പെർഫെക്ട് ഡെയ്സ്
text_fieldsടോക്യോയിലെ തിരക്കേറിയ തെരുവുകൾ... അവിടെ ഒരു കോണിൽ തിരക്കുകൾ ഒന്നുമില്ലാതെ ഒരാൾ തന്റെ പതിവ് ജീവിതചര്യകൾ ആരംഭിക്കുന്നു. പൊതുശുചിമുറികള്‍ വൃത്തിയാക്കുന്ന ഹിരയാമയുടെ ദൈനംദിന ജീവിതമാണ് ‘പെർഫെക്ട് ഡെയ്സ്’. ഒരു ചെറിയ അപ്പാർട്മെന്റിലാണ് ഹിരയാമ താമസിക്കുന്നത്. വളരെ ശാന്തവും ലളിതവുമായ ജീവിതം. ചെടി നനച്ച് വളരെ സാവധാനത്തിലാണ് ഹിരയാമയുടെ ദൈനംദിന ജീവിതം തുടങ്ങുന്നത്.
യൂനിഫോമിട്ട് താഴെയുള്ള വെൻഡിങ് മെഷീനിൽനിന്ന് ഒരു കോഫിയും കുടിച്ച് തന്റെ വാനിൽ അയാൾ യാത്രയാവുകയാണ്, ടോക്യോയിലെ പൊതുശുചിമുറികള്‍ വൃത്തിയാക്കാൻ. കൂട്ടിന് 60കളിലെയും 70കളിലെയും അമേരിക്കൻ, ബ്രിട്ടീഷ് റോക്ക്-വെൽവെറ്റ് അണ്ടർഗ്രൗണ്ട്, ദി കിങ്ക്സ്, ഓട്ടിസ് റെഡിങ്, പാറ്റി സ്മിത്ത് തുടങ്ങി ഒട്ടേറെ കാസറ്റുകളും. തുച്ഛമായ വരുമാനത്തിലും ഹിരയാമക്ക് ജോലി ആസ്വദിച്ച് ആത്മാർഥതയോടെ ചെയ്യാൻ കഴിയുന്നുണ്ട്. ആരോടും പരിഭവമില്ല, പരാതിയില്ല. ഹിരയാമയുടെ ദൈനംദിന ജീവിതവും അതിനിടയില്‍ അദ്ദേഹം കണ്ടുമുട്ടുന്ന ചില വ്യക്തികളും അനുഭവങ്ങളും കൂട്ടിയിണക്കിയ ചിത്രം. ചുരുക്കത്തിൽ അതാണ് ‘പെർഫെക്ട് ഡെയ്സ്’.
ഒരു ഫിലിം കാമറയും കുറെ പുസ്തകങ്ങളും, ചെറിയ ചായക്കപ്പുകളിൽ നട്ടുവളർത്തിയ ചെടികളും. ഇതൊക്കെയാണ് അയാളുടെ ലോകം. ഫ്രെയിമിങ്ങിൽ ചില മാറ്റങ്ങൾ ഒഴിച്ചാൽ ആവർത്തിക്കുന്ന സീനുകൾ. മിനിമലിസമാണ് ചിത്രത്തിന്റെ റൂട്ട് പോയന്റ്. ഒരുപക്ഷേ മിതമായ സൗകര്യങ്ങളാണെങ്കിലും സംതൃപ്തിയോടെ ജീവിക്കാൻ ഹിരയാമയെ പ്രേരിപ്പിക്കുന്നത് അയാളുടെ ജീവിത സാഹചര്യങ്ങളാവാം. സ്ലോ ബേസിലുള്ള ഈ രണ്ട് മണിക്കൂർ ചിത്രത്തിൽ അപൂർവമായി മാത്രമേ ഹിരയാമ സംസാരിക്കുന്നുള്ളൂ. ലളിതമായ ജീവിതത്തിന് പോലും അതിന്റേതായ സമ്മർദങ്ങളും സങ്കീർണതകളും ഉണ്ട്. ജീവിത സാഹചര്യങ്ങൾ എത്ര ദുസ്സഹമാണെങ്കിലും അതിനെ നന്നായി ക്രമീകരിച്ച് മുന്നോട്ട് പോകാൻ ഹിരയാമക്ക് കഴിയുന്നുണ്ട്.
ഹിരയാമയുടെ ദിനങ്ങൾ അൽപം ദൈർഘ്യമേറിയതാണ് എന്ന് തോന്നുമെങ്കിലും അയാളെ ഒരിക്കൽപോലും അസന്തുഷ്ടനായി കാണാന്‍ കഴിയില്ല. ജീവിതം വിരസമാകുമ്പോൾ മനുഷ്യന്റെ മാനസിക വ്യാപാരങ്ങൾക്ക് ഉലച്ചിൽ സംഭവിക്കും. എന്നാൽ ജീവിതത്തിലെ ചെറിയ സൗന്ദര്യങ്ങൾ ആസ്വദിക്കാൻ ഹിരയാമ സമയം കണ്ടെത്തുന്നുണ്ട്. മരങ്ങളിലൂടെ ഊർന്നിറങ്ങുന്ന പ്രകാശം, പാർക്കിലെ കുട്ടികളുടെ കളിചിരികൾ, കാസറ്റും പുസ്തകങ്ങളും എടുക്കാനുള്ള സൈക്കിൾ യാത്ര, അപരിചിതരായ എന്നാൽ ദിനേന കണ്ടുമുട്ടുന്ന മനുഷ്യരുടെ ചലനങ്ങൾ... അങ്ങനെ ഓരോ ചെറിയ കാര്യവും ഹിരയാമ ആസ്വദിക്കുന്നുണ്ട്. ഹിരയാമയിലൂടെ അദ്ദേഹത്തിന്റെ ജീവിതത്തെ ആസ്വദിക്കാൻ, ഡ്രൈയായി പോകാവുന്ന ഒരു വിഷയത്തെ അതിന്റെ മനോഹാരിതയിൽ എത്തിക്കാൻ പശ്ചാത്തല സംഗീതത്തിനും ഛായാഗ്രഹണത്തിനും സാധിക്കുന്നുണ്ട്.
2023ല്‍ ജര്‍മന്‍ സംവിധായകനായ വിം വെന്‍ഡേഴ്സ് കോജി യാക്കുഷോയെ കേന്ദ്രകഥാപാത്രമാക്കി നിര്‍മിച്ച ജാപ്പനീസ് ചിത്രമാണ് ഇത്. ഐ.എഫ്.എഫ്.കെ ഉൾപ്പെടെ നിരവധി ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ച സിനിമ ഒട്ടേറെ നിരൂപക ശ്രദ്ധ പിടിച്ചുപറ്റി. ചിത്രത്തിലെ പ്രകടനത്തിന് കോജി യാക്കുഷോക്ക് 2023ലെ കാന്‍ ചലച്ചിത്രമേളയിലെ മികച്ച നടനുള്ള പുരസ്കാരവും ലഭിച്ചു. 2024ലെ ഓസ്കാര്‍ പുരസ്കാരങ്ങളില് മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള നോമിനേഷനും ‘പെർഫക്ട് ഡെയ്സി’ന് ലഭിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.