അതിജീവനത്തിന്‍റെ 'രണ്ടാം യാമ'ങ്ങൾ
text_fieldsനവോത്ഥാന നാളുകളിൽ നാം തൂത്തെറിഞ്ഞെന്ന് കരുതിയ ദുർമന്ത്രവാദങ്ങളും സാത്താൻ സേവകളും ആഭിചാര ക്രിയകളും ഇന്ന് വ്യാപകമായി തിരിച്ചു വരികയാണെന്ന് നമ്മെ ഓർമപ്പെടുത്തിക്കൊണ്ടാണ് 'രണ്ടാം യാമം' എന്ന സിനിമ ആരംഭിക്കുന്നത്. മതമൂല്യങ്ങളെ അവഗണിച്ചും അനാചാരങ്ങളെ ആചാരങ്ങളായി അവതരിപ്പിച്ചും സമൂഹത്തിനും സ്ത്രീകൾക്കും മേൽ ജാതിമത ദേശ, ഭാഷ ഭേദമില്ലാതെ ഈ മഹാവിപത്ത് പടർന്നു കയറുകയാണെന്നും സിനിമ ഓർമിപ്പിക്കുന്നുണ്ട്.
ഒരു മനയിൽ ഇരട്ടകൾ പിറക്കുമ്പോൾ ജനനമോ മരണമോ നടന്നു കൂടാത്ത ശാപമുഹൂർത്തത്തിലാണ് രണ്ടാം ജന്മം എന്ന വിശ്വാസത്താൽ സ്വന്തം കുട്ടികളിലൊന്നിനെ കുരുതി കൊടുക്കാൻ നമ്പൂതിരി വയറ്റാട്ടിയെ ഏൽപിക്കുന്നതിലൂടെയാണ് കഥാഗതികളാരംഭിക്കുന്നത്. വയറ്റാട്ടിയുടെ ബുദ്ധിപരമായ ഇടപെടലിലൂടെ വളരുന്ന കഥയിലേക്ക് സോഫിയയെന്ന ക്രിസ്ത്യൻ പെൺകുട്ടിയുടെ കടന്നുവരവോടെയാണ് കഥകൾ മാറിമറിയുന്നത്. ഇടവേള കഴിഞ്ഞ് സോഫിയയും ജീവിതം മാറ്റിമറിക്കുന്ന ഒരു കുരുക്കിലകപ്പെടുന്നതോടെ അതിജീവനത്തിന്‍റെ സ്ത്രീപക്ഷ പോരാട്ടം കൂടിയായി മാറുകയാണ് സിനിമ.
സ്വാസികയുടെ സോഫിയ കഥാവസാനത്തിൽ കത്തിജ്വലിക്കുന്നുണ്ട് എന്ന് പറയാതെ വയ്യ. ചിത്രത്തിലെ വയറ്റാട്ടിയെ ദിവ്യ സുരേഷ് ഭംഗിയായി അവതരിപ്പിച്ചിട്ടുണ്ട്. മുൻ കാല നായിക രേഖയും സംഘർഷഭരിതമായ അമ്മ വേഷത്തിൽ തിളങ്ങുന്നുണ്ട്. ജോയ് മാത്യുവിന്‍റെ പാരമ്പര്യവാദിയായ നമ്പൂരിവേഷവും പ്രകടനത്തിൽ മുന്നിലാണ്.
യുവ നായകന്മാരായ ധ്രുവൻ, ഗൗതം കൃഷ്ണ എന്നിവരെ കൂടാതെ സുധീർ കരമന, ഷാജു ശ്രീധർ, നന്ദു, രാജസേനൻ, ജഗദീഷ് പ്രസാദ്, ദിവ്യശ്രീ, ഹിമാ ശങ്കരി, അംബികാ മോഹൻ, രശ്മി സജയൻ, ആറ്റുകാൽ തമ്പി, അജിത് കുമാർ, എ.ആർ. കണ്ണൻ തുടങ്ങിയവരാണ് ഇതിലെ മറ്റ് കഥാപാത്രങ്ങൾ.
നാലുകെട്ടിന്‍റെയും നാട്ടുമ്പുറത്തിന്‍റെയുമൊക്കെ ദൃശ്യചാരുത ഒപ്പിയെടുക്കുന്നതിൽ അഴകപ്പന്‍റെ കാമറക്ക് കഴിഞ്ഞിട്ടുണ്ട്. കവി കൂടിയായ നേമം പുഷ്പരാജിന്‍റെ മനോഹര വരികൾ ചിട്ടപ്പെടുത്തിയിരിക്കുന്നത് മോഹൻ സിതാരയാണ്. ഇതിൽ 'പടിയിറങ്ങുന്നു ഞാനമ്മേ' എന്ന ഗാനം കവിതയാണ്.
ഫോർച്യൂൺ ഫിലിംസിന്റെ ബാനറിൽ ആർ. ഗോപാലാണ് തിരക്കഥ രചിച്ച് ചിത്രം നിർമിച്ചിരിക്കുന്നത്. എഡിറ്റിങ്ങ് വിശാലാണ് നിർവഹിച്ചിരിക്കുന്നത്. ഏത് മതത്തിന്‍റെ പേരിലായാലും അന്ധവിശ്വാസങ്ങളും അനാചാരങ്ങളും അതിരുവിട്ട ചൂഷക മാർഗമായി മാറുമ്പോൾ അതിനെ അതിജീവിച്ച് മുന്നോട്ട് പോകണം എന്ന കാലിക പ്രസക്തമായ സന്ദേശം കൂടെ രണ്ടാം യാമം നൽകുന്നുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.