ട്വൽത്ത് ഫെയിൽ; വിജയത്തിനു പിന്നിലെ പരാജയങ്ങൾ
text_fieldsസൂപ്പർ സ്റ്റാറുകളോ വലിയ ബജറ്റോ ഇല്ലാതെ നല്ല കഥാബീജമുള്ള കഥകൾക്ക് എല്ലാകാലത്തും പ്രേക്ഷകരുണ്ടായിട്ടുണ്ട്. നല്ല സിനിമയാണെങ്കിൽ എത്രതന്നെ ഇകഴ്ത്തി റിവ്യൂ നൽകിയാലും അതിനെ അതിജീവിക്കാൻ അത്തരം സിനിമകൾക്ക് സാധിക്കും. റിവ്യൂ അവതരണംകൊണ്ട് മാത്രം സിനിമ ഉന്നതിയിലെത്താനോ പരാജയപ്പെടാനോ സാധ്യമല്ല. പ്രേക്ഷകന്റെ തീരുമാനമാണ് സിനിമയുടെ വിജയം. നല്ലതാണെങ്കിൽ തിയറ്റർ തേടിപ്പിടിച്ചു ചെന്ന് കാണാനും ആളുകളുണ്ടാകും.
ഒക്ടോബർ 27ന് തിയറ്ററുകളിലെത്തിയ ‘ട്വൽത്ത് ഫെയിൽ’ കാണാൻ തിയറ്ററുകളിലേക്ക് ആളുകളെത്തുന്നത് അതിന്റെ മേന്മകൊണ്ടു തന്നെയാണ്. അനുരാഗ് പഥക് എഴുതിയ നോവലിനെ ആസ്പദമാക്കി അതേ പേരിൽ വിധു വിനോദ് ചോപ്ര സംവിധാനവും നിർമാണവും നിർവഹിച്ച ഹിന്ദി ചിത്രമാണ് ‘ട്വൽത്ത് ഫെയിൽ’. വിക്രാന്ത് മാസി, മേധ ശങ്കർ തുടങ്ങിയവരാണ് ഇതിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഐ.പി.എസ് ഓഫിസർ മനോജ് കുമാർ ശർമയുടെയും ഐ.ആർ.എസ് ഓഫിസർ ശ്രദ്ധ ജോഷിയുടെയും യഥാർഥ ജീവിതകഥയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം ഒരുക്കിയത്.
കഴിക്കാൻ നല്ല ഭക്ഷണമോ പാർക്കാൻ നല്ലൊരു വീടോ ഇല്ലാതെ അതിന്റെ അനിശ്ചിതത്വത്തിൽ ജീവിക്കുന്ന ഒരു ഗ്രാമീണ വിദ്യാർഥി ഐ.പി.എസ് യോഗ്യത നേരായ വിധത്തിൽ നേടുന്നതിന്റെ സംഭവവികാസങ്ങളാണ് സിനിമയുടെ കഥ. രാജ്യത്തെ സേവിക്കാൻ മധ്യപ്രദേശിലെ ചമ്പൽ എന്ന ഗ്രാമത്തിൽനിന്നുള്ള ആ യുവാവ് തിരഞ്ഞെടുക്കുന്നതാകട്ടെ, ഏറെ കടുകട്ടിയുള്ള ഐ.പി.എസ് എന്ന യോഗ്യതയാണ്. അതിനുവേണ്ടിയുള്ള തയാറെടുപ്പുകളും പരീക്ഷകളും തോൽവികളും ആ യുവാവിനെ പിന്തിരിപ്പിക്കുന്നില്ല. മനസ്സുകൊണ്ട് ദുർബലരായവർക്കുള്ളതല്ല ഇതെന്നും പരാജയങ്ങളിൽനിന്ന് മുന്നേറുന്നവർക്കാണ് വിജയം കൈവരിക്കാൻ സാധ്യമാകുന്നതെന്നും ചിത്രം അടിവരയിടുന്നു.
സിനിമയിലെ ഓരോ ട്രാക്കിലും ഓരോ കഥയുണ്ട്. തെറ്റും ശരിയും അറിയാത്ത മനോജിന്റെ യൗവനം മുതൽ അവന്റെ പോരാട്ടങ്ങൾ, ഓരോ തവണയും പൂജ്യത്തിൽനിന്ന് പുനരാരംഭിക്കൽ വരെ. മനോജിന്റെ വിജയത്തിലും പരാജയത്തിലും പ്രേക്ഷകന് പങ്കുണ്ട്. അവസാന പാദത്തിന് (ഇന്റർവ്യൂ) പോകുമ്പോൾ പിരിമുറുക്കം കൂടുന്നതിനനുസരിച്ച് പ്രേക്ഷകന്റെ മനസ്സും ആകാംക്ഷയിലാകും. ഒപ്പം ആംബിയന്റ് ശബ്ദം പ്രേക്ഷകന്റെ ശ്വാസത്തെ ഉള്ളിലേക്ക് അടക്കിനിർത്തുന്നു. കുടുംബ പ്രേക്ഷകർക്കപ്പുറത്ത് യഥാർഥ വിദ്യാർഥികളുടെ ജീവിതത്തെ കൃത്യമായി സിനിമ ഒപ്പിയെടുത്തിട്ടുണ്ട്. സിനിമയുടെ ദൈർഘ്യം മാത്രമാണ് പോരായ്മയായി പറയാനുള്ളത്. രണ്ടര മണിക്കൂർ നേരം തിയറ്ററിൽ പിടിച്ചിരുത്താനുള്ള വകയില്ലാത്തത് ബോറഡി ഫീൽ ചെയ്യിക്കും.
ഒരു കഥാപാത്രമെന്ന നിലയിൽ മനോജ് എന്ന നായകൻ ഒരാദർശവാദിയാണ്. വിക്രാന്ത് മാസി ആ കഥാപാത്രത്തിന് ഏറ്റവും അനുയോജ്യമായി അഭിനയം ഫലിപ്പിച്ചിട്ടുണ്ട്. കരിയറിലെ അദ്ദേഹത്തിന്റെ മികച്ച അഭിനയം എന്നുതന്നെ പറയാം. നായിക മേധ ശങ്കറിനും ഇതിൽ നിർവചിക്കപ്പെട്ട ഭാഗമുണ്ട്. സിനിമയിലെ നേരിയ നിമിഷങ്ങളെ സഹായിക്കുന്ന ഊന്നുവടിയാണ് അവൾ. മനോജിന്റെ സുഹൃത്ത് പാണ്ഡെ, അദ്ദേഹത്തിന്റെ ഗുരുവായ ഗൗരി ഭയ്യ തുടങ്ങിയ കഥാപാത്രങ്ങളുടെ കഥകളിലൂടെ ചോപ്ര നമ്മുടെ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ വ്യത്യസ്ത വശങ്ങൾ പര്യവേക്ഷണം ചെയ്യുന്നു.
സംവിധായകൻ വിധു വിനോദ് ചോപ്ര തന്നെയാണ് സംഭാഷണവും ഒരുക്കിയത്. ചോപ്രയുടെ സംഭാഷണങ്ങൾ ലളിതവും അതോടൊപ്പം ഉൾക്കാമ്പ് ഉള്ളതുമാണ്. രാജ്യത്തെ വിദ്യാർഥികൾ അഭിമുഖീകരിക്കുന്ന പരുഷമായ യാഥാർഥ്യങ്ങൾ, അഴിമതി നിറഞ്ഞ വ്യവസ്ഥിതി, വിദ്യാഭ്യാസവും അധികാരവും പിന്തുടരുമ്പോൾ ഉണ്ടാകുന്ന വെല്ലുവിളികൾ എന്നിവ അദ്ദേഹം എടുത്തുകാണിക്കുന്നുണ്ട്. നിരവധിയായ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നുണ്ടെങ്കിലും നിശ്ചയദാർഢ്യത്തിന്റെയും ബോധ്യത്തിന്റെയും സത്തയെ സിനിമ കൃത്യമായിത്തന്നെ ഉയർത്തിപ്പിടിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.