'ഒറ്റവാക്കിൽ പറഞ്ഞാൽ ഒരു കുഞ്ഞു നല്ല സിനിമ'; പാൽതു ജാൻവറിന് രാഹുൽ മാങ്കൂട്ടത്തിന്‍റെ റിവ്യൂ
text_fieldsബേസിൽ ജോസഫ് നായകനായെത്തിയ പുതിയ ചിത്രം 'പാൽതു ജാൻവറി'ന് റിവ്യൂ എഴുതി കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ. ഒറ്റവാക്കിൽ പറഞ്ഞാൽ ഒരു കുഞ്ഞു നല്ല സിനിമയാണിതെന്ന് രാഹുൽ പറയുന്നു. സംഗീത് പി. രാജൻ സംവിധാനം ചെയ്ത ചിത്രം വളര്ത്തുമൃഗങ്ങളും ഉടമകളും തമ്മിലുള്ള ഊഷ്‍മളമായ ബന്ധത്തിന്‍റേതായ ഒരു ലോകത്തെയാണ് കാണിക്കുന്നത്.
രാഹുൽ മാങ്കൂട്ടത്തിൽ എഴുതിയ റിവ്യൂ
സ്പോയിലർ അലർട്ട്
ഓണക്കാലം സിനിമാക്കാലം കൂടിയാണ്.
ആ 'സിനിമാ പാച്ചിലിൽ " ആദ്യം കണ്ടത് പാൽതു ജാൻവറാണ്. ബേസിൽ ജോസഫിൽ നിന്ന് നേരെത്ത അറിഞ്ഞ ചിത്രമെന്ന ബയാസ് കൊണ്ട് കൂടിയാണ് ആദ്യം പാൽതു കണ്ടത്.
ഒറ്റവാക്കിൽ പറഞ്ഞാൽ ഒരു കുഞ്ഞു നല്ല സിനിമ.
ആദ്യമെ പറയാം ജാൻ എ മൻ പോലെയുള്ള ബേസിലിന്റെ തമാശകളും, ഫൺ മൊമന്റ്സും കാണാമെന്ന് കരുതി തിയറ്ററിൽ പോകരുത്. തമാശയൊക്കെ ഷമ്മി തിലകന്റെ 'പൊടിക്ക് എനർജി' കൂടുതലുള്ള ഡോ സുനിൽ ഐസക്കും, ഇന്ദ്രൻസിന്റെ 'പൊടിക്ക് സോഡിയം' കുറവുള്ള വാർഡ് മെമ്പർ കൊച്ചും പറയും..
ആരെയും കെയർ കൊണ്ട് കൈകാര്യം ചെയ്യുന്ന പഞ്ചായത്ത് മെമ്പർ കൈയ്യടി വാരിക്കൂട്ടുന്നുണ്ട്. " ബ്യൂറോക്രസി നിന്നെ കൈവിട്ടാലും ഡമോക്രസി നിന്റെ കൂടെയുണ്ട് " എന്ന ഡയലോഗ് ഒക്കെ രസം തന്നെയാണ്.
ഷോർട്ട് ഫിലിം സംവിധായകനിൽ നിന്ന് സക്സസ് ഫുൾ കൊമേഴ്ഷ്യൽ സംവിധായകനിലേക്കും, അവിടെ നിന്ന് പ്രത്യേക തരം ചിരിയോടെ തമാശ പറയുന്ന ഹാസ്യ നടനിലേക്കും അവിടെ നിന്ന് പാൽതു ജാൻവറിലെ ഗൗരവതരമായ നായകനിലേക്കും ഒക്കെയുള്ള ബേസിലിന്റെ വളർച്ച സന്തോഷം നല്കുന്നതാണ്. ഈ കാലത്തെ ഒരു ചെറുപ്പക്കാരന്റെ എല്ലാവിധ ഭാവങ്ങും "ഞാൻ ഭയങ്കരമായി അഭിനയിക്കുകയാണെ" എന്ന് വിളിച്ചു പറയാതെ ലളിതമായും, മനോഹരമായും ചെയ്തു.
സിനിമയിലേക്ക് വന്നാൽ അനിമേഷൻ ആണ് പാഷൻ എന്ന് കരുതി ആ മേഖലയിൽ ചില്ലറ ഇൻവസ്റ്റ്മെന്റ് ഒക്കെ നടത്തി പൊട്ടിപ്പാളീസായി, അച്ഛൻ മരിച്ച ഒഴിവിൽ കുടിയാൻമല എന്ന മലയോര ഗ്രാമത്തിൽ ലൈവ് സ്റ്റോക്ക് ഇസ്പക്ട്റായി ബേസിന്റെ പ്രസൂൺ എത്തുന്നിടത്താണ് സിനിമ ആരംഭിക്കുന്നത്. പാഷൻ വേണോ റേഷൻ വേണോ എന്ന ചോദ്യത്തെ ആത്മസംഘർമായി നേരിട്ട മുഴുവനാളുകൾക്കും കണക്റ്റഡാകുന്ന മൊമന്റ്സുണ്ട് ചിത്രത്തിൽ. ഒടുവിൽ "എന്റെ വാവയ്ക്ക് അതിനുളള കഴിവില്ല , വിട്ടുകള " എന്ന് പറയുമ്പോൾ ജോലിയിലേക്ക് തിരികെ പോകുന്ന പ്രസൂൺ പിന്നീട് നേരിടുന്ന പ്രശ്നങ്ങളിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്.
താല്പര്യമോ അഭിരുചിയോ ഇല്ലാത്ത തൊഴിൽമേഖലയിലെത്തിയ പ്രസൂൺ ഒരു DySP യുടെ മരണത്തിനുത്തരവാദിയാകുന്നതിലൂടെ സിനിമ രണ്ടാം ഘട്ടത്തിലേക്ക് കടക്കുന്നു.
ജോണി ആന്റണിയുടെ ഡേവിസ് ചേട്ടനും മോളികുട്ടിയും സിനിമയുടെ റിയലിസ്റ്റിക്ക് കാമ്പ് തന്നെയാണ്. മോളിക്കുട്ടിയോടുള്ള ഡേവിസ് ചേട്ടന്റെ കരുതൽ കണ്ടപ്പോൾ നന്ദിനി എന്ന ഞങ്ങളുടെ വീട്ടിലെ പശുവിന്റെ പ്രസവം അടുക്കുമ്പോൾ അമ്മയും അമ്മൂമ്മയും ഒക്കെ ഉറക്കമില്ലാതെ കാവലിരിക്കുന്നതും, അവരോടൊപ്പം കൗതുകത്തോടെ കാത്തിരിക്കുന്നതും ഒക്കെ പെട്ടെന്ന് മനസിലേക്ക് കടന്നു വന്നു.
പ്രസൂണിന്റെ പ്രശ്നങ്ങൾക്ക് ഫോണിന്റെ മറുതലയ്ക്കൽ പരിഹാരവുമായെത്തുന്ന ശ്രുതി സുരേഷിന്റെ സ്റ്റെഫിയും, ശാസ്ത്രമല്ല ബ്ലാക്ക് മാജിക്കാണ് പ്രശ്നങ്ങളുടെ പരിഹാരമെന്ന് പറയുന്ന ദിലീഷ് പോത്തന്റെ പള്ളിലച്ഛന്റെ കഥാപാത്രവും ഉൾപ്പെടെ ഒറ്റ സീനിൽ മിന്നി മാഞ്ഞു പോയ കഥാപാത്രങ്ങൾ കാസ്റ്റിംഗ് പെർഫക്ഷന്റെ ഉദാഹരണമാണ്.
പൊന്തി നില്ക്കാതെ സിനിമക്ക് ചേരുന്ന ബാക്ക്ഗ്രൗണ്ട് സ്കോറും , പ്രകൃതി ഭംഗിയെ പരമാവധി ഉപയോഗിച്ച ആമ്പിയൻസും ഇഷ്ടം തോന്നുന്ന മൃഗകഥാപാത്രങ്ങളും എല്ലാം സിനിമയുടെ മാറ്റ് കൂട്ടുന്നു.
കാഴ്ചക്കാരനു സമ്മർദ്ദമേകാതെ നമ്മളെ കൂടി കുടിയാൻമലയിലെ ഒരു ഗ്രാമ നിവാസിയായി കൂടെ കൂട്ടി കഥ മുന്നോട്ട് കൊണ്ട് പോയ സംവിധായകൻ സംഗീത് പി രാജനും, അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.