ആ സ്നേഹക്കൂട്ടിൽ നിന്ന് പറന്നു പറന്ന്...
text_fieldsഓൺലൈൻ ക്ലാസിൽ ടീച്ചറുടെ ശബ്ദം കേൾക്കുന്നുണ്ട്. അക്ഷമയോടെ കാത്തിരിക്കുകയാണ് ഒരു കിളിക്കുഞ്ഞ്. 'ഇപ്പൊ തീരു'മെന്ന് കുട്ടി അടക്കം പറഞ്ഞു. ക്ലാസ് തീർന്നതും അവരുടെ കളിയും കൊച്ചുവർത്തമാനവും തുടങ്ങുകയായി. The Cage (കൂട്) എന്ന കുഞ്ഞുസിനിമ തുടങ്ങുന്നത് ഇങ്ങനെയാണ്. കുട്ടിയുടെയും കിളിക്കുഞ്ഞിന്റെയും കൂട്ടുകൂടലിന്റെ കഥയാണ് 'കൂട്'. സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും നൈർമല്യം കാഴ്ചക്കാരുടെ ഹൃദയത്തിലേക്കു പകരുന്ന ചിത്രം. സ്നേഹനിരാസത്തിന്റെ കാലത്തെ സ്നേഹഗാഥയായി അതു മാറുന്നു.
'കൂടി'നൊരു കഥ പറയാനുണ്ട്
ആ കുഞ്ഞുപക്ഷി അവർക്കിടയിലേക്ക് പറന്നുവീഴുകയായിരുന്നു. പറക്കാൻ പഠിക്കുന്നതിനിടയിലാണ് അത് മുറ്റത്തു ചെന്നുവീണത്. വളർത്തുനായ് ഓടിച്ചെന്ന് അതിനെ മെല്ലെയൊന്നു കടിച്ച് നിലത്തുവെച്ചു. കുഞ്ഞിക്കിളി കരഞ്ഞു. അതിന്റെ അച്ഛനമ്മമാർ നിലവിളിച്ചു പറന്നു. മുറ്റത്തു കളിക്കുന്ന വൈഭവ് ഓടിയെത്തി. അവനും കരഞ്ഞു. കരച്ചിൽ കേട്ടെത്തിയ ബിന്ദു ആന്റിയും അവനും ചേർന്ന് കിളിക്കുഞ്ഞിനെ രക്ഷപ്പെടുത്തി. മാതാപിതാക്കൾ ജോലി കഴിഞ്ഞെത്തിയപ്പോൾ മകൻ കിളിക്കുഞ്ഞിനു കാവലിരിക്കുകയാണ്. തൊട്ടടുത്ത മരത്തിൽ രണ്ടു ബുൾബുൾ പക്ഷികൾ കണ്ണിമയ്ക്കാതെ നോക്കിയിരിപ്പുണ്ട്. ആ വീട് കിളിക്കുഞ്ഞിനെ ഏറ്റെടുത്തു. പരിചരിച്ചു. കിടക്കാൻ കൂടൊരുക്കി. പിന്നെ, കണ്ടത്, സ്നേഹത്തിന്റെ പുതിയ ഗാഥയാണ്. പതിയപ്പതിയെ പക്ഷി ആ കുടുംബത്തിന്റെ ഭാഗമായി.
നവംബറിലെ ഒരു വൈകുന്നേരമാണ് കിളിക്കുഞ്ഞ് അവരുടെ മനസ്സിൽ ചേക്കേറാനെത്തിയത്. തീരെ വയ്യായിരുന്നു അതിന്. സ്വന്തമായി ഇരയെടുക്കാനുള്ള പ്രായമായിട്ടില്ല. കിളിയെ പരിചരിക്കാൻ അവർ സമയം കണ്ടെത്തി. പ്രത്യേകം കൂടൊരുക്കി. പഴങ്ങൾ നൽകി. ഈ പഴങ്ങൾ കുഞ്ഞിനു കൊടുക്കാൻ കിളിയുടെ അച്ഛനമ്മാരെത്തുക പതിവായി. അതിനായി കിളിക്കൂട് വീടിന്റെ സിറ്റൗട്ടിലെടുത്തുവെച്ചു. ആദ്യമൊന്നും കുട്ടി കിളിയെ തൊടാനോ വല്ലാതെ അടുക്കാനോ പോയില്ല. അമ്മയുടെ കണ്ണിൽ ഒരിക്കൽ കിളി കൊത്താൻ നോക്കിയത് അവൻ കണ്ടിരുന്നു. ആ പേടിയായിരുന്നു അവന്. കണ്ണിൽ കൊത്തും എന്നു പറഞ്ഞ് മാറിനിൽക്കും അവൻ.
('കൂട്' അണിയറ പ്രവർത്തകർ)
പിന്നീടെപ്പോഴോ ''എന്റെ കണ്ണിൽ നീ കൊത്തില്ലെങ്കിൽ നമുക്കു കൂട്ടുകൂടാം'' എന്ന കരാറിൽ ആ സൗഹൃദം തുടങ്ങി. അറിയാതെയറിയാതെ അവർ അടുപ്പക്കാരായി. കഥ പറയാൻ തുടങ്ങി. ഊണിലും ഉറക്കിലും അവർ ഒന്നായി. അവരുടേതായ ലോകമുണ്ടായി. ഓൺലൈൻ ക്ലാസ് കഴിയാൻ ഇരുവരും കാത്തിരുന്നു.
വീടിനകത്ത് കിളിക്കുഞ്ഞു പറക്കാൻ പരിശീലിക്കുമ്പോൾ അവൻ സന്തോഷത്തോടെ നോക്കിനിന്നു. ''ശരിക്കു പറക്കാൻ പഠിച്ചാൽ നിനക്ക് അമ്മേടെ കൂടെ പോകാം'' -അവൻ പറഞ്ഞു. ഒടുവിലവന്റെ ദേഹത്ത് കൂടുതൽ തൂവൽ വന്നു. തലയിൽ കിരീടം വളർന്നു. ചിറകുകൾക്ക് പറക്കാൻ കരുത്തു നേടിയ പക്ഷിക്കുഞ്ഞ്, തന്റെ ആകാശത്തിലേക്ക് പറന്നുപോയി.
(സിനിമയുടെ പ്രകാശനം മജീഷ്യൻ ഗോപിനാഥ് മുതുകാട്, സംവിധായകൻ പ്രജേഷ് സെൻ എന്നിവർ ചേർന്ന് നിർവഹിക്കുന്നു)
കൂടൊരുക്കിയ കഥ
കോഴിക്കോട് കാരപ്പറമ്പ് ജനത റോഡ് കരുവിശ്ശേരിയിലെ 'താരക'യിലാണ് 'കൂട്' ഒരുങ്ങിയത്. ഇഖ്റ ഹോസ്പിറ്റലിലെ ഡയബറ്റോളജിസ്റ്റും വിവിധ പ്രസിദ്ധീകരണങ്ങളിലെ ആരോഗ്യം കോളമിസ്റ്റുമായ ഡോ. എസ്.കെ. സുരേഷ് കുമാറിന്റെയും 'മെയ്ത്ര' ഹോസ്പിറ്റലിലെ ഡോ. പി.കെ. സിന്ധുവിന്റെയും മകനാണ് വൈഭവ്. കോഴിക്കോട് സിൽവർ ഹിൽസ് പബ്ലിക് സ്കൂളിലെ യു.കെ.ജി വിദ്യാർഥി. കിളിയോടൊപ്പമുള്ള രംഗങ്ങൾ കുടുംബസുഹൃത്ത് ആർട്ടിസ്റ്റ് പ്രമോദ് ബാബുവിന്റെ സഹായത്തോടെ കുഞ്ഞുകുഞ്ഞു വിഡിയോകളായി പകർത്തി. കൂട്ടിച്ചേർത്ത് യൂട്യൂബിലിട്ടാലോ എന്നായി അടുത്ത ചിന്ത. കോവിഡ് കാലത്തെ കുട്ടികളുടെ വീട്ടിരിപ്പുകാലത്തിന്റെ സങ്കടങ്ങളിലേക്ക് ഈ ദൃശ്യങ്ങളെ ചേർത്തുവെച്ചാലോ എന്ന ആശയം സുരേഷ് ഡോക്ടർ പങ്കുവെച്ചു. അങ്ങനെ നേരത്തേ എടുത്തുവെച്ച ദൃശ്യങ്ങൾ ചേർത്ത് കഥയുണ്ടാക്കി. അതനുസരിച്ച് സീനുകളുണ്ടാക്കി. അധരചലനങ്ങൾക്കനുസരിച്ച് സംഭാഷണങ്ങളെഴുതി. ''മുറ്റത്തു വീണ് നായ് കടിച്ചപ്പോൾ എങ്ങനെയായിരുന്നു! ചിറകൊക്കെ ഒടിഞ്ഞ്... അമ്മ കണ്ടതു ഭാഗ്യം'' എന്ന മാജിക് ഡയലോഗിൽ കഥയുടെ ഫ്ലാഷ് ബാക്ക് വിദഗ്ധമായി ഒളിപ്പിച്ചുവെച്ചിരിക്കുന്നു. സ്റ്റുഡിയോയിൽ ചെന്ന് വൈഭവ് തന്നെ സംഭാഷണങ്ങൾ ഡബ് ചെയ്തു.
കൂടെനിന്ന് കൂടൊരുക്കിയവർ
'കൂടി'ന്റെ തിരക്കഥയും കുഞ്ഞുമനസ്സിന്റെ നിഷ്കളങ്കത തൊട്ടറിഞ്ഞ ഭാഷയിൽ സംഭാഷണവുമൊരുക്കിയത് അസോസിയേറ്റ് ഡയറക്ടർ കൂടിയായ എം. കുഞ്ഞാപ്പയാണ്. ഡോ. എസ്.കെ. സുരേഷ് കുമാർ ചിത്രം സംവിധാനം ചെയ്തു. കഥയുടെ സൗന്ദര്യത്തിന് പുതിയ ഭാഗങ്ങൾകൂടി പ്രമോദ് ബാബു കാമറയിൽ പകർത്തി. രാഗേഷ് റാം ചിത്രസംയോജനം ചെയ്തു. സായി ബാലൻ മനോഹരമായ പശ്ചാത്തല സംഗീതമൊരുക്കി. സലിൽ ബാലനാണ് സൗണ്ട് ഡിസൈൻ. ടൈറ്റിൽസ് & പബ്ലിസിറ്റി ഡിസൈൻ: എം. കുഞ്ഞാപ്പ. താരക ക്രിയേറ്റിവ് ഗ്രൂപ്പിന്റെ ബാനറിൽ ഡോ. പി.കെ. സിന്ധുവാണ് നിർമാണം.
ഈ ഹ്രസ്വചിത്രം കണ്ടുകഴിയുമ്പോൾ, മനസ്സ് എത്രമാത്രം നൈർമല്യപ്പെടുന്നുവെന്നറിയാൻ ഒരു വട്ടം കാണുകതന്നെ വേണം. ഉറങ്ങുന്ന കുഞ്ഞിന് കാവലിരിക്കുന്ന പക്ഷിയും ക്ലാസ് റൂം സ്വപ്നം കണ്ടുണരുന്ന കുഞ്ഞുമടക്കം ഹൃദ്യമായ പല രംഗങ്ങളുണ്ട് 'കൂടി'ൽ. ഒടുവിൽ കുട്ടി പറയുന്ന ''ഒരുതരത്തിൽ ഞാനും നിന്നെപ്പോലെയാണ്...'' എന്ന ചിത്രത്തിന്റെ അവസാനവാക്യം ലോകത്തിലെ മുഴുവൻ കുഞ്ഞുങ്ങളുടെയും അകമൊഴിയാണ്.
ചിത്രത്തിന്റെ ആദ്യ പ്രദർശനം കഴിഞ്ഞ ദിവസം കോഴിക്കോട് നടന്നു. ആദ്യ പ്രദർശനം യുനിസെഫ് സെലിബ്രിറ്റി സപ്പോർട്ടർ മജീഷ്യൻ ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്തു. സംവിധായകൻ ജി. പ്രജേഷ് സെൻ, ഗാനരചയിതാവ് നിധീഷ് നടേരി, സ്റ്റിൽ ഫോട്ടോഗ്രാഫർ ലെബിസൻ ഗോപി, ബാലസാഹിത്യകാരൻ ഷിനോജ് രാജ് തുടങ്ങിയവർ ആദ്യ പ്രദർശനത്തിൽ സാക്ഷികളായി.
വാൽക്കഷണം: ബുൾബുൾ പക്ഷി ഇപ്പോൾ ആകാശത്തിന്റെ വിശാലതയിൽ പറന്നുകളിക്കുകയാകാം. വൈഭവ് കാത്തിരിക്കുന്നുണ്ടിവിടെ. വീണ്ടും അവർക്കു മാത്രമറിയാവുന്ന ഭാഷയിൽ സംസാരിക്കാൻ... സ്വപ്നങ്ങൾ പങ്കുവെക്കാൻ... കൂടൊന്നുമില്ലാതെ കഥകൾ പറഞ്ഞിരിക്കാൻ...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.