മറിയം ജൂബർ, സോഫി ഡെറാപ്സേ; ചലച്ചിത്രോത്സവ വേദികളെ ത്രസിപ്പിച്ച് വനിത സംവിധായികമാരുടെ ചിത്രങ്ങൾ
text_fieldsപനാജി: കണ്ടിരിക്കുന്നവരെ ഒന്നടങ്കം ദൃശ്യവിസ്മയങ്ങളുടെയും ഭ്രമകൽപനകളുടെയും ലോകത്തേക്ക് ആനയിക്കുന്ന രണ്ട് ചിത്രങ്ങൾ. സംവിധായകർ വനിതകൾ. ഗോവ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ നിറഞ്ഞ സദസിൽ പ്രദർശിപ്പിച്ച തുനീഷ്യൻ സംവിധായിക മറിയം ജൂബറിന്‍റെ who do I belong to (ഞാൻ ആരുടെതാണ്), കാനഡക്കാരി സോഫി ഡെറാപ്സേയുടെ ആട്ടിടയന്മാർ (Shepperds) എന്നിവയാണ് ചലച്ചിത്ര പ്രേമികളുടെ കണ്ണും മനസും നിറച്ചത്.
ഐസിസിൽ ചേർന്ന രണ്ട് മക്കളുടെ ഉമ്മയായ ഐഷയുടെ നോവുകളും വികാര വിക്ഷുബ്ധതയും ഓരോ ഫ്രയിമുകളിലും ഒപ്പിയെടുത്താണ് ഞാൻ ആരുടെതാണ് എന്ന തുനീഷ്യൻ സിനിമ വികസിക്കുന്നത്. തുനീഷ്യയുടെ മനോഹരമായ ഗ്രാമീണ പശ്ചാത്തലത്തിലാണ് കഥ പറയുന്നത്. രണ്ട് മക്കൾ ഐസിസിൽ ചേർന്നതറിയുന്ന ഐഷയുടെയും ഭർത്താവ് ഇബ്രാഹീമിന്‍റെയും വൈകാരിക സംഘർഷങ്ങൾ പ്രേക്ഷകരുടെ ഉള്ളിലും അനുഭവപ്പെടും.
അപ്രതീക്ഷിതമായി തിരിച്ചെത്തുന്ന മക്കളിലൊരാളായ മെഹ്ദിയെ സ്വീകരിക്കേണ്ടി വരുന്നതും മക്കളുമായുള്ള ഭർത്താവിന്‍റെ പൊരുത്തക്കേടുകൾക്കിടയിലെ ഉമ്മയുടെ വിങ്ങലുകളും രണ്ടാമത്തെ മകൻ കൊല്ലപ്പെട്ട വിവരം അറിയുമ്പോഴുണ്ടാവുന്ന നടുക്കവും അസാധാരണ കൈയടക്കത്തോടെയാണ് ഐഷ കൈകാര്യം ചെയ്യുന്നത്. എന്തിന് ഐസിസിൽ ചേർന്നു എന്ന പൊള്ളിക്കുന്ന ഉമ്മയുടെ ചോദ്യത്തിന് ഞാൻ കരുതിയതല്ല അവിടെ സംഭവിക്കുന്നത് എന്ന മകന്‍റെ മറുപടി സംവിധായിക ലോകത്തോട് പറയാൻ ശ്രമിക്കുന്ന ശക്തമായ രാഷ്ട്രീയ പ്രസ്താവനയായാണ് പ്രേക്ഷകന് അനുഭവപ്പെടുക. വനിതകൾ അധികം കൈകാര്യം ചെയ്യാത്ത സംഘട്ടനങ്ങളും യുദ്ധരംഗങ്ങളുമൊക്കെ മറിയം മികച്ച പാടവത്തോടെ ദൃശ്യവത്കരിച്ചിട്ടുണ്ട്.
ആൽപ്സ് പർവ്വത നിരകളുടെ മനോഹാരിതയും വന്യതയും പകർത്തി കാഴ്ചക്കാരനെ അതിൽ ലയിപ്പിക്കുന്ന മനോഹരമായ ദൃശ്യാവിഷ്കാരമാണ് ആട്ടിടയന്മാർ എന്ന ചലച്ചിത്രം. വലിയ സ്ക്രീനിൽ മാത്രം കാണേണ്ടത്. കാനഡയിൽ നിന്ന് ഫ്രാൻസിലെത്തിയ യുവാവ് മടങ്ങി പോവാതെ ആട്ടിടയനായി ജോലി ചെയ്യാൻ തീരുമാനിക്കുന്നിടത്താണ് സിനിമ തുടങ്ങുന്നത്. പ്രകൃതിയിലേക്ക് മടങ്ങേണ്ടതിന്‍റെ ആവശ്യകത പറയാതെ പറയുന്ന രീതിയാണ് സംവിധായികയുടേത്. മണ്ണിനെയും മനുഷ്യനെയും കോർപറേറ്റുകൾ ചൂഷണം ചെയ്യുന്നത് ആട്ടിടയർക്കിടയിലെത്തുന്ന നായകന് അവരുടെ സാധാരണ സംസാരത്തിനിടയിലാണ് ബോധ്യമാകുന്നത്.
എല്ലാം മറന്ന് മലമടക്കുകളിൽ ആട്ടിടയനായി മാറി പ്രകൃതിയും മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സിംഫണി കണ്ണുകളിലുടക്കുന്ന ദൃശങ്ങളിലൂടെയാണ് അവതരിപ്പിച്ചിരിക്കുന്നത്. കഥാന്ത്യത്തിൽ ആൽപ്സ് മലനിരകളെ നോക്കി നായിക പറയുന്നത് ഇന്‍റർനെറ്റ്, ഇൻഷുറൻസ്, നിത്യവും അടക്കേണ്ട ബില്ലുകൾ, ജോലിയുടെ സമ്മർദങ്ങൾ ഒന്നുമില്ലാതെയുള്ള ജീവിതത്തിന്‍റെ സ്വാതന്ത്ര്യം അതൊന്ന് വേറെയാണെന്നാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.