ക്രിക്കറ്റിലെ മതവും രാഷ്ട്രീയവും... ലാൽ സലാം റിവ്യു
text_fields3, വെയ് രാജാ വെയ് എന്നീ ചിത്രങ്ങൾക്ക് ശേഷം ഐശ്വര്യ രജനികാന്ത് സംവിധാനം ചെയുന്ന ചിത്രമാണ് ലാൽ സലാം. വിഷ്ണു വിശാൽ, വിക്രാന്ത് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ക്രിക്കറ്റിനെയും മതത്തെയും ചുറ്റിപ്പറ്റിയുള്ള ചിത്രം ഒരു ഗ്രാമത്തിലെ ആളുകൾ എങ്ങനെയാണ് ഒരു ജനപ്രിയ കായികരംഗത്തെ രാഷ്ട്രീയവത്ക്കരിക്കുന്നത് എന്നതിനെ കുറിച്ചാണ് പറയുന്നത്. ഹിന്ദുക്കളും മുസ്‍ലിംകളും ഒന്നിച്ച് ജീവിക്കുന്ന ഗ്രാമമാണ് മുറാബാദ്. അവിടത്തെ ഏറ്റവും മികച്ച ക്രിക്കറ്റ് കളിക്കാരാണ് തിരുവും( വിഷ്ണു വിശാൽ), ഷംസുദ്ദീനും (വിക്രാന്ത്). ത്രീ സ്റ്റാർ, എം.സി.സി എന്ന രണ്ട് ടീമുകളാണ് ആ ഗ്രാമത്തിലുള്ളത്. എം.സി.സി ടീമിൽ ഹിന്ദുക്കൾ മാത്രമാണുള്ളത്.
അതിനാൽ അതിനെ ഇന്ത്യ എന്നാണ് വിളിക്കുന്നത്. മുസ്‍ലിംകൾ മാത്രമുള്ള ത്രീ സ്റ്റാർ ടീമിനെ പാക്കിസ്താൻ എന്നുമാണ് വിളിക്കുന്നത്. തിരുവും ശംസുവുമാകട്ടെ ചെറുപ്പം മുതലേ ശത്രുക്കളും. എന്നാൽ തിരുവിന്റെ പിതാവും (ലിവിംഗ്സ്റ്റൺ) ഷംസുദ്ദീൻ്റെ പിതാവ് മൊയ്തീൻ ഭായിയും (രജനികാന്ത്) സുഹൃത്തുക്കളാണ്.
ചിത്രത്തിൽ രജനികാന്തിന് കാര്യമായ സ്ക്രീൻ ടൈം തന്നെ ലഭിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മൊയ്തീൻ ഭായ് എന്ന കഥാപാത്രം ഭിന്നിപ്പിക്കുന്ന രാഷ്ട്രീയത്തിനെതിരെ ശക്തമായ നിലപാടുകളുള്ള ഒരു മനുഷ്യൻ കൂടിയാണ്. എന്നാൽ മൊയ്തീൻ ഭായിയെ ശക്തനാക്കാൻ ശ്രമിക്കുന്ന തിരക്കഥയിൽ തിരു ഷംസു ശത്രുതയുടെ അടിസ്ഥാന കാരണമെന്താണെന്ന് പ്രേക്ഷകരെ ബോധ്യപ്പെടുത്തുന്നതിൽ പാളിച്ച സംഭവിച്ചിരിക്കുന്നു. തമ്പി രാമയ്യ, സെന്തിൽ, വിവേക് പ്രസന്ന എന്നിവരുടെ സപ്പോർട്ടിംഗ് ആക്ടുകൾ സിനിമക്ക് അല്പമെങ്കിലും ആശ്വാസമുള്ള കാഴ്ചകളാണ്. നോൺ-ലീനിയർ ശൈലിയിൽ കഥ പറയുന്ന ചിത്രം വർത്തമാനകാലത്ത് സംഭവിക്കുന്നതോ മുൻകാലങ്ങളിൽ സംഭവിച്ചതോ ആയ സംഭവവികാസങ്ങളെക്കുറിച്ച് പ്രേക്ഷകരിലേക്കെത്തിക്കുന്നതിൽ പരാജയപ്പെട്ടിരിക്കുന്നു. ചിത്രം നൽകാൻ ആഗ്രഹിക്കുന്ന സന്ദേശം തീർച്ചയായും പ്രശംസനീയമാണ്. സംവിധായിക എന്ന നിലയിൽ, ഐശ്വര്യ ഒരു ഡോക്യു-ഫീൽ ചിത്രീകരണമാണ് സിനിമക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. സാമുദായിക പ്രശ്നങ്ങളും ക്രിക്കറ്റിന്റെ തീമും ഒരേയളവിൽ ഇഴചേർക്കാൻ ശ്രമിച്ചിട്ടും, കഥാഗതിയിൽ പുതുമയില്ല എന്നതും തുടക്കം മുതൽ ഒടുക്കം വരെ, പരിചിതമായ ഒട്ടേറെ സിനിമകളെ ഈ ചിത്രം പിന്തുടരുന്നു എന്നതും പോരായ്മയാണ്. എ.ആർ റഹ്മാൻ്റെ സംഗീതം ചിത്രത്തിന് മികവ് നൽകുന്നതിനോടൊപ്പം തന്നെ വിഷ്ണു രംഗസാമിയുടെ ഛായാഗ്രഹണം മുറാബാദിൻ്റെ വരണ്ട ഭൂപ്രകൃതിയെ മികച്ച രീതിയിൽ പകർത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.