ഇത് കൊത്തയിലെ രാജാവിന്‍റെ പ്രതികാരം- റിവ്യൂ
text_fieldsഅഭിലാഷ് ജോഷി സംവിധാനം നിർവഹിച്ച് ദുൽഖർ സൽമാൻ നായകനായ പാൻ ഇന്ത്യൻ ചിത്രമാണ് ദി കിംഗ് ഓഫ് കൊത്ത. എതിരാളികളില്ലാതെ സോളോ റിലീസായി തിയേറ്ററിലെത്തിയ ചിത്രം നിർമിച്ചിരിക്കുന്നത് സീ സ്റ്റുഡിയോസും ദുൽഖർ സൽമാന്റെ വേഫറെർ ഫിലിംസും ചേർന്നാണ്. വേറിട്ട ഗെറ്റപ്പിൽ, കൊത്തയിലെ രാജാവായ രാജുവായാണ് ദുൽഖർ സൽമാൻ ചിത്രത്തിലെത്തുന്നത്. രണ്ടു കാലഘട്ടങ്ങളിലെ കഥ പറയുന്ന 'കിംഗ് ഓഫ് കൊത്ത' യിലെ പ്രധാന കഥാപരിസരമായ കൊത്ത തികച്ചും സാങ്കല്പികമായ ഒരു പ്രദേശമാണ്.
നിരവധി ക്രിമിനലുകൾ ഉടലെടുത്തിട്ടുള്ള ഒരു സാമൂഹിക പശ്ചാത്തലമാണ് കൊത്തയ്ക്കുള്ളത്. ബ്രിട്ടീഷ് ഭരണകാലത്ത് മാലിന്യപറമ്പായിരുന്ന കൊത്തയിൽ പിൽക്കാലത്ത് അവിടത്തെ നിയമവും നീതിയും ന്യായവുംവരെ നടപ്പിലാക്കുന്നത് ആൾബലമുള്ള ക്രിമിനലുകളായി തീരുകയാണ്. ശത്രുക്കളെ കൊന്നു തള്ളുന്നതിനും മറ്റുമായി ബ്രിട്ടീഷുകാർ ഉപയോഗിച്ചിരുന്ന കൊത്ത എന്ന പ്രദേശത്തേക്ക് തമിഴരും മലയാളികളുമുള്‍പ്പെടെയുള്ളവർ കുടിയേറി പാര്‍ക്കുകയയും കാലാന്തരത്തിൽ അവിടെയുള്ള മനുഷ്യർ തല്ലാനും തല്ല് ഏറ്റുവാങ്ങാനും കൊല്ലാനും കൊല്ലപ്പെടാനും തയ്യാറായി നിൽക്കുന്നു.
ഇത്തരമൊരു പശ്ചാത്തലത്തിൽ നിന്നു കൊണ്ടാണ് സംവിധായകൻ സിനിമയെ പരിചയപ്പെടുത്തുന്നതും.. കഥ നടക്കുന്നത് 1996ലാണ്. തന്റെ ജോലിയിൽ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട് കൊത്തയിലേക്ക് വരുന്ന സി.ഐ ഷാഹുൽ ഹസനും, കഞ്ചാവും ക്വട്ടേഷനുമായി കൊത്തയെ മൊത്തത്തിൽ അടക്കി ഭരിക്കുന്ന കണ്ണൻഭായിയും തമ്മിലുള്ള ചില പ്രശ്നങ്ങളിൽ നിന്നാണ് സിനിമയുടെ ആരംഭം. എതിരാളിയായ കണ്ണൻ ഭായിയെ തകർക്കാനായി ഒരുകാലത്തു കൊത്തയുടെ അപ്രഖ്യാപിത രാജാവും അടിയും, ഇടിയും, വെട്ടും, കുത്തുമായി ജീവിതം ആഘോഷത്തിമിർപ്പാക്കി ജീവിച്ച ക്രിമിനലുമായ രാജുവിനെ തനിക്ക് ആവശ്യമാണെന്ന് ഷാഹുൽ ഹസൻ മനസ്സിലാക്കുന്നു.
രാജുവിന്റെ പഴയകാല സുഹൃത്തും പൊലീസ് ഉദ്യോഗസ്ഥനുമായ എസ്.ഐ ടോണി ടൈറ്റസിൽ നിന്നാണ് കൊത്തയുടെ പഴയകാല രാജാവിന്റെ കഥ ഷാഹുൽ ഹസൻ അറിയുന്നത്. ആ ഫ്ലാഷ് ബാക്കിലൂടെയാണ് 1986ൽ മറഡോണയുടെ 'ദൈവത്തിന്റെ കൈ' സംഭവിച്ച ആ വേൾഡ് കപ്പ് നടക്കുന്ന കാലഘട്ടത്തിലേക്ക് ചിത്രം സഞ്ചരിക്കുന്നത്. ഒരുകാലത്ത് നാടിനെതന്നെ വിറപ്പിച്ചിരുന്ന രവി എന്ന ഗുണ്ടയായിരുന്ന തന്റെ അപ്പനെ കണ്ടുവളർന്ന രാജുവിന്റെ യൗവനവും പ്രണയവും സൗഹൃദവും ചോരത്തിളപ്പിന്റെ ആവേശവുമൊക്കെയാണ് ആ ഫ്ലാഷ് ബാക്കിൽ പറഞ്ഞു പോകുന്നത്. പക്ഷേ രാജുവിന്റെ ആ യൗവനം അത്ര സുഖകരമല്ല.
ചോരപ്പുഴകളും രക്തപങ്കിലമായ കാഴ്ചകളും കണ്ട്, മദ്യവും പെണ്ണും ആസ്വദിച്ചാണ് അവൻ തന്റെ യൗവനത്തെ ആസ്വദിക്കുന്നത്. സ്വന്തം അപ്പനിൽ നിന്നും പ്രചോദനം ഉൾക്കൊണ്ട് ഒരു ഗുണ്ടയായി മാറാൻ ഇഷ്ടപ്പെട്ട രാജുവിനെ എക്കാലവും അവന്റെ കുടുംബം എതിർത്തിരുന്നു. ഗുണ്ടാ പണിയെല്ലാം നിർത്തി വീടും കുടുംബവുമായി ജീവിക്കുന്ന അവന്റെ അപ്പന്റെയും അമ്മച്ചിയുടെയും എതിർപ്പുകൾ മൂലം ചെറിയ പ്രായത്തിൽ തന്നെ അവന് സ്വന്തം വീടുവിട്ടിറങ്ങേണ്ടി വരുന്നു. അന്ന് രാജുവിന് തണലാവുന്നത് അവന്റെ സുഹൃത്ത് കണ്ണനാണ്.
സുഹൃത്ത് കണ്ണന് വേണ്ടി തന്റെ അപ്പനായ കൊത്ത രവിക്ക് മേൽ കൈവെക്കാൻ പോലും മടിക്കാത്തവനാണ് രാജു. അപ്പോഴും രാജുവിന് അയാളുടെ അനിയത്തി പൊന്നു വളരെയധികം പ്രിയപ്പെട്ടവളാണ്. കിട്ടുന്ന കാശ് എല്ലാം ധൂർത്തടിച്ചു ജീവിക്കുന്ന രാജുവിന് ജീവിതത്തെക്കുറിച്ച് ചെറിയ രീതിയിലെങ്കിലും പുനർവിചാരണം സംഭവിക്കുന്നത് താരയുമായി പ്രണയത്തിലായതിന് ശേഷമാണ്. എങ്കിലും, തന്റെ ക്രിമിനൽ ഗ്യാങ്ങിൽ നിന്നും പുറത്തു കടക്കാൻ അയാൾ ആഗ്രഹിച്ചിരുന്നില്ല. കഞ്ചാവ് ബിസിനസ്സുകാരനായ ഗാന്ധിഗ്രാമിലെ രഞ്ജിത്ത് ഭായിയുമായുള്ള രാജുവിന്റെ ചെറിയ ചില കുടിപ്പകകൾ വളരുകയും അത് കൂടുതൽ വഷളാകുകയും ചെയ്യുന്നതോടെ അപ്രതീക്ഷിതമായി രാജുവിന്റെ ജീവിതത്തിൽ പലതും സംഭവിക്കുന്നു.
അങ്ങനെ സ്വന്തം നാട്ടിൽ നിന്നും ജീവിതം ഉപേക്ഷിച്ചു പോകാൻ രാജു നിർബന്ധിതനാകുന്നു. അയാളുടെ നാടുവിടലിന് ശേഷമാണ് കൊത്തയുടെ ഭരണം കണ്ണൻ ഭായിയിലേക്ക് എത്തുന്നത്. കൊത്തയിലെ പഴയകാലത്തെ കിരീടം വയ്ക്കാത്ത രാജാവായ രാജു ഇന്ന് എവിടെയാണെന്ന് ആർക്കും ധാരണയില്ല. എന്നാൽ, തന്റെ ഒരേയൊരു എതിരാളിയായ കണ്ണൻ ഭായിയെ തകർക്കാൻ രാജുവിനെ കൊത്തയിലേക്ക് തിരികെ കൊണ്ടുവരുക എന്നുള്ളത് സി.ഐ ഷാഹുൽ ഹസന്റെ ആവശ്യമായി മാറുന്നു.
രാജുവിന്റെ കൊത്തയിലേക്കുള്ള തിരിച്ചുവരവിൽ നിന്നാണ് ചിത്രം അതിന്റെ ആവേശചൂടിലേക്ക് കടക്കുന്നത്. ഒരു മാസ്സ് മസാല പടത്തിന്റെ എല്ലാ ചേരുവകളോടും കൂടിയ വിഷയം തന്നെയാണ് കൊത്ത മുൻപോട്ട് വെക്കുന്നത്. എന്നാൽ, സിനിമയുടെ മുഴുപകുതിയും വലിച്ചു നീട്ടി കഥ പറഞ്ഞു എന്നതും, ചിത്രത്തിലെ സ്റ്റണ്ടും ഫൈറ്റും ഒട്ടും എൻഗേജിങ് അല്ലായിരുന്നു എന്നതും പ്രേക്ഷകരെ നിരാശപ്പെടുത്തിയേക്കാം. സ്ത്രീ കഥാപാത്രങ്ങളിൽ സജിത മഠത്തിൽ, നൈല ഉഷ എന്നിവർ തങ്ങളുടെ കഥാപാത്രം മികവുറ്റതാക്കുമ്പോൾ തന്നെ താരയായി അഭിനയിച്ച ഐശ്വര്യ ലക്ഷ്മിയുടെ കഥാപാത്രത്തിന് ഏറെ അപൂർണ്ണതകൾ വന്നു എന്നതും എടുത്തു പറയേണ്ടിയിരിക്കുന്നു.
സൗണ്ട് എഫ്ഫക്റ്റ്, പശ്ചാത്തല സംഗീതം, കാമറ, എഡിറ്റിംങ് എന്നിങ്ങനെ ഓരോ മേഖലയും അത്യന്തം ജാഗ്രത പുലർത്തിയിരിക്കുമ്പോഴും കെട്ടുറപ്പില്ലാത്ത തിരക്കഥയും, വളരെയധികം പ്രെഡിക്റ്റബിളായിട്ടുള്ള കഥപറച്ചിലും കാരണം പ്രേക്ഷകരെ സിനിമ അതിശയിപ്പിക്കുവാനുള്ള സാധ്യത വളരെ കുറവാണ്. സര്‍പ്പട്ട പരമ്പരൈയിലൂടെ പ്രേക്ഷക ഹൃദയം നേടിയ ഷബീർ കല്ലറയ്‌ക്കൽ തന്റെ കഥാപാത്രത്തെ നന്നായി ചെയ്തിട്ടുണ്ട്. അതുപോലെ തന്നെ സർക്കിൾ ഇൻസ്‌പെക്ടർ ഷാഹുൽ ഹസൻ ആയി പ്രസന്നയും, പൊലീസ് ഉദ്യോഗസ്ഥൻ ടോണിയായി ഗോകുൽ സുരേഷും തങ്ങളുടെ റോളുകൾ കൈകാര്യം ചെയ്യുന്നു.
ഗോകുല്‍ സുരേഷ് മലയാള സിനിമയ്ക്ക് കൂടുതൽ വാഗ്ദാനമായി മാറുന്നു എന്നുള്ളതിന് തെളിവാണ് കൊത്തയിലെ പ്രകടനം. പൊറിഞ്ചു മറിയം ജോസ് എന്ന ചിത്രത്തിനുശേഷം തിരക്കഥാകൃത്ത് അഭിലാഷ് എൻ. ചന്ദ്രൻ തിരക്കഥ ഒരുക്കിയ കൊത്തയിൽ പൊറിഞ്ചു മറിയം ജോസിന് സമാനമായി ഒറ്റപ്പെട്ട് ജീവിക്കുന്ന നായിക കഥാപാത്രത്തെയെല്ലാം പ്രേക്ഷകർക്ക് കാണാൻ സാധിച്ചേക്കാം. പക്ഷെ ഇത്തവണ പ്രേക്ഷകർക്ക് ഒട്ടും വിശ്വാസ്യയോഗ്യമല്ലാത്ത രീതിയിലാണ് കഥാപാത്ര നിർമിതികളും കഥയും സഞ്ചരിക്കുന്നത്.
അതിനാൽ തന്നെ തിരക്കഥയും മാസ് രംഗങ്ങളും പ്രേക്ഷകരെ നിരാശപ്പെടുത്താൻ സാധ്യത കൂടുതലാണ്. എങ്കിലും തന്റെ ഗെറ്റപ്പുകളിലെ മാറ്റങ്ങളിൽ ദുൽഖർ മികച്ചുനിൽക്കുന്നുണ്ട്. സംവിധായകൻ ജോഷിയുടെ മകനായ അഭിലാഷ് ജോഷി വരുംകാലങ്ങളിൽ കൂടുതൽ ശ്രദ്ധേയമായി മുന്നേറുമെന്ന് ഉറപ്പാണ്. പക്ഷെ, റിലീസിന് മുന്‍പ് തന്നെ ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പ് ലഭിച്ച ചിത്രം കണ്ടുകഴിയുമ്പോൾ പ്രേക്ഷകർക്ക് ഒരുപക്ഷേ തോന്നിയേക്കാം 'ഇത്രയൊക്കെ ഹൈപ്പ് ആവശ്യമുണ്ടായിരുന്നോ' എന്ന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.