തോൽപ്പാവക്കൂത്ത് കലാകാരന്മാരുടെ ജീവിതം പറയുന്ന ‘നിഴലാഴം’
text_fieldsഎണ്ണ വിളക്കുകളുടെ വെട്ടത്തിൽ കൊണ്ടാടപ്പെടുന്ന തോൽപാവകൂത്ത് കല അവതരണ ശൈലി കൊണ്ടും ആസ്വാദന മികവുകൊണ്ടും എപ്പോഴും മികച്ച അഭിപ്രായങ്ങൾ നേടാറാണ് പതിവ്. എന്നാൽ, അത്ര വലിയ പ്രാധാന്യത്തോടെ ഇത്തരം കലാരൂപങ്ങളുടെ നൈതികത തിരിച്ചറിയാനോ അവയെ വളർത്തിയെടുക്കാനോ മുന്നോട്ടു വരുന്ന കലാകാരൻമാർ കേരളത്തിൽ നന്നേ കുറവുമാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് നവാഗത സംവിധായകനായ രാഹുൽ രാജ് സംവിധാനം ചെയ്ത നിഴലാഴം എന്ന ചിത്രം ഏറെ പ്രസക്തമാകുന്നത്. ലോകോത്തര കലകളുടെ ക്യാൻവാസായ കൊച്ചി ബിനാലെയിൽ കഴിഞ്ഞ ദിവസമാണ് നിഴലാഴത്തിന്റെ ആദ്യപ്രദർശനം നടന്നത്.
കൊച്ചി ബിനാലെയിൽ ആർട്ടിസ്റ്റ് സിനിമ എന്ന സെഗ്മെന്റിലാണ് ചിത്രം സ്ക്രീൻ ചെയ്തത്. തോൽപ്പാവകൂത്തിന്റെ പ്രസക്തി ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തിലാണ് സിനിമ പ്രദർശിപ്പിച്ചത്. കൂനത്തറ പുലവർ നിവാസിൽ കെ. വിശ്വനാഥപുലവരും പത്നി എം. പുഷ്പലതയും തോൽപ്പാവക്കൂത്തിലേക്കുവന്ന വഴിയും ഇരു കലാകാരന്മാരുടെ ജീവിതവും ഇതിവൃത്തമാക്കി തയാറാക്കിയ ചിത്രം ഡോക്യുഫിക്ഷൻ വിഭാഗത്തിൽകൂടി ഉൾപ്പെടുത്താവുന്ന ഒന്നാണ്.
തോൽപ്പാവക്കൂത്ത് കലാകാരന്മാരുടെ ജീവിതം, കലയോടുള്ള അവരുടെ സമർപ്പണം, ജീവിതത്തിലെ ദൈന്യതകൾ തുടങ്ങി വിവിധ ലെയറുകളിലൂടെ പോകുന്ന സിനിമ മൂന്നു കാലഘട്ടങ്ങളെയാണ് പ്രതിനിധാനം ചെയ്യുന്നത്. പാവക്കൂത്ത് കലാകാരനായ രഘുനാഥ പുലവർ അദ്ദേഹത്തിന്റെ ഭാര്യ സുമിത്ര അവരുടെ മകൻ ഭരതൻ പുലവർ മരുമകൾ മൈഥിലി എന്നിവരുടെ ജീവിതത്തിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്. തോലുകൊണ്ട് ഉണ്ടാക്കിയ പാവകൾ കൊണ്ട് കൂത്തു നടത്തുന്ന, ഉപജീവനമാർഗം തന്നെ തോൽപാവക്കൂത്തായി കണ്ട രഘുനാഥ പുലവർ ആഗ്രഹിച്ചത് തനിക്ക് ശേഷവും തന്റെ പാരമ്പര്യം മകൻ ഭരതൻ പുലവറിലൂടെ നിലനിർത്തണമെന്നാണ്. തിരശ്ശീലയിൽ വീഴുന്ന നിഴലുകളുടെ ചടുലത നിയന്ത്രിച്ചുകൊണ്ട് അവിടെ വീഴുന്ന ദൃശ്യം സന്ദർഭോചിതമായ ഭാവപുഷ്ടിയോടെ അവതരിപ്പിക്കപ്പെടുന്ന നിഴൽപാവക്കൂത്തിന്റെ എല്ലാ വശങ്ങളെക്കുറിച്ചും മകന് കൃത്യമായി പഠിപ്പിച്ചു കൊടുക്കാനും അയാൾ മറന്നില്ല.
എന്നാൽ എത്ര ശ്രമിച്ചിട്ടും ജീവിതത്തിന്റെ നിസഹായതകൾക്കിടയിൽ മകൻ ഭരതൻ പുലവർക്ക് അച്ഛന്റെ ആഗ്രഹം സാധിക്കാൻ വയ്യാതെ നാടുവിട്ട് മലേഷ്യയിലേക്ക് പോകേണ്ടി വരുന്നു. എന്നാൽ നിഴലുകളുടെ ആസ്വാദ്യത കൂട്ടുന്ന തോൽപാവക്കൂത്തിനെ ജീവിതത്തിൽനിന്നും ഒട്ടുംതന്നെ അകറ്റിനിർത്താൻ താല്പര്യമില്ലായിരുന്നു മരുമകളും ഭരതൻ പുലവറുടെ ഭാര്യയുമായ മൈഥിലിക്ക്. തോൽപാവക്കൂത്തിൽ സ്ത്രീ സാന്നിധ്യം അന്യം നിന്ന് പോയതിന്റെ കാരണങ്ങൾ പരതിക്കൊണ്ടുതന്നെയാണ് മൈഥിലി ഈ കലയിലേക്ക് കടന്ന് വരുന്നതും. അവൾക്കതിന് പിന്തുണ നൽകുന്നത് ഭർതൃപിതാവായ രഘുനാഥ പുലവറാണ്. ഒരു നിലക്ക് പറഞ്ഞാൽ പാവ നിർമാണത്തിലും പ്രകടനത്തിലും സ്ത്രീകളെ ഉൾപ്പെടുത്തുമ്പോൾ കലയിൽ സംഭവിക്കുന്ന വിപ്ലവം കൂടിയാണ് മൈഥിലിയിലൂടെ പറയാതെ പറയുന്നത്. അമ്മായിയമ്മയായ സുമിത്രയതിൽ കാര്യമായി എതിർപ്പ് പ്രകടിപ്പിക്കുമ്പോഴും മൈഥിലി ഉറച്ചുനിൽക്കുകയും കുടുംബത്തിന്റെ പാരമ്പര്യം നഷ്ടപ്പെടാതിരിക്കാനായി തോൽപാവക്കൂത്തിനെ മുറുകെ പിടിക്കുകയും ചെയ്യുന്നു.
തുടർന്ന് തോൽപാവക്കൂത്ത് ജനകീയമാക്കുന്നതിലും ക്ഷേത്രപരിധിക്ക് പുറത്ത് കൊണ്ടുവരുന്നതിലും പ്രധാന പങ്കുവഹിച്ച ചരിത്രം കൂടിയാണ് ചിത്രം പറയുന്നത്. നിഴൽ വെട്ടത്തിൽ കാണുന്ന തോൽപാവക്കൂത്തിന് പുറകിലെ പ്രക്രിയകൾ വ്യക്തമായി പ്രേക്ഷകരിലേക്കെത്തിക്കുവാനും, അതിന് സംഗീതത്തിനുള്ള പ്രാധാന്യത്തെ കുറിച്ച് പ്രേക്ഷകരെ ബോധ്യപ്പെടുത്തുവാനും സിനിമ ശ്രമിച്ചിരിക്കുന്നു. കൂത്തുമാടത്തിന് കുറുകെ മുറുകെപ്പിടിച്ച ഒരു വെള്ള തുണിക്ക് പുറകിലായി നിരത്തി വെച്ച എണ്ണ വിളക്കുകളാൽ സൃഷ്ടിക്കപ്പെടുന്ന പ്രഭാവലയത്തിൽ അരങ്ങേറുന്ന തോൽപ്പാവക്കൂത്തിന്റെ സിനിമയിലെ ദൃശ്യാവിഷ്കാരം അത്ഭുതപ്പെടുത്തുന്നതാണ്.
തോൽപാവക്കൂത്ത് നേരിൽ കാണുന്നതിനോളം തന്നെ ആസ്വാദന മികവ് ഇവിടെ ചിത്രത്തിനുമുണ്ട് എന്നതാണ് നിഴലാഴം നൽകുന്ന പ്രത്യേകത. ദേവിയുടെ മുൻപിൽ അവതരിപ്പിക്കാൻ വേണ്ടി ചിട്ടപ്പെടുത്തിയ ദൈവിക കലയായി അറിയപ്പെടുന്ന തോൽപാവക്കൂത്തിനെ ചിട്ടപ്പെടുത്തിയുള്ള മിത്തുകൾ, തോൽപ്പാവകൂത്തു ഒരുക്കുന്ന രീതികൾ തുടങ്ങി ഓരോ വിഷയങ്ങളും സൂക്ഷ്മമായി സംവിധായകൻ രേഖപ്പെടുത്തുവാൻ ശ്രമിച്ചിട്ടുമുണ്ട്. സിനിമയുടെ പുരാതന രൂപമായ പാവക്കൂത്തിനെ സംരക്ഷിക്കാനും പുതുതലമുറയിലെ കലാകാരന്മാരിലേക്ക് ഈ കലയെ കൂടുതൽ എത്തിക്കുവാനും കഴിയുന്ന രീതിയിലാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.
അവഗണിക്കപ്പെട്ടിരുന്ന കലാരൂപത്തെയും അതിന്റെ പ്രാധാന്യത്തെയും വ്യക്തമായ രീതിയിൽ അടയാളപ്പെടുത്തിയ സിനിമ എന്ന നിലയ്ക്ക് നിഴലാഴം മികച്ച സൃഷ്ടി തന്നെയാണ്. അതോടൊപ്പം വിശ്വനാഥപുലവരും പത്നി എം. പുഷ്പലതയും ചിത്രത്തിൽ അഭിനയിച്ചു എന്നതും എടുത്തുപറയത്തക്ക സവിശേഷതയാണ്. കേരള -സംസ്ഥാന ചലച്ചിത്ര അവാർഡിൽ, ഭാരതപ്പുഴ എന്ന ചിത്രത്തിലെ അഭിനയത്തിന് പ്രത്യേക ജൂറി പരാമർശം നേടിയ സിജി പ്രദീപ്, അഖില നാഥ്, ബിലാസ് നായർ, വിവേക് വിശ്വം തുടങ്ങിയവർ തങ്ങളുടെ വേഷങ്ങളെല്ലാം മികച്ച രീതിയിൽ തന്നെ കൈകാര്യം ചെയ്തിരിക്കുന്നു. ആർട്ട്നിയ എന്റർടൈൻമെൻറ്സ് & എസ്സാർ ഫിലിംസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ക്യാമറ – അനില്‍ കെ. ചാമി, ഗാനരചന – സുരേഷ് രാമന്തളി, സംഗീതം - ഹരിവേണുഗോപാല്‍, എഡിറ്റിങ് – അംജാദ് ഹസന്‍, ആര്‍ട്ട് - അനില്‍ ആറ്റിങ്ങല്‍, പ്രൊഡക്ഷൻ കൺട്രോളർ - ഷാജി ലാൽ ഷിനോസ്, അസോസിയേറ്റ് ഡയറക്ടർ - വിശാഖ് ഗിൽബർട്ട്, പി.ആർ.ഒ - അയ്മനം സാജൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.