വിമൻ ടോക്കിങ് വീണ്ടും ചർച്ച ചെയ്യാം...
text_fieldsസ്ത്രീകൾ അഭിമുഖീകരിക്കുന്ന സമകാലിക വെല്ലുവിളികൾ പരിശോധിക്കുന്ന ശക്തമായൊരു സിനിമാറ്റിക് സൃഷ്ടിയാണ് ‘വിമൻ ടോക്കിങ്’. 2022 സെപ്റ്റംബർ രണ്ടിന് പുറത്തിറങ്ങിയ ഈ ചിത്രത്തെക്കുറിച്ച് മലയാളി പ്രേക്ഷകർക്കിടയിൽ വലിയ ചർച്ച നടന്നിട്ടുണ്ടോ എന്ന് സംശയമാണ്. ഒരു യാഥാസ്ഥിതിക സമൂഹത്തിനുള്ളിൽ സ്ത്രീകൾ അനുഭവിക്കുന്ന ഭീകരതകളിലേക്ക് വെളിച്ചം വീശുന്ന, പ്രസക്തവും ചിന്തോദ്ദീപകവുമായ സിനിമയായി ഇതിനെ വിശേഷിപ്പിക്കാം. ആക്ടിവിസം, ലിംഗഭേദം, മതവിശ്വാസം തുടങ്ങിയ നിരവധി വിഷയങ്ങൾ ഒരേസമയം കനേഡിയൻ സംവിധായിക സാറ പോളി സിനിമയിലൂടെ ചർച്ചക്ക് വെക്കുന്നുണ്ട്.
കനേഡിയൻ എഴുത്തുകാരി മിറിയം ടോവിന്റെ 2018ൽ പുറത്തിറങ്ങിയ ‘വിമൻ ടോക്കിങ്’ എന്ന രചനയെ ഉൾെകാണ്ട് അതേപേരിൽ തന്നെയാണ് സാറ പോളി ഈ ചിത്രം ഒരുക്കിയിട്ടുള്ളത്. ബൊളീവിയയിലെ വിദൂരവും ഒറ്റപ്പെട്ടതുമായ മെനോനൈറ്റ് കമ്യൂണിറ്റിയായ മാനിറ്റോബ കോളനിയിൽ നടന്ന ഗ്യാസ്-ഫെസിലിറ്റഡ് ബലാത്സംഗങ്ങളെക്കുറിച്ചാണ് സിനിമ ചർച്ച ചെയ്യുന്നത്. റാഡിക്കൽ നവീകരണത്തിലേക്ക് വേരുകൾ കണ്ടെത്തുന്ന അനാബാപ്റ്റിസ്റ്റ് ക്രിസ്ത്യൻ ചർച്ച് കമ്യൂണിറ്റികളുടെ ഒരു കൂട്ടമാണ് മെനോനൈറ്റുകൾ. അനാബാപ്റ്റിസ്റ്റ് പ്രസ്ഥാനത്തിന്റെ ആദ്യകാല പ്രമുഖ നേതാക്കളിൽ ഒരാളായ മെനോ സൈമൺസിൽ നിന്നാണ് (1496-1561) ഈ പേര് ഉരുത്തിരിഞ്ഞത്.
ആക്ഷൻ സ്വഭാവത്തോടെയാണ് ഈ ചിത്രത്തെ സമീപിക്കുന്നതെങ്കിൽ നിരാശയായിരിക്കും ഫലം. എന്നിരുന്നാലും ശക്തമായ അഭിനയ പ്രകടനങ്ങളാൽ സിനിമ പ്രേക്ഷകനെ പൂർണമായും തൃപ്തിപ്പെടുത്തും. ഉറക്കമുണർന്ന് തന്റെ തുടകളിൽ ചതവുകൾ കണ്ടെത്തുമ്പോൾ കടുത്ത വേദന അനുഭവിക്കുന്ന ഓണ (റൂണി മാര) ഒരു ബലാത്സംഗ സംഭവത്തെക്കുറിച്ച് സൂചന നൽകുന്നതോടെയാണ് ചിത്രം ആരംഭിക്കുന്നത്. തങ്ങളുടെ കമ്യൂണിറ്റിക്കുള്ളിലെ പുരുഷന്മാരിൽനിന്നുള്ള ഭീകരതയിൽനിന്ന് സംരക്ഷണം നേടാൻ അവിടത്തെ സ്ത്രീകൾ സ്വയം മുന്നിട്ടിറങ്ങുന്നു. അതോടെ സിനിമ പുതിയ വഴിത്താരയിലൂടെ പതിയെ സഞ്ചരിച്ചുതുടങ്ങും.
അച്ഛൻ പെൺമക്കളെയും സഹോദരന്മാർ സഹോദരിമാരെയും ബലാത്സംഗം ചെയ്യുന്ന സമൂഹമാണത്. എന്നിരുന്നാലും, ഒരു യുവാവ് ഒരു പെൺകുട്ടിയെ ദ്രോഹിക്കാൻ ശ്രമിക്കുമ്പോൾ, അവൻ അമ്മയുടെ കോപത്തിനുകൂടി ഇരയാകുന്നു. അസാധാരണ അഭിനയ മുഹൂർത്തങ്ങളാണ് സിനിമയിലുള്ളത്. പ്രത്യേകിച്ച് ക്ലെയർ ഫോയ്, ജെസ്സി ബക്ക്ലി, റൂണി മാര എന്നിവരുടെ പ്രകടനങ്ങൾ എടുത്തുപറയേണ്ടതാണ്. മെനോനൈറ്റ് സമൂഹത്തിന്റെ പേരോ, സൂചകങ്ങളോ വ്യക്തമായി പറയുന്നതിൽനിന്ന് സിനിമ വിട്ടുനിൽക്കുന്നുണ്ടെങ്കിലും, എല്ലാ അടയാളങ്ങളും ആ സമൂഹത്തെ ശക്തമായി വിമർശിക്കുന്നുണ്ട്.
2022 സെപ്റ്റംബർ രണ്ടിന് യു.എസിലെ ടെല്ലുറൈഡ് ഫിലിം ഫെസ്റ്റിവലിൽ ഈ ചിത്രത്തിന്റെ വേൾഡ് പ്രീമിയർ ഉണ്ടായിരുന്നു. 2022 സെപ്റ്റംബർ 13ന് ടൊറന്റോ ഇന്റർനാഷനൽ ഫിലിം ഫെസ്റ്റിവലിലും ഒക്ടോബർ 10ന് 60ാമത് ന്യൂയോർക് ഫിലിം ഫെസ്റ്റിവലിലും നവംബർ അഞ്ചിന് അമേരിക്കൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് (എ.എഫ്.ഐ) ഫെസ്റ്റിലും ചിത്രം പ്രദർശിപ്പിച്ചു. 2022 ഡിസംബർ 23ന് യുനൈറ്റഡ് സ്റ്റേറ്റ്സിലും കാനഡയിലും അതിന്റെ പരിമിതമായ തിയറ്റർ റിലീസ് ആരംഭിച്ചു. 2023 ജനുവരി 27ന് ലോകമൊട്ടാകെയുള്ള തിയറ്ററുകളിൽ ചിത്രം പ്രദർശനമാരംഭിച്ചു. തുടർന്ന് മാർച്ച് ഏഴിന് ഇതിന്റെ ഡി.വി.ഡി പുറത്തിറങ്ങി. നിലവിൽ ആമസോൺ പ്രൈമിലൂടെ സിനിമ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.