വില്ലൻ സൈക്കോ കില്ലറല്ല! ആശുപത്രിക്കുള്ളിലെ കൊലപാതകങ്ങൾ- 'ഓസ്‌ലർ' -റിവ്യൂ
text_fieldsതക്ഷകൻ' പുരാണത്തിലെ ചെറിയൊരു കഥയാണ്. തന്നിൽ നിന്നും ഓടിയൊളിച്ച പരീക്ഷിത്ത് മഹാരാജാവിനെ പുഴുവിന്റെ വേഷത്തിലെത്തി ദംശിച്ച നാഗമായ തക്ഷകന്റെ കഥ നമുക്കെല്ലാം സുപരിചിതവുമാണ്. മുനിശാപം സഫലമാക്കുവാനായി ഒരു പുഴുവിന്റെ ആകൃതി കൈകൊണ്ട് രാജാവിനെ ദംശിച്ച തക്ഷകൻ ഈ ആധുനിക കാലത്ത് ഒരു പ്രതീകം കൂടിയാണ്. ഉയിർത്തെഴുന്നേൽപ്പിന്റെ, പ്രതികാരത്തിന്റെ, പ്രതിരോധത്തിന്റെ. അഞ്ചാം പാതിരയുടെ വൻ വിജയത്തിന് ശേഷം നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം മിഥുൻ മാനുവൽ തോമസ് സംവിധായകനെന്ന നിലക്ക് തിരിച്ചു വരവ് നടത്തുന്ന സൈക്കോളജിക്കൽ മെഡിക്കൽ ക്രൈം ത്രില്ലർ ചിത്രമായ 'ഓസ്‌ലറി' ന് തക്ഷകന്റെ കഥയോളം സാമ്യമുണ്ട്.
2 വർഷത്തെ ഇടവേളക്ക് ശേഷമുള്ള ജയറാമിന്റെ നായക വേഷം ,ഒരിടവേളക്ക് ശേഷം ജയറാം ചെയ്യുന്ന പൊലീസ് വേഷം, കഥയിലെ നിഗൂഢത, സർപ്രൈസ് അതിഥി താരങ്ങൾ എന്നിങ്ങനെയുള്ള ചേരുവകളെല്ലാം ഇഴചേർന്ന, ആകർഷകമായ ആഖ്യാനം വാഗ്ദാനം ചെയ്യുന്ന ചിത്രം പതിവ് മിഥുൻ മാനുവൽ ചിത്രം പോലെ തന്നെ പകയും പ്രതികാരവുമാണ് ലക്ഷ്യം വെക്കുന്നത്. ടൈറ്റിൽ സൂചിപ്പിക്കുന്നത് പോലെ ചിത്രത്തിലെ നായകൻ എസി.പി എബ്രഹാം ഓസ്‌ലർ തന്നെയാണ്. മൂന്നാറിലെ റിസോര്‍ട്ടില്‍ ഭാര്യയേയും മകളേയും കൂട്ടി രണ്ടു ദിവസത്തെ അവധി ചെലവഴിക്കാനെത്തുന്ന തൊഴിൽ വൈദ്ധഗ്ധ്യമുള്ളവനും, കൂർമ്മ ബുദ്ധിക്കാരനുമായ സിറ്റി പൊലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ അബ്രഹാം ഓസ്‌ലറിലൂടെ തുടങ്ങുന്ന സിനിമ തക്ഷകന്റെ കഥയിലൂടെ തന്നെയാണ് പ്രേക്ഷകരുമായി സംവദിക്കുന്നത്. തന്റെ മകൾക്ക് തക്ഷകന്റെ കഥ പറഞ്ഞു കൊടുക്കുന്ന ഓസ്‌ലർക്ക് ആ രാത്രിയിൽ അയാളുടെ വ്യക്തി ജീവിതത്തില്‍ വലിയൊരു ദുരന്തം നേരിടേണ്ടി വരുന്നു. അതിൽപിന്നെ കഴിഞ്ഞ മൂന്ന് വർഷങ്ങളായി കടുത്ത മാനസിക പ്രശ്നങ്ങളനുഭവിച്ചു വരികയാണയാൾ. ജീവിതത്തിൽ അപ്രതീക്ഷിതമായി നേരിടേണ്ടി വന്ന ആഘാതം അയാളുടെ മനോനിലയെ വരെ തകിടം മറിക്കുന്നു.
ആയിടക്കാണ് നഗരത്തിൽ സംഭവിക്കുന്ന ഒരു കൊലപാതകത്തിൽ അയാൾക്ക് കേസന്വേഷണം നടത്തേണ്ടി വരുന്നത്. ഇരയെ ശസ്ത്രക്രിയയിലൂടെ മാരകമായി മുറിവേൽപ്പിച്ചു കൊല്ലുന്ന ഒരു കില്ലർ. വളരെ വിചിത്രമായ ആശുപത്രിക്കുള്ളിൽ നടക്കുന്ന ആ കൊലപാതക കേസിന്റെ അന്വേഷണം ഓസ്ലർ ഏറ്റെടുക്കുന്നതോടെ മറ്റു പല സ്ഥലങ്ങളിലും സമാനമായ കൊലപാതകങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടുന്നതിന് 'ഓസ്‌ലർ' സാക്ഷ്യം വഹിക്കുന്നു. എന്നാൽ ആ കില്ലർ ആരെയൊക്കെ കൊല്ലുന്നുവെന്നോ, അതിനായി ഏതെല്ലാം മാർഗങ്ങൾ തിരഞ്ഞെടുക്കുന്നു തുടങ്ങിയ കാര്യങ്ങളെല്ലാം തീർത്തും പ്രവചനാതീതമാണ്. അതോടെ കേസന്വേഷണത്തിൽ ഓസ്‌ലറിനും സംഘത്തിനും അതീവ ജാഗ്രത പുലർത്തേണ്ട സാഹചര്യം നിർബന്ധിതമാകുന്നു. തങ്ങൾക്ക് മുമ്പിൽ ലഭിക്കുന്ന ഓരോ സൂചനകളെയും/ തെളിവുകളെയും കൂട്ടി ചേർക്കുന്ന ഓസ്ലർക്ക് മുൻപിൽ കൂടുതൽ സംശയാസ്പദമായ സന്ദർഭങ്ങൾ ഉയർന്നുവരുകയാണുണ്ടാവുന്നത്. സ്വന്തം നിഗമനങ്ങളെയും കുറ്റകൃത്യങ്ങൾക്ക് പിന്നിലുള്ളവരുടെ അജണ്ടയെയും കൂട്ടി വായിക്കാൻ ശ്രമിക്കുന്ന ഓസ്ലർക്ക് ഒടുവിൽ പ്രതിയെ വളരെ വിദഗ്ധമായി കീഴടക്കാനും സാധിക്കുന്നു. ഇത് തന്നെയാണ് എബ്രഹാം ഓസ്‌ലറിന്റെ കഥയും.
എന്നാൽ പതിവ് സൈക്കോ ത്രില്ലർ സിനിമകളെ പോലെ ഇവിടത്തെ വില്ലൻ സൈക്കോ കില്ലറല്ല. അയാൾ നടത്തുന്ന കൊലപാതകങ്ങൾക്ക്, തികച്ചും ന്യായമായെന്ന് പ്രേക്ഷകരെ വരെ തോന്നിപ്പിച്ചേക്കാവുന്ന കാരണങ്ങളുണ്ട്. പക്ഷേ ചിത്രത്തിന്റെ ആദ്യപകുതിയിൽ കുറ്റവാളിയിലേക്കുള്ള അന്വേഷണത്തിന്റെ ഭാഗമായി ഓസ്ലർ നടത്തുന്ന നിരീക്ഷണങ്ങളും കണ്ടെത്തലുകളും ചിത്രത്തിന്റെ നിഗൂഢസ്വഭാവം നില നിർത്തുമ്പോൾ തന്നെ ചിത്രത്തിന്റെ രണ്ടാം പകുതിയിൽ അതിനുമാത്രം കാര്യമായി ഒന്നുമില്ലെന്നും പ്രേക്ഷകർക്ക് തോന്നിയേക്കാം. അതായത് കൊലപാതകങ്ങൾക്കുള്ള കാരണം ന്യായീകരിക്കപ്പെടാവുന്നത് തന്നെയായിരിക്കുമ്പോഴും ആദ്യപകുതിയുടെ നിഗൂഢ സ്വഭാവത്തിന് ചേർന്നുനിൽക്കുന്നതല്ല ചിത്രത്തിന്റെ രണ്ടാം പകുതി. എന്നിരുന്നാലും മമ്മൂട്ടിയുടെ അതിഥി വേഷം പ്രേക്ഷകരെ അത്ഭുതപ്പെടുത്തുകയും, 80കളുടെ അവസാനത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ നടന്ന ഒരു പിന്നാമ്പുറ കഥയിലേക്ക് പ്രേക്ഷകർ എളുപ്പത്തിൽ കടന്നുകൂടുകയും ചെയ്തിട്ടുണ്ട്.
അനശ്വര രാജനും, ഏതാനും ചില പുതുമുഖങ്ങളും ഉൾപ്പെടുന്ന സീക്വൻസുകളിലൂടെ വൈകാരികമായ ഇതിവൃത്തമാണ് രണ്ടാംപകുതിയിലൂടനീളം സിനിമ പ്രകടമാക്കുന്നത്. തന്റെ മുൻചിത്രമായ നേര് സിനിമയിലെ പോലെ തന്നെ ഈ ചിത്രത്തിലും അനശ്വരക്ക് പ്രേക്ഷകരുടെ ഹൃദയം കീഴടക്കാൻ സാധിച്ചിട്ടുണ്ട്. മിഥുൻ മാനുവൽ തോമസ് തിരക്കഥ എഴുതിയ മുൻചിത്രമായ ഫീനിക്സിൽ ഉപയോഗിച്ചിരുന്ന ഫ്ലാഷ്ബാക്ക് ബാക്ക് സ്റ്റോറിക്ക് സമാനമായ മറ്റൊരു സന്ദർഭം തന്നെയാണ് ഓസ്‌ലറിലെ ഫ്ലാഷ്ബാക്ക് വിശദീകരണങ്ങൾക്കും ഉപയോഗിച്ചിരിക്കുന്നത്. പക്ഷേ അതൊരു മെഡിക്കൽ പശ്ചാത്തലത്തിലായതുകൊണ്ട് തന്നെ പ്രേക്ഷകർക്ക് അതെളുപ്പത്തിൽ കണക്ട് ചെയ്യാൻ സാധിച്ചെന്ന് വരില്ല. പ്രത്യേകിച്ചും ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്ന മെഡിക്കൽ പദങ്ങൾ എല്ലാത്തരം പ്രേക്ഷകർക്കും പരിചിതമായിരിക്കില്ല, പക്ഷേ അവ കഥയിൽ നിർണായക പങ്ക് വഹിക്കുന്നു എന്നതുകൊണ്ടുതന്നെ പ്രേക്ഷകർ കണ്ടിരുന്നേക്കും എന്നതൊഴിച്ചാൽ അത്തരം പദങ്ങളെല്ലാം പ്രേക്ഷകർക്ക് തീർത്തും അന്യമാണ്. ഓസ്‌ലറിനൊപ്പം എല്ലായിപ്പോഴും കൂടെ നിൽക്കുന്ന കഥാപാത്രമാണ് സെന്തിൽ രാജാമണി അവതരിപ്പിച്ച സബ് ഇൻസ്പെക്ടർ സിജോ. സൂക്ഷ്മമായ പ്രകടനം കൊണ്ട് സെന്തിൽ തന്റെ കഥാപാത്രം മികച്ചതാക്കിയിട്ടുണ്ട്. അതുപോലെതന്നെയാണ് എസ്ഐ ദിവ്യയായി വേഷമിട്ട ആര്യ സലീമിന്റെ പ്രകടനവും മികച്ചതാണ്. എടുത്തു പറയേണ്ട കഥാപാത്രമാണ് ജഗദീഷ് അവതരിപ്പിച്ച സേവി പുന്നൂസ് എന്ന കഥാപാത്രം. ജഗദീഷ് തന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ചതും വ്യത്യസ്തവുമായ കഥാപാത്രങ്ങൾ ചെയ്യുന്ന സമയമാണിത്. ആ കൂട്ടത്തിൽ സേവി വ്യത്യസ്തമാകുന്നത് ആ കഥാപാത്രത്തിന്റെ മനോഭാവം കൊണ്ടും ശരീരഭാഷകൾ കൊണ്ടുമാണ്. വളരെ നിസാരം എന്ന് തോന്നിച്ചേക്കാവുന്ന ഒരു നോട്ടം കൊണ്ട് പോലും പ്രേക്ഷകരെ അസ്വസ്ഥരാക്കാൻ ആ കഥാപാത്രത്തിന് സാധിക്കുന്നുണ്ട്. സൈജു കുറുപ്പ്, കുമരകം രഘുനാഥ്, ദിലീഷ് പോത്തൻ, അർജുൻ അശോകൻ തുടങ്ങിയ എല്ലാവരും തങ്ങളുടെ കഥാപാത്രങ്ങൾ നല്ല രീതിയിൽ ചില കാര്യം ചെയ്തിരിക്കുന്നു. ഇമേജ് ബ്രെയ്‌ക്കിങ് കഥാപാത്രങ്ങളാണ് ഇവിടെ ഓരോ കഥാപാത്രത്തെയും വ്യത്യസ്തമാക്കുന്നത്.
'അസൂയ' എന്ന ഘടകത്തിന് ഒരു മനുഷ്യനെ എത്രത്തോളം ക്രൂരനാക്കാൻ കഴിയുമെന്നുള്ള വസ്തുത പ്രേക്ഷകരെ പറഞ്ഞു ബോധ്യപ്പെടുത്തുന്ന കാര്യത്തിൽ മിഥുൻ മാനുവൽ തോമസ് വിജയിച്ചു എന്ന് വേണം പറയാൻ. പ്രത്യേകം എടുത്തു പറയേണ്ട മറ്റൊന്നാണ് നിറക്കൂട്ട് സിനിമയിലെ പൂമാനമേ എന്ന ഗാനം. ഇന്നത്തെ സിനിമകളിൽ പാട്ടുകളില്ല എന്ന് പരാതിപ്പെടുമ്പോൾ തന്നെ പഴയകാല ഹിറ്റ് ഗാനത്തെ ഒരിക്കൽ കൂടി പ്രേക്ഷകരിലേക്കെത്തിക്കുന്നുണ്ട് സംവിധായകൻ. മിഥുൻ മുകുന്ദന്റെ പശ്ചാത്തലസംഗീതം സിനിമക്ക് നൽകുന്ന ജീവൻ വലുതാണ്. അതുപോലെതന്നെ തേനി ഈശ്വവറിന്റെ കാമറയും വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഷമീർ മുഹമ്മദിന്റെ എഡിറ്റിങ്ങും കുഴപ്പമില്ലാതെ സിനിമയോടൊപ്പം ചേർന്നു നിൽക്കുന്നുണ്ട്. ഡോ. രൺധീർ മലയാളത്തിലെ മുൻനിര കുറ്റാന്വേഷണ തിരക്കഥാകൃത്തായി മാറുവാനുള്ള എല്ലാതരം സാധ്യതകളും ഈ സിനിമ മുൻപോട്ട് വയ്ക്കുന്നുണ്ട്. സിനിമ മൊത്തത്തിൽ ഒരു ആവറേജ് അവനുഭവമായി കണക്കാക്കുമ്പോൾ തന്നെ ജയറാമിന്റെ തിരിച്ചു വരവായി സിനിമയെ നമുക്കാഘോഷിക്കാം. അതുമല്ലെങ്കിൽ മമ്മൂട്ടിയുടെ ഇമേജ് ബ്രെക്കിങ് കഥാപാത്രത്തെ നമുക്കാഘോഷിക്കാം. ഉയർത്തെഴുന്നേൽപ്പിന്റെ, പ്രതികാരത്തിന്റെ , പ്രതിരോധത്തിന്റെ തക്ഷകൻ കഥയിലൂടെ തന്നെ അവസാനിപ്പിക്കുന്ന സിനിമ ഓസ്ലറിന്റെ മറ്റൊരു ഉയർത്തെഴുന്നേൽപ്പിനുള്ള സാധ്യത കൂടി ക്ലൈമാക്സിൽ തുറന്നു വെക്കുന്നുണ്ട്. ഉടൻതന്നെ ചിത്രത്തിന് ഒരു രണ്ടാം ഭാഗം കൂടി പ്രതീക്ഷിക്കാമെന്നാണ് ചിത്രത്തിന്റെ ക്ലൈമാക്സ് നമ്മളോട് പറയുന്നത്. അഞ്ചാം പാതിരയോളം ഇല്ലെങ്കിലും പ്രേക്ഷകർക്ക് കണ്ടിരിക്കാൻ പറ്റുന്ന ചിത്രം തന്നെയാണ് ഓസ്‌ലർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.