Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightReviewschevron_rightആ ഭയത്തെ...

ആ ഭയത്തെ വെല്ലുവിളിച്ച് പിന്തള്ളിയ 'തീർപ്പ്'- റിവ്യൂ

text_fields
bookmark_border
Prithviraj Sukumaran Latest Movie Theerppu malayalam review
cancel

കൈയൂക്ക് കൊണ്ടു സ്ഥാപിതമായ ഒരു രാഷ്ട്രീയ വ്യവസ്ഥിതിയോടാണ് 'തീർപ്പ്' സ്ക്രീനിലൂടെ കലാപം ചെയ്യുന്നത്. മനുഷ്യത്വ വിരുദ്ധമായ ആ രാഷ്‌ട്രീയത്തിന്റെ ശരീരം പച്ചക്ക് തുറന്നു കാണിക്കുന്നു. അത്രമേൽ ആഴത്തിലാണ് വർഗീയതയുടെ രാഷ്ട്രീയ തന്ത്രങ്ങൾ കഥാപാത്രങ്ങളിലൂടെ അക്കമിട്ടു പറയുന്നത്. ഇന്ത്യൻ ജനാധിപത്യ, മതേതര പരിസരത്തുനിന്ന് അവയെ ആവോളം വെല്ലുവിളിക്കാനും ചിത്രം ഭയപ്പെട്ടിട്ടില്ല. ഓരോ ഫ്രെമും ഈ മണ്ണിനേറ്റ മുറിവിന്റെ ആഴം വ്യക്തമാക്കുന്നതാണ്. മനുഷ്യരാശിയെ പിന്തുടരുന്ന അരികുവൽക്കരണത്തിന്റെ നിഴൽ 'തീർപ്പി'ൽ കനത്തുനിൽക്കുന്നതായി കാണാം. ഭീതി പടർത്തുന്ന നിഴലിന്റെ കാഴ്ചയാണ് ചിത്രത്തിന്റെ രാഷ്ട്രീയം.

ടിപ്പു സുൽത്താൻ, ഭഗത് സിങ്, മഹാത്മാഗാന്ധി, സമരങ്ങൾ, യുദ്ധങ്ങൾ, കലാപങ്ങൾ, ബാബരി മസ്ജിദ് ധ്വംസനം..... ടൈറ്റിൽ മുതൽ ചിത്രം അതിന്റെ രാഷ്‌ടീയ സ്വത്തം വെളിപ്പെടുത്തുന്നു. പിന്നീടങ്ങോട്ട് അവയെ ചേർത്തുകെട്ടിയുള്ള ഒരു പോക്കാണ്. നാലു ബാല്യകാല സുഹൃത്തുക്കളിലൂടെയാണ് വഞ്ചനയുടെയും അവഗണനയുടെയും ചോരപുരണ്ട ചരിത്രം പറയുന്നത്. പരമേശ്വരൻ പോറ്റി, രാംകുമാർ, അബ്ദുല്ല, കല്യാൺ പേരിൽ നിഴലിക്കുന്ന ജാതിയും മതവും പ്രകടമായി ചിത്രത്തിലും ഇടപെടുന്നു.

വർഷങ്ങൾക്കുശേഷം അവിചാരിതമായി കണ്ടുമുട്ടുന്ന സുഹൃത്തുക്കൾ, ഭൂതകാലത്ത് അവർ നടത്തിയ ചതിയുടെ ഫ്ലാഷ്ബാക്കായാണ് ചിത്രം തുടങ്ങുന്നത്. വേട്ടമൃഗം ഉപേക്ഷിച്ചുപോയ കഥാപാത്രമാണ് പൃഥ്വിരാജിന്റെ അബ്‍ദുല്ല. ചിതറി തെറിച്ച കാഴ്ചകൾ ഓരോന്നായി തെളിയുന്നത് അബ്ദുല്ലയുടെ വരവോടെയാണ്. അങ്ങേയറ്റം ചതിക്കപ്പെട്ട ഇരയുടെ മുഖം പൃഥ്വി ഗംഭീരമാക്കി. അബ്ദുല്ലയെ പൊള്ളുന്ന കാഴ്ചയാക്കി മാറ്റാൻ അദ്ദേഹം നടത്തിയ ശ്രമം അഭിനന്ദനാർഹമാണ്.


ഒരു ഹെറിറ്റേജ് ബംഗ്ലാവിലാണ് കഥ പുരോഗമിക്കുന്നത്. ചരിത്ര നായകന്മാരുടെ വലിയ ചിത്രങ്ങളും അവർ ഉപയോഗിച്ചെന്നുപറയുന്ന വസ്തുക്കളും ബംഗ്ലാവിൽ പ്രദർശനത്തിനുണ്ട്. അടുത്തിടെ നടന്ന പുരാവസ്തു തട്ടിപ്പുമായി ഇത് ചേർത്തുവായിക്കാവുന്നതാണ്. കലാസംവിധാനത്തിന്റെ മികവ് സെറ്റിൽ പ്രകടമാണ്. കളർ ക്രമീകരണവും ചിത്രത്തോട് നീതിപുലർത്തുന്നു. പൊടുന്നനെ ആ ബംഗ്ലാവിലേക്ക് കടന്നുവരുന്ന കഥാപാത്രത്തിലൂടെയാണ് ചിത്രത്തിന് ജീവൻ വെക്കുന്നത്. അരികുവൽക്കരിക്കപെട്ടവന്റെ നീറുന്ന മുഖം വ്യക്തമായി അവതരിപ്പിക്കാൻ ചിത്രത്തിനായി.

തൊണ്ണൂറുകളിലെ സാമൂഹ്യ രാഷ്ട്രീയ കാലത്തെയാണ് തീർപ്പ് അവതരിപ്പിക്കുന്നത്. ബാബ്‌റി മസ്ജിദ് തകർത്തതും ആഗോളവത്കരണവും മനുഷ്യരെ പലതാക്കി നിർത്തുന്ന ജാതി മത രൂപങ്ങളും ചിത്രം ചർച്ചചെയ്യുന്നു. വഞ്ചിച്ച് കൈക്കലാക്കിയ തറവാട് തകർക്കുമ്പോൾ ഇടിഞ്ഞു വീഴുന്ന താഴികക്കുടം ചരിത്രത്തിന്റെ പുനരാഖ്യാനമാകാം. അത്തരത്തിൽ ഓരോ കാഴ്ചയും അധിനിവേശത്തിന്റെ യാഥാർഥ്യങ്ങളിലേക്കാണ് വിരൽചൂണ്ടുന്നത്. രാഷ്ട്രീയ താൽപര്യങ്ങൾക്കു വേണ്ടി അപനിർമ്മിക്കുന്ന ചരിത്രവും അതിന്റെ മോടി പിടിപ്പിക്കലും തിരക്കഥയിലൂടെ തുറന്നുവക്കുന്നു.

മുരളി ഗോപിയുടെ നട്ടെല്ലുള്ള തിരക്കഥയാണ് ഏറ്റവും പ്രധാനം. ഇത്രകാലം ഒളിഞ്ഞും തെളിഞ്ഞും അദ്ദേഹത്തിന് കേൾക്കേണ്ടിവന്ന വർഗീയ രാഷ്ട്രീയത്തിന്റെ ചാപ്പ ഇവിടെ പൊളിഞ്ഞു വീഴുന്നുണ്ട്. അത്രത്തോളം സൂക്ഷ്മവും കൃത്യവുമായാണ് സംഘ്പരിവാറിനു നേരെ അക്ഷരങ്ങൾ ചേർത്തുതുന്നിയത്. രാഷ്ട്രീയ ചിത്രം എന്ന നിലക്ക് നൂറുശതമാനം നീതി പുലർത്താൻ തീർപ്പിന് സാധിച്ചിട്ടുണ്ട്.


രതീഷ് അമ്പാട്ടാണ് തിരക്കഥയുടെ ആത്മാവറിഞ്ഞ് സംവിധാനം ചെയ്തത്. ഏത് കഥാപാത്രവും ജീവനുറ്റതാക്കാൻ കഴിവുള്ള സിദ്ധിക്കും, ഇന്ദ്രജിത്തും അത് ആവർത്തിച്ചു. സൈജു കുറുപ്പ്, വിജയ് ബാബു, ഇഷ, ഹന്ന കഥയുടെ തൂണുകളാണ്. മാമുക്കോയയുടെ വേഷവും അവിസ്മരണീയമാണ്. ഗോപി സുന്ദറാണ് പശ്ചാത്തലസംഗീതം. സുനിൽ കെ.എസിന്റെ ഛായാഗ്രഹണവും മികച്ചുനിൽക്കുന്നു.

'ഇവിടെ ഒരു കുറ്റകൃത്യം നടന്നിട്ടുണ്ട് എന്നെങ്കിലും അംഗീകരിക്കുന്നുണ്ടോ' -സിനിമയുടെ ആത്മാവ് അബ്ദുല്ലയുടെ ആ ഒറ്റ ചോദ്യത്തിലുണ്ട്. ചില്ലുകൂട്ടിൽ സൂക്ഷിച്ച ഗാന്ധിയുടെ കണ്ണടക്കും സഫ്‌ദർ ഹാഷ്മിയുടെ പേനക്കും വെടിയേൽക്കുന്നു. മുറിപ്പെടുന്നതും ഇരയാവുന്നതും ആരെന്നതിലേക്കാണ് ചിത്രം കാഞ്ചിവലിക്കുന്നത്...

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Prithviraj SukumaranTheerppu
News Summary - Prithviraj Sukumaran Latest Movie Theerppu malayalam review
Next Story