ഇരയോ, അതോ വേട്ടക്കാരനോ?
text_fieldsഅണുബോംബിന്റെ വീര്യംകൊണ്ട് മനുഷ്യകുലം ലോകത്ത് ഇല്ലാതായതിന്റെ നോവ് അത്ര പെട്ടെന്ന് ഉണങ്ങുന്നതല്ല. പ്രപഞ്ചാവസാനം വരെയും അതിന്റെ അലയൊലികൾ മുഴങ്ങിക്കൊണ്ടേയിരിക്കും. ആയിരം സൂര്യന്മാർ ഒരുമിച്ച് കത്തി വലിയൊരു വിസ്ഫോടനം ഉണ്ടാക്കിയാണ് ആദ്യത്തെ പരീക്ഷണം അണുബോംബിന്റെ പിതാവ് എന്നു വിശേഷിപ്പിക്കുന്ന ഓപ്പൻഹെയ്മർ നടത്തുന്നത്. ആ മനുഷ്യന്റെ ജീവിതം വെള്ളിത്തിരയിലൂടെ അവതരിപ്പിച്ചപ്പോൾ പ്രേക്ഷകലോകത്തിനും ഞെട്ടിത്തരിക്കാതെ ഇരിക്കാനായില്ല. മികച്ചൊരു ദൃശ്യാവിഷ്കാരംതന്നെയാണ് സംവിധായകന്റെ കഴിഞ്ഞ സിനിമകളെ പോലെതന്നെ ഇതിലും ഒളിപ്പിച്ചുവെച്ചത്. മൊബൈൽ ഫോണിന്റെ സ്ക്രീനിലൂടെ ഒരിക്കൽപോലും ഈ ദൃശ്യവിസ്മയം കൺകുളിർക്കെ കാണാനാവില്ല.
ലോക പ്രശസ്ത സംവിധായകൻ ക്രിസ്റ്റഫർ നോളന്റെ ‘ഓപ്പൻഹെയ്മർ’ സിനിമ റിലീസ് ചെയ്ത് ദിവസങ്ങൾക്കുള്ളിൽതന്നെ പ്രേക്ഷകർക്കിടയിൽ ചർച്ചയായിക്കഴിഞ്ഞു. വിവാദങ്ങളുടെ അകമ്പടിയോടെയും മലയാളി സാന്നിധ്യംകൊണ്ടും ചിത്രം ഇന്ത്യയിലാകെ സിനിമാചർച്ചയായി.
കുറ്റാന്വേഷണത്തിനൊപ്പം സൈക്കോളജിയും ഇഴചേർത്ത് അവതരിപ്പിച്ചതാണ് സിനിമയുടെ വലിയൊരു പ്രത്യേകത.
കോർട്ട് റൂം ഡ്രാമയെന്ന സിനിമാഘടനയാണ് ക്രിസ്റ്റഫർ നോളൻ ഇതിൽ സ്വീകരിച്ചത്. ഒരു മനുഷ്യൻ തന്റെ ചിന്തയും ബുദ്ധിയും ഉപയോഗിച്ച് രൂപം നൽകിയ അണുബോംബ് എന്ന സർവലോകവിനാശകാരി എങ്ങനെ മനുഷ്യരാശിയെ ചുട്ടുപൊള്ളിച്ചുകൊണ്ട് ലോകത്തിന്റെ വഴിതിരിച്ചുവിട്ടുവെന്ന് നേരിട്ടു കാണേണ്ടിവന്ന മനുഷ്യനാണ് ഓപ്പൻഹെയ്മർ. അതുകൊണ്ടുതന്നെ ചിത്രത്തിൽ നോളൻ സ്വീകരിച്ച, പഴയ കാലവും പുതിയ കാലവും ഇഴപിരിയുന്ന കഥാഘടന കാണികളെ സീറ്റിൽ പിടിച്ചിരുത്തുമെന്നത് തീർച്ചയാണ്.
‘വടക്കൻ വീരഗാഥയിൽ’ ചന്തുവിന്റെ ഭാഗത്തെ എങ്ങനെയാണോ എം.ടി രചനയിലും ഹരിഹരൻ ദൃശ്യത്തിലും അവതരിപ്പിച്ചത് അതുപോലെ ബോംബ് സൃഷ്ടിച്ച ആ മനുഷ്യന്റെ മനസ്സാണ് ചിത്രത്തിൽ പറയുന്നത്. ശരിതെറ്റുകൾക്കിടയിൽ ഒറ്റപ്പെട്ടുപോവുന്ന മനുഷ്യൻ. ശാസ്ത്രത്തോടുള്ള അടങ്ങാത്ത ഇഷ്ടം ഒരുവശത്ത്. താൻ സൃഷ്ടിച്ച ബോംബ് ഹിരോഷിമയിലും നാഗസാക്കിയിലും സൃഷ്ടിച്ച പ്രത്യാഘാതങ്ങൾ മറുവശത്ത്. ഫാഷിസത്തിനെതിരെ പോരാടിയ, കമ്യൂണിസ്റ്റ് ആശയങ്ങളെ പിന്തുണച്ച ശാസ്ത്രജ്ഞൻ അമേരിക്കക്കുവേണ്ടി അണുബോംബ് സൃഷ്ടിക്കേണ്ടി വരുന്നുവെന്ന യാഥാർഥ്യം.
ഓപ്പൻഹെയ്മറും ല്യൂയി സ്ട്രൗസും തമ്മിൽ നടന്ന ഏറ്റുമുട്ടലാണ് ചിത്രത്തിന്റെ നട്ടെല്ല്. യു.എസ് ആറ്റോമിക് എനർജി കമീഷൻ തലവനെന്ന അധികാരത്തിനായി സ്ട്രൗസ് നടത്തുന്ന കരുനീക്കങ്ങൾ. അമേരിക്കയോട് എത്രമാത്രം ഓപ്പൻഹെയ്മർ വിശ്വസ്തനാണെന്ന വിചാരണ. ഈ നീക്കങ്ങൾക്കിടയിൽ അണുബോംബിലൂടെ താൻ ലോകത്തിനു നൽകിയ ആഘാതത്തെക്കുറിച്ച് ഓപ്പൻഹെയ്മർ വീണ്ടുവിചാരം നടത്തുകയാണ്.
ക്രിസ്റ്റഫർ നോളൻതന്നെ തിരക്കഥയെഴുതിയ ചിത്രത്തിൽ സിലിയൻ മർഫിയും റോബർട് ഡൗണിയും എമിലി ബ്ലണ്ടും മുതൽ മാറ്റ് ഡാമൻ വരെ വെള്ളിത്തിരയിൽ വന്നുപോവുന്നവരെല്ലാം അസാമാന്യപ്രകടനമാണ് നടത്തുന്നത്. സിനിമക്ക് മൂന്നു മണിക്കൂർ ദൈർഘ്യമുണ്ടെങ്കിലും ബോറടി അനുഭവപ്പെടില്ല. കാമറക്കും പശ്ചാത്തലസംഗീതത്തിനും സിനിമയെ എത്രമാത്രം മികച്ചതാക്കാൻ കഴിയും എന്ന് ഓപ്പൻഹെയ്മറിൽ കണ്ടറിയാം. എന്നാൽ, അതിനേക്കാളെല്ലാം നിശ്ശബ്ദത എങ്ങനെയാണ് ഒരു സിനിമയുടെ ദൃശ്യാനുഭവത്തെ ഹൃദയത്തിൽ ആഴത്തിൽ അടയാളപ്പെടുത്തുകയെന്നുകൂടി ചിത്രം കാണിച്ചുതരുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.