സത്യാന്വേഷണങ്ങളുടെ മിസ്റ്ററി ത്രില്ലർ- രേഖാചിത്രം റിവ്യു
text_fieldsസസ്‌പെന്‍ഷന്‍ ലഭിച്ച് പണിഷ്‌മെന്റ് ട്രാന്‍സ്ഫര്‍ കിട്ടി മലക്കപ്പാറയിലേക്ക് എത്തുന്ന ഒരു പൊലീസുകാരന്‍. എന്നാൽ എത്തിയ ആദ്യ ദിവസം തന്നെ സംഭവബഹുലമായ കാര്യങ്ങളാണ് അയാൾക്ക് നേരിടേണ്ടി വരുന്നത്. അയാളെത്തിപ്പെടുന്നത് നിഗൂഢതകളൊളിപ്പിച്ച ഒരു ചുഴിയിലാണ്. ഓരോ ഘട്ടത്തിലും പുതിയ കഥാപാത്രങ്ങൾ. അവരിലൂടെ വികസിക്കുന്ന സൂചനകൾ. ഒടുവിൽ ഒരു കൊലപാതകം ചുരുളഴിയപ്പെടുന്നു. ചതിയും വഞ്ചനയും ഒളിപ്പിച്ച് നല്ലവരായി നടന്നവരുടെ പൊയ്മുഖങ്ങൾ അഴിഞ്ഞ് വീഴുന്നു.
ഇത് സിനിമക്കുള്ളിലെ സിനിമയല്ല. എന്നാൽ സിനിമയിലെ ഒരു കഥയാണ്. 1985ൽ റിലീസ് ചെയ്ത സൂപ്പർഹിറ്റ് മലയാള ചിത്രം. എന്നാൽ പിന്നണിയിൽ അധികമാർക്കും അറിയാത്ത മറ്റൊരു കഥ. മലയാളികള്‍ക്ക് സുപരിചിതമായ എണ്‍പതുകളിലെ ഒരു സിനിമയും അതിന്‍റെ ലൊക്കേഷനുമാണ് ചിത്രത്തിലെ പശ്ചാത്തലം. അന്ന് കേട്ട് മറന്ന ഒരു കഥ പുതിയ കാലത്തിലേക്ക് എങ്ങനെ അവതരിപ്പിക്കപ്പെടുന്നു എന്നതാണ് ഈ സിനിമയുടെ പ്രത്യേകത.
ഭരതൻ സംവിധാനം ചെയ്ത് മമ്മൂട്ടിയും സരിതയും പ്രധാന വേഷങ്ങളിൽ അഭിനയിച്ച് 1985-ൽ പുറത്തിറങ്ങിയ 'കാതോട് കാതോരം' എന്ന സിനിമയിലെ ഒരു കഥയെ പുതിയ കാലത്തിനനുസൃതമായി റീക്രിയേറ്റ് ചെയ്യുന്നത് തീർത്തും വെല്ലുവിളി നിറഞ്ഞ കാര്യമാണ്. കൂടുതൽ അറിഞ്ഞും അന്വേഷിച്ചും അന്ന് കേട്ട കഥയെ സിനിമയുടെ ഓരോ ഘട്ടത്തിലും 'രേഖാചിത്ര'ത്തിലൂടെ പുനരവതരിപ്പിക്കുകയാണ്. ഇന്നത്തെ കാലത്തേക്ക് ആ കഥയേയും കഥാപാത്രങ്ങളെയും ചേർത്ത് നിർത്തുന്നിടത്താണ് കഥയുടെ എൻഗേജിങ് പാർട്ട്.
ചിത്രത്തിന്‍റെ ടൈറ്റിൽ വരെ കഥക്കുള്ള സൂചനകൾ തരുന്നു. വർത്തമാനകാലത്തെയും ഭൂതകാലത്തെയും സംയോജിപ്പിച്ചുള്ള ഓള്‍ട്ടര്‍നേറ്റ് ഹിസ്റ്ററി ഴോണറില്‍പ്പെടുന്ന ചിത്രം പ്രേക്ഷകരെ പിടിച്ചിരുത്തുമെന്നത് ഉറപ്പാണ്. നമ്മളറിയുന്ന ചരിത്ര കഥയെ മറ്റൊരു വ്യൂപോയിന്‍റിൽ അവതരിപ്പിക്കുന്ന രീതിയും അതിലെ നിഗൂഢതകളുമാണ് പ്രേക്ഷകനെ ഈ ചുഴിയിൽ പിടിച്ച് നിർത്തുന്നത്.
യാഥാർത്ഥ സംഭവങ്ങളിൽ തിരുത്ത് വരുത്തി ഒരു ഫിക്ഷനായി മാറ്റിയെടുക്കുന്ന ചിത്രങ്ങളാണ് ഓള്‍ട്ടര്‍നേറ്റ് ഹിസ്റ്ററി ചിത്രങ്ങൾ. ഒരു വടക്കൻ വീരഗാഥ, കേരള വർമ്മ പഴശ്ശിരാജ, ഉറുമി എന്നിവ ഇതിന് ഉദാഹരണങ്ങളാണ്. ചരിത്ര സംഭവങ്ങളെ വിചിന്തനം ചെയ്യുന്ന ഇത്തരം സിനിമകൾ ചരിത്രത്തിലെ പ്രധാന സംഭവങ്ങൾ മറ്റൊരു രീതിയിൽ അവതരിപ്പിക്കപ്പെടുമ്പോൾ എങ്ങനെ വ്യത്യസ്തമാകുന്നു എന്ന് കൂടി ഓർമ്മിപ്പിക്കുന്നു.
ക്വെന്‍റിൻ ടരാന്‍റിനോയുടെ ഇൻഗ്ലോറിയസ് ബാസ്റ്റേഡ്സ്, വൺസ് അപോൺ എ ടൈം ഇൻ ഹോളിവുഡ്, ദി മാൻ ഇൻ ദ ഹൈ കാസിൽ (ടി.വി സീരിസ്), ഫാദർലാൻഡ്, ദ കിങ്സ് മാൻ, വാച്ച് മാൻ, വൈറ്റ് മാൻസ് ബർഡൻ, രംഗ് ദേ ബസന്തി (ഹിന്ദി) എന്നീ ചിത്രങ്ങളെല്ലാം ഓള്‍ട്ടര്‍നേറ്റ് ഹിസ്റ്ററിക്ക് ഉദാഹരണങ്ങളാണ്. ഫിലിം മേക്കറിന്‍റെ ചരിത്രബോധവും കാഴ്ചപ്പാടും കൃത്യമാണെങ്കിൽ ഈ ഴോണർ ചിത്രങ്ങൾക്ക് സാധ്യത കൂടുതലാണ്. ഈ കാറ്റഗറിയിലേക്കാണ് രേഖാചിത്രവും ചുവടുറപ്പിക്കുന്നത്.
പതിവ് കുറ്റാന്വേഷണ സിനിമയുടെ ചേരുവകളെല്ലാം ഇതിലുണ്ട്. എന്നാൽ കുറ്റാന്വേഷണ സിനിമയുടെ വേഗതയോ ട്വിസ്റ്റുകളോ ചിത്രത്തിലില്ല. ഓരോ കുരുക്കുകളും അഴിച്ച് സാവാധാനത്തിൽ എന്നാൽ പ്രേക്ഷകനെ പിടിച്ചിരുത്തുന്ന രീതിയിലാണ് കഥയുടെ സഞ്ചാരം. കുറ്റാന്വേഷണം വേറെ ഒരു തലത്തിലേക്ക് എത്തിക്കുന്നത് അതിന്‍റെ ഓള്‍ട്ടര്‍നേറ്റ് ഹിസ്റ്ററി തന്നെയാണ്. ചിത്രത്തിന്‍റെ ഹൈപ്പ് ഇതിന്‍റെ തിരക്കഥയും മേക്കിങ്ങുമാണ്.
പ്രീസ്റ്റിന് ശേഷം ജോഫിൻ ടി. ചാക്കോയുടെ ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് ജോൺ മന്ത്രിക്കലാണ്. ആസിഫ് അലി, അനശ്വര രാജൻ എന്നിവർക്കൊപ്പം മനോജ് കെ. ജയൻ, ഇന്ദ്രൻസ്, ഹരിശ്രീ അശോകൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. കഥക്ക് വേണ്ടിയുള്ള ഡീറ്റെയിലിങ്ങാണ് ഏറ്റവും ശ്രദ്ധേയം. യഥാര്‍ഥ്യത്തോട് ചേർന്നു നിൽക്കുന്ന രീതിയിൽ ഒരു കഥ പുനഃസൃഷ്ടിച്ചെടുക്കുന്നതിൽ ജോഫിൻ വിജയിച്ചിട്ടുണ്ട്. കൃത്യമായ റിസർച്ച് നടത്തിയുള്ള അവതരണമാണെന്ന് വ്യക്തം.
പാളിപ്പോവാവുന്ന പല ഘടകങ്ങളും നന്നായി യോജിപ്പിച്ച് വെക്കാൻ ജോഫിന് സാധിച്ചിട്ടുണ്ട്. കുറ്റസമ്മതങ്ങളും കുറ്റവാളികളും സിനിമയുടെ തുടക്കത്തിൽ തന്നെ വെളിപ്പെടുന്നുണ്ട്. അവശേഷിക്കുന്നതാകട്ടെ സത്യത്തിലേക്കുള്ള അന്വേഷണവും. വിവേക് ഗോപിനാഥായി ആസിഫ് അലി തന്‍റെ പൊലീസ് വേഷം മനോഹരമാക്കി. കൂമൻ, തലവൻ, ഇത് താൻടാ പൊലീസ്, കുറ്റവും ശിക്ഷയുമടക്കമുള്ള പൊലീസ് വേഷങ്ങളിൽ തിളങ്ങിയത് പോലെ ഇവിടെയും വിവേക് ഗോപിനാഥനെ കയ്യടക്കത്തോടെ അവതരിപ്പിക്കാൻ ആസിഫ് അലിക്ക് സാധിച്ചിട്ടുണ്ട്. സ്ക്രീൻ പ്രസൻസ് കുറവാണെങ്കിലും അനശ്വരയിലൂടെയാണ് കഥ വികസിക്കുന്നത്. കഥ നടക്കുന്ന രണ്ടു കാലഘട്ടങ്ങളെയും ഏറ്റവും യാഥാർഥ്യത്തോടെ അവതരിപ്പിക്കാൻ ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർക്ക് സാധിക്കുന്നുണ്ട്. എ.ഐ സാധ്യതകളെയും ചിത്രം ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.