പൂവന്റെ ലളിതവും സുന്ദരവുമായ കൂവൽ
text_fieldsതണ്ണീർമത്തൻ ദിനങ്ങൾ, സൂപ്പർ ശരണ്യ എന്നീ ഹിറ്റ് ചിത്രങ്ങൾക്കുശേഷം ഷെബിൻ ബക്കറും ഗിരീഷ് എ.ഡിയും നിർമിച്ച് സൂപ്പർ ശരണ്യയിലെ വില്ലൻ കഥാപാത്രമായ അജിത് മേനോനെ ഗംഭീരമാക്കിയ വിനീത് വാസുദേവൻ സംവിധാനം ചെയ്ത ചിത്രമാണ് ‘പൂവൻ’. പെപെ എന്ന് കേട്ടാൽ പ്രേക്ഷകർക്ക് മനസ്സിൽ വരുന്നത് അടിപിടി പടങ്ങളാണ്. ഇതിൽനിന്ന് വ്യത്യസ്തമാർന്ന വേഷങ്ങൾ ചെയ്ത് ഫലിപ്പിക്കാൻ തനിക്ക് കഴിയുമെന്ന് ആൻറണി വർഗീസ ഉറപ്പുതരുന്ന ചിത്രംകൂടിയാണ് ‘പൂവൻ’. പ്രതീക്ഷിക്കാതെ ജീവിതത്തിലേക്ക് വരുന്ന പുതിയ ആളുകൾ ചിലപ്പോൾ നമ്മുടെ രീതികളെയെല്ലാം താളംതെറ്റിക്കാം. അത്തരത്തിൽ ഹരിയുടെ ജീവിതത്തിലേക്ക് കടന്നുവരുന്ന ഒരു പൂവൻകോഴിയും അതുമായി ബന്ധപ്പെട്ട് ഹരിക്ക് ഉണ്ടാകുന്ന മാനസിക പ്രശ്നങ്ങളും മറ്റും തമാശയുടെ മെമ്പോടിയിൽ പറഞ്ഞിരിക്കുകയാണ് ചിത്രം.
തമാശയ്ക്ക് വേണ്ടി തമാശ ഉണ്ടാക്കിയിട്ടില്ല എന്നത് ചിത്രത്തിന്റെ പ്ലസ്പോയിൻറാണ്. ഹരിയുടെ മാനസിക പ്രശ്നങ്ങൾ മികച്ച രീതിയിൽ ആന്റണി ചെയ്ത് ഫലിപ്പിച്ചു. ചില ഭാഗങ്ങളിൽ അത് നമ്മുടെ ജീവിതത്തിലേക്ക് ആഴ്ന്നിറങ്ങി സംസാരിക്കുന്ന വിധത്തിൽ ഫലിപ്പിക്കാൻ പെപ്പെയുടെ അഭിനയത്തിന് സാധിച്ചു.
സിനിമ മൊത്തതിൽ പൂവനാണ് താരം. വീടുകളിൽ വളർത്തുന്ന നായ, പശു, ഗപ്പി, മറ്റു ജന്തുക്കൾ എന്നിവക്കെല്ലാം മനുഷ്യരുടെ ജീവിതത്തിൽ ചെലുത്താൻ കഴിയുന്ന സ്വാധീനത്തെക്കുറിച്ച് ചിത്രം വരച്ചുകാണിക്കുന്നു. ജ്യൂസ് കട നടത്തുന്ന ഹരിക്ക് കച്ചവടം മുഴുവൻ നഷ്ടമാണ്. അവിടെ തുടങ്ങുന്നു ഹരിയുടെ പ്രശ്നങ്ങൾ. അങ്ങനെയാണ് അപ്രതീക്ഷിതമായി ഒരു കോഴിക്കുഞ്ഞിനെ തൊട്ടടുത്തുള്ള വീടിന്റെ ടെറസ്സിൽനിന്ന് കിട്ടുന്നത്. കോഴിക്കുഞ്ഞിന്റെ വളർച്ചയ്ക്ക് അനുസൃതമായി പ്രശ്നങ്ങളും വളർന്നുവരുന്നു. ചുറ്റുപാടിലുള്ള ആളുകൾക്കും പ്രശ്നമുണ്ടാവുന്നുണ്ടെങ്കിലും കൂടുതൽ ബാധിക്കുന്നത് ഹരിക്കാണ്. പ്രശ്നത്തെയും പൂവൻകോഴിയോടുള്ള വീട്ടുകാരുടെ അടുപ്പവും കൂടി എഴുതി ഫലിപ്പിക്കുന്നുണ്ട് തിരക്കഥകൃത്തും അഭിനേതാവും കൂടിയായ വരുൺ ധാര.
ചിത്രത്തിലെ മറ്റു താരങ്ങളുടേകും മികച്ച പ്രകടനമാണ്. ‘അനുരാഗ് എൻജിനീയറിങ് വർക്ക്സ്’ എന്ന് ഷോർട്ട് ഫിലിമിൽ മികച്ച കോംപോയായി നിന്ന വിനീത് വാസുദേവനും അഖിലയും എവിടെ നിർത്തിയോ അതിന്റെ ബാക്കി എന്ന കണക്കാണ് ചിത്രത്തിൽ. കൃത്യമായ ജോഡിയാണ് ഇരുവരും. വിനീതിന്റെ ചില സമയത്തുള്ള എക്സ്രപഷനൊക്കെ ഗംഭീരമാണ്. അഖിലയുടെ നാച്വറൽ അഭിനയം ചിത്രത്തിന് മുതൽകൂട്ടാണ്. പിന്നെ ഹരി-കാമുകി ഡിജി പോൾ (റിങ്കു), ബെന്നി (സജിൻ ചെറുകയിൽ) - സിനി (അനിഷ്മ) എന്നീ കഥാപാത്രങ്ങളും ഗംഭീരമാണ്. ബിന്ദു സതീഷ്കുമാർ അവതരിപ്പിച്ച മറിയാമ്മ, ആനീസ് അബ്രഹാമിന്റെ മൈത്രി, സുനിൽ മെലേപ്പുറത്തിന്റെ ലൂയിസ് കഥാപാത്രങ്ങളെല്ലാം സൂപ്പർ. തമാശയുടെ ചില ടൈമിങ്ങ് കൃത്യമാണ്. ഗസ്റ്റ് റോളിൽ വന്ന മണിയൻപിള്ള രാജു തന്റെ വേഷം മികച്ചതാക്കി.
മിഥുൻ മുകുന്ദന്റേതാണ് സംഗീതം. വിനീത് ശ്രീനിവാസൻ പാടിയ ചന്തക്കാരി ചന്തക്കാരി എന്നീ ഗാനം ഇതിനകം ശ്രദ്ധേയമായിട്ടുണ്ട്. സജിത് പുരുഷന്റെ ക്യാമറ നാടൻപുറങ്ങളിലെ രസകാഴ്ചകളെ ഒപ്പിയെടുത്തിട്ടുണ്ട്. ആകാശ് ജോസഫിന്റെ എഡിറ്റിങ്ങും ചിത്രത്തിന്‍റെ രസച്ചരടിന് അനുയോജ്യം. വളരെ റീലാക്സ്ഡ് ആയി കണ്ടിരിക്കാവുന്ന കൂടുതൽ അവകാശവാദങ്ങളൊന്നുമില്ലാത്ത ലളിതമായ ചിത്രമാണ് ‘പൂവൻ’.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.