അഭിനയമാണ്​. ഏതൊരു നടനും കൊതിക്കുന്ന വേഷമാണ്​ സുലൈമാൻ മാലികി​േൻറത്​. സിനിമയിലെ ഏറ്റവും മനോഹരമായ ക്രാഫ്​റ്റ്​ കണ്ടത്​ ആദ്യ 13 മിനിറ്റിലാണ്​. ഒറ്റ ഷോട്ടിൽ സുലൈമാൻ മാലിക്കി​െൻറ വർത്തമാനകാലത്തെ മുഴുവനായും സംവിധായകൻ വരച്ചിട്ടിട്ടുണ്ടതിൽ​. പിന്നീടീ മികവ്​ ആവർത്തിക്കാനാവുന്നില്ല. 13 മിനിട്ടി​െൻറ അവസാനം ഹജ്ജിന്​ ​പോകാനിറങ്ങുന്ന സുലൈമാൻ കൂടിനിൽക്കുന്നവരോട്​ പറയുന്ന സലാമാണ്​ മാലിക്കിലെ ഏറ്റവും എപ്പിക്കായ രംഗം.


പിന്നെ എടുത്തുപറയേണ്ടത്​ വിനയ്​ ഫോർട്ട്​ എന്ന നടനെകുറിച്ചാണ്​. അയാളെത്ര വിശ്വസനീയമായാണ്​ അഭിനയിക്കുന്നത്​. മാലിക്കിൽ അത്​ പരമകോടിയിലെത്തുന്നുണ്ട്​. ഫഹദി​െൻറ സുലൈമാനോടൊപ്പം സഞ്ചരിക്കുന്ന കഥാപാത്രമാണ്​ വിനയി​െൻറ ഡേവിഡ്​ ക്രിസ്​തുദാസ്​. അയാൾക്കും കൗമാരവും യൗവ്വനവും വാർധക്യവുമുണ്ട്​. ഒന്നിനൊന്ന്​ മെച്ചമാണ്​ വിനയ്​ ഇൗ കാലഘട്ടങ്ങൾക്ക്​ കൊടുത്തിരിക്കുന്ന ശരീരഭാഷ്യങ്ങൾ. റോസ്​ലിൻ ആയ നിമിഷ സജയൻ പതിവിൽനിന്ന്​ ഉയർന്ന്​ ഒന്നും ചെയ്​തതായി തോന്നുന്നില്ല. യുവതിയായ റോസ്​ലി​നേക്കാൾ പതിൻമടങ്ങ്​ വിശ്വസനീയമായാണ്​​ വാർധക്യത്തിലെത്തിയ റോസ്​ലിൻ പെരുമാറുന്നത്​. ദിലീഷ്​ പോത്തനും, ഇന്ദ്രൻസും, ജോജുജോർജും, സലീംകുമാറുമൊക്കെ സിനിമയിൽ കഥാപാത്രങ്ങളാകുന്നുണ്ട്​. പഴയകാല നായിക ജലജ സുലൈമാ​െൻറ ഉമ്മയായ ജമീലയായി മലയാളത്തിലേക്ക്​ മടങ്ങിവന്നതും മാലികി​െൻറ പ്രത്യേകതയാണ്​. 'തീരമേ' എന്ന സുഷിൻ ശ്യാം ഒരുക്കിയ പാട്ട്​ ഹൃദയത്തിൽതൊടും.

വ്യക്​തിത്വം കുറഞ്ഞ കഥാപാത്രങ്ങൾ

സിനിമയെന്ന നിലയിൽ മാലിക്​ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രശ്​നം കഥാപാത്രങ്ങളുടെ വ്യക്​തിത്വമില്ലായ്​മയാണ്​. ഇതിഹാസ സിനിമകളുടെ ഏറ്റവും വലിയ പ്രത്യേകത വന്നുപോകുന്നവരെയെല്ലാം നാം ഒാർത്തിരിക്കും എന്നതാണ്​. അവർ​െക്കല്ലാം ചെയ്യാനും പറയാനും സിനിമയിൽ എന്തെങ്കിലും ഉണ്ടാകും. അപ്പോകാലിപ്​റ്റോ എന്ന മെൽഗിബ്​സൺ സിനിമ എടുത്തുനോക്കൂ. നൂറുകണക്കിന്​ കഥാപാത്രങ്ങൾ അതിലുണ്ട്​. പക്ഷെ ആരേയും മറക്കാനാവാത്തവിധം അടയാളപ്പെടുത്താൻ സംവിധായകനാവുന്നുണ്ട്​. മാലികിലാക​െട്ട ആദ്യാവസാനമുള്ള ചില കഥാപാത്രങ്ങൾപോലും തിരശ്ശീലക്കുള്ളിലായിപ്പോകുന്നുണ്ട്​. അവരുടെ അസ്ഥിത്വമോ വ്യക്​തമായി സിനിമ പറയുന്നില്ല. ഇത്തരം ജങ്ക്​ കഥാപാത്രങ്ങളാൽ സമ്പന്നമാണ്​ മാലിക്​.


മാലികിലെ ഫ്ലാഷ്​ബാക്കുകളും വേണ്ടത്ര പ്രയോജനം ചെയ്യുന്നുണ്ടായിരുന്നില്ല. കുറേക്കൂടി ലീനിയർ ആയി കഥപറഞ്ഞിരുന്നെങ്കിൽ ആസ്വാദന നിലവാരം ഉയരുമായിരുന്നു. ക്ലൈമാക്​സിലെത്തു​േമ്പാൾ ചില ക്ലാസിക്​ സിനിമകളെ അനുകരിക്കുന്നുണ്ട്​ മാലിക്​. നായകനിൽ വേലുനായ്​ക്കർ കൊല്ലപ്പെടുന്ന രീതിയേക്കാൾ സാമ്യം ഒരുപക്ഷെ സിറ്റി ഒാഫ്​ ഗോഡിലെ ക്ലൈമാക്​സുമായി മാലികിനുണ്ട്​. കൊലാറ്ററൽ ഡാമേജ്​ അഥവാ പാർശ്വ നഷ്​ടം എന്ന്​ നാം ജീവിതത്തിൽ കരുതുന്ന നിമിഷങ്ങൾ ചിലപ്പോൾ നമ്മുടെ മുന്നിൽ വിനാശകരമായി തീരാറുണ്ട്​​. മാലികിലും അതുതന്നെയാണ്​ സംഭവിക്കുന്നത്​.


രാജ്യത്ത്​ ഭരണകൂടത്തിനാൽ പൈശാചികവത്​കരിക്കപ്പെട്ടുവരുന്ന ഒരു സമൂഹത്തിലെ അംഗത്തെ നായകനാക്കുന്ന സിനിമയെന്ന നിലയിൽ മാലിക്​ ശ്രദ്ധേയമാണ്​. അതിലും വലുതാണ്​ കുപ്രസിദ്ധി മാത്രമുള്ള ഒരു ദേശത്തെ അടയാളപ്പെടുത്തുക എന്നത്​. വിട്ടുവീഴ്​ച്ചയോടെയാണെങ്കിലും അത്​ അവതരിപ്പിച്ച മാലികി​െൻറ അണിയറക്കാർക്ക്​ അഭിനന്ദനങ്ങൾ. സിനിമയെന്ന നിലയിൽ ഇനിയും മെച്ചപ്പെടാമായിരുന്ന ഒന്നുകൂടിയാണ്​ മാലിക്​. പുതിയൊരു ആഖ്യാനഭാഷ്യത്തിന്​ ശ്രമിക്കാതെ പലയിടത്തുനിന്ന്​ പെറുക്കിക്കൂട്ടിയ ശ്ലഥബിംബങ്ങളുടെ സമാഹാരമായി സിനിമ ഒരുക്കിയതാണ്​ സംവിധായകന്​ പറ്റിയ പ്രധാന പാളിച്ച.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:movie reviewmalayalam movieMalikFahadh Faasil
Next Story