Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightReviewschevron_rightഅതിജീവനമാണ് പ്രതിരോധം:...

അതിജീവനമാണ് പ്രതിരോധം: ‘മടിത്തട്ട്’ എന്ന ഹ്രസ്വചിത്രത്തിന്‍റെ ആസ്വാദനം

text_fields
bookmark_border
madithattu, short film, Review
cancel
camera_alt

കേന്ദ്ര കഥാപാത്രമായ സംഗീതയെ അവതരിപ്പിച്ച നടി ശ്രീലക്ഷ്മി

ഭിന്നശേഷി മനുഷ്യരുടെ അതിജീവനത്തെ പ്രതിരോധമായി അടയാളപ്പെടുത്തുന്ന ഹ്രസ്വചിത്രമാണ് ഗോപാല്‍ മേനോന്‍ രചനയും സംവിധാനവും നിര്‍വഹിച്ച ‘മടിത്തട്ട്’. അതിജീവനത്തിന്റെ തീക്ഷ്ണതകളെ പ്രേക്ഷകന്റെ ഉള്ള് പൊള്ളിക്കും വിധം ഈ ഹ്രസ്വചിത്രം ഋജുവായി ആവിഷ്‌കരിക്കുന്നു. ചിറകറ്റ പൂമ്പാറ്റ വീണ്ടും പറന്നെങ്കിലെന്ന് ആശിക്കുംവിധം ഭിന്നശേഷി മനുഷ്യര്‍ സംഘടിക്കണമെന്നും അവര്‍ക്കുവേണ്ടി മാറ്റിവെക്കപ്പെടുന്ന കരുതലിന്റെ നല്ല സമയങ്ങള്‍ മനുഷ്യനെന്ന പദത്തിന് അർഥവും വ്യാപ്തിയും നല്‍കുമെന്നും പ്രേക്ഷകനോട് സംവദിക്കുന്നുണ്ട് 'മടിത്തട്ട്'. ഏറെ കയ്യടക്കമുള്ളൊരു സംവിധായകന്റെ ക്രാഫ്റ്റ് ഈ ഹ്രസ്വചിത്രത്തില്‍ പ്രകടമാണ്.

സിനിമാറ്റിക്കായ സസ്‌പെന്‍സുകളോ നാടകീയതയോ ഇല്ലാതെ തന്നെ മടിത്തട്ട് എന്ന ഹ്രസ്വചിത്രത്തിന്റെ ആഖ്യാനം മുന്നോട്ട് പോകുകയും അവസാനിക്കുകയും ചെയ്യുന്നു. ക്രൂരമായൊരു പത്രവാര്‍ത്തയുടെ ഘടനയും ലാഘവത്വവും പേറുന്ന ഇങ്ങനെയൊരു തിരക്കഥാരൂപം ഈ ഹ്രസ്വചിത്രത്തിന് സ്വീകരിച്ചത് ബോധപൂര്‍വമാകണം. രാഷ്ട്രീയ സാമൂഹ്യ വിഷയങ്ങളില്‍ ശ്രദ്ധേയമായ ഡോക്യുമെന്ററികളൊരുക്കിയ ഗോപാല്‍ മേനോന്‍ 'മടിത്തട്ട്' എന്ന ഹ്രസ്വചിത്രത്തെ ഡോക്യുമെന്ററിയുടെ ആഖ്യാനമാതൃകയില്‍ വിളക്കിയെടുത്തത്, മുന്നോട്ട് വെക്കുന്ന രാഷ്ട്രീയത്തിന്റെ തീവ്രത ഒട്ടും ചോരാതിരിക്കാനാണ്. ഈ തീരുമാനമാണ് 'മടിത്തട്ട്' എന്ന ഹ്രസ്വചിത്രത്തെ അതിജീവനത്തോടുള്ള ആദരവാക്കി മാറ്റുന്നത്.

ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ അതിജീവനത്തിനായി കഴിഞ്ഞ 27 വര്‍ഷമായി കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഹ്യുമാനിറ്റി ചാരിറ്റബിള്‍ സൊസൈറ്റിയുടെ സാരഥി പി.കെ.എം. സിറാജ് ആണ് മടിത്തട്ട് എന്ന ഹ്രസ്വ ചിത്രം നിര്‍മ്മിച്ചിട്ടുള്ളത്. ഭിന്നശേഷിക്കാരുടെ ജീവിതത്തില്‍ ഉണ്ടാകുന്ന പ്രയാസങ്ങളും അവരുടെ അതിജീവന ശ്രമങ്ങളും ജനങ്ങളിലേക്കെത്തിക്കുക എന്ന ബോധവല്‍ക്കരണത്തിന്റെ ഭാഗമായാണ് മടിത്തട്ട് നിർമിക്കപ്പെട്ടിട്ടുള്ളത്. ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവര്‍ക്ക് നേരിടേണ്ടി വരുന്ന ചൂഷണങ്ങള്‍, പ്രത്യേകിച്ച് സ്ത്രീകളായ ഭിന്നശേഷിക്കാരുടെ നേര്‍ക്കുള്ള ലൈംഗികമായ കടന്നാക്രമണങ്ങളെ പ്രശ്‌നവല്‍ക്കരിക്കുകയാണ് ഈ ഹ്രസ്വചിത്രം.

ഭിന്നശേഷിക്കാരിയായ 'പാപ്പ'യുമൊത്തുള്ള പേരന്‍പ് എന്ന സിനിമയിലെ അമുദവന്റെ ജീവിതം പ്രേക്ഷകനെ ആഴത്തില്‍ നൊമ്പരപ്പെടുത്തിയതിന് സമാനമായി കണ്ണീരോടെ മാത്രമേ 'മടിത്തട്ട്' എന്ന ഹ്രസ്വചിത്രവും കണ്ടുതീര്‍ക്കാന്‍ കഴിയൂ. ഏറെ വെല്ലുവിളികള്‍ നിറഞ്ഞ ജീവിതത്തിന്റെ അതിജീവന ഘട്ടം കഴിഞ്ഞ് പുഞ്ചിരിക്കുന്ന മനുഷ്യരുടെ ജീവിതം കണ്ടെന്നോണം, പ്രേക്ഷകന്റെ മുഖത്തെ കണ്ണീര് മാഞ്ഞ് ആശ്വാസച്ചിരി പരക്കും. ഇങ്ങനെ വേദനക്കും കണ്ണീരിനുമൊടുവില്‍, അതിജീവനത്തിന്റെ പ്രതിരോധച്ചിരിയില്‍ സമാധാനപ്പെട്ട് ആശ്വസിക്കാന്‍ ഈ ഹ്രസ്വചിത്രം പ്രേക്ഷകനെ പ്രേരിപ്പിക്കുന്നു.

ഭിന്നശേഷിക്കാരിയായ മകളുടെ വളര്‍ച്ചക്കൊപ്പം അതിജീവിക്കാന്‍ പ്രയാസപ്പെടുന്ന അമുദവനും പാപ്പയുമാണ് റാം രചനയും സംവിധാനവും ചെയ്ത പേരന്‍പിലെ കേന്ദ്ര കഥാപാത്രങ്ങളെങ്കില്‍, മടിത്തട്ട് എന്ന ഹ്രസ്വചിത്രത്തില്‍ ശോഭന എന്ന അമ്മക്ക് മൂന്ന് ഭിന്നശേഷിക്കാരായ മക്കളോടൊപ്പമാണ് അതിജീവിക്കേണ്ടത്. ഏറെ സങ്കീര്‍ണമായ അവസ്ഥയില്‍, ജീവിതത്തിന്റെ രണ്ട് അറ്റവും കൂട്ടിമുട്ടിക്കാന്‍ ശോഭന പ്രയാസപ്പെടുകയാണ്. ഋതുമതിയായത് അറിയാതെ ആര്‍ത്തവ രക്തം കലര്‍ന്ന ഭക്ഷണം കഴിക്കേണ്ടി വന്ന മകളുടെ ഗതികേടില്‍ വ്യസനിക്കുന്ന ശോഭനക്കൊപ്പം പ്രേക്ഷകനും കരഞ്ഞു പോകും, തീര്‍ച്ച!... മകളുടെ ലൈംഗിക ആവശ്യങ്ങള്‍ നിറവേറ്റാനൊരു യുവാവിനെ തേടിയിറങ്ങിയ മമ്മൂട്ടിയുടെ അമുദവനെ പോലെ തന്റെ മകളുടെ ഗര്‍ഭപാത്രം നീക്കം ചെയ്യാന്‍ ശോഭന വഴികളാലോചിക്കുന്നുണ്ട്. പേരന്‍പിലെ മമ്മുട്ടി അഭിനയിച്ച അമുദവനും മടിത്തട്ടിലെ ദേവി അജിത്തിന്റെ ശോഭനയും ഒരേ കപ്പലിലെ യാത്രക്കാരാണ്. അവര്‍ക്ക് ചുറ്റും അലയടിക്കുന്ന ആര്‍ത്തലക്കുന്ന നിലയില്ലാത്ത കടലും!...

അമുദവന്റെ പാപ്പയായി സാദന പ്രേക്ഷകന് മുന്നില്‍ ജീവിക്കുകയായിരുന്നു. സമാനമായ അനുഭവമാണ്, മടിത്തട്ടിലെ പ്രകടനത്തിലൂടെ ശ്രീലക്ഷ്മിയും കാഴ്ച വെച്ചിട്ടുള്ളത്. ഭിന്നശേഷിക്കാരിയായ സംഗീതയായി അക്ഷരാര്‍ത്ഥത്തില്‍ ശ്രീലക്ഷ്മി ജീവിക്കുകയായിരുന്നു. ഒട്ടും അതിശയോക്തിയോ അതിഭാവുകത്വമോ ഇല്ലാതെ നോട്ടത്തിലും ചലനത്തിലും പൂര്‍ണമായും സംഗീതയെ ഉള്ളറിഞ്ഞ് തന്നെ ശ്രീലക്ഷ്മി പകര്‍ന്നാടിയിട്ടുണ്ട്. 'മടിത്തട്ട്' എന്ന ഹ്രസ്വചിത്രത്തെ പ്രേക്ഷകരോട് അടുപ്പിക്കുന്നതും, ആഖ്യാനത്തെ മുന്നോട്ട് കൊണ്ടു പോകുന്നതിലും ശ്രീലക്ഷ്മി വഹിച്ച പങ്ക് ചെറുതല്ല.

ഭിന്നശേഷിക്കാരായ മക്കളുടെ ജീവിതം ദുസ്സഹമാണെന്ന തോന്നലില്‍, അതിജീവിക്കാനാകാതെ മക്കളെ കൊന്ന ശേഷം ആത്മഹത്യ ചെയ്യുന്ന അമ്മമാരുടെ എണ്ണം വർധിച്ചു വരുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഇത്തരത്തില്‍ ദുര്‍ഘടമായ സാഹചര്യത്തിലൂടെ കടന്നുപോകുന്ന ശോഭനയും സംഗീതയും വര്‍ത്തമാനകാലത്തിന്റെ നേര്‍ക്കാഴ്ചയാണ്. ഏറ്റവും മോശപ്പെട്ട സാഹചര്യത്തിലൂടെ കടന്നുപോയാലും ജീവിതത്തില്‍ പ്രതീക്ഷകള്‍ അസ്തമിക്കുന്നില്ലെന്നും, അശരണരെ സ്‌നേഹത്തോടെ ചേര്‍ത്തുപിടിക്കുന്ന മനുഷ്യരും സംഘടനകളും ഉണ്ടെന്ന് മടിത്തട്ട് എന്ന ഹ്രസ്വചിത്രം വ്യക്തമാക്കുന്നു. ഈ വ്യക്തമാക്കല്‍ ആത്മഹത്യയില്‍ നിന്നും സഹജീവികളെ പിന്തിരിപ്പിക്കുന്ന പ്രതീക്ഷയുടെ രാഷ്ട്രീയം കൂടിയാണ്. ഈ അർഥത്തില്‍ ഗോപാല്‍ മേനോനും ക്രൂവിനും അഭിമാനിക്കാന്‍ വക നല്‍കുന്നുണ്ട് 'മടിത്തട്ട്' എന്ന ഹ്രസ്വചിത്രം.

ദേശീയ സംസ്ഥാന പുരസ്‌ക്കാര ജേതാവായ പ്രതാപ് പി. നായരുടെ ക്യാമറക്കാഴ്ചകള്‍ 'മടിത്തട്ട്' എന്ന ഹ്രസ്വചിത്രത്തിലെ ജീവിതങ്ങള്‍ക്ക് ജീവനേകുന്നു. ഈ കൊച്ചുചിത്രത്തെ കാവ്യാത്മകമാക്കുന്നത് പ്രതാപ് പി. നായരുടെ ഛായാഗ്രഹണമാണ്. ദൃശ്യഭാഷക്ക് ഊടുംപാവും നെയ്തുകൊണ്ട് പ്രദീപ് ശങ്കറിന്റെ എഡിറ്റിങ്ങും വീഥ്‌രാഗിന്റെ സംഗീതവും നിലകൊള്ളുന്നു. റഫീക്ക് അഹമ്മദിന്റെ മനോഹരമായൊരു കവിതയിലൂടെ മടിത്തട്ട് എന്ന ഹ്രസ്വചിത്രം അവസാനിക്കുമ്പോള്‍, അതിജീവനം തന്നെയാണ് പ്രതിരോധം എന്ന് പ്രഖ്യാപിക്കപ്പെടുന്നു. ശ്രീലക്ഷ്മി, ദേവി അജിത്ത്, സരിത കുക്കു, ജോളി ചിറയത്ത്, ഷിയാസ് ടിസോ, നവീന്‍ രാജ് തുടങ്ങി പ്രധാന കഥാപാത്രങ്ങളെല്ലാം അവരവരുടെ വേഷങ്ങള്‍ മികച്ചതാക്കിയിട്ടുണ്ട്. ശോഭനയുടെ വീടും പരിസരവും ആഖ്യാനത്തിന് മിഴിവേകും വിധം റോഷന്‍ ജമീല റഹീന് കല സംവിധാനം നിര്‍വഹിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അഖില്‍ മിനിക്കോട്ടിന്റെ വസ്ത്രാലങ്കാരവും സിബി വടകരയുടെ ചമയവും മികവ് പുലര്‍ത്തി. സാങ്കേതികവും ശില്‍പഭദ്രവുമായൊരു കവിതയാണ്, മടിത്തട്ട് എന്ന ഹ്രസ്വചിത്രം. ഭിന്നശേഷിക്കാരായ മനുഷ്യരുടേയും അവരുടെ പ്രിയപ്പെട്ടവരുടേയും അതിജീവനത്തെ ആഴത്തില്‍ ആവിഷ്‌കരിക്കുന്ന ഈ കുഞ്ഞ് സിനിമ പ്രേക്ഷകരെ ആഴത്തില്‍ നൊമ്പരപ്പെടുത്തുകയും മുറിവേല്‍പ്പിക്കുകയും ചെയ്യും.

ലൈംഗിക ചൂഷണത്തിനും അതിക്രമത്തിനുമായി വേട്ടക്കാര്‍, ദുര്‍ബലരും തങ്ങള്‍ക്ക് പരിചിതമായ ഇടങ്ങളും തെരഞെടുക്കുമെന്ന് 'മടിത്തട്ട്' എന്ന ഹ്രസ്വചിത്രം നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. ആണ്‍ ആസക്തിയും അധികാര ബോധവും, പ്രിയപ്പെട്ട പെണ്ണിടങ്ങളെ തകര്‍ക്കുന്നതിന്റെ നേര്‍ക്കാഴ്ച കൂടിയാണ് മടിത്തട്ട്. ശോഭനയുടെ ഉറ്റസുഹൃത്താണ് സുബൈദ. മകളെ സുബൈദയെ ഏല്‍പ്പിച്ചാണ്, ശോഭന ജോലിക്ക് പോകുന്നത്. ഈയൊരു സാഹചര്യത്തില്‍, സുബൈദയുടെ ഒരു ശ്രദ്ധക്കുറവ് ഇരുവരുടേയും ജീവിതത്തെ അരക്ഷിതമാക്കി അകറ്റി മാറ്റുന്നു. ആണിന്റെ ആസക്തികളും ലൈംഗിക അതിക്രമങ്ങളും സ്ത്രികളെ അരക്ഷിതരും നിസ്സഹായരും വേട്ടക്കാരന്റെ സംരക്ഷകരുമായി മാറേണ്ടി വരുന്ന പാട്രിയാര്‍ക്കല്‍ ബോധത്തെ മടിത്തട്ട് വിമര്‍ശനവിധേയമാക്കുന്നു.

ലൈംഗിക അതിക്രമത്തിന് ഇരയായവരെ വാക്കുകൊണ്ടും പ്രവര്‍ത്തികള്‍ കൊണ്ടും മുറിപ്പെടുത്തി ആത്മഹത്യയിലേക്ക് തള്ളിവിടുന്ന സമൂഹത്തെ രൂക്ഷമായി വിമര്‍ശിക്കുകയും ആത്മപരിശോധനക്ക് വിധേയമാക്കാന്‍ കാണികളെ പ്രാപ്തമാക്കുകയും ചെയ്യുന്നുണ്ട്, പി.കെ.എം സിറാജ് നിര്‍മ്മിച്ച് ഗോപാല്‍ മേനോന്‍ രചനയും സംവിധാനവും നിര്‍വഹിച്ച 'മടിത്തട്ട്' എന്ന ഹ്രസ്വചിത്രം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Reviewshort filmGopal MenonmadithattuSreelakshmi Pookkad
News Summary - Review of short film madithattu
Next Story